സഫലമീ അധ്വാനം

ടി.വി. ഗോപിനാഥ് കൃഷിയിടത്തിൽ

സാമ്പത്തികശാസ്ത്രത്തിൽ ഗീതാ ഗോപിനാഥിന്റെ ഉപദേശത്തിനുള്ള പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയനിലൂടെയാണ് കേരളം തിരിച്ചറിഞ്ഞത്. എന്നാൽ കൃഷി ആദായകരമാക്കുന്ന കാര്യത്തിൽ ഗീതയുടെ അച്ഛൻ ടി.വി. ഗോപിനാഥിന്റെ ഉപദേശങ്ങളും നിർദേശങ്ങളും മുൻ കൃഷിമന്ത്രി കെ.ആർ. ഗൗരിയമ്മ തേടിയിരുന്നെന്ന കാര്യം പലരും അറഞ്ഞിട്ടുണ്ടാവില്ല. അന്നത്തെ നിർദേശങ്ങളിൽ പലതും അവഗണനയും അലംഭാവവും മൂലം പാഴായെന്ന നിരാശ ഈ കാർഷിക സംരംഭകനുണ്ട്. മാറുന്ന ലോകത്തിനൊപ്പം നീങ്ങാൻ ഇന്നും മൈസൂരുവിലെ കൃഷിക്കാർ ഈ എൺപതുകാരന്റെ ഉപദേശം തേടുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർണാടകത്തിലെ പ്രഥമ കർഷക ഉൽപാദക കമ്പനി രൂപീകരിച്ച അവർ പുതുമയുള്ള സംരംഭങ്ങളിലൂടെ മുന്നേറ്റത്തിന്റെ പാതയിലാണ്.

വായിക്കാം ഇ - കർഷകശ്രീ

കണ്ണൂർ മയ്യിൽ സ്വദേശിയായ ടി.വി. ഗോപിനാഥ് 1960ൽ മൈസൂരുവിലെത്തിയതാണ്. ജോലി നേടിയെത്തിയ അദ്ദേഹം പിന്നീട് മുംബൈയ്ക്കു പോയെങ്കിലും പല സ്ഥലങ്ങളിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച ശേഷം വീണ്ടും മൈസൂരുവിലെത്തി. സംരംഭകന്റെ വേഷത്തിലായിരുന്നു ഈ രണ്ടാം വരവ്. ഫാൻ നിർമാണം മുതൽ കാർഷികവും അല്ലാത്തതുമായ പല ചെറുകിട വ്യവസായങ്ങളും നടത്തിയ ഗോപിനാഥിലെ സംരംഭകനും അതോടൊപ്പം വളർന്നു. പട്ടുനൂൽപുഴുവിന്റെ കൊക്കൂണിൽനിന്നും സംസ്കരിച്ച കാപ്പിക്കുരുവിന്റെ അവശിഷ്ടത്തിൽനിന്നും എണ്ണ വേർതിരിക്കുന്നതുപോലുള്ള സംരംഭങ്ങൾ അന്നേ അദ്ദേഹം നടത്തിയിരുന്നു. കർണാടകയിലെ മടിക്കേരിയിൽ കാപ്പിത്തോട്ടം വാങ്ങി അറുപതാം വയസ്സിൽ കൃഷിക്കാരന്റെ കുപ്പായമണിഞ്ഞതോടെയാണ് ഗോപിനാഥ് രാജ്യത്തിന്റെയാകെ ശ്രദ്ധ നേടുന്നത്. കാപ്പിത്തോട്ടത്തിലേക്കുള്ള യാത്രയ്ക്കിടയിൽ യാദൃച്ഛികമായാണ് ആന്തൂറിയം കൃഷിയെക്കുറിച്ച് അറിയാനിടയായതും ആന്തൂറിയം പൂക്കളുടെ ഉൽപാദനം ആരംഭിച്ചതും. അതുവരെ അപരിചിതമായിരുന്ന ആന്തൂറിയത്തിന്റെ സാധ്യത മനസ്സിലാക്കിയ ഗോപിനാഥ് വൈകാതെ തന്നെ അഞ്ചു ലക്ഷം രൂപയ്ക്ക് തൈകൾ വാങ്ങി കൃഷി ആരംഭിച്ചപ്പോൾ പലരും വിമർശിച്ചു. എന്നാൽ അഞ്ചേക്കറിലേക്ക് ആന്തൂറിയം കൃഷി വ്യാപിപ്പിച്ച ഗോപിനാഥ് വൈകാതെ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ആന്തൂറിയം കർഷകനായി വളർന്നു. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് അംഗമായ ഗോപിനാഥിനെ കേരളത്തിന്റെ പുഷ്പകൃഷി വികസനത്തിനുള്ള തന്ത്രങ്ങൾക്കായി സംസ്ഥാന സർക്കാർ സമീപിക്കുകയായിരുന്നു. ഇടുക്കിയും വയനാടും നെല്ലിയാമ്പതിയുമൊക്കെ കേന്ദ്രീകരിച്ച് വലിയൊരു മുന്നേറ്റത്തിനു തന്നെ അക്കാലത്ത് തുടക്കം കുറിച്ചതായി ഗോപിനാഥ് ഓർമിക്കുന്നു. നന്നായി നടപ്പാക്കിയ പല ഉദ്യമങ്ങളും പിന്നീട് ഏറ്റെടുത്തവരുടെ ആശയദാരിദ്ര്യവും ഉപേക്ഷയുംമൂലം തളർന്നുപോയെന്നുമാത്രം. തന്റെ ആശയങ്ങൾ തിരിച്ചറിയാനാവാത്ത ചിലർ ഏറ്റെടുത്തതാണ് പദ്ധതി പാളം തെറ്റാനിടയാക്കിയതെന്ന് ഗോപിനാഥ്. സ്വയം വഴി തെറ്റിക്കുന്നവർക്ക് വഴി കാണിച്ചു കൊടുത്തിട്ട് എന്തു കാര്യം.

രണ്ടു വർഷമായി മഴ ലഭിക്കാത്ത കൃഷിയിടത്തിൽ മാവ് പൂവിടാൻ സഹായിച്ചത് തുള്ളിനനയും കുഴൽക്കിണറും

സമയക്കുറവ് മൂലം അടുത്തകാലത്ത് മടിക്കേരിയിലെ ആന്തൂറിയം കൃഷി അവസാനിപ്പിച്ച ഗോപിനാഥ് ഇപ്പോൾ മൈസൂരുവിനു സമീപം ബങ്കിപ്പുരയിൽ ഫലവൃക്ഷത്തോട്ടം വികസിപ്പിച്ചു വരികയാണ്. തരിശായി കിടന്ന ഈ അമ്പതേക്കർ തെങ്ങും മാവും സപ്പോട്ടയുമൊക്കെ വരുമാനമേകുന്ന കൃഷിയിടമായി മാറിക്കഴിഞ്ഞു. നല്ല മഴ കിട്ടിയിട്ടു രണ്ടു വർഷമായ പ്രദേശത്താണ് കഠിനാധ്വാനത്തിലൂടെ ആദായമുണ്ടാക്കാൻ ഇദ്ദേഹം ശ്രമിക്കുന്നത്. ഇതിനു പുറമേ മടിക്കേരിയിലെ കാപ്പിത്തോട്ടത്തിൽ റോക് വുഡ് എസ്റ്റേറ്റ് എന്നെ ഫാംസ്റ്റേ സംരംഭവും ഇദ്ദേഹം നടത്തുന്നുണ്ട്. റൈതമിത്ര എന്ന പേരിൽ രണ്ട് വർഷംമുമ്പ് രൂപീകരിച്ച ഉൽപാദക കമ്പനിയുടെ സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം ഇപ്പോഴും ഡയറക്ടര്‍ ബോർഡ് അംഗമെന്ന നിലയിൽ കമ്പനി പ്രവർത്തനങ്ങളിൽ സജീവമാണ്. മൈസൂരുവിലെ സെൻ‌ട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎഫ്ടിആർഐ) നിര്‍ദേശപ്രകാരം സൂപ്പർഫുഡായ ചിയ ഏറ്റവുമാദ്യം കൃഷി ചെയ്തു തുടങ്ങിയത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള റൈതമിത്ര കമ്പനിയാണ്. സ്വന്തം കൃഷിയിടത്തിൽതന്നെയായിരുന്നു ആദ്യകൃഷി. ഇപ്രകാരം ഉൽപാദിപ്പിച്ച 100 കിലോ ചിയ വിത്താണ് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാൻ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വനില, ആന്തൂറിയം തുടങ്ങിയവയും പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുള്ള ഗോപിനാഥ് പരീക്ഷണകൃഷികളിൽ എന്നും തൽപരനായിരുന്നു. ഏതു വിളയും ശരിയായി കൃഷി ചെയ്യുന്നതിലാണ് കൃഷിക്കാർ വിജയം കണ്ടെത്തേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കാലാവസ്ഥയിൽ വളർത്താവുന്ന പല ഫലവൃക്ഷങ്ങളും ആദായമാക്കുന്നതിൽ നാം വേണ്ടത്ര വിജയിച്ചിട്ടില്ലെന്ന അഭിപ്രായമാണ് ഗോപിനാഥിനുള്ളത്. ഇടുക്കിയിലും വയനാട്ടിലുമൊക്കെ വളർത്താവുന്ന ബട്ടർഫ്രൂട്ട്, ലിച്ചി തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എൺപതാം വയസ്സിലും അമ്പതുകാരന്റെ ഉത്സാഹത്തോടെ കൃഷിയിടത്തിൽ കർമനിരതനാകാൻ കഴിയുന്നതിന്റെ രഹസ്യം ഗോപിനാഥ് പറയുന്നു-പുതിയ ആശയങ്ങൾക്കായി എന്നും പരതുക. അതുവഴി നിങ്ങളുടെ മസ്തിഷ്കം ഉത്തേജിക്കപ്പെടും. മനസ്സ് ചെറുപ്പമാകും. മനസ്സിന്റെ യൗവനം ശരീരത്തിലും പ്രതിഫലിക്കും.

ഫോൺ: 9448054774

e mail: tvgopinath1937@gmail.com

കർഷകരുടെ തോഴനായി റൈതമിത്ര

കർണാടകത്തിലെ ചെറുകിട കർഷകർക്കു പ്രതീക്ഷയായി മാറുകയാണ് റൈതമിത്ര ഉൽപാദക കമ്പനി. എട്ടു ജില്ലകളിൽനിന്നുള്ള 1200 ഓഹരിയുടമകളാണ് കമ്പനിക്കുള്ളത്. ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പ് (എഫ്ഐജി) എന്നറിയപ്പെടുന്ന ഈ സംഘങ്ങളിലോരോന്നിലും 15–20 കൃഷിക്കാർ അംഗങ്ങളാണ്. ഓരോ എഫ്ഐജിയും 500 രൂപയുടെ ഓഹരിയെടുത്താണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. കർഷകസംഘങ്ങൾക്ക് ഓഹരി നൽകിയതുവഴി കമ്പനിയില്‍ കൂടുതൽ കൃഷിക്കാരെ പങ്കാളിയാക്കാൻ കഴിഞ്ഞെന്നു ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഇതിനകം 68 ലക്ഷം രൂപ വിറ്റുവരവും ഇരുപതിനായിരം രൂപ ലാഭവും നേടിയ കമ്പനി മികച്ച നേട്ടങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. രണ്ടു വർഷം പിന്നിടുമ്പോൾ ചെറിയൊരു ലാഭമുണ്ടാക്കാൻ റൈതമിത്രയെ സഹായിച്ചത് ചിയ കൃഷിയാണെന്നു ഗോപിനാഥ് ചൂണ്ടിക്കാട്ടി. ചിയ വാങ്ങുമ്പോൾ കൃഷിക്കാരിൽനിന്നും വിൽക്കുമ്പോൾ കച്ചവടക്കാരിൽനിന്നും കമ്പനി അഞ്ചു ശതമാനം വീതം കമ്മീഷൻ ഈടാക്കും. കൂടാതെ പ്രമുഖ കമ്പനികളിൽനിന്നും വളവും മറ്റ് കാർഷിക ഉപാധികളും നേരിട്ടുവാങ്ങി കൃഷിക്കാർക്ക് നൽകുന്നുമുണ്ട്. സംഭരിച്ച ചിയ വൃത്തിയാക്കി തരം തിരിച്ചു വിപണനം നടത്തുന്നതിനു മൈസൂരുവിലെ കാർഷികോൽപന്ന വിപണിക്കുള്ളിൽ കമ്പനിക്ക് സംസ്കരണശാലയുമുണ്ട്.

ശാന്തകുമാർ

പ്രമുഖ കർഷകനേതാവായ ശാന്തകുമാറാണ് ഇപ്പോള്‍ റൈതമിത്രയുടെ ചെയർമാൻ. മഞ്ഞൾ, കരിമ്പ് കർഷകരുടെ അഖിലേന്ത്യാ സംഘടനകളുടെ ഭാരവാഹികൂടിയാണ് ഇദ്ദേഹം. ഈറോഡിലെ മഞ്ഞൾകൃഷിക്കാർ ഉൽപാദക കമ്പനിയിലൂടെ നേട്ടങ്ങളുണ്ടാക്കുന്നതു കണ്ടപ്പോഴാണ് ഈ സംരംഭത്തിന്റെ സാധ്യതകൾ താൻ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.