യോഗ്യൻ യോഗർട്ട്

യോഗർട്ട്

ജോലിയുപേക്ഷിച്ച് തന്റെ സ്വപ്ന സംരംഭത്തിനു പിന്നാലെ പോയ ജോയ്സ് ഇന്നില്ല. എങ്കിലും ജോയ്സ് വിപണിയിലെത്തിച്ച യോഗർട്ടും ലസിയുമെല്ലാം ചുണ്ടോടു ചേർക്കുന്ന സുഹൃത്തുക്കൾ ദീർഘദർശിയായ ആ സംരംഭകനെക്കുറിച്ചോർത്തു വീണ്ടും വീണ്ടും വിസ്മയം കൊള്ളും. ജോയ്സ് സ്ഥാപിച്ച ഫിനാഗ്രോ നാച്വറൽ പ്രോഡക്ട്സ് എന്ന ഭക്ഷ്യസംസ്കരണ സ്ഥാപനം ഇപ്പോൾ നയിക്കുന്നത് ഭാര്യ പ്രേമലതാ ജോയ്സാണ്.

കണ്ണൂർക്കാരനായ ജോയ്സ് കൊച്ചിയിലെത്തുന്നത് കസ്റ്റംസിൽ ജോലി ലഭിച്ചതോടെയാണ്. അഭിഭാഷകയായ പ്രേമലതയെ വിവാഹം കഴിച്ച് നഗരത്തിൽ പാർപ്പുറപ്പിച്ചെങ്കിലും കണ്ണൂരിലെ കാർഷികഗ്രാമത്തിന്റെ ഓർമകൾ ജോയ്സിൽ ഉറഞ്ഞുകിടപ്പുണ്ടായിരുന്നു. മികച്ച കേന്ദ്രസർക്കാർ ഉദ്യോഗമായിട്ടുകൂടി 2006ൽ അതു രാജിവച്ച് നാട്ടിലാരും കേട്ടിട്ടില്ലാത്ത ഒരു ക്ഷീരസംരംഭത്തിലിറങ്ങാൻ ഒരുപക്ഷേ ജോയ്സിനു പ്രേരണയായതും കണ്ണൂരിന്റെ കൃഷിയോർമകളാവാമെന്ന് പ്രേമലത.

വായിക്കാം ഇ - കർഷകശ്രീ

കുറെ മൺകുടങ്ങളും പാലും പിന്നെ മറ്റെന്തെല്ലാമോ വാങ്ങി ജോയ്സ് പരീക്ഷണങ്ങള്‍ തുടങ്ങിയപ്പോൾ‌ എന്താണു സംഭവമെന്നു സത്യത്തിൽ പ്രേമലതയ്ക്കു മനസ്സിലായില്ല. എങ്കിലും സംരംഭത്തിനു പൂര്‍ണ പിന്തുണ നൽകി. ജോയ്സിന്റെ പരീക്ഷണം പാളിപ്പോയാലും പിടിച്ചുനിൽക്കണമല്ലോ. അതുകൊണ്ട് ഇടയ്ക്കു മുടങ്ങിപ്പോയ പ്രാക്ടീസ് പുനരാരംഭിച്ചു. വക്കീലുദ്യോഗവും മക്കളുടെ കാര്യങ്ങളുമൊക്കെയായി നീങ്ങുമ്പോൾ ഇടയ്ക്കൊരു ദിവസം ജോയ്സിന്റെ മൺകുടങ്ങൾക്കുള്ളിൽ എന്താണെന്നു പരിശോധിച്ചു. എല്ലാറ്റിലും നിറയെ തൈര്. ‘‘ഇതിനാണോ ഇത്രയും മാസങ്ങൾ ചെലവിട്ടത്, എന്നോടു പറഞ്ഞെങ്കിൽ ഒറ്റ ദിവസംകൊണ്ട് ഞാനുണ്ടാക്കി തരുമായിരുന്നല്ലോ നല്ല കട്ടത്തൈര്’’ എന്നു പ്രേമലത.

യോഗർട്ടുമായി പ്രേമലത ജോയ്സ്

മറുപടിയായി ജോയ്സ് ചിരിച്ചു, പിന്നെ അൽപമെടുത്തു രുചിക്കാൻ കൊടുത്തു. കാഴ്ചയിൽ തൈരു പോലെയെങ്കിലും അതിലും ഹൃദ്യമായ രുചി, ആസ്വാദ്യകരമായ സുഗന്ധം. യോഗർട്ട് ആദ്യമായി താൻ പരിചയപ്പെടുന്നത് അപ്പോഴെന്ന് പ്രേമലത. യൂറോപ്പിലും അമേരിക്കയിലുമെല്ലാം ചിരപരിചിതമായ യോഗർട്ട് എന്ന പ്രോബയോട്ടിക് ഫുഡിനെക്കുറിച്ച് ഭാര്യയ്ക്ക് അന്നൊരു ക്ലാസ്സുതന്നെ നൽകി ജോയ്സ്.

പ്രോബയോട്ടിക് ഫുഡ്

സമ്പൂർണ ആഹാരമെന്നാണ് പാലിനുള്ള കീർത്തി. എന്നാൽ പാലിനെക്കാൾ പോഷകമേന്മയുള്ള പാലുൽപന്നങ്ങൾ പലതുണ്ട്. അക്കൂട്ടത്തിൽപ്പെടും യോഗർട്ട്. തൈരിന്റെ കാര്യത്തിലെന്നപോലെ പാലു പുളിപ്പിച്ചാണ് യോഗർട്ടും തയാറാക്കുന്നത്. രുചിയിലും പോഷകഗുണത്തിലും പക്ഷേ രണ്ടും തമ്മിൽ അന്തരമുണ്ട്. സ്ട്രെപ്ടോകോക്കസ് തെർമാഫീല്ലസ്, ലാക്ടോ ബാസില്ലസ് ബള്‍ക്കാരിസ് എന്നീ ബാക്ടീരിയകൾ നിശ്ചിത അനുപാതത്തിൽ ചേർത്ത കൾച്ചർ ഉപയോഗിച്ചു പാൽ പുളിപ്പിച്ച് ആവശ്യമായ ഫ്ലേവറും ചേർത്താണ് യോഗർട്ട് തയാറാക്കുന്നത്. ഒപ്പം ശരീരത്തിനു ഗുണകരമാകുന്ന ധര്‍മങ്ങള്‍ നിർവഹിക്കുന്ന മറ്റു ചില പ്രോബയോട്ടിക് ബാക്ടീരിയകളും യോഗര്‍ട്ടിൽ ചേരുന്നു.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നമ്മുടെ ഉദരത്തിലെ മിത്ര ബാക്ടീരിയകളെ ഒട്ടൊക്കെ നശിപ്പിക്കാറുണ്ട്. പരിഹാരമായി പ്രോബയോട്ടിക് ഗുളികകൾ നിർദേശിക്കപ്പെടാറുമുണ്ട്. എന്നാൽ അതിനു പകരം യോഗർട്ടു പോലുള്ള പ്രോബയോട്ടിക് വിഭവങ്ങൾ കഴിക്കുമ്പോൾ, ഒരേസമയം അത് ഭക്ഷണവും ഔഷധവുമായി മാറുന്നു. പുളിപ്പിച്ച പാലുൽപന്നങ്ങളിലൂടെ കുടലിലെത്തുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്നതിനാൽ, കുടലിനെ ബാധിക്കുന്ന അസുഖങ്ങൾക്കു പരിഹാരമായി വൈദ്യശാസ്ത്രം മുമ്പേ തന്നെ അവ നിർദേശിക്കാറുമുണ്ട്.

യോഗര്‍ട്ടില്‍ പാലിലെ പഞ്ചസാരയായ ലാക്ടോസ് കുറവായതിനാൽ പാൽ നിഷിദ്ധമായവർക്കും (lactose intolerence) യോഗർട്ട് ആസ്വദിക്കാം. തൈരിനെക്കാൾ പുളി കുറവാണെന്നതിനാല്‍ അസിഡിറ്റിയും അൾസറുമുള്ളവർക്കും സ്വീകാര്യം. പുളിപ്പിക്കുമ്പോൾ പാലിലെ പ്രോട്ടീൻ, അമിനോ ആസിഡുകളായി മാറുന്നതിനാൽ ശരീരം വേഗത്തിൽ ആഗിരണം ചെയ്യുമെന്നതാണ് മറ്റൊരു മേന്മ. ധാതുക്കളാലും ജീവകങ്ങളാലും സമ്പന്നവുമാണ് യോഗർട്ട്. ഇതിനെല്ലാം അർഥം യോഗർട്ട് സർവരോഗസംഹാരിയായ ഒറ്റമൂലിയാണെന്നല്ല. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ ഒരളവുവരെ ഗുണകരമെന്നാണ്.

ഭക്ഷണശേഷം ഡെസേർട്ടായും ഐസ്ക്രീമിനു പകരമായുമെല്ലാം വിദേശങ്ങളിൽ യോഗർട്ടിന് ഏറെ പ്രിയമുണ്ടെങ്കിലും അതു കേരളത്തിൽ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്ന് പ്രേമലത. എങ്കിലും ഒരു വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ 2007ൽ ഫിനാഗ്രോ എന്ന ബ്രാൻ‌ഡിൽ ആദ്യബാച്ച് യോഗർട്ട് നിർമിക്കുമ്പോൾ പായ്ക്കിങ് ഉൾപ്പെടെ എല്ലാറ്റിലും ജോയ്സിനൊപ്പം ഭാര്യയും മക്കളും കൂടി.

യോഗർട്ടിനെക്കുറിച്ചു മുന്നറിവുള്ളവരും ഇത്തരം ഭക്ഷ്യോൽപന്നങ്ങൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമായ സമൂഹത്തിന്റെ മുന്നിലാവണമല്ലോ ഉൽപന്നം ഉദ്ഘാടനം ചെയ്യേണ്ടത്. കൊച്ചിയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയെ സമീപിച്ചപ്പോൾ ഉൽപന്നം വിപണനത്തിനു വയ്ക്കാൻ അവർക്കു സമ്മതം. പക്ഷേ വിറ്റുപോകുമെന്ന് അവർക്കുറപ്പില്ല. കാരണം യോഗർട്ട് അന്ന് കേരള വിപണിയിൽ പരിചിതമായിരുന്നില്ല. വിപണിയിലെ പ്രതികരണം പക്ഷേ അമ്പരപ്പിക്കുന്നതായിരുന്നു. ദീർഘകാലം വിദേശത്തു ജീവിച്ചവരും നിരന്തരം വിദേശയാത്ര നടത്തുന്നവരുമായി യോഗർട്ട് പരിചയമുള്ള വലിയ സമൂഹം കൊച്ചിയിലുണ്ടായിരുന്നു. അവരും കുടുംബസുഹൃത്തുക്കളുമെല്ലാം പറഞ്ഞും കേട്ടും ആറുമാസംകൊണ്ട് ജോയ്സിന്റെ യോഗർട്ട് വൻ വിപണി നേടി. കൊച്ചി പോണേക്കരയിലെ പുതിയ യൂണിറ്റിലേക്ക് സംരംഭം വളർന്നു. ജോയ്സിനൊപ്പം ഉൽസാഹികളായ ഏതാനും ജോലിക്കാരും ചേർന്നു.

അടുത്തപടിയായി യോഗർട്ടിൽ സ്ട്രോബറി, മാമ്പഴം, പൈനാപ്പിൾ എന്നിവയുടെ പൾപ് ചേർത്തു പുതിയ രുചി വിസ്മയങ്ങളും തീർത്തു ജോയ്സ്. ഓരോ ഉൽപന്നവും പരീക്ഷിക്കുമ്പോഴും ഉപഭോക്താക്കളുടെ പ്രതികരണം തേടി ആവശ്യമായ മാറ്റങ്ങളിലേക്കും പുതിയ ഉൽപന്നങ്ങളിലേക്കും കടക്കാൻ ജോയ്സ് മടിച്ചില്ല. കൊഴുപ്പിന്റെ അളവു തീരെക്കുറഞ്ഞ ഡയറ്റ് തൈര് വിപണിയിലെത്തിക്കുന്നത് അങ്ങനെയാണ്.

ഫിനാഗ്രോ സ്ഥാപകനായ ജോയ്സ്

കഴിഞ്ഞ വർഷമായിരുന്നു ജോയ്സിന്റെ ആകസ്മിക വിയോഗം. എങ്കിലും, മലയാളിയുടെ ആരോഗ്യഭക്ഷണശീലങ്ങളെ കൂടുതൽ സമ്പന്നമാക്കിയ ജോയ്സിന്റെ ഫിനാഗ്രോ പുതിയ പരീക്ഷണങ്ങളുമായി മുന്നേറുന്നു. സ്റ്റാർ ഹോട്ടലുകളും ഹൈപ്പർ മാർക്കറ്റുകളും ഹെൽത്ത് ക്ലബുകളും കടന്ന് കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും ഇന്നു യോഗര്‍ട്ടിന് ആരാധകരുണ്ടെന്ന് പ്രേമലത. ഓർഡർ അനുസരിച്ച് ദിവസം 1000 മുതൽ 2000 ലീറ്റർ പാൽവരെ ഇന്നിവിടെ യോഗർട്ട് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളായി മാറുന്നു. ജോയ്സിനൊപ്പം പ്രവർത്തിച്ചു പരിചയസമ്പന്നരായ ജോലിക്കാരും ജോയ്സിന്റെ പരീക്ഷണത്തെ ഹൃദയപൂർവം സ്വീകരിച്ച ഉപഭോക്താക്കളുമാണ് പ്രേമലതയുടെ ബലം.

ഫോൺ: 9744022000