ചെറുതല്ല ചെറുധാന്യങ്ങൾ

റാഗി

പ്രമേഹവും അനുബന്ധ രോഗങ്ങളും കാൻസറും പിടിമുറുക്കുന്ന ഇക്കാലത്ത് അവയെ ചെറുക്കുന്ന ഭക്ഷണരീതി നാം സ്വീകരിക്കണം. കുറഞ്ഞ തോതിൽ കൊഴുപ്പും ഊർജമൂല്യവും ഉയർന്ന അളവിൽ പ്രോട്ടീനും ഭക്ഷ്യനാരും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള മന്ത്രമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു മാന്ത്രികഭക്ഷണമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ ഉത്തരം. മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ചെറുധാന്യങ്ങളെ സൂപ്പർ ഫുഡ് എന്നു വിശേഷിപ്പിക്കുന്നു ആധുനിക വൈദ്യശാസ്ത്രം.

വായിക്കാം ഇ - കർഷകശ്രീ

കൂവരക്, സൊർഗം, ബാജ്റ, കൊടോ, ചാമ, തിന, വരക്, ബാർലി എന്നിങ്ങനെ ഒട്ടേറെയുണ്ട് ചെറുധാന്യങ്ങൾ (മില്ലറ്റുകൾ). കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസുരക്ഷ. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഭക്ഷ്യനാര്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും കുറഞ്ഞ ഊർജമൂല്യവും ഇവയെ വിശിഷ്ടമാക്കുന്നു.

ചെറുധാന്യങ്ങൾ, ഗുണങ്ങൾ

റാഗി: കൂവരക്, മുത്താറി, കഞ്ഞിപ്പുല്ല്, പ‍ഞ്ഞിപ്പുല്ല് (Finger millet) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഏറ്റവും ചെറിയ ധാന്യമാണിത്. കാൽസ്യ സമ്പുഷ്ടമായ കൂവരകിനെ ‘പാവപ്പെട്ടവന്റെ പാൽ’ എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാര്‍ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാൽസ്യത്തിനു പുറമെ, വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയ റാഗി വരൾച്ചയെ അതിജീവിക്കുന്ന വിളയാണ്. അതിനാൽ വരുംനാളുകളിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് മുതൽക്കൂട്ടാകും റാഗി.

ബജ്റ: കമ്പം, പേൾ മില്ലറ്റ് എന്നെല്ലാം അറിയപ്പെടുന്ന ബജ്റ ചെറുധാന്യങ്ങളിലെ വിശേഷ ഇനമാണ്. മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്. അപൂരിത കൊഴുപ്പുകൾ ധാരാളം അടങ്ങിയ ബജ്റ ഹൃദയാരോഗ്യത്തിനു ഫലപ്രദമാണ്. ഇരുമ്പ്, സിങ്ക്, ഭക്ഷ്യനാര്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നം. ഉയർന്ന താപനിലയെ അതിജീവിച്ച് മികച്ച വിളവു നല്‍കുന്നു.

സൊർഗം (Sorghum): ചോളം, കാഫിർകോൺ എന്നെല്ലാം അറിയപ്പെടുന്ന ധാന്യം. കുലകുലയായി വളരുന്ന പൂങ്കുലയിൽ വെളുത്ത നിറമുള്ള വിത്തോടുകൂടിയ ഈ ധാന്യത്തിൽ പ്രോട്ടീനും നാരുകളും ധാരാളമുണ്ട്. ഇരുമ്പു സത്ത് ധാരാളം അടങ്ങിയ സൊർഗം വിളർച്ച (അനീമിയ) രോഗം തടയാൻ നന്ന്.

സൊർഗം

കൊടോ മില്ലറ്റ് (Kodo millet): വരക് എന്ന് അറിയപ്പെടുന്ന കൊടോ മില്ലറ്റില്‍ കൂടുതലളവില്‍ നാരുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന തോതിൽ പ്രോട്ടീൻ, ആന്റി ഓക്സിഡന്റ് (നിരോക്സീകാരികൾ) അടങ്ങിയ കൊടോ മില്ലറ്റ് പ്രമേഹരോഗികൾക്കു പ്രയോജനപ്രദമാണ്.

ചാമ (ലിറ്റിൽ മില്ലറ്റ്): നെല്ലിനൊപ്പം വളരുന്ന കളയാണ് ചാമ. ഉയർന്ന അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ചാമ ഏറെ രുചികരവും പോഷകപ്രദവുമാണ്.

തിന (ഫോക്സ്ടെയിൽ മില്ലറ്റ്): പക്ഷികൾക്കു തീറ്റയായിട്ടാണ് തിന ഉപയോഗിച്ചുവരുന്നതെങ്കിലും ഭക്ഷ്യയോഗ്യമായ ചെറുധാന്യമാണിത്.

ചെറുധാന്യങ്ങൾ എത്രമാത്രം പോഷകപ്രദമാണെന്നും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നതാണെന്നും മനസ്സിലായല്ലോ.

ഭക്ഷ്യനാരുകളുടെ സമ്പന്നതയും അന്നജത്തിന്റെ കുറവും പ്രമേഹരോഗികൾക്കു പറ്റിയ ലോഗ്ലൈസീക് ഇൻഡക്സ് (Low GI food) ഭക്ഷണമാക്കുന്നു. അതായത് ദഹനത്തിനുശേഷം വളരെ താഴ്ന്ന അളവിലേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയുള്ളൂ. ഇവ കഴിച്ചാല്‍ ഇൻസുലിന്റെ ആവശ്യകത കുറയും.

ചെറുധാന്യങ്ങളിൽ പ്രധാന ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലാണ്. ഉയർന്ന ധാതുലവണ സാന്നിധ്യവും ജീവകങ്ങളുടെ അളവും അവയെ ശരീരസംരക്ഷണത്തിന് സഹായിക്കുന്ന സംരക്ഷിതാഹാരമാക്കുന്നു. (Protective food). ഗോതമ്പിലുള്ള ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ഇല്ലാത്തതിനാൽ ഗ്ലൂട്ടൻ അലർജിയുള്ളവർക്ക് ചെറുധാന്യങ്ങൾ യോജ്യമാണ്.‌

ഇക്കാരണങ്ങളാല്‍ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന കാലമാണിപ്പോള്‍. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ തയാറാക്കി വിപണിയിലെത്തിക്കുന്ന സംരംഭങ്ങള്‍ക്കു വൻ സാധ്യതകളാണ് ഉരുത്തിരിയുന്നത്. ചെറുധാന്യങ്ങള്‍ ഉപയോഗിച്ചു 

ചപ്പാത്തി, ഹെൽത്ത് മിക്സുകൾ, നൂഡിൽസ്, ബിസ്കറ്റുകൾ, കേക്കുകൾ, മുറുക്ക്, പക്കാവട തുടങ്ങി പാചകം ചെയ്തോ നേരിട്ടോ കഴിക്കാവുന്ന ഏതു ഭക്ഷ്യവസ്തുവും ഉണ്ടാക്കാം. ജീവിതശെലീരോഗമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഇവ മികച്ച ആേരാഗ്യ ഭക്ഷണമായിരിക്കുമെന്നതില്‍ സംശയമില്ല. ചെറുധാന്യങ്ങള്‍ മുളപ്പിച്ച് ഉണക്കിപ്പൊടിച്ചു ചേര്‍ത്താൽ ഇവയുടെ ഗുണം പതിൻമടങ്ങാകും. മുളപ്പിച്ച ധാന്യങ്ങൾ അരച്ച് വെള്ളം ചേർത്തു നേർപ്പിച്ച് അരിച്ചു കുറുക്കി കഴിക്കുന്നതും ശരീരത്തിനു ഗുണം ചെയ്യും. റാഗി പോലുള്ള ചെറുധാന്യങ്ങൾ ഇപ്രകാരം കഴിക്കുന്നത് പ്രായമായവർക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വളരെ പ്രയോജനപ്രദമാണ്.

ചെറുധാന്യങ്ങള്‍ക്കു വിപണിയില്‍ പ്രിയവും മികച്ച വിലയുമുണ്ടായാല്‍ ഇവ കൃഷി ചെയ്യാനും ആളുകള്‍ തയാറാകും.

നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു നേരമെങ്കിലും ചെറുധാന്യ വിഭവങ്ങൾ ഉള്‍പ്പെടുത്താം. ഓര്‍മിക്കുക, ചെറുതല്ല അവ നമുക്കു നൽകുന്ന ആരോഗ്യസംരക്ഷണം.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268