‘നോട്ടു നിരോധിച്ചാലും സാരമില്ല, ചക്ക നിരോധിക്കാതിരുന്നാൽ മതി’, നീലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളുടെ വാക്കുകളിൽ കളിയും കാര്യവുമുണ്ട്. നോട്ട് നിരോധനത്തിൽപ്പെട്ട് സഹകരണ ബാങ്കുകൾ വെള്ളം കുടിച്ചപ്പോൾ തങ്ങളുടെ ബാങ്കിനെ അത് ഒട്ടും ഏശിയില്ലെന്നു പ്രസിഡന്റ് മത്തച്ചൻ ഉറുമ്പുകാട്ട്. ബാങ്കുമായി ബന്ധപ്പെട്ട ഒരാളുടെയും സാമ്പത്തിക ഇടപാടുകൾ മുടങ്ങാതിരിക്കാൻ സ്വീകരിച്ച സത്വര നടപടികളാണു രക്ഷയായത്.
ചക്കയാണെങ്കില്‍ ഇന്നു നീലൂരില്‍ ഒട്ടേറെപ്പേർക്കു തൊഴിലും സ്ഥിരവരുമാനവും നൽകുന്നു. അതിനിടയാക്കിയത് ബാങ്കിന്റെ ദീർഘവീക്ഷണമാണ്.
കോട്ടയം–ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശമാണ് നീലൂർ. ഇവിടെ പ്ലാവുകൾ സമൃദ്ധം. എന്നാല്‍ ചക്ക പകുതിയും പാഴാവുന്നു. ഉൾപ്രദേശമായതിനാൽ ചക്ക വാങ്ങാന്‍ ആരും വരാറില്ല. ചക്കയ്ക്കു പക്ഷേ നാട്ടിലും വിദേശത്തും ഡിമാൻഡ് ഉയരുന്നത് നീലൂർ സർവീസ് സഹകരണ ബാങ്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ചക്കയുൽപന്നങ്ങളുടെ വിപണനത്തിനായി കഴിഞ്ഞ വർഷം നെസ്കോ എന്ന ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചത്.
നീലൂർ ബാങ്കിന്റെ മൂന്നാമത്തെ കാർഷിക സംരംഭമാണ് നെസ്കോ. പോളിഹൗസും മഴമറയുമാണ് ഇതിനു മുമ്പുള്ളത്. മൂന്നു സംരംഭങ്ങളും ഓഹരി അടിസ്ഥാനത്തിൽ. പോളിഹൗസിന് ബാങ്കിന്റെ ഒന്നും ബാക്കി കർഷകരുടേതുമായി 5,000 രൂപയുടെ 80 ഓഹരികൾ. നിർമാണ അനുമതി നേടല്‍, സബ്സിഡി, സാമ്പത്തിക സഹായം എന്നിവയ്ക്കെല്ലാം ബാങ്ക് പിന്തുണ നൽകി. കൃഷിയും പരിപാലനവും സംരംഭം ലാഭത്തിലെത്തിക്കേണ്ട ഉത്തരവാദിത്തവുമെല്ലാം ഓഹരി ഉടമകളായ കർഷകരുടെയാണ്. പോളിഹൗസിൽനിന്നു ലഭിച്ച ലാഭവിഹിതംകൊണ്ട് മഴമറ സ്ഥാപിച്ചപ്പോഴും ഇതേ രീതിയും നയവും തുടർന്നു.
നഷ്ടം വന്നാൽ ബാങ്കു സഹിച്ചോളും എന്ന മനോഭാവം ഇല്ലാതായി എന്നതാണ് ഈ രീതിയുടെ മെച്ചം. ഓഹരി ഉടമ കൂടിയായ ബാങ്കിന്റെ മേൽനോട്ടം എപ്പോഴുമുണ്ടാവുകയും ചെയ്യും. ഫലം, ആദ്യത്തെ രണ്ടു സംരംഭങ്ങളും കുറഞ്ഞ കാലംകൊണ്ടു ലാഭമുണ്ടാക്കി. ഓഹരി ഉടമകൾക്ക് അതിന്റെ വിഹിതവും വിതരണം ചെയ്തു.
പതിനായിരം രൂപയുടെ 30 ഓഹരികളുമായാണ് ചക്ക സംരംഭം തുടങ്ങുന്നത്. പതിവുപോലെ ഒരു ഓഹരി ബാങ്കിന്. ബാക്കി ഓഹരികള്‍ അറിയിപ്പു നൽകിയതിന്റെ പിറ്റേന്നുതന്നെ വിറ്റു തീർന്നു. സംരംഭം തുടങ്ങി രണ്ടാമത്തെ ചക്ക സീസണാണിത്. ഈ സീസണിൽ ഇതുവരെ നേടിയ ലാഭത്തിന്റെ വിഹിതം വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാങ്ക്.
ഉൽപന്നങ്ങൾ, വിപണി
പുഴുക്കിനായി ചക്ക അരിഞ്ഞത്, അരിഞ്ഞുണക്കിയത്, ചക്കക്കുരുപ്പൊടി, പഴുത്ത ചക്കച്ചുള ഉണങ്ങിയത് എന്നിവയാണ് മുഖ്യ ഉൽപന്നങ്ങൾ. ചക്ക പച്ചയ്ക്ക് അരിഞ്ഞതിന് ആവശ്യക്കാർ കൊച്ചിയിലെ കയറ്റുമതി ഏജൻസിയാണ്. ദിവസം ശരാശരി 300 കിലോയാണ് ഇവര്‍ക്കു വേണ്ടത്. അരിഞ്ഞ്, പത്തു കിലോ പോളിത്തീൻ ബാഗുകളിലാക്കി ഏജൻസിക്കു കൈമാറും. അവരത് ഫ്രീസ് ചെയ്ത് വിദേശമലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്കായി കയറ്റുമതി ചെയ്യുന്നു.
ഏജൻസിയുടെ ഓർഡർ, ചക്ക ലഭ്യത എന്നിവയ്ക്ക് അനുസൃതമായാണ് ഓരോ ദിവസത്തെയും വില നിലവാരം. ചക്കക്കാലം തുടങ്ങുന്ന ജനുവരിയിൽ വില കിലോയ്ക്ക് 10 രൂപയാണെങ്കില്‍ ഏപ്രിലില്‍ വില കിലോയ്ക്ക് 7നും 9നും ഇടയിൽ നിൽക്കും. ഒരു ചക്കയ്ക്കു 15– 30 കിലോ തോതില്‍ തൂക്കം വരുമെന്നു കണക്കുകൂട്ടുക, ചക്കവിലയായി കർഷകനു ലഭിക്കുന്നത് 85 രൂപ മുതൽ 300 രൂപ വരെ.
ചക്ക വിൽക്കാനുള്ളവർ തലേന്നുതന്നെ നെസ്കോയെ അറിയിക്കണം. കയറുകെട്ടി ചതയാതെ സുരക്ഷിതമായി ഇറക്കിയ ചക്ക രാവിലെ ഒമ്പതു മണിക്കു മുമ്പ് യൂണിറ്റിൽ എത്തിക്കണം. തൂക്കത്തിന് അനുസരിച്ച് വില കൈപ്പറ്റാം.
ചക്കയരിയൽ രണ്ടു വഴിക്കാണ്. സ്വന്തം ചക്ക അരിഞ്ഞ് മൂന്നു മണിക്കു മുമ്പ് യൂണിറ്റിൽ എത്തിച്ചാല്‍ കിലോയ്ക്ക് അമ്പതു രൂപ വില ലഭിക്കും. വീട്ടിൽ പ്ലാവും ചക്കയും ഇല്ലാത്തവർക്കും അരിയാം. നെസ്കോ സംഭരിക്കുന്ന ചക്ക, വെട്ടി അരിയാൻ താൽപര്യമുള്ളവരുടെ വീട്ടിലെത്തിക്കും. കിലോയ്ക്ക് 17 രൂപ കൂലി കിട്ടും. മുഴുവൻ ചക്ക വെട്ടിയൊരുക്കുമ്പോൾ നാലര കിലോയ്ക്ക് ഒരു കിലോ കിട്ടുമെന്നാണു കണക്ക്.
അരിഞ്ഞു കിട്ടുന്ന പച്ചച്ചക്കയിൽ ഒരു പങ്ക് അതതു ദിവസം തന്നെ ഡ്രയറിലുണക്കും. ദിവസം ശരാശരി 150 കിലോ. എട്ടു മണിക്കൂർ ഉണക്കുള്ള ഈ ഉൽപന്നം ഒരു വർഷത്തോളം കേടാകാതെയിരിക്കും. ഏതാനും സമയം വെള്ളത്തിലിട്ടാൽ ഉണക്കക്കപ്പപോലെ ഉണക്കച്ചക്കകൊണ്ടും ഒന്നാന്തരം പുഴുക്കുണ്ടാക്കാം. ഈ ഉൽപന്നത്തിനു വില 250 ഗ്രാമിനു 140 രൂപ.
കിലോയ്ക്ക് 7–8 രൂപ എന്ന നിരക്കില്‍ ചക്കക്കുരുവും വാങ്ങുന്നുണ്ട്. അത് ഉണക്കി പൊടിക്കുന്നു. ചപ്പാത്തിക്കു കുഴയ്ക്കുമ്പോൾ മാവിന്റെ കൂടെ ചേർത്ത് മയവും രുചിയും കൂട്ടാനും സാമ്പാർ ഉൾപ്പെടെയുള്ള കറികൾക്കു കൊഴുപ്പു കൂട്ടാനുമെല്ലാം നന്ന്. മികച്ച പോഷകഗുണമുള്ള ചക്കക്കുരു പൗഡറിന് വില കിലോയ്ക്ക് 250 രൂപ. പഴുത്ത ചക്കച്ചുള ഉണക്കിയെടുത്തതാണ് മറ്റൊരു ഉൽപന്നം. കുട്ടികൾക്ക് ഇതു മിഠായിപോലെ കഴിക്കാം.
നിലവിൽ വാടകക്കെട്ടിടത്തിലാണ് നെസ്കോയുടെ പ്രവർത്തനം. സ്വന്തം കെട്ടിടം, വിപുലമായ ഡ്രയർ സംവിധാനം, കൂടുതൽ ഉൽപന്നങ്ങൾ, വിശാലമായ വിപണി... പ്ലാവിനു ചുവട്ടിൽനിന്ന് നെസ്കോ പദ്ധതിയിടുന്നു, ചക്ക ചതിക്കില്ലെന്ന ഉറപ്പോടെ.
ഫോൺ (ബാങ്ക് പ്രസിഡന്റ്): 9447121510