നളചരിതം നാലാം വർഷം

ശ്രീദേവിയും മിസിസ് നളൻസും

മിസിസ് നളന്റെ കഥയാണിത്, എന്നാൽ ഈ കഥയിലെ നായിക ദമയന്തിയല്ല, ശ്രീദേവിയാണ്. നളന് ഈ പേരിൽ ഒരു ഭാര്യയുണ്ടോ എന്ന് നളചരിതം പരതാൻ വരട്ടെ. ഉണ്ണായിവാര്യരും ഉണ്ണിയപ്പവും തമ്മിലുള്ള അന്തരമുണ്ട് നളചരിതവും മിസിസ് നളനും തമ്മിൽ. നളചരിത കർത്താവ് ഉണ്ണായിവാര്യരുടെ നാട്ടിൽത്തന്നെയാണ് മിസിസ് നളനുമുള്ളത്, അതായത് ഇരിങ്ങാലക്കുടയിൽ.

തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട എടക്കുളം പാച്ചേരിൽ വീട്ടിൽ ശ്രീദേവി സുരേഷിന്റെ മിസിസ് നളൻസ് എന്ന ഭക്ഷ്യവ്യവസായ സംരംഭത്തെയും നളമഹാരാജാവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇരുവരുടെയും പാചകവൈഭവമാണ്. നാടു മറന്നു തുടങ്ങിയ നാട്ടുരുചികളും നാടൻ പലഹാരങ്ങളും തനിമ ചോരാതെ വിപണിയിലെത്തിക്കുകയാണ് ശ്രീദേവി. ‘മിസ്റ്റർ നളന്റെ പാചക നൈപുണ്യത്തിന് എതിരാളിയായി ഒരു മിസിസ് നളൻ ആവശ്യമുണ്ട്’ എന്നാണു പേരിനെ സംബന്ധിച്ചു ശ്രീദേവിയുടെ ന്യായം. ഏതായാലും, തുടങ്ങി നാലു വർഷംകൊണ്ട് മിസിസ് നളൻസ് മുപ്പതുലക്ഷത്തിനു മുകളിൽ വാർഷിക വിറ്റുവരവുള്ള ചെറുകിട സംരംഭമായി മാറിയിരിക്കുന്നു.

വായിക്കാം ഇ - കർഷകശ്രീ

പത്തു വർഷം മുമ്പ് കുടുംബശ്രീയിൽ സജീവമായ കാലത്തുതന്നെ പാചക സംരംഭത്തിൽ ചില്ലറ ശ്രമങ്ങളൊക്കെ ശ്രീദേവി തുടങ്ങിവച്ചിരുന്നു. അച്ചാറായിരുന്നു അക്കാലത്തെ ഉൽപന്നം. തലമുതിർന്ന ബ്രാൻഡുകൾക്കിടയിൽ പക്ഷേ ഇളമുറക്കാരിയുടെ അച്ചാർ ക്ലച്ചു പിടിച്ചില്ല. എന്താണ് തന്റെ പക്ഷത്തുള്ള പോരായ്മ എന്നറിയാൻ എറണാകുളം മുതൽ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളിൽ നടക്കുന്ന കാർഷിക മേളകളിലും പരിശീലനക്ലാസുകളിലുമെല്ലാം ശ്രീദേവി നിരന്തരം പങ്കെടുത്തു. ഒട്ടേറെ സംരംഭകരുമായി സംവദിച്ചു. പലഹാരങ്ങൾ നിർമിക്കാൻ പരുവത്തിന് അരിപ്പൊടിയും അവലോസുപൊടിയുമെല്ലാം മുന്നിൽക്കിട്ടിയാൽ വാങ്ങാൻ തയാറുള്ള വീട്ടമ്മമാരുടെ വലിയ സമൂഹം കേരളത്തിലുണ്ടെന്നു മനസ്സിലായതോടെ അത്തരമൊരു ചെറിയ യൂണിറ്റ് തുടങ്ങാമെന്നായി. മെക്കാനിക്കൽ എന്‍ജിനീയറിങ് ഡിപ്ലോമയ്ക്കു ശേഷം അതുമായി ബന്ധപ്പെട്ട വ്യവസായത്തിലിറങ്ങിയ ഭർത്താവ് സുരേഷ്നാഥും ഭാര്യയുടെ ബിസിനസ് സ്വപ്നങ്ങൾക്കു പ്രോത്സാഹനം നൽകി.

ഉൽപന്നങ്ങളുടെ പായ്ക്കിങ്

ജില്ലാ വ്യവസായകേന്ദ്രത്തിൽ റജിസ്റ്റർ ചെയ്ത്, ഭക്ഷ്യസുരക്ഷാ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽനിന്നുള്ള അനുമതിപത്രങ്ങളോടെ നാലു വർഷം മുമ്പ് സ്വന്തം പുരയിടത്തിൽത്തന്നെ ഒരു ചെറിയ യൂണിറ്റ് ശ്രീദേവി തുടങ്ങി. സഹായത്തിനായി സ്ത്രീകളെത്തന്നെ കൂടെക്കൂട്ടി. അരി കഴുകി ആവിയിൽ പുഴുങ്ങിയ ശേഷം വറുത്തുപൊടിച്ചെടുത്ത പുട്ടുപൊടിയായിരുന്നു മിസിസ് നളൻസ് ബ്രാൻഡിൽ ആദ്യം വിപണിയിലെത്തിയത്. ഇപ്പോഴാകട്ടെ ഇഡ്ഡലിപ്പൊടി, ഗോതമ്പുപൊടി, ദോശപ്പൊടി, കടലമാവ്, മുളകു–മല്ലി–മഞ്ഞൾപ്പൊടികൾ, പലയിനം ചമ്മന്തിപ്പൊടികൾ, സാമ്പാർപൊടി, മസാല മിക്സ്, നാടൻ വിഭവങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങള്‍. ഇവയുടെ വിപണനവഴികളിലേക്കു പോകും മുമ്പ് ഈ സംരംഭശ്രമത്തിന് ഒരനുബന്ധം ചേർക്കാനുണ്ട്.

വേറിട്ട വഴിയേ

സംരംഭത്തിന് മിസിസ് നളൻസ് എന്നു പേരിട്ടെങ്കിലും കടുത്ത സ്ത്രീവാദിയല്ലാത്ത ശ്രീദേവിക്ക്, നമ്മുടെ നാട്ടിലെ പല മുൻനിര ഫെമിനിസ്റ്റുകളെക്കാളും വായനയും നിലപാടുകളുമുണ്ട്. ജീവചരിത്രങ്ങളും നോവലുകളുമൊക്കെയായി ആഴ്ചയിൽ അഞ്ചു പുസ്തകങ്ങൾ ഇപ്പോഴും വായിക്കുമെന്ന് ശ്രീദേവി. അതുകൊണ്ടുതന്നെ മകൾ അഞ്ജലി പതിവു സ്കൂൾ ചിട്ടകളോട് വൈമുഖ്യം കാണിച്ചപ്പോൾ ബദൽ വിദ്യാഭ്യാസ രീതികളിലേക്ക് തിരിയാൻ ധൈര്യം കാണിച്ചു ഈ അമ്മ.

നമ്മുടെ നാട്ടിലെ എല്ലാ കുട്ടികളും നിലവിലുള്ള വിദ്യാഭ്യാസരീതിയോട് ഒരുപോലെ പൊരുത്തപ്പെടുന്നവരല്ല. മറ്റു വഴികൾ കാണാത്തതുകൊണ്ട് ഇഷ്ടമില്ലാത്ത സ്കൂളും സിലബസ്സും പിന്തുടരുന്നവർ ഒട്ടേറെയുണ്ട്. മകൾക്ക് പതിവു ശൈലിയിലുള്ള സ്കൂൾ പഠനം വിരസമാണെന്നു മനസ്സിലായതോടെ അവൾക്ക് ഇഷ്ടമുള്ളത് പഠിക്കാവുന്ന അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായം എവിടെയുണ്ടെന്നു തിരഞ്ഞു ശ്രീദേവി. പ്രമുഖ ആർക്കിടെക്ട് ജി. ശങ്കർ ഇതുമായി ബന്ധപ്പെട്ടെഴുതിയ ലേഖനം വായിച്ചത് കൂടുതൽ ആത്മവിശ്വാസം നൽകി. വൈകിയില്ല, അത്തരമൊരു സ്കൂൾ കണ്ടെത്തി മകളെ അവിടെ ചേർത്തു. പരീക്ഷയെഴുതാനാവുമോ എൻട്രൻസെഴുതാൻ കഴിയുമോ എന്നൊക്കെ സംശയിച്ചവരോടും വിമർശിച്ചവരോടും തർക്കിക്കാൻ പോയതുമില്ല.

പിൽക്കാലത്ത് ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലൂടെ പത്താം ക്ലാസ്–പ്ലസ് ടു പരീക്ഷകൾ മികച്ച മാർക്കോടെ അഞ്ജലി പാസ്സായി. ഭക്ഷ്യസംസ്കരണം ഇഷ്ട വിഷയമായതിനാൽ ബി.എസ്‌സി ഫുഡ് ടെക്നോളജിക്കു ചേർന്നു. അതും പൂർത്തിയാക്കിയ അഞ്ജലിയിപ്പോൾ ബെംഗളൂരുവിൽ ഉപരിപഠനം നടത്തുന്നു. മകളുടെ പഠനവിഷയം തന്റെ ഭക്ഷ്യസംരംഭശ്രമങ്ങളെ കാര്യമായി പ്രചോദിപ്പിച്ചുവെന്നു ശ്രീദേവി. മകളുടെ നിർദേശങ്ങളും ഉപദേശങ്ങളും ഉൽപന്നനിർമാണത്തെ കൂടുതൽ ശാസ്ത്രീയമാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു. എന്‍ജിനീയറിങ് പൂർത്തിയാക്കിയ മകൻ ആഷിത് ആകട്ടെ അമ്മയുടെ ബിസിനസ് വഴികൾ പഠിക്കാൻ മിസിസ് നളൻസിൽ അപ്രന്റീസായി ചേർന്നിരിക്കുകയാണ്.

ക്ഷമ, ഉൽസാഹം

ആദ്യ ഉൽപന്നം പുട്ടുപൊടിയായിരുന്നല്ലോ. അതു പക്ഷേ തുടക്കത്തിൽ വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല. വമ്പൻ ബ്രാൻഡുകൾക്കിടയിൽ ഒതുങ്ങിയിരിക്കേണ്ടി വന്നു മിസ്സിസ് നളന്. സമീപപ്രദേശങ്ങളിലെ കടകളിലെല്ലാം നിരന്തരം കയറിയിറങ്ങി ഓരോ ദിവസവും എത്ര പായ്ക്കറ്റു വിറ്റു എന്നും എവിടെയൊക്കെ ഡിമാൻഡ് കൂടുന്നുണ്ടെന്നും കുറയുന്നുണ്ടെന്നും കണക്കെടുത്തു ശ്രീദേവി. ചൂതുകളിക്കിറങ്ങിയ നളന്റെ അതേ അവസ്ഥ, ‘ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽപോലുമില്ലാതെയായ്’ എന്ന സ്ഥിതി. എന്നാൽ ക്ഷമയും ഉൽസാഹവുംകൊണ്ട് ശ്രീദേവി മെല്ലെ വിപണി പിടിച്ചു. നാട്ടിൻപുറങ്ങളിലെ ചെറുകിട പലചരക്കു കടക്കാരാണ് ചെറിയ ബ്രാൻഡുകളുമായി ഇറങ്ങുന്ന തുടക്കക്കാർക്കു നല്ലതെന്ന് മനസ്സിലായതും അങ്ങനെ.

കൂടുതൽ മാർജിൻ ലഭിക്കുന്ന ഉൽപന്നങ്ങൾ നിർദേശിക്കാനാവും സൂപ്പർമാർക്കറ്റുകൾക്ക് പലപ്പോഴും ഉൽസാഹം. ഒട്ടേറെ വൻകിട ബ്രാൻഡുകളോട് എതിരിടണമെന്നത് അവിടെ മറ്റൊരു വെല്ലുവിളി. അതേസമയം ഗ്രാമങ്ങളിലെ പലചരക്കുകടകളിൽ ഒന്നോ രണ്ടോ ബ്രാൻഡുകളേ കാണുകയുള്ളൂ. കടക്കാരന്റെ കസ്റ്റമേഴ്സാവട്ടെ, ചിരപരിചിതരായ നാട്ടുകാരും. അതുകൊണ്ടുതന്നെ ഉൽപന്നം നല്ലതെങ്കിൽ കടയിലെത്തുന്നവർക്ക് അതു തന്നെ അയാൾ നൽകും. ഈ രീതിയിൽ തൃശൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ മാർക്കറ്റ് പിടിച്ച് ബ്രാൻഡ് നെയിം ആളുകൾക്ക് പരിചിതമാക്കിയ ശേഷം അടുത്ത ഘട്ടമായാണ്, ഇനി ഒരു മൽസരമാവാം എന്ന ചിന്തയോടെ മിസിസ് നളൻസ് ഇപ്പോൾ സൂപ്പർമാർക്കറ്റുകളിലേക്കു ചുവടു വയ്ക്കുന്നത്.

തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ സംരംഭം ലാഭത്തിലെത്തി. ധാന്യങ്ങൾ കഴുകാനുള്ള വാഷർ, പൊടിക്കാൻ പൾവറൈസർ, സ്റ്റാർച്ച് നഷ്ടപ്പെടാതെ ആവിയിൽ പുഴുങ്ങിയെടുക്കാൻ സ്റ്റീമർ, വറുക്കാൻ റോസ്റ്റർ എന്നിങ്ങനെ നിർമാണത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് യന്ത്രവൽക്കരണം നടത്തിയിരിക്കുന്നു.

കൂടുതൽ പേർക്കു ശ്രദ്ധവയ്ക്കാവുന്ന മറ്റൊരു ഭക്ഷ്യസംസ്കരണ മാതൃകയും ശ്രീദേവിയുടെ സംരംഭത്തിൽനിന്നു പഠിക്കാം. ഉദാഹരണമായി ചക്കപ്പഴത്തിന്റെ പൾപ്പ് വാങ്ങി ചക്കയടയുണ്ടാക്കുന്ന രീതി. സീസണിൽ ലഭ്യമാകുന്ന ചക്ക മുഴുവൻ പൾപ്പാക്കി മാറ്റി സൂക്ഷിക്കുന്ന ചില സംരംഭകരുണ്ട് ഇന്നു കേരളത്തിൽ. ചക്കവിഭവങ്ങൾ നിർമിച്ച് വിപണി കണ്ടെത്താനുള്ള പൊല്ലാപ്പിനു പകരം, വിപണിയിലെ പ്രമുഖ ബ്രാൻഡുകൾക്ക് പൾപ്പ് കൈമാറുകയാണവർ. ഉൽപന്നം നിർമിക്കുന്നവർക്കാകട്ടെ, ചക്ക വെട്ടിയൊരുക്കി അരച്ച് പൾപ്പാക്കാന്‍ കഷ്ടപ്പെടേണ്ടി വരുന്നുമില്ല. ഇങ്ങനെ ഉൽപന്ന നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവിധ സംരംഭകരിൽ കേന്ദ്രീകരിക്കുന്ന ബിസിനസ് മോഡലാണ് ഇനി വളരേണ്ടത്. ചക്കയിടുന്നതു മുതൽ അത് ഉൽപന്നമാക്കി മാർക്കറ്റിലെത്തിക്കൽ വരെ ഒറ്റയ്ക്കു തോളിലേറ്റുന്ന സംരംഭകർ പതറുമെന്നു മാത്രമല്ല, നഷ്ടസാധ്യത വളരെക്കൂടുതലുമാണ്. എല്ലാ ചെറുകിട ഭക്ഷ്യസംരംഭങ്ങളുടെയും കാര്യത്തിൽ ഈ രീതി നമ്മുടെ നാട്ടിൽ വളരേണ്ടിയിരിക്കുന്നു.

പാച്ചേരി മന എന്ന മറ്റൊരു ബ്രാൻഡ് കൂടി വിപണിക്കു പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ശ്രീദേവി. റെഡി ടു കുക്ക് ഉൽപന്നങ്ങൾക്കൊപ്പം റെഡി ടു ഈറ്റ് ഉൽപന്നങ്ങളാണ് ലക്ഷ്യം. ‘എന്നെക്കാളും മികച്ച ബിസിനസുകാരി’ എന്ന് ഭാര്യയെ നോക്കി സുരേഷ് പറയുന്നത് വെറുതെയല്ല.

ഫോൺ: 9447442347, 7559942347