ഡൽഹിയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ്; കൊതുകു പരത്തുന്ന വൈറസ് രോഗം
Mail This Article
പടിഞ്ഞാറൻ ഡൽഹിയുടെ ഭാഗമായ ബിന്ദാപ്പൂരിൽ ജാപ്പനീസ് എൻസെഫാലൈറ്റിസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇത് പൊതുജാരോഗ്യ പ്രാധാന്യമുള്ള ഒരു ജന്തുജന്യ രോഗമാണ്. ഒരു വൈറസ് രോഗമായ ജാപ്പനീസ് എൻസെഫാലൈറ്റിസ് 1871ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്. രണ്ടു മുതൽ 26 വരെ ദിവസമാണ് രോഗാരംഭകാലം. പനി, തലവേദന, അസ്വസ്ഥത എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ. ഇത് ഒന്നു മുതൽ ആറു വരെ ദിവസം നീണ്ടുനിൽക്കും. മരണനിരക്ക് ഏകദേശം 25 ശതമാനമാണ്. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലുമാണ് രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ. മനുഷ്യരിൽ പ്രത്യേകിച്ച് ഏഷ്യയിലെ കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്. ഭൂരിഭാഗം അണുബാധകളും ലക്ഷണമില്ലാത്തവയാണ്. 250 അണുബാധകളിൽ ഒരെണ്ണം മാത്രമേ എൻസെഫാലൈറ്റിസായി വികസിക്കുകയുള്ളൂ. രോഗബാധിതരായ മിക്ക ആളുകളും നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ അതല്ലെങ്കിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യും.
ദേശാടനപ്പക്ഷികളാണ് ഈ രോഗത്തിനു കാരണമായ വൈറസുകളുടെ പ്രധാന വാഹകർ. ഇത് മറ്റു മൃഗങ്ങളിലേക്കു പകരുകയും അവയിൽനിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് എത്തപ്പെടുകയുമാണ് ചെയ്യുന്നത്. ക്യൂലക്സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് സാധാരണ രോഗം പരത്തുന്നത്. രോഗം ബാധിച്ച കൊതുകുകൾ രക്തം കുടിക്കുന്നതിലൂടെ മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും വൈറസ് പകരുന്നു. ഒരു വ്യക്തിയിൽനിന്നും മറ്റൊരാളിലേക്ക് നേരിട്ട് രോഗം പകരാറില്ല.
കൊതുകിന്റെ ഉറവിടകേന്ദ്രങ്ങൾ നശിപ്പിക്കുക, ഫാമിനും പരിസരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാവാതെ ശ്രദ്ധിക്കുക, വൃത്തിയായി സൂക്ഷിക്കുക വ്യക്തിശുചിത്വം പാലിക്കുക, പൊതുജന ബോധവൽക്കരണം എന്നിവയിലൂടെ ഈ രോഗഭീതി ഒഴിവാക്കാവുന്നതാണ്.