Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാജു കണ്ടെടുക്കുന്ന സാധ്യതകൾ

saju-in-sprouted-grain-flour-factory സാജു കലൂരിലുള്ള ന്യൂട്രിസ്പ്രൗട്ട് യൂണിറ്റിൽ

എറണാകുളം വൈപ്പിൻ മാലിപ്പുറം പുളിയത്തു വീട്ടിൽ സാജു ഉസ്മാൻ കൃഷിക്കാരനല്ല, കാർഷിക സംരംഭകനാണ്. ടെക്സ്റ്റൈൽ ബിസിനസ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ വ്യാപരിച്ചിരുന്ന സാജുവിന് കാർഷിക സംരംഭത്തിൽ കൈവയ്ക്കാൻ ധൈര്യം പകർന്നത് കേരളത്തിലെ ആരോഗ്യസംരക്ഷണ വിപണിക്കുണ്ടായ വളർച്ച തന്നെ. സാജു തുടങ്ങിയത് പാരമ്പര്യ ഉൽപന്നമായ വിർജിൻ വെളിച്ചെണ്ണയിൽ, എത്തിനിൽക്കുന്നത് പോഷകഗുണവും ഔഷധമൂല്യവുമുള്ള ധാന്യപ്പൊടി ഉൾപ്പെടെ ഒരു പിടി ഉൽപന്നങ്ങളിൽ.

‘‘ധാന്യങ്ങൾ മുളപ്പിച്ചു കഴിച്ചാൽ പോഷകമൂല്യം ഇരട്ടിയാവുമെന്നതു പുതിയ അറിവല്ല. എന്നാൽ എല്ലാ ദിവസവും ധാന്യങ്ങൾ കഴുകി കിഴികെട്ടിവച്ച് മുളപ്പിക്കാൻ ആർക്കു നേരം? ഇനി, മുളപ്പിച്ചാൽത്തന്നെ, എത്ര പോഷകമൂല്യമുണ്ടെന്നു പറഞ്ഞാലും ആസ്വാദ്യകരമായ രുചിയില്ലെങ്കിൽ പതിവായി കഴിക്കാൻ എത്രപേർ തയാറാവും.

വായിക്കാം ഇ - കർഷകശ്രീ

ഇവയ്ക്കെല്ലാം പരിഹാരമാണ് മുളപ്പിച്ച ശേഷം ഉണക്കിപ്പൊടിപ്പിച്ചു തയാറാക്കുന്ന ഉൽപന്നം. പുട്ട്, അപ്പം, ദോശ, ഇടിയപ്പം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഈ പൊടികൊണ്ടു നിർമിക്കാമെന്നതിനാൽ എന്നും ഒരേ വിഭവം തന്നെ കഴിക്കുന്നതിന്റെ മടുപ്പും ഒഴിവാക്കാം. പ്രമേഹരോഗികൾ നേരിടുന്ന പ്രധാന പ്രശ്നം ഇഷ്ടരുചികൾ ആസ്വദിക്കാൻ കഴിയാത്തതാണല്ലോ.

മുളപ്പിച്ച് ഉണക്കിപ്പൊടിച്ച ധാന്യവിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ല എന്നതാണ് പ്രധാനം. ഓരോന്നിലെയും പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ധാന്യങ്ങൾ ശാസ്ത്രീയമായ അനുപാതത്തിൽ കൂട്ടി യോജിപ്പിച്ചു തയാറാക്കുന്ന സമ്പൂർണ ആരോഗ്യ ആഹാരമാണിത്. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ നേരിടുന്നവർക്കും അവയ്ക്കെതിരേ മുൻകരുതലെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഒന്നുപോലെ ഫലപ്രദം’’. സാജു ഉസ്മാന്റെ വാക്കുകളിൽ ആത്മവിശ്വാസം.

വിജയം മുളപ്പിക്കുന്ന വിധം

sprouted-grain-flour

നവരയരി, ഗോതമ്പ്, ബാർലി, ചോളം എന്നീ ധാന്യങ്ങളും റാഗി, തിന എന്നീ ചെറുധാന്യങ്ങളും പയർവർഗമായ മുതിരയും ഉൾപ്പെടെ ഏഴിനങ്ങളാണ് സാജുവിന്റെ ന്യൂട്രിമിക്സ് എന്ന ഉൽപന്നത്തിന്റെ ചേരുവകൾ. ധാന്യങ്ങൾ പൊതുവേ അന്നജരൂപത്തിലുള്ള പോഷണം നൽകുന്നവയാണല്ലോ. ചെറുധാന്യങ്ങളുടെ ഏറ്റവും വലിയ ഗുണം ഭക്ഷ്യനാരുകളുടെ അളവ് മുപ്പതു ശതമാനം വരെയുണ്ട് എന്നതാണ്. ചെറുധാന്യങ്ങളിലെ സ്റ്റാർച്ച് കണികകൾ ദഹനപ്രക്രിയയില്‍ വളരെ സാവകാശം മാത്രമേ ഗ്ലൂക്കോസായി മാറുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ഉത്തമം.

ബാർലി, ഗോതമ്പ്, ചോളം, റാഗി എന്നിവകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ പ്രമേഹനിയന്ത്രണത്തിന് കാലങ്ങളായി പ്രയോജനപ്പെടുത്തുന്നവരാണ് മലയാളികൾ. ശരീരകോശങ്ങളെ ശുദ്ധീകരിക്കാൻ ശേഷിയുണ്ടത്രെ മുളപ്പിച്ച തിനയ്ക്ക്. വിറ്റമിൻ ബി, കാൽസ്യം, അയൺ, പൊട്ടാഷ്യം, സിങ്ക്, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടവും. ശരീരവിളർച്ച മാറ്റാൻ സഹായിക്കും എന്നതുൾപ്പെടെ നവരയരിക്കുള്ള ഔഷധമൂല്യങ്ങളും പണ്ടേയ്ക്കു പണ്ടേ പറഞ്ഞുവച്ചവ തന്നെ.

കുതിരയുമായി ബന്ധപ്പെട്ടാണ് മലയാളിക്ക് മുതിര പരിചയം. എന്നാൽ കുതിരയുടെ മെനുവിൽപ്പെടുന്ന മുതിര മനുഷ്യർക്കും ആരോഗ്യം പകരുന്ന ഒന്നാന്തരം പയർവർഗ വിളയാണ്. കൊഴുപ്പ് കുറവ്. മുതിരയിലെ അന്നജം പതിയെ മാത്രം ദഹിക്കുന്നതിനാല്‍ പൊണ്ണത്തടികൊണ്ടു വീർപ്പു മുട്ടുന്നവർക്കും മറ്റു രോഗികൾക്കുമെല്ലാം ഭക്ഷ്യശീലങ്ങളിൽ മുതിര ഉൾപ്പെടുത്താം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ നടന്ന പഠനങ്ങൾ മുതിരയുടെ പ്രമേഹനിയന്ത്രണശേഷി വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലുകളെ ബലപ്പെടുത്താനും സ്ത്രീകളുടെ മൂത്രാശയസംബന്ധ രോഗങ്ങൾക്ക് ആശ്വാസം പകരാനും മുതിരയ്ക്കു കഴിയുമത്രെ.

പയർവർഗങ്ങൾ പ്രോട്ടീൻ സമ്പന്നമാണല്ലോ. അമിനോ ആസിഡുകളാൽ നിർമിതമാണ് പ്രോട്ടീൻ. മുട്ട, ഇറച്ചി, മൽസ്യം എന്നിവ സമ്പൂര്‍ണ പ്രോട്ടീൻ സ്രോതസ്സുകളാണ്. എന്നാൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളിൽ മെഥിയോണിൻ, ട്രിപ്ടോഫാൻ എന്നിവ പയർവിളകളിലില്ല. ധാന്യങ്ങളിലാവട്ടെ ലൈസിൻ, ത്രിയോണിൻ എന്നീ അമിനോ ആസിഡുകളുടെ അഭാവമുണ്ട്.

ഈ സാഹചര്യത്തിൽ, ധാന്യങ്ങളും പയർവിളകളും വിശേഷാനുപാതത്തിൽ സംയോജിപ്പിച്ച് സമ്പൂർണ പ്രോട്ടീൻ ഭക്ഷണം തയാറാക്കാൻ കഴിയും. മുളപ്പിക്കുന്നതിലൂടെ ഇവയുടെ പോഷകമൂല്യവും ഔഷധമേന്മകളും വർധിക്കുകയും മേൽപറഞ്ഞ ചേരുവ മികച്ച ഫങ്ഷണൽ ഫുഡ് ആയി മാറുകയും ചെയ്യുന്നു. ഇതാണ് സാജുവിന്റെ ന്യൂട്രിസ്പ്രൗട്ട്. ഓരോ ഘടകവും യഥാവിധി യോജിപ്പിച്ച് ഉൽപന്നം തയാറാക്കാൻ സാജുവിനു സഹായം നൽകിയത് ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രം. ഗോതമ്പു മാത്രമായി മുളപ്പിച്ചുണക്കിപ്പൊടിച്ചതും സാജു വിപണിയിലെത്തിക്കുന്നുണ്ട്.

റാഗിയും തിനയുമെല്ലാം മുമ്പ് കേരളത്തില്‍ കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് നവരയൊഴികെ എല്ലാറ്റിനും അയൽസംസ്ഥാനം തന്നെ ആശ്രയം. ധാന്യങ്ങളെല്ലാം നന്നായി കഴുകിയശേഷം ചാക്കിൽകെട്ടിയാണ് മുളപ്പിക്കുക. തുടർന്ന് ഡ്രയറിൽ നിയന്ത്രിത താപനിലയിൽ ഉണക്കിയ ശേഷം പൊടിച്ച് പരസ്പരം യോജിപ്പിക്കുന്നു. എറണാകുളം കലൂരിലാണ് സാജുവിന്റെ നിർമാണ യൂണിറ്റ്. ആരോഗ്യഭക്ഷണത്തോടുള്ള മലയാളിയുടെ ആവേശം ദിനംപ്രതി വർധിക്കുന്നതിനാൽ വിപണിയെക്കുറിച്ച് ഈ ചെറുപ്പക്കാരന് ആശങ്കയില്ല. കാർഷികമേളകൾ ഉൾപ്പെടെയുള്ള പ്രദർശനങ്ങളിലൂടെയാണ് മുഖ്യമായും വിൽപന.

ഫോൺ: 9388603302