ഒരു പ്ലം കഴിച്ചപ്പോഴാണ് കേരളത്തിലെ കടവരി എന്ന കാർഷിക ഗ്രാമത്തെപ്പറ്റി അറിയാനിടയായത്. കൊടൈക്കനാലിലെ ക്ലാവര ഗ്രാമത്തിലായിരുന്നു ഞങ്ങൾ. ഒരു ചെറിയ കടയിൽ നല്ല കൊതിയൂറും നിറത്തിലുള്ള പ്ലംസ് അടുക്കിവച്ചിട്ടുണ്ടായിരുന്നു. അതിലൊന്നെടുത്തു കടിച്ചു. അസാധാരണമായ രുചിയും നിറവും. പുറം പോലെ തന്നെ അകവും ചുവപ്പ്. ഇതെവിടുന്നാ വരുന്നതെന്നു ചോദിച്ചപ്പോൾ ഇത് നിങ്ങളുടെ നാട്ടിൽനിന്നു തന്നെയെന്ന് തമിഴിൽ മറുപടി. കേരളത്തിൽ നിന്നോ? അതെ, കടവരി എന്ന ഗ്രാമത്തിൽ നിന്ന്. ആഹാ, അതു കൊള്ളാമല്ലോ, നമ്മുടെ നാട്ടിൽ നാമറിയാത്ത ഒരു നാടോ. അതും കൃഷി മരിക്കുന്നു എന്ന വിലാപം ഉയരുന്ന കാലത്ത്. എന്നാൽ പിന്നെ കടവരിയിൽ ഒന്നു പോയിവരേണ്ടേ.... പക്ഷേ, ആ ഗ്രാമത്തിലേക്ക് അങ്ങനെ എളുപ്പത്തിലൊന്നും എത്തിപ്പെടാൻ പറ്റില്ലെന്നു വൈകാതെ മനസ്സിലായി.
കടവരി എന്ന കടമ്പ
കേരളത്തിലാണ് കടവരിയെന്ന ഗ്രാമമെങ്കിലും സാധാരണക്കാർക്ക് അവിടേക്കു പ്രവേശനമില്ല. കാരണം നിർദിഷ്ട കുറിഞ്ഞി സങ്കേതത്തിനുള്ളിലാണ് ആ ഗ്രാമം. അതിനാൽ വനംവകുപ്പ് തദ്ദേശീയരെ മാത്രമേ അങ്ങോട്ടു കടത്തി വിടുകയുള്ളൂ. ഇനിയെന്തു വഴി. കടക്കാരൻ തന്നെ പരിഹാരവും പറഞ്ഞു തന്നു. ഉത്സവത്തിനു പുറത്തു നിന്ന് ആളുകൾ അവിടെച്ചെല്ലാറുണ്ട്. ഇപ്പോൾ ഉത്സവകാലവുമാണ്.
തമിഴ്നാട് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നു കടവരിയിലേക്ക്.
ആകെ 120 വീടുകളുണ്ട് കടവരിയിൽ. വോട്ടർമാർ 320, മൊത്തം ജനസംഖ്യ 650 വരും. എല്ലാവരും കൃഷിക്കാർ. കൃഷിപ്പണി ചെയ്യുന്നതും ഇവർ തന്നെ. ശീതകാല വിളകളാണ് ഈ മലയടിവാരത്തിൽ കൂടുതൽ. പലതരം ബീൻസ്, ഉരുളക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കി തുടങ്ങി സൂചിഗോതമ്പു വരെ 600 ഹെക്ടറിൽ വിളയുന്നുണ്ട്. വീടുകൾ എല്ലാം ചെറുകുടിലുകളാണ്. മൺചുവരുകളുള്ള കുഞ്ഞുവീടുകളും പച്ചത്താഴ്വാരവും ഭരതന്റെ ‘താഴ്വാരം’ സിനിമയെ ഓർമിപ്പിക്കും. വീടിനു ചുറ്റുമുള്ള പറമ്പിൽ മുഴുവൻ ഏതെങ്കിലും വിള നടാൻ ഇവർ മറക്കുന്നില്ല. വീടിനു ചുറ്റും കൃഷിയിടം എന്നല്ല, കൃഷിക്കു കാവലായി വീട് എന്നതാണ് ഇവരുടെ രീതി. പക്ഷേ, കടവരിയിലെ വിളകൾ കേരളത്തിലേക്കു വരുന്നില്ല. എല്ലാം ക്ലാവര വഴി തമിഴ്നാട്ടിലേക്കാണു പോകുന്നത്. കോവർ കഴുതകളുടെ പുറത്തു കയറ്റിയാണ് വിളവു വിപണിയിലെത്തിക്കുക. നമ്മുടെ പച്ചക്കറികൾ നമ്മുടെ നാട്ടിൽത്തന്നെ വിൽക്കാനുള്ള വഴി സർക്കാർ ഉണ്ടാക്കിത്തരണമെന്നു കടവരിയുൾപ്പെടുന്ന വട്ടവട പഞ്ചായത്തിന്റെ പ്രസിഡന്റ് രാമരാജ്.
കടവരിയുടെ ചരിത്രം
ഗ്രാമത്തിന്റെ ചരിത്രം പ്രസിഡന്റിന്റെ വാക്കുകളിലൂടെ...
സുൽത്താൻ ഹൈദരലിയുടെ പടയോട്ടക്കാലത്ത് മധുരയിൽ നിന്ന് കൊരങ്ങിണി ടോപ് സ്റ്റേഷൻ വഴി 13 കുടുംബങ്ങളെത്തി വട്ടവടയിൽ താമസിക്കാൻ തുടങ്ങി. അതിലൊരു സംഘമാണത്രെ ഇപ്പോൾ കടവരിയിൽ ഉള്ളത്. പൂഞ്ഞാർ രാജാവായിരുന്നു ഈ പ്രദേശത്തിന്റെ ഭരണാധികാരി. കൃഷി ചെയ്തോളൂ... പക്ഷേ, കപ്പം കെട്ടണം എന്നൊരു നിബന്ധന രാജാവിനുണ്ടായിരുന്നു. അങ്ങനെ 25 അണ കപ്പം കൊടുത്ത് കൃഷി തുടങ്ങി. അന്ന് മരങ്ങളോ ചോലകളോ ഒന്നുമില്ലായിരുന്നു.
യഥാർഥത്തിൽ പുൽമേടുകൾ ആയിരുന്നു ഇവിടെയെല്ലാം. പിന്നീട് പുൽമേടുകളിൽ വനംവകുപ്പ് വാറ്റിൽ എന്ന മരം വച്ചുപിടിപ്പിക്കാൻ ആരംഭിച്ചു. തൊലിയെടുത്ത് ചായമുണ്ടാക്കാൻ ആണ് വാറ്റിൽ. യഥാർഥത്തിൽ പ്രകൃതിക്കു യോജിക്കാത്ത മരം. ഇപ്പോൾ ചായമെടുക്കുന്നില്ല. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ തമിഴ്നാട്ടിലെ വ്യാപാരികളുടെ കൊള്ളലാഭമെടുക്കലിനു നിന്നുകൊടുക്കുകയാണു കടവരിയിലെ കൃഷിക്കാർ എന്നും രാമരാജ് പറഞ്ഞു. ഓരോ നൂറു രൂപയ്ക്കും പത്തു രൂപ വരെ കമ്മീഷൻ ഈടാക്കും ഇടനിലക്കാർ. അധികം കീടനാശിനി ഉപയോഗിക്കാത്ത ആ വിളകൾ നമ്മുടെ നാട്ടിൽത്തന്നെ വിൽക്കാനായാൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണു കർഷകർ. പച്ചക്കറിയിൽ സ്വാശ്രയത്വം കൈവരാൻ ഇത്തരം ഗ്രാമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഫലോദ്യാനം
പച്ചക്കറികളാൽ മാത്രമല്ല, പ്ലം, പാഷൻ ഫ്രൂട്ട്, ഔഷധഗുണമുള്ള മരവഴുതന, കാട്ടുപടവലം തുടങ്ങി ഒട്ടേറെ കാട്ടുപഴങ്ങളാലും അനുഗൃഹീതമാണ് കടവരി മലകൾക്കും പുൽമേടുകൾക്കുമിടയിലെ കാർഷിക ഗ്രാമം. കണ്ടു മടങ്ങുമ്പോൾ തഴച്ചു വളരുന്ന നെൽപ്പാടം കണ്ടതുപോലെ മനസ്സുനിറഞ്ഞിരുന്നു. ചുറ്റുമുള്ള കുറിഞ്ഞി സങ്കേതത്തിലെ മലകൾക്കോ പരിസ്ഥിതിക്കോ ഒരു കോട്ടവും വരുത്താതെ കടവരിയുടെ കാർഷിക സമൃദ്ധി കേരളത്തിലെത്തിക്കണമെന്ന്, നാട്ടുകാരുടെ അപേക്ഷ ആ മലനിരകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.