വരൾച്ച നേരിടാൻ

കാലാവസ്ഥാവ്യതിയാനവും അനന്തരഫലങ്ങളും ലോകം മുഴുവൻ അനുഭവപ്പെടുമ്പോൾ കേരളവും അതിന്റെ തിക്തഫലം ഏറ്റുവാങ്ങുകയാണ്. മനുഷ്യനും മൃഗങ്ങളും വൻമരങ്ങളും മണ്ണുപോലും ഒരിറ്റു വെള്ളത്തിനായി ദാഹിക്കുന്ന ദുരന്തത്തിലേക്കാണു കേരളവും നീങ്ങുന്നത്. പരന്നുകിടന്ന നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും ഷോപ്പിങ് മാളുകളും പാർപ്പിടസമുച്ചയങ്ങളുമായി മാറിയ സാഹചര്യത്തിൽ, വരൾച്ചപോലുള്ള പ്രകൃതിദുരന്തങ്ങളിൽ ആശ്വാസമാകേണ്ട നീർച്ചാലുകളും കുളങ്ങളും വൻ ജലസംഭരണികൾപോലും വെറും നോക്കുകുത്തികൾ.

എന്താണ് വരൾച്ച‌

മാസങ്ങളോളമോ വർഷങ്ങളോളമോ ഉപരിതലജലത്തിനോ ഭൂഗർഭജലത്തിനോ ഉണ്ടാകുന്ന ക്ഷാമമാണു വരൾച്ചയ്ക്കു കാരണമാവുന്നത്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിർവചനം അനുസരിച്ച് ദീർഘകാല ശരാശരി മഴയിൽ 26 ശതമാനംവരെ കുറവു വരുന്നത് വരൾച്ചയും 26 മുതൽ 50 ശതമാനംവരെ കുറവു വരുന്നത് ഇടത്തരം വരൾച്ചയും 50 ശതമാനത്തിൽ കൂടുതൽ കുറവു വരുന്നതു രൂക്ഷവരൾച്ചയുമാണ്.

ദേശീയ കാർഷിക കമ്മിഷന്റെ നിർവചനം അനുസരിച്ച് രാജ്യത്തിന്റെ വിസ്തൃതിയുടെ 10 ശതമാനത്തിൽ കൂടുതൽ സ്ഥലത്തു മഴയിൽ ഗണ്യമായ കുറവുണ്ടായാൽ അതു കാലാവസ്ഥാ വരൾച്ചയാണ്. മഴയുടെ കുറവും മണ്ണിന്റെ ഈർപ്പക്കുറവും വിളപരിപാലനത്തെ രൂക്ഷമായി ബാധിക്കുന്ന അവസ്ഥയെ കാർഷിക വരൾച്ച എന്നു വിളിക്കുന്നു. ലഭിക്കുന്ന മഴയുടെ അളവ്, ജലസംഭരണികളിലും മറ്റുമുള്ള ജലത്തിന്റെ അളവ്, ഭൂഗർഭജലത്തിന്റെ അളവ്, ആഴം, മണ്ണിലെ ഈർപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് വരൾച്ചത്തോതു കണക്കാക്കുന്നത്.

വരൾച്ച കേരളത്തിൽ

ശുദ്ധജലത്തിന്റെ മുഖ്യസ്രോതസ് മഴതന്നെ. ഇന്ത്യയിൽ ശരാശരി ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവ് 1215 മില്ലിമീറ്റർ ആണ്. എന്നാൽ നമ്മുടെ സംസ്ഥാന ശരാശരി ഇതിന്റെ മൂന്ന് ഇരട്ടിയോളം വരും. പ്രധാനമായും കാലവർഷവും തുലാവർഷവും വേനൽമഴയും മുഖേനയാണു നമുക്ക് ആവശ്യമായ ജലം ലഭി‍ക്കുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനവും മറ്റു ഭൗമ പ്രതിഭാസങ്ങളും മൂലം മഴയുടെ ലഭ്യതയിലും തോതിലും ഈയിടെയായി കാര്യമായ കുറവു കണ്ടുവരുന്നു. വർഷം 3000 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിൽ ഇപ്പോൾ ശരാശരി ലഭിക്കുന്നത് 2039 മില്ലിമീറ്റർ മഴയാണ്. കാലവർഷ കാലയളവിൽ സാധാരണ കേരളത്തിൽ ലഭിക്കേണ്ടത് 2600 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഈ മൺസൂൺ കാലത്ത് കേരളത്തിൽ ലഭിച്ചത് 1352 മില്ലിമീറ്റർ മാത്രം. അതായത്, ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള മഴയുടെ അളവിൽ 34 ശതമാനം കുറവ്. ഒക്ടോബർ മാസത്തിൽ തുടങ്ങുന്ന തുലാവർഷക്കാലത്ത് മഴ പെയ്ത പ്രദേശങ്ങൾ വളരെ വിരളം. തുലാവർഷം ചതിച്ചു എന്നു സാരം.

വായിക്കാം ഇ - കർഷകശ്രീ 

കേരളത്തിലെ 14 ജില്ലകളെയും സർക്കാർ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. മഴലഭ്യതയുടെ കണക്കു നോക്കിയാൽ കാലവർഷത്തിൽ ഏറ്റവും കുറവ് വയനാട് ജില്ലയിൽ ആണെന്നു കാണാം. തൃശൂർ, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളിൽ 30 ശതമാനത്തോളം കുറവുണ്ടായി. കാലംതെറ്റി വരുന്ന മഴയും യഥാകാലം പെയ്യാത്ത മഴയും നാടിന്റെയും കർഷകന്റെയും ദുരിതത്തിനും വിളനാശത്തിനും കാരണമാകും. വയനാട്, ഇടുക്കി പ്രദേശങ്ങളിലെ ജലദൗർലഭ്യവും വരൾച്ചയും നാണ്യവിളകളുടെ നാശത്തിനു വഴിയൊരുക്കും. നെല്ലറകളായ പാലക്കാട്, തൃശൂർ, കുട്ടനാട് മേഖലകളിൽ കർഷകർ ആശങ്കയിലാണ്. 2013ലുണ്ടായ വരൾച്ചമൂലം നെൽ കർഷകർക്ക് 24 കോടി രൂപ നഷ്ടം ഉണ്ടായി. ഉടനെയുള്ള വിളനാശം, നാണ്യവിളകളിലും തോട്ടവിളകളിലും കാലക്രമേണ ഉണ്ടാകാവുന്ന നഷ്ടങ്ങൾ, കന്നുകാലികളെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന്റെ അനന്തര ഫലങ്ങളാണ്. നമ്മുടെ പ്രധാന ജലസേചന പദ്ധതികളിൽനിന്നു കൃഷിക്കു വെള്ളം ലഭിക്കാനിടയില്ല എന്നതു മറ്റൊരു ദുരന്തം. അവയിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കേണ്ടിവരും.

എങ്ങനെ നേരിടാം

പ്രകൃതിയിലെ ജലസ്രോതസുകളെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള പദ്ധതികൾ സർക്കാർ തുടങ്ങിവച്ചതു പ്രതീക്ഷയുണർത്തുന്നു. മഴവെള്ള സംഭരണികൾ, മഴക്കുഴികൾ എന്നിവ നിർമിക്കൽ, നിലവിലുള്ള ജലസ്രോതസുകളെ സംരക്ഷിക്കൽ, മഴക്കൊയ്ത്തിനു സംവിധാനമൊരുക്കൽ എന്നിവ അടിയന്തരമായി ചെയ്യേണ്ടതുണ്ട്.

മഴക്കാലത്തു കെട്ടിക്കിടക്കുന്ന വെള്ളം മുഴുവൻ എത്രയും പെട്ടെന്ന് ഒഴുക്കിക്കളയാനാണു നാം ശ്രമിക്കുക. ഇതിനു പകരം പരമാവധി വെള്ളം ഭൂമിയിലേക്ക് ഇറക്കാനാണു നോക്കേണ്ടത്.

വരൾച്ച നേരിടാൻ

ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യാതിരിക്കുക. മണ്ണ്–ജലസംരക്ഷണ നടപടിയെടുക്കുക, ജലസ്രോതസുകൾ യഥാകാലം വൃത്തിയാക്കി സംരക്ഷിക്കുക, മഴക്കൊയ്ത്തു നടപ്പാക്കുക, നെൽപാടങ്ങൾ നികത്താതെ നിലനിർത്തുക, മണ്ണിൽ പരമാവധി ഈർപ്പം നിലനിർത്തി പരിപാലിക്കുക.

വിലാസം: ∙ സ്പെഷൽ ഓഫിസർടീച്ചിങ് അസിസ്റ്റന്റ്, കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണകേന്ദ്രം, കേരള കാർഷിക സർവകലാശാല. ഫോൺ : 9447614627

തുലാമഴയും ചതിച്ചു

മൺസൂണിനു പിന്നാലെ തുലാമഴയും കേരളത്തെ കയ്യൊഴിഞ്ഞു. വടക്കുകിഴക്കൻ തുലാമഴയുടെ ലഭ്യതയിൽ 60 ശതമാനത്തോളം കുറവ്. തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ വടക്കൻ ജില്ലകളിലെ ജലസുരക്ഷയെ ഗൗരവമായി ബാധിക്കുന്ന തരത്തിൽ മഴ കുറഞ്ഞതായി സൂചനയുണ്ട്. ദീർഘകാല ശരാശരിയുടെ അടിസ്ഥാനത്തിൽ ഏറ്റവും മെച്ചപ്പെട്ട മഴ ലഭിച്ചതു പത്തനംതിട്ട ജില്ലയിലും പ‌െയ്ത്തളവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് കൊല്ലം ജില്ലയിലുമാണ്. ഏറ്റവും കുറവ് കാസർകോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്. പത്തനംതിട്ടയിൽ ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്ന 45 സെ.മീ. സ്ഥാനത്തു 35 സെ.മീ. മഴ ലഭിച്ചു. കുറവ് 20%. കൊല്ലത്ത് 46 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 36 സെ.മീ. കുറവ് 22%. എന്നാൽ കോഴിക്കോട്ടും കാസർകോട്ടും 84% മഴയുടെ കുറവാണുണ്ടായത്. തിരുവനന്തപുരത്ത് 80 ശതമാനവും. തെക്കൻകേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ സ്ഥിതി രൂക്ഷമാണ്. തൃശൂർ മുതൽ വടക്ക‍ോട്ട് പല ജില്ലകളിലും കാര്യമായ മഴ ലഭിച്ചിട്ടേയില്ല. കോഴിക്കോട്ടും കാസർകോട്ടും നാലു സെ.മീ. നേരിയ മഴ മാത്രമാണു ലഭിച്ചത്. കാലവർഷം 34 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെയാണ് തുലാമഴയും കേരളത്തെ കയ്യൊഴിഞ്ഞത്. അണക്കെട്ടുകളും ജല‍സ്രോതസ്സുകളും വറ്റിവരണ്ടു. മകരക്കൊയ്ത്തിനു പാകമാകേണ്ട നെൽകൃഷിയെയും മറ്റു വിളകളെയും ജലക്ഷാമം ബാധിച്ചു. ഫെബ്രുവരിയിൽതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. വൈദ്യുതോൽപാദനത്തെയും ബാധിക്കും.