കുപ്പിക്കഴുത്തിലായ നീര

വിപണിയിൽ പ്രിയം; പക്ഷെ ആവശ്യത്തിനു ലഭ്യമല്ല

നീര വന്നു, നാട്ടിലെങ്ങും വിൽപനയായി: പല സ്ഥലങ്ങളിലും സംസ്കരണ ശാലകൾ തുറന്നു; വിപണനശൃംഖലകളുണ്ടായി; നീര ഉൽപാദകർക്കും ടെക്നീഷ്യന്മാർക്കും മികച്ച വരുമാനം കിട്ടിയ കഥകളും കേട്ടു... ഇതൊക്കെയാണെങ്കിലും നീരയെന്നു കേൾക്കുമ്പോൾ പലർക്കും പഴയ ആവേശമില്ല. എന്താണ് കാര്യം? മാറി നിന്ന ചിലർ നീര പൊട്ടുമെന്നു പ്രചരിപ്പിക്കുന്നുമുണ്ട്. ആവേശത്തോടെ നീര ഉൽപാദിപ്പിക്കാൻ പുറപ്പെട്ട നാളികേര കർഷകൻ ഈ വർഷത്തെ നാളികേര ദിനം (സെപ്റ്റംബർ രണ്ട്) പിന്നിടുമ്പോൾ ഇരുട്ടിൽ തപ്പുകയാണ്... വഴിവിളക്ക് നഷ്ടപ്പെട്ടും മുന്നോട്ടു നീങ്ങാൻ ഊർജമില്ലാതെയും വിഷമിക്കുന്ന അവർക്ക് ആരെങ്കിലും സഹായഹസ്തം നീട്ടിയേ മതിയാവൂ. അഞ്ചു ലക്ഷത്തോളം ചെറുകിട കർഷകരാണ് ഇനിയെന്തെന്നും എങ്ങനെയെന്നും ചോദിച്ചു പെരുവഴിയിൽ നിൽക്കുന്നത്. ഏതാനും പേരുടെ നേട്ടത്തിൽനിന്ന് നാടിന്റെയാകെ നേട്ടമായി നീരയെ വളർത്തണം. എന്നാൽ സംഭവിക്കുന്നത് മറിച്ചാണ്. ആയിരവും രണ്ടായിരവും ലീറ്റർ നീര ഉൽപാദിപ്പിച്ചിരുന്ന കമ്പനികളിൽ‌ ഇപ്പോൾ കിട്ടുന്നത് ഇരുനൂറും മുന്നൂറും ലീറ്റർ നീര മാത്രം. ചിലയിടങ്ങളിൽ‌ വിപണനത്തിനു പഴയ ഉഷാറില്ല. മറ്റുള്ളയിടങ്ങളിലാവട്ടെ വേണ്ടത്ര നീര ടെക്നീഷ്യന്മാരില്ലാത്തതിനാൽ ഉൽപാദനം നടക്കുന്നില്ല... വലിയ ഉൽപാദനമില്ലാതെ പുറം വിപണികളിലേക്കു പോകാനുമാവില്ല... വിപണനം മെച്ചപ്പെടുത്താൻ വലിയ പരസ്യങ്ങളും മറ്റു പ്രചരണങ്ങളും വേണം. ഉൽപന്നം മെച്ചപ്പെടുത്താൻ ഗവേഷണ പിന്തുണയും; ഇവയ്ക്കൊക്കെ കൂടുതൽ പണം മുടക്കണം; പലയിടങ്ങളിൽനിന്നു കടം വാങ്ങിയ തുകയൊക്കെ തീരാറായി, പലിശച്ചെലവ് കൂടുന്നു– ഇങ്ങനെ പല പ്രശ്നങ്ങളാണ് നീര വ്യവസായത്തിനു മുമ്പിൽ.

നീര പരാജയമാണെന്നോ ഭാവിയില്ലാത്ത ഉൽപന്നമാണെന്നോ അല്ല പറഞ്ഞുവരുന്നത്. ഈ പോഷകപാനീയത്തെക്കുറിച്ച് കേട്ട കാര്യങ്ങൾ വാസ്തവവിരുദ്ധമായതുകൊണ്ടല്ല പ്രശ്നങ്ങളുണ്ടായിരിക്കുന്നതും. നീരയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു ചില തടസ്സങ്ങളുണ്ടായെന്നു മാത്രം. ഏതൊരു വ്യവസായത്തിനുമുണ്ടാകാവുന്ന പ്രശ്നങ്ങൾ. പക്ഷേ പരിഹാരമാകുന്നതു വരെ പിടിച്ചു നിൽക്കാനുള്ള ബിസിനസുകാരന്റെ മെയ്‌വഴക്കം കൃഷിക്കാർക്കില്ലല്ലോ. വൻകിട സ്വകാര്യ നിക്ഷേപകരായിരുന്നു നീര ബിസിനസിലേക്കു കടന്നു വന്നിരുന്നതെങ്കിൽ ഇരുചെവിയറിയാതെ തനതു ശൈലിയിൽ അവർ ഇപ്പോഴത്തെ തലവേദനകൾക്കു പരിഹാരം കാണുമായിരുന്നു.

വായിക്കാം ഇ - കർഷകശ്രീ

ഏറെ നാളത്തെ പോരാട്ടത്തിലൂടെ നേടിയെടുത്ത നീര കർഷക സമൂഹത്തിനു പ്രയോജനപ്പെടുന്ന സംരംഭമായി മാറിയേ മതിയാവൂ. അതിനുള്ള തടസ്സങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സംസ്ഥാന സർക്കാരും കർഷകരും തോളോടുതോൾ ചേർന്ന് ശ്രമിക്കണമെന്നു മാത്രം. ഇതുവരെ കൃഷിക്കാരുടെ അഭയസ്ഥാനം നാളികേര വികസന ബോർഡായിരുന്നു. ചെയർമാൻ മാറിയതോടെ ബോർഡിൽനിന്നു നീരയും മലയാളിയും അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്ന നിലയിലാണ് കാര്യങ്ങൾ. പക്ഷേ, ഒരു സഹായഹസ്തം പിൻവലിച്ച ദൈവം മറ്റൊന്ന് കൃഷിക്കാർക്കായി കരുതി. സംസ്ഥാന ഭരണത്തിൽ മാറ്റം വന്നതോടെ കൃഷിവകുപ്പിനു നാളികേര ഉൽപാദക കമ്പനികളോടുള്ള മനോഭാവം മാറിത്തുടങ്ങിയിട്ടുണ്ട്. കൃഷിമന്ത്രിയും ധനമന്ത്രിയുമൊക്കെ തുടക്കകാലം മുതൽ നാളികേര കമ്പനികളെ അടുത്തറിയുന്നവരാണ്. ഈ സാഹചര്യം വെല്ലുവിളികളെ അതിജീവിക്കാൻ കൃഷിക്കാർക്ക് കരുത്തേകും. നീര വ്യവസായം തുടങ്ങിയതു മുൻ സർക്കാരാണെങ്കിലും വളർത്തിയതു തങ്ങളാണെന്നു പറയാനുള്ള അവസരം ഈ സർക്കാർ നഷ്ടപ്പെടുത്തില്ലെന്നു കരുതാം.

തൊഴിലാളി ക്ഷാമം

ഏറ്റവും രൂക്ഷമായ പ്രശ്നം ഇതു തന്നെ. ഇതിനകം വലിയ തുക മുടക്കി നീര സംസ്കരണശാലകൾ സ്ഥാപിച്ച 11 നാളികേര ഉൽപാദക കമ്പനികൾ കേരളത്തിലുണ്ട്. ഇവയുടെ ആകെ പ്രതിദിന സംസ്കരണശേഷി ഏകദേശം 50,000 ലീറ്ററാണ്. ഇതു പ്രയോജനപ്പെടുത്തണമെങ്കിൽ സംസ്ഥാനത്ത് ദിവസേന 50,000 ലീറ്റർ നീര ചെത്തിയിറങ്ങണം. ഒരു നീര ടെക്നീഷ്യൻ ദിവസം ശരാശരി 20 ലീറ്റർ ഉൽപാദിപ്പിക്കുമെന്നു കരുതിയാൽ 2500 ടെക്നീഷ്യന്മാരെ അടിയന്തിരമായി കണ്ടെത്തണം. ഇതിലധികമാളുകൾ പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ, അവരൊക്കെ എവിടെപ്പോയെന്ന് ആർക്കും നിശ്ചയമില്ല.

ശാരീരിക അധ്വാനമുള്ള ജോലികളോടു മലയാളിക്കുള്ള വിമുഖത മാത്രമല്ല കാരണം. നാളികേര ബോര്‍‍ഡ് വലിയ തുക നൽകി പരിശീലിപ്പിച്ച നീര ടെക്നീഷ്യന്മാർ ഉൽപാദക കമ്പനിയിലെ സേവനം നിർത്തി കള്ളുഷാപ്പുകൾക്കു വേണ്ടി ജോലി ചെയ്യുന്ന അവസ്ഥയുണ്ട്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൽപാദക കമ്പനി 350 പേർക്കാണ് പരിശീലനം നൽകിയത്. ഒരാൾക്ക് 15000 രൂപ ചെലവ് വന്നു. എന്നാൽ മൂന്നു കോടി രൂപയുടെ നീര പ്ലാന്റ് പ്രവർത്തനമാരംഭിച്ചപ്പോൾ നീര ചെത്താനെത്തിയത് 175 പേർ. പ്രവർത്തനം തുടങ്ങുംമുമ്പുതന്നെ അവർക്ക് യൂണിയനുമുണ്ടായത്രെ. പരിശീലനം നേടിയവരിൽനിന്ന് വ്യക്തമായ ബോണ്ട് എഴുതിവാങ്ങാനുള്ള അതിബുദ്ധി കൃഷിക്കാർക്കില്ലാതെപോയി. നീരയിൽ മായം ചേർത്ത് കമ്പനിയുടെ ഉൽപന്നമാകെ കേടാക്കാൻ വരെ ശ്രമമുണ്ടായതായി സംശയിക്കപ്പെടുന്നു. ഒടുവിൽ കമ്പനി അധികൃതർ കർശന നിലപാടെടുത്തപ്പോൾ ശേഷിക്കുന്നത് 12 നീര ടെക്നീഷ്യന്മാരാണ്. ഇവർ ഉൽപാദിപ്പിക്കുന്നത് ദിവസേന 200 ലീറ്റർ പാനീയവും. കൃഷിക്കാർ നേരിട്ട് നീരയെടുക്കുന്ന രീതിയിലേക്കു മാറാനുള്ള തീരുമാനത്തിലാണ് കമ്പനി നേതൃത്വം.

ഉയരം കുറഞ്ഞ തെങ്ങുകളിൽ‌ നീര ഉൽപാദനത്തിനു കൂടുതൽ പേർ തയാറായേക്കും. എന്നാൽ കുള്ളൻ തെങ്ങുകൾ നട്ടുവളർത്തി നീര ഉൽപാദിപ്പിക്കാൻ കുറഞ്ഞത് 4–5 വർഷം വേണ്ടിവരും. അതുവരെ കാത്തിരുന്നാൽ കോടികൾ മുടക്കി സ്ഥാപിച്ച സംസ്കരണശാലകൾ തുരുമ്പെടുക്കുകയാവും ഫലം.

നീര ചെത്താൻ തൊഴിലാളികൾ കുറവ്

തെങ്ങുകൃഷി പുനരുദ്ധാരണപദ്ധതിപ്രകാരം ഉൽപാദനക്ഷമത കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പകരം നട്ട തെങ്ങിൻ തൈകൾ ഇപ്പോൾ കായ്ഫലം നൽകിത്തുടങ്ങിയിട്ടുണ്ടാവും. പ്രസ്തുത പദ്ധതിയുടെ ഭാഗമല്ലാതെയും വീട്ടുവളപ്പുകളിൽ ധാരാളം തെങ്ങിൻതൈകൾ നട്ടിട്ടുണ്ട്, വിശേഷിച്ച് പട്ടണപ്രദേശങ്ങളിൽ. ഇത്തരം തെങ്ങുകളുടെ ഉടമകളെ സിപിഎസ് അംഗത്വമെടുപ്പിച്ചാൽ നീര ഉൽപാദനം വർധിപ്പിക്കാം. അടുത്തടുത്ത് വീടുകളുള്ള പട്ടണങ്ങളിൽ നീര ഉൽപാദനം താരതമ്യേന എളുപ്പമായിരിക്കുകയും ചെയ്യും.

തൽക്കാലത്തേക്കെങ്കിലും അംഗങ്ങളല്ലാത്തവരുടെ തെങ്ങുകളിൽനിന്നു കൂടി നീര ഉൽപാദിപ്പിക്കാൻ ഫെഡറേഷനുകൾക്ക് അവസരം നൽകുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഒന്നും രണ്ടും തെങ്ങുകളുള്ള പട്ടണവാസികൾക്ക് സിപിഎസ് അംഗത്വം പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണിത്. അന്യസംസ്ഥാന തൊഴിലാളികളെ ഈ രംഗത്തേക്കു കൊണ്ടുവന്നെങ്കിലും അവർ ജോലിയിൽ ഉറച്ചുനിൽക്കാതെ വന്നത് പലേടത്തും തിരിച്ചടിയായി. മെച്ചപ്പെട്ട താമസസൗകര്യവും മറ്റും നൽകി അവരെ ഈ തൊഴിലി‍ൽ നിലനിർത്താനുള്ള ശ്രമം തുടരാവുന്നതാണ്. എല്ലാ തെങ്ങുടമകൾക്കും ഉപാധികളില്ലാതെ സ്വന്തം തെങ്ങിൽനിന്നു നീരയുൽപാദിപ്പിച്ച് സംഘങ്ങളിൽ വിൽക്കാൻ അനുമതിയുണ്ടായിരുന്നെങ്കിൽ കർഷകർ തന്നെ പ്രാദേശികമായി തൊഴിലാളി ക്ഷാമത്തിനു പരിഹാരം കാണുമായിരുന്നു എന്നു കരുതുന്നവരുമുണ്ട്.

ഏറ്റവും ഫലപ്രദവും ശാശ്വതവുമായ പരിഹാരം കണ്ണൂർ ചെറുപുഴയിലെ തേജസ്വിനി ഉൽപാദക കമ്പനിയുടേതു തന്നെ. കൃഷിക്കാർ സ്വന്തം തെങ്ങ് ചെത്തി കിട്ടുന്ന നീര സംസ്കരണകേന്ദ്രത്തിലെത്തിക്കുന്ന ഈ രീതി അനുകരണീയവും കർഷകസൗഹൃദവുമായ പരിഹാരമാണ്. ബോധവൽക്കരണത്തിലൂടെ കർഷക കുടുംബങ്ങളിലെ ചെറുപ്പക്കാരെ നീര ടാപ്പിങ്ങിലേക്കു കൊണ്ടുവരാൻ കഴിയണം.

വിപണന മാന്ദ്യം

മഴക്കാലത്ത് നീരയുടെ വിൽപന കുത്തനെ ഇടിഞ്ഞു. ഏതൊരു ശീതളപാനീയ നിർമാതാവും അഭിമുഖീകരിക്കുന്ന പ്രശ്നം. പക്ഷേ അവർക്കൊക്കെ ഓഫ് സീസണിലേക്ക് വ്യക്തമായ വിപണന തന്ത്രങ്ങളുണ്ടാവും. മറ്റു വിപണികൾ കണ്ടെത്തിയും ഉൽപന്നത്തിലും ഉൽപാദനത്തിലുമൊക്കെ മാറ്റംവരുത്തിയും പിടിച്ചുനിൽക്കുകയാണ് ചെയ്യാവുന്ന ഒരു കാര്യം. കഴിഞ്ഞ വർഷം ഇതേ പ്രശ്നമുണ്ടായപ്പോൾ ബെംഗളൂരു പോലുള്ള മഹാനഗരങ്ങളിൽ നീര എത്തിച്ചു വിൽക്കാൻ നാളികേര വികസന ബോർഡിന്റെ പിന്തുണയോടെ ശ്രമമുണ്ടായി. ഫലപ്രദമെന്നു കണ്ട ആ ശ്രമം വിപുലമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രതിദിനം മൂവായിരം ലീറ്റർ നീര ഉൽപാദിപ്പിക്കുന്ന കൊല്ലം കൈപ്പുഴ ഉൽപാദക കമ്പനിക്കാണ് ഓഫ് സീസൺ ഏറ്റവും തലവേദനയുണ്ടാക്കുന്നത്. വിൽപന പത്തിലൊന്നായി കുറഞ്ഞെങ്കിലും ഉൽപാദനം കുറയ്ക്കാതിരിക്കാനുള്ള പോരാട്ടത്തിലാണവർ. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലും ചെന്നൈയിലുമൊക്കെ നീര വിതരണം ആരംഭിക്കുകയാണ്.

വിതരണശൃംഖല വിപുലമാക്കുന്നതിനുള്ള സാമ്പത്തിക ആരോഗ്യം ഇല്ലെന്നതും ഉൽപാദക കമ്പനികളുടെ വെല്ലുവിളിയാണ്. പ്രാദേശികമായും അയൽജില്ലകളിലുമായി വിപണി കണ്ടെത്തി ഒതുങ്ങിക്കൂടാനാണ് പല കമ്പനികളും ശ്രമിക്കുന്നത്. നീരയ്ക്കുവേണ്ടി ഇത്ര വലിയ പ്ലാന്റുകളും മുതൽമുടക്കും വേണ്ടായിരുന്നെന്ന് അവർ കരുതുന്നു. വില കുറച്ച് കച്ചവടം കൂട്ടാമെന്നു കരുതുന്നവരുമുണ്ട്. എന്നാൽ ഈ സമീപനത്തിലൂടെ വലിയൊരു വളര്‍ച്ച നേടാൻ നീരയ്ക്കു കഴിയില്ലെന്നാണ് മറുവാദം. പ്രീമിയം വിലയുള്ള ആരോഗ്യപാനീയമാവണം നീര. ചമ്മന്തിപ്പൊടി പോലെ അയലത്തെ നാലു പഞ്ചായത്തിൽ നീര വിൽക്കാൻ ശ്രമിച്ചാൽ കിട്ടുന്ന ആദായം തുച്ഛമായിരിക്കും. രാജ്യത്തെ മെട്രോ നഗരങ്ങളിലും വിദേശത്തും വരെ വിപണി കണ്ടെത്താൻ കഴിയണം. അതിനുവേണ്ടിയാണ് കോടികൾ മൂലധനമാക്കിയ ഉൽപാദക കമ്പനികൾ രൂപീകരിച്ചത്– അവർ പറയുന്നു. ഇരുന്നിട്ടു കാൽ നീട്ടിയാൽ പോരേ എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷെ, നാം നിൽക്കുന്നത് ആഗോളവിപണിയിലാണെന്ന കാര്യം മറക്കേണ്ട. നീര കുപ്പിയിലടച്ചു വിൽക്കാനുള്ള സംവിധാനമില്ലെങ്കിൽ സംസ്ഥാനത്തെ നീര ഉല്‍പാദനം നാമമാത്രമായി തുടരേണ്ടിവരും. ശീതീകൃത വിതരണ ശൃംഖലയെ മാത്രമാശ്രയിക്കുന്ന കമ്പനികളുടെ ഒരു ദിവസത്തെ വിപണനം ആയിരം ലീറ്ററില്‍ താഴെ മാത്രമാണ്.

അതേസമയം സംരക്ഷക വസ്തുക്കൾ ചേർക്കാത്ത നീരയ്ക്ക് പ്രിയം കൂടുതലുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. സംരക്ഷകങ്ങൾ ചേർക്കാതെ നീര സാധാരണ താപനിലയിൽ സൂക്ഷിക്കാനുള്ള പായ്ക്കിങ് ടെക്നോളജിയാണ് ഇതിനു പരിഹാരം. ടെട്രാ പായ്ക്കറ്റുകളിൽ നീര വിപണിയിലെത്തിച്ചാൽ ഇതു സാധ്യമാവും. സാധാരണ താപനിലയില്‍ പാനീയം കേടു കൂടാതെ സൂക്ഷിക്കാവുന്ന ഈ സാങ്കേതികവിദ്യയ്ക്കു പക്ഷേ, ചെലവ് കൂടും. എന്നാൽ മിൽമ ഉൾപ്പെടെ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും ടെട്രാ പാക്കിങ് സംവിധാനമുള്ള സംസ്കരണശാലകളുണ്ട്. അവയുടെ അധികശേഷി ഉൽപാദക കമ്പനികളുമായി പങ്കിടാൻ കഴിയണം. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അഗ്രി പാർക്കുകളിൽ ഇത്തരം പായ്ക്കിങ് സംവിധാനങ്ങൾ ഏർപ്പെടുത്തി ഉൽപാദക കമ്പനികൾക്കു നൽകുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

വൻ മുതൽമുടക്കിൽ നീര സംസ്കരണശാല

മറ്റൊരു മാർഗം മൂല്യവര്‍ധനയാണ്. നീര കൊണ്ടുള്ള കുക്കീസ്, കേക്ക്, മറ്റ് ആഹാരവസ്തുക്കൾ എന്നിവ വിപണിയിലെത്തിക്കാനുള്ള ശ്രമം കൂടുതലായുണ്ടാവണം. ആകെ ഉൽപാദനത്തിന്റെ പകുതിയെങ്കിലും ഇപ്രകാരം പാനീയമല്ലാതെ വിൽക്കാൻ കഴി‍ഞ്ഞാൽ ഓഫ് സീസണിൽ അധികം വരുന്ന നീര പ്രയോജനപ്പെടുത്താനാവും. ഒരു പാനീയമെന്ന നിലയിൽതന്നെ നീരയെ മെച്ചപ്പെടുത്താൻ വിപുലമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. സ്വകാര്യ കമ്പനികൾ ഉൽപന്നം മെച്ചപ്പെടുത്താൻ കോടികൾ ചെലവഴിക്കുമ്പോൾ നീര കിട്ടിയ പടി വിളമ്പുന്നത് ബുദ്ധിയായിരിക്കില്ല. പല രുചിഭേദങ്ങളിൽ, പല പാക്കറ്റുകളിൽ, പല ഉപയോഗരീതികളിൽ നീരയെ അവതരിപ്പിക്കണം. തേങ്ങാവെള്ളവും നീരയും കൂട്ടിക്കലർത്തി വില കുറച്ചു വിൽക്കാനുള്ള കുറ്റ്യാടി കമ്പനിയുടെ ശ്രമം ഇത്തരത്തിലുള്ളതാണ്. ചക്കപ്പഴം, കൂവപ്പൊടി തുടങ്ങി കേരളത്തിന്റെ തനതു കാർഷിക ഉൽപന്നങ്ങൾക്കൊപ്പം നീര ചേര്‍ത്ത് പുത്തൻ വിഭവങ്ങൾ വികസിപ്പിക്കാൻ ഭക്ഷ്യ സംസ്കരണ രംഗത്തെ വിദഗ്ധരെ പ്രോത്സാഹിപ്പിക്കണം.

പതിനൊന്നു സംസ്കരണശാലകളുള്ള സ്ഥിതിക്ക് കൂടുതൽ സംസ്കരണശാലകളേക്കാൾ വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇനി വേണ്ടത്. ഉൽപാദക കമ്പനികൾക്കു വിഭവങ്ങളും സൗകര്യങ്ങളും പങ്കിടാൻ കഴിഞ്ഞാൽ ഇപ്പോഴത്തെ പല പ്രശ്നങ്ങളും അതിജീവിക്കാനാകും. നീരയ്ക്ക് ഇതിനകം കിട്ടിയ കയറ്റുമതി അന്വേഷണങ്ങൾ യാഥാർഥ്യമാവാത്തതിനു കാരണം വേണ്ടത്ര ഉൽപാദനമില്ലാത്തതു മാത്രമാണ്. അരലക്ഷം കുപ്പികളിലെങ്കിലും നിറച്ചു നൽകാൻ‌ കഴിയുന്ന കാലത്തേ നീര കടൽ കടക്കൂ. അക്കരെയെത്തിയാലോ ആവശ്യക്കാരേറെയുണ്ടുതാനും.

ഇതൊരു വിഷമവൃത്തം തന്നെയാണ്. ഉൽപാദനം കൂട്ടിയാൽ വില്‍ക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമില്ല. ഉൽപാദനം കുറച്ചാൽ വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകും. മാത്രമല്ല, ജോലി നഷ്ടപ്പെടുന്ന നീര ടെക്നീഷ്യന്മാരുടെ സേവനം തിരിച്ചുകിട്ടുകയുമില്ല.

സമർഥമായ നേതൃപാടവത്തിലൂടെ കൃഷിക്കാരെ സംഘടിപ്പിച്ച് കോടികൾ മൂലധനമുള്ള കമ്പനികൾ ഒന്നോ രണ്ടോ വർഷംകൊണ്ടു രൂപീകരിച്ചവരാണ് ഉൽപാദക കമ്പനികളുടെ നേതൃത്വത്തിലുള്ളത്. എന്നാൽ രാജ്യാന്തര പാനീയവിപണിയിൽ മത്സരിക്കാൻ അവർക്ക് പ്രഫഷണൽ മികവുള്ള മാനേജ്മെന്റ് വിദഗ്ധരുടെ സഹായം ആവശ്യമാണ്. വിപണനം മാത്രമല്ല, ദീർഘകാല ആസൂത്രണവും ധനകാര്യ മാനേജ്മെന്റുമൊക്കെ മികവുറ്റതായാലേ കമ്പനികൾക്ക് വിജയിക്കാനാവൂ. എന്നാൽ വലിയ ശമ്പളം നൽകി ഇത്തരം വിദഗ്ധരുടെ സേവനം നേടാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല കമ്പനികൾ.

മികച്ച മാനേജ്മെന്റ് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് കൊച്ചിയിൽ നടന്ന കേരകർഷക സംഗമത്തിൽ നാളികേര വികസന ബോർഡിന്റെ മുൻ ചെയർമാൻ ടി.കെ. ജോസ് സൂചിപ്പിക്കുകയുണ്ടായി. ഇത്തരം വിദഗ്ധർക്ക് ആദ്യ വർഷം മുഴുവൻ ശമ്പളവും സർക്കാർ നൽകുകയും തുടർന്നുള്ള വർഷങ്ങളിൽ ഇതിന്റെ വിഹിതം 25 ശതമാനം വീതം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

നീര ഉൾപ്പെടെ രാജ്യാന്തര, ദേശീയ വിപണികളിൽ സാധ്യതയുള്ള മൂന്നോ നാലോ നാളികേര ഉൽപന്നങ്ങൾക്ക് ഒരു കിടിലൻ ബ്രാൻഡ് ലക്ഷ്യമിട്ടാവണം ഇനി നാം നീങ്ങേണ്ടത്. ഉൽപാദക കമ്പനികളുടെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ഉൽപാദക കമ്പനികൾ ഒരു വിപണന കമ്പനി രൂപീകരിക്കണം. അംഗ കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം മാനേജ്മെന്റ് വിദഗ്ധരും ഇതിന്റെ ബോർഡിൽ ഉണ്ടായിരിക്കട്ടെ. സംസ്ഥാന സർക്കാരും സഹകരണ പ്രസ്ഥാനവുമൊക്കെ ഇതിൽ ഓഹരിയെടുത്താലേ വേണ്ടത്ര മൂലധനം സ്വരൂപിക്കാനാവൂ. കാലക്രമേണ കമ്പനികൾക്ക് ഓഹരി തിരികെ നൽകി സർക്കാരിനു പിന്മാറുകയുമാവാം. ഭക്ഷ്യസംസ്കരണം, വിപണനം, ധനകാര്യം തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണവും തേടാം. നമ്മുടെ നീര ലോകത്തിന്റെയാകെ ഇഷ്ടപാനീയമാക്കുന്ന ജോലി അവരെ ഏൽപിക്കാം. അമുൽ പോലെ ലോകമറിയുന്ന ബ്രാന്‍ഡായി കേരളത്തിന്റെ നീര വളരണമെങ്കിൽ വലിയ സ്വപ്നങ്ങൾ തന്നെ കാണേണ്ടതുണ്ട്.