Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ഡ് ഇൻ മുരിക്കാശ്ശേരി

ravi-with-grading machine രവി ഗ്രേഡിങ് യന്ത്രത്തിന്റെ നിർമാണത്തിൽ

കുരുമുളകും ഏലക്കായുമെല്ലാം ഉണക്കാനുള്ള ഡ്രയർ രൂപപ്പെടുത്തിയ സമയം. വൈദ്യുതിയിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന കേമൻ. സ്വന്തം കണ്ടെത്തൽ പരിചയക്കാരനായ മലയോര കർഷകനു മുന്നിൽ അഭിമാനത്തോടെ പരിചയപ്പെടുത്തിയപ്പോൾ പ്രതികരണം ‘വിറകുകൊണ്ടു പ്രവർത്തിക്കുമോ’ എന്ന ചോദ്യം.

‌‘കറന്റും സോളറുമൊക്കെ ഉള്ളപ്പോൾ എന്തിനാ ചേട്ടാ വിറകുയന്ത്ര’മെന്നു രവി. ‘ജാതിപത്രിയോ കൊപ്രയോ ഒക്കെ ഡ്രയറിലിട്ടു. താമസിയാതെ അടച്ച മഴ തുടങ്ങി, കറന്റും പോയി. എന്തു ചെയ്യും’, കക്ഷിയുടെ മറുചോദ്യ‌ം കറക്ടായിരുന്നെന്ന് രവി. അതോടെ വിറകിലും വൈദ്യുതിയിലും സൗരോർജത്തിലും പ്രവർത്തിക്കുന്ന രൂപത്തിലേക്ക് ഡ്രയർ പരിഷ്കരിച്ചു.

തോപ്രാംകുടിയിലെയും മുരിക്കാശ്ശേരിയിലെയും കർഷകർക്കിടയിൽ ജീവിക്കുകയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അതിനനുസരിച്ചുള്ള യന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തതാണ് തന്റെ സംരംഭത്തിനുണ്ടായ നേട്ടങ്ങൾക്കു കാരണമെന്നും ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി പാലത്തുംതലയ്ക്കൽ രവി പറയുന്നു.

വായിക്കാം ഇ - കർഷകശ്രീ

വർക്ക്ഷോപ്പുകളിൽ വെൽഡറായി ജോലി ചെയ്തിരുന്ന കാലത്തുതന്നെ കാർഷികയന്ത്രങ്ങള്‍ രവിയുടെ മനസ്സിലുണ്ട്. കുരുമുളകു വിളവെടുപ്പിന്റെ നാളുകളിൽ പറിക്കാനും മെതിക്കാനുമുള്ള കർഷകരുടെ കഷ്ടപ്പാട് എത്രയോ കാലമായി കാണുന്നു. ഇരുപതു വർഷം മുമ്പ് മുരിക്കാശ്ശേരിയിൽ സ്വന്തമായൊരു വർക്ക്ഷോപ്പ് തുടങ്ങിയപ്പോൾ ഷട്ടറും ഗെയ്റ്റുമൊക്കെ ഉണ്ടാക്കുന്നതിനൊപ്പം മുക്കാലി കൂടി നിർമിച്ചാണ് കാർഷികയന്ത്രങ്ങളിൽ കൈവയ്ക്കുന്നത്. സൗകര്യപ്രദമായി ഉയരം ക്രമീകരിച്ച്, സുരക്ഷിതവും സുഖകരവുമായി കയറിനിന്നു കുരുമുളകു പറിക്കാനുള്ള ലഘുയന്ത്രം. മുക്കാലിക്കു മലയോര കർഷകർക്കിടയിൽ വൻ സ്വീകാര്യത കിട്ടിയതോടെ നാട്ടിലുള്ള വർക്ക്ഷോപ്പുകാരെല്ലാം മുക്കാലി നിർമാണം തുടങ്ങി.

അത്ര പെട്ടെന്നാരും കോപ്പിയടിക്കാത്ത എന്തെങ്കിലുമൊന്നു നിർമിക്കണമെന്ന വാശിയിൽനിന്നാണ് കുരുമുളകു മെതിയന്ത്രത്തിന്റെ പിറവി. കാലുകൊണ്ടു മെതിക്കുമ്പോൾ വേണ്ടിവരുന്ന അധ്വാനം, കുരുമുളകു മണികൾ പലതും ചതഞ്ഞരഞ്ഞു പോകുമെന്ന പോരായ്മ എന്നിവയ്ക്കെല്ലാമുള്ള പരിഹാരമായിരുന്നു മോട്ടറിൽ പ്രവർത്തിക്കുന്ന മെതിയന്ത്രം. പഴുത്ത മണികൾപോലും കേടാവാതെ, മണിക്കൂറിൽ 300 കിലോ മെതിക്കാവുന്ന യന്ത്രം 2002 ൽ വിൽപനയ്ക്കു വച്ചു, വില 12,000 രൂപ.

രവിയുടെ കണ്ടെത്തലിന്റെ മേന്മ തിരിച്ചറിഞ്ഞ സ്പൈസസ് ബോർഡ് അംഗീകാരവും യന്ത്രം വാങ്ങുന്ന കർഷകർക്ക് 5000 രൂപ സബ്സിഡിയും നൽകി. ഇതേവരെ രണ്ടുവട്ടം യന്ത്രം പരിഷ്കരിച്ചു. കുരുമുളകിനെ വൈറ്റ് പെപ്പറായി മൂല്യവര്‍ധന വരുത്താനും ഗ്രാമ്പൂ അടർത്തിയെടുക്കാനും യോജിക്കും വിധം. വിലയിപ്പോൾ 35,000 രൂപ. സബ്സിഡി 15,000 രൂപ. നാട്ടിലും മറുനാട്ടിലും മെതിയന്ത്രം പ്രചാരം നേടിയതോടെ ഉൽപന്നങ്ങൾ ഉണക്കാനുള്ള ഡ്രയറിലേക്കു തിരിഞ്ഞു. ജാതിക്കാ, ജാതിപത്രി, കുരുമുളക്, കൊപ്ര, മഞ്ഞൾ, ഗ്രാമ്പൂ, ഏലക്കാ തുടങ്ങിയവയെല്ലാം ഉയർന്ന ഗുണമേന്മയോടെ ഉണക്കിയെടുക്കുന്ന ഡ്രയറും സബ്സിഡിയോടെ കർഷകർക്കു വാങ്ങാനുള്ള അവസരം സ്പൈസസ് ബോർ‍ഡ് ഒരുക്കി.

black-pepper-trampling-machine കുരുമുളകു മെതിയന്ത്രം

കുരുമുളക്, ഗ്രാമ്പൂ, ഏലക്കാ എന്നിവ കല്ലും കമ്പുമെല്ലാം നീക്കി ഗ്രേഡു ചെയ്തെടുക്കാനുള്ള യന്ത്രത്തിന്റെ നിർമാണത്തിലാണിപ്പോൾ രവി. ഒട്ടേറെ കൃഷിക്കാർ ഇന്നു ലഘുയന്ത്രങ്ങൾ കണ്ടെത്തുന്നുണ്ട്. മികച്ചവയെങ്കിൽപോലും ‘കണ്ടാലൊരു ലുക്കി’ല്ലാത്തതാണ് ഇവയ്ക്കു വിപണി ലഭിക്കാത്തതിനു കാരണമെന്നു രവി. യന്ത്രം ആകർഷകമായ രൂപത്തിലാക്കിയാൽ കഥ മാറുമെന്ന് രവി ഓർമിപ്പിക്കുന്നു.

ഫോൺ: 9495127730