Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യഭക്ഷണ രംഗത്തെ കാർഷിക സംരംഭങ്ങള്‍

superfood Representative image

ഭക്ഷണമാകട്ടെ നിങ്ങളുടെ ഔഷധം എന്ന് അലോപ്പതി ആചാര്യനായ ഹിപ്പോക്രറ്റിസ് കുറിച്ചിട്ടത് രണ്ടായിരത്തിലേറെ വർഷങ്ങൾ മുമ്പാണ്. എന്നാൽ ഭക്ഷണവും ജീവിതശൈലിയും സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളിൽ വലഞ്ഞ് ഭക്ഷണത്തിനു പകരം മൂന്നു നേരവും മരുന്നു കഴിക്കേണ്ട ഗതികേടിലാണിന്ന് ഭൂരിപക്ഷം പേരും.

വായിക്കാം ഇ - കർഷകശ്രീ

ആഗോളവൽക്കരണം ലോകമാകെ പ്രചാരത്തിലെത്തിച്ച ഫാസ്റ്റ് ഫുഡ് രുചികൾ ആസ്വദിക്കുന്ന തിരക്കിൽ, അതിന്റെ നന്മതിന്മകൾ ആരും ശ്രദ്ധിച്ചില്ല. എന്നാൽ പ്രഷറും പ്രമേഹവും പൊണ്ണത്തടിയും മുതൽ കാൻസറും ഹൃദ്രോഗവും പോലുള്ള ഗുരുതര രോഗങ്ങൾ വരെ പെരുകാൻ തുടങ്ങിയതോടെ പരിഹാരങ്ങൾ എന്തെന്ന് ലോകം ആശങ്കപ്പെട്ടു തുടങ്ങി. ഈ പ്രതിസന്ധിയിലേക്കാണ് ആരോഗ്യ സംരക്ഷണത്തിനുതകുന്ന സൂപ്പർ ഫുഡ്ഡുകളുടെയും ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും കടന്നുവരവ്.

green-tea Representative image

രോഗം വന്നു മരുന്നു കഴിക്കുന്നതിനു പകരം രോഗസാധ്യത കുറയ്ക്കുന്ന, പോഷക–ഔഷധമൂല്യമുള്ള ‘അത്ഭുതഭക്ഷണ’ങ്ങളും ഔഷധഘടകങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ചിന്തയ്ക്ക് ലോകമെങ്ങും സ്വീകാര്യത ലഭിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി അവകാശപ്പെടുന്ന പഴങ്ങളുടെയും ധാന്യങ്ങളുടെയും ഭക്ഷ്യവിഭവങ്ങളുടെയുമെല്ലാം വൻ നിരതന്നെ ഇന്നു വിപണിയിൽ കാണാം. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇടക്കാലത്തു നാം അവഗണിച്ച പല ഭക്ഷ്യവിളകളും അവയുടെ പോഷക–ഔഷധമൂല്യങ്ങളെ സംബന്ധിച്ചുള്ള ഗവേഷണ ഫലങ്ങളുമായി നമ്മെ ഞെട്ടിച്ചു മടങ്ങിവരുന്നു എന്നതാണ്. നവരയരിയും റാഗിയും കൂവപ്പൊടിയുമെല്ലാം സൗഖ്യദായക ഉൽപന്നങ്ങൾ അഥവാ വെൽനസ് പ്രോഡക്ട്സ് (wellness products) ആയി വിപണിയിൽ തിളങ്ങുന്ന കാലം. ജൈവകൃഷിയോടും ജൈവോൽപന്നങ്ങളോടും സമീപകാലത്തുണ്ടായ തീവ്ര ആഭിമുഖ്യമാണ് വെൽനെസ് ഉൽപന്ന വിപണിയെ വലിയ തോതിൽ പിന്തുണയ്ക്കുന്നതെന്നും കാണാം.

moringa-muringa-leaves Representative image

ദക്ഷിണ അമേരിക്കയിലെ പാരമ്പര്യ ധാന്യവിളകളായ ചിയ, ക്വിനോവാ എന്നിവയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള എത്യോപ്യൻ ധാന്യവിള തെഫും മികച്ച പോഷക–ഔഷധ മേന്മകളുള്ള സൂപ്പർഫുഡ്ഡുകളായി ഇന്നു വിപണനമൂല്യം നേടുന്നത് ഇതിനോടു ചേർത്തു കാണണം. മേൽപറഞ്ഞ മൂന്നു വിളകളും ഇന്ത്യയിലും പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാർ സ്ഥാപനമായ മൈസൂരിലെ സിഎഫ്ആർഐ മുന്നിട്ടിറങ്ങിയതുപോലും വെൽനെസ് വിപണിയുടെ സാധ്യതകൾ നമ്മുടെ കർഷകർക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെയാണ്.

natural vitamin pills Representative image

സുഖജീവനം– വെൽനെസ്– എന്ന വാക്ക് ആയുർവേദത്തിന്റെ അടിസ്ഥാനപ്രമാണം എന്ന നിലയിൽ നൂറ്റാണ്ടുകള്‍ക്കു മുമ്പേ പരിചിതമാണു നമുക്ക്. ശരീരത്തിന്റെയും മനസ്സിന്റെയും പരിപൂർണ സൗഖ്യം; അതാണല്ലോ ആയുർവേദം പഠിപ്പിക്കുന്നത്. ഔഷധമൂല്യമുള്ള ഭക്ഷ്യോൽപന്നങ്ങളുടെ വിപണിയിൽ കേരളത്തിനു വിശേഷിച്ചും, ഇന്ത്യയ്ക്കു പൊതുവെയും വൻ സാധ്യത കൽപിക്കുന്നത് ഈ സാഹചര്യത്തിലാണ്. വെൽനെസ് വിപണി ലക്ഷ്യംവച്ചുള്ള സംരംഭങ്ങളെ കേന്ദ്രസർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതും ഈ മുൻതൂക്കം മുന്നിൽക്കണ്ടുതന്നെ.

curcumin-capsule Representative image

ജീവനകലയുടെ ലോകം

സൗഖ്യദായക ഉൽപന്നങ്ങളുടെ പരിചിതമായ പേരാണല്ലോ ന്യൂട്രാസ്യൂട്ടിക്കൽസ് (neutraceuticals- പോഷക–ഔഷധ ഉൽപന്നങ്ങൾ). ഫങ്ഷണൽ ഫുഡ്സ്, ബവ്റിജസ് എന്നിവ ഉൾപ്പെടുന്ന ഒരു വിഭാഗം, ഡയറ്ററി സപ്ലിമെന്റ്സ് എന്ന മറ്റൊന്ന് എന്നിങ്ങനെ ന്യൂട്രാസ്യൂട്ടിക്കൽസിനെ രണ്ടായി തിരിക്കാം. പോഷക–ഔഷധമൂല്യങ്ങൾ വർധിക്കുന്ന രീതിയിൽ ഭക്ഷണത്തിന്റെ ഘടനയെ പുനഃക്രമീകരിച്ചു തയാറാക്കുന്ന ഫങ്ഷണൽ ഫുഡ്സ്, പ്രോബയോട്ടിക് ഫുഡ്സ് എന്നിവ ആദ്യ വിഭാഗത്തിൽപെടുത്താം. പാലു പുളിപ്പിച്ചു തയാറാക്കുന്ന യോഗർട്ട് ഉദാഹരണം.

നിത്യേന ശീലമാക്കിയാൽ രോഗസാധ്യത കുറയുമെന്ന് അവകാശപ്പെടുന്ന ഹെൽത്ത് സപ്ലിമെന്റ്സ് വിഭാഗത്തിൽ, മഞ്ഞളിൽനിന്നു വേർതിരിക്കുന്ന കുർക്യുമിൻ ക്യാപ്സ്യൂൾ, മുരിങ്ങയിലപ്പൊടി ക്യാപ്സ്യൂൾ, വിർജിൻ കോക്കനട്ട് ഓയിൽ ക്യാപ്സ്യൂൾ തുടങ്ങിവയൊക്കെ ഉൾപ്പെടും. ഇത്തരം ഡയറ്ററി സപ്ലിമെന്റ്സുകൾ ശീലിക്കുന്നതിനോടു വിയോജിപ്പുള്ള ഡോക്ടർമാരുണ്ടെന്നുകൂടി ഓർമിപ്പിക്കട്ടെ.

രണ്ടാമത്തെ വിഭാഗം സാധാരണ കാർഷിക സംരംഭകർക്ക് അത്ര പ്രാപ്യമല്ലെങ്കിലും ആദ്യവിഭാഗത്തിൽ മികച്ച സാധ്യതകളാണുള്ളത്. നവരയരി മുതൽ കരിങ്കോഴി വരെയും നാടൻ പശുവിന്റെ പാൽ മുതൽ കൂവപ്പൊടിവരെയുമുള്ള കാർഷികോൽപന്നങ്ങൾ ഇന്നു ശ്രദ്ധ നേടുന്നത് വെൽനെസ് വിപണിയുടെ ശക്തികൊണ്ടുതന്നെ.

ധാന്യങ്ങളും പയറിനങ്ങളും മുളപ്പിച്ച് രണ്ടില പ്രായമെത്തുമ്പോൾ, പോഷകമൂല്യം വർധിപ്പിച്ച (മൈക്രോ ഗ്രീൻസ്) ഭക്ഷ്യോൽപന്നമായി വിൽക്കുന്ന ഒട്ടേറെ സംരംഭകരിന്ന് ബെംഗളൂരു നഗരത്തിലുണ്ട്. മുംബൈ നഗരത്തിലെ കാലറി കെയർ എന്ന സ്റ്റാർട്ടപ് ഭക്ഷ്യ സംരംഭം, ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന കാലറി മൂല്യം പാലിച്ചുള്ള ടിഫിൻ നൽകുന്നത് മറ്റൊരു കാഴ്ച. കാർബോഹൈഡ്രേറ്റിന്റെയും പ്രോട്ടീനിന്റെയും ഭക്ഷ്യനാരിന്റെയും മൂല്യം എണ്ണിയെടുക്കാവുന്ന ഭക്ഷണമാണ് അവർ വിളമ്പുന്നതെന്നു പറഞ്ഞാലും തെറ്റില്ല. വെൽനസ് ഉൽപന്നങ്ങൾ തേടുന്ന ഉപഭോക്താക്കളാണ് ഇവരെയെല്ലാം വിജയിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ.