Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിൻസിന്റെ ജാതിസ്നേഹം

jins-and-father-with-products-of-nutmeg ജിൻസും പിതാവ് ലോനപ്പനും

പുരയിടത്തിൽ അറുപതിലേറെ ജാതികൾ. പതിനഞ്ചു വർഷം മുതൽ നാൽപത്തിയഞ്ചു വർഷം വരെ പ്രായമുള്ളവ. ജാതിയൊന്നിൽനിന്ന് പരിപ്പും പത്രിയും വിറ്റ് വർഷം ശരാശരി 7000 രൂപ, അതായത്, നാലു ലക്ഷം രൂപയോളം വരുമാനം. അത് അപ്പന്റെ വരുമാന മേഖലയാണ്, അതിൽ കൈകടത്താറില്ലെന്ന് മകൻ. എന്നാൽ ഇതേ ജാതിയുമായി ബന്ധപ്പെട്ടാണ് മകന്റെയും വരുമാനം. ജാതിത്തൊണ്ടാണ് മാർഗം എന്നു മാത്രം. വാർഷിക നേട്ടമാകട്ടെ, അപ്പന്റെ വരുമാനത്തേക്കാൾ ഒരു പടി മുന്നിൽ.

തൃശൂർ– എറണാകുളം ജില്ലകളുടെ അതിർത്തിപ്രദേശമായ ചാലക്കുടിക്കു സമീപം പോട്ടയിൽ ചിറയത്ത് ചാമവളപ്പിൽ വീട്ടിൽ ലോനപ്പനും മകൻ ജിൻസുമാണ് കഥാനായകർ. അലുമിനിയം ഫാബ്രിക്കേഷൻ രംഗത്തായിരുന്ന ജിൻസ് ജാതിത്തൊണ്ടിന്റെ മൂല്യവർധനയിൽ വന്നിട്ട് ഏതാനു വർഷങ്ങൾ മാത്രം.

വായിക്കാം ഇ - കർഷകശ്രീ

ഫാബ്രിക്കേഷനിൽ തൊഴിലാളിക്ഷാമവും മൽസരവും മുറുകിയതോടെയാണ് കാര്യമായ മുതൽമുടക്കില്ലാത്ത മറ്റു സംരംഭങ്ങൾ തിരയുന്നത്. ഫാബ്രിക്കേഷൻ വർക്കുകളുടെ ബാക്കിയായ തുണ്ടുകഷണങ്ങൾ ആക്രിവിലയ്ക്കു വാങ്ങിയിരുന്ന കടക്കാരനാണ് പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള സംരംഭമെന്ന കന്നി ആശയം നൽകിയതെന്നു ജിൻസ്. അതാവുമ്പോൾ മുടക്കുമുതൽ കുറവ്. കാര്യമായ ലാഭമില്ലെന്നു തോന്നുമെങ്കിലും പല തുള്ളി പെരുവെള്ളം എന്നതുപോലെയായിരിക്കും വരുമാനമെന്നും സ്ക്രാപ്പ് കച്ചവടക്കാരന്റെ ഉപദേശം.

എന്നിട്ടും സ്വന്തം പുരയിടത്തിൽ പാഴാകുന്ന ജാതിത്തൊണ്ട് കണ്ണിൽപ്പെട്ടില്ല. കുളത്തുവയലിൽ ധ്യാനം കൂടാൻ പോയപ്പോഴാണ് കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തെക്കുറിച്ചും അതിനു കീഴിലുള്ള കെവികെയെക്കുറിച്ചും കേൾക്കുന്നത്. വൈകാതെ അവിടെപ്പോയി ജാതിത്തൊണ്ടിൽനിന്നു സ്ക്വാഷും കാൻഡിയും അച്ചാറുമൊക്കെ നിർമിക്കാൻ പരിശീലനം നേടി.

ഇതേ ഉൽപന്നങ്ങൾ നിർമിക്കുന്ന മറ്റു പലരെക്കാളും പല മടങ്ങ് ലാഭം നേടുന്നതാണ് ജിൻസിനെ വ്യത്യസ്തനാക്കുന്നത്. ഒരു കിലോ ജാതിത്തൊണ്ടിൽനിന്നു പഞ്ചസാരയും ഇതര ഘടകങ്ങളും ചേർത്ത് ഒന്നര ലീറ്റർ സ്ക്വാഷ് ഉൽപാദിപ്പിക്കാം. അര ലീറ്റർ സ്ക്വാഷ് ഉപയോഗിച്ച് 20 ഗ്ലാസ് ജ്യൂസ് നിർമിക്കാം. ഒരു കിലോ തൊണ്ട് സംസ്കരിച്ച് ഒന്നര ലീറ്റർ സ്ക്വാഷ് നിർമിക്കാൻ പായ്ക്കിങ്ങടക്കം വരുന്ന ചെലവ് 150 രൂപ. വിൽപന അര ലീറ്റർ വീതമുള്ള ബോട്ടിലിന് 190 രൂപയ്ക്ക്. മൂന്നു ബോട്ടിലിൽനിന്ന് വിറ്റുവരവ് 570 രൂപ.

value-added-products-of-nutmeg ജാതിക്കാത്തൊണ്ട് സ്ക്വാഷ്

എന്നാൽ ഇതേ ഒന്നര ലീറ്റർ സ്ക്വാഷ് ജ്യൂസായി മാറുമ്പോൾ ഗ്ലാസൊന്നിന് 30 രൂപ നിരക്കിൽ 60 ഗ്ലാസിൽനിന്ന് 1800 രൂപ വരുമാനം. ഇതാണ് മൂല്യവർധനയുടെ മാജിക്. ഈ 1800 രൂപയിൽനിന്ന് അധ്വാനവും മറ്റു ചെലവുകളുമെല്ലാം നീക്കി പകുതി തുക ലാഭമായി വന്നാലും മോശമല്ലല്ലോ. ജാതിമരത്തിന്റെ ചുവട്ടിൽക്കിടന്ന് ചീഞ്ഞുപോയിരുന്ന തൊണ്ടിൽനിന്നാണ് ഈ ബമ്പർ വരുമാനം എന്നോര്‍ക്കണം.

ദേശീയപാതയോട് ചേർന്നാണ് ജിൻസിന്റെ വീടും ജ്യൂസ് കടയും കൃഷിയിടവും. ജ്യൂസ് കട മുമ്പേയുണ്ടെങ്കിലും ജാതിക്കാത്തൊണ്ടിൽനിന്ന് സ്ക്വാഷ് നിർമിച്ച് അതുപയോഗിച്ചുള്ള ജാതിക്കാ ഫ്രഷ് ലൈം, ജാതിക്കാ–ഇഞ്ചി– മുളക് ഫ്രഷ് ലൈം എന്നീ രണ്ട് ജ്യൂസുകൾ അവതരിപ്പിച്ചതോടെയാണ് വിൽപന പച്ചപിടിച്ചതെന്ന് ജിൻസ്. രണ്ടും ഒരിക്കല്‍ കുടിച്ചവർ വീണ്ടും തേടിവരുന്നു. ജ്യൂസുകളുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടും താമസിയാതെ ജിൻസ് ജ്യൂസുകട തുടങ്ങി. കടയ്ക്കു പുറമേ പ്രദർശനമേളകളിലെ സ്റ്റാളുകൾ വഴിയും വരുമാനം. സമീപപ്രദേശങ്ങളിലെ പെരുന്നാളുകളോട് അനുബന്ധിച്ചുള്ള സ്റ്റാളുകളാണ് മുഖ്യം.

ജാതിക്ക വിളവെടുപ്പുകാലം ജൂൺ മുതൽ സെപ്റ്റംബർ വരെയാണല്ലോ. വേനൽക്കാലത്താണ് ജ്യൂസിനു കൂടുതൽ ചെലവ്. ആ സമയത്ത് നാട്ടിൽ തൊണ്ടുലഭ്യത കുറയും. കോഴിക്കോടൻ മലയോരങ്ങളിലെ ജാതിത്തോട്ടങ്ങളിൽനിന്ന് അപ്പോഴും ലഭിക്കും. കിലോയ്ക്കു പത്തു രൂപ നിരക്കിൽ അവിടെനിന്നു വാങ്ങും.

കേരളത്തിലെ മൂല്യവർധന സംരംഭകരുടെ പരാജയ കാരണങ്ങളിൽ പ്രധാനം ഉല്‍പന്നം ആകർഷകമായും നല്ല നിലവാരത്തോടെയും പായ്ക്കു ചെയ്യാത്തതാണെന്നു ജിൻസ്. ‘‘മൂല്യവർധിത ഉൽപന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കൾ സാമ്പത്തികശേഷി കൂടിയ കുടുംബങ്ങളാണ്. ഉദ്യോഗസ്ഥരും ബിസിനസുകാരുമെല്ലാം ഉൾപ്പെടുന്ന ഈ വിഭാഗത്തിനാണ് വാങ്ങൽ ശേഷി കൂടുതലുള്ളത്. അവരെ ആകര്‍ഷിക്കണമെങ്കിൽ കാഴ്ചയിൽതന്നെ മതിപ്പും നിലവാരവും തോന്നിപ്പിക്കുന്ന പായ്ക്കിങ് വേണം. ജാതിക്കാ അച്ചാർ വിപണിയിലെത്തിക്കാൻ അത്തരം പായ്ക്കറ്റിനായി കുറച്ചൊന്നുമല്ല അലഞ്ഞത്’’, ജിൻസിന്റെ വാക്കുകൾ.

‘‘കാലടി മാർക്കറ്റാണല്ലോ നാട്ടിൽ ജാതിക്കാ വില നിശ്ചയിക്കുന്നത്. എന്നുവച്ചാൽ അവിടത്തെ ഏതാനും കച്ചവടക്കാർ നിശ്ചയിക്കുന്ന വില. രാജ്യാന്തര വില കൂടിയാലും അവർ നിശ്ചയിക്കുന്ന വിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിതരാകും. അപ്പോൾപിന്നെ കയ്യിലുള്ള ഉൽപന്നം മൂല്യവര്‍ധന നടത്തി വരുമാനം കൂട്ടുകതന്നെയാണ് രക്ഷാമാർഗം’’, ജിൻസ് കൂട്ടിച്ചേർക്കുന്നു.

ഫോൺ: 9846258991

പരിശീലനം നേടാം

വാതം മുതൽ വയറിളക്കം വരെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കു ജാതിക്ക പരിഹാരമായതിനാൽ ജാതിക്കയിൽനിന്നുള്ള മിഠായി, സ്ക്വാഷ്, ജെല്ലി, ജാം, ജ്യൂസ്, അരിഷ്ടം എന്നിവയ്ക്ക് ഔഷധാഹാരം എന്ന മേന്മയുണ്ട്. ഇവ തയാറാക്കാൻ പരിശീലനം കോട്ടയം ജില്ലയിലെ കുമരകം കൃഷി വിജ്ഞാന കേന്ദ്രം നൽകുന്നു.

ഫോൺ: 0481 2523421