ഏഴു മിനിറ്റിനുള്ളിൽ ചക്കപ്പുഴുക്ക്

ചക്ക വിഭവങ്ങൾ വിപണിയിലേക്ക്‌

വെജിറ്റബിൾ ചക്ക മട്ടൺ, ചക്ക ചിക്കൻ– പാലക്കാട് തിരുനെല്ലായി സ്വദേശി ആന്റണി മാത്യു വിപണിയിലെത്തിക്കുന്ന രണ്ട് ഉൽ‍പന്നങ്ങൾ ആദ്യം ആശയക്കുഴപ്പമുണ്ടാക്കും. പിന്നീടത് ആഗ്രഹമായി മാറും. ചക്കകൊണ്ടുള്ള മട്ടൻകറിയും ചിക്കൻകറിയുമാണ് അദ്ദേഹത്തിന്റെ 'നേച്ചേഴ്സ് ഓൺ' നിർമിച്ചു വിപണിയിലെത്തിക്കുന്നത്. ആട്ടിറച്ചിയോ കോഴിയിറച്ചിയോ ചേർത്ത ചക്കപ്പുഴുക്കാണെന്ന തെറ്റിദ്ധാരണ വേണ്ട. രണ്ടിന്റെയും രുചി മാത്രമുള്ള ശുദ്ധ സസ്യാഹാരമാണ് ചക്ക മട്ടനും ചക്ക ചിക്കനും. ഇംഗ്ലിഷിൽ ഡമ്മി മീറ്റ് എന്നു പറയും. ഇടിച്ചക്ക പരുവം പിന്നിട്ടതും മൂപ്പെത്താത്തതുമായ ചക്കയിൽനിന്നാണ് ഇറച്ചിയുടെ പകരക്കാരനെത്തുന്നത്. സോയാമീറ്റ് പോലെ ഇതുപയോഗിക്കാം. ഇതിനു പുറമേ, നാടൻ ചക്കപ്പുഴുക്കും വേവിച്ച ഇടിച്ചക്കയും ഇവിടെ പായ്ക്കറ്റിലാക്കുന്നുണ്ട്. പ്രമേഹരോഗികൾക്ക് ഉത്തമമെന്നു തെളിഞ്ഞ ചക്കപ്പുഴുക്ക് നഗരവാസികൾക്കും അനായാസം തയാറാക്കാൻ ഇതുമതി. ഭാഗികമായി പാകം ചെയ്ത ഈ ഉൽപന്നങ്ങളെല്ലാംതന്നെ ഏഴു മിനിറ്റിനുള്ളിൽ വിളമ്പാൻ പാകമാകുമെന്ന് ആന്റണി പറഞ്ഞു. ചൂടാക്കിയ വെളിച്ചെണ്ണയിൽ കടുകും അരിഞ്ഞ സവോളയുമിട്ടു വഴറ്റിയശേഷം പായ്ക്കറ്റിലെ ചക്കക്കൂട്ട് ചേർത്താൽ മതി. യൂറോപ്യൻ രാജ്യങ്ങളിൽ ഡമ്മി മീറ്റായി ചക്ക ഉപയോഗിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്ക ചിക്കന്റെയും മട്ടന്റെയും 200 ഗ്രാം പായ്ക്കറ്റിന് 120 രൂപയാണ് വില. ഇത് നാലു പേർക്ക് കഴിക്കാൻ തികയും. ആറു പേർക്ക് ഉപയോഗിക്കാവുന്ന ഇടിച്ചക്ക പായ്ക്കറ്റിന് 80 രൂപ നൽകണം. ചക്കപ്പുഴുക്ക് വിപണിയിലെത്തുന്നതേയുള്ള‍ൂ.

ആന്റണി മാത്യു

വായിക്കാം ഇ - കർഷകശ്രീ

നാട്ടിൻപുറത്തുനിന്നു ചക്കയു‌ടെ നന്മകൾ നഗരവാസികൾക്കു കൂടി ലഭ്യമാക്കുന്നതുവഴി ഉൽപാദകനും ഉപഭോക്താവിനും നേട്ടമുണ്ടാക്കാമെന്ന് ആന്റണി. കൃഷിക്കാരന് അധികവരുമാനം കിട്ടാനിടയാക്കുന്ന ഈ സംരംഭം പോഷകപ്രധാനവും വിഷരഹിതവുമായ ചക്ക ഉപയോഗിക്കാൻ ഫ്ലാറ്റിൽ താമസിക്കുന്നവർക്കുപോലും അവസരം നൽകുന്നു. വെട്ടിയൊരുക്കി മസാലക്കൂട്ടും ചേർത്ത ഇടിച്ചക്ക തീൻമേശയിൽ വിളമ്പാൻ ഇനി വീട്ടമ്മമാരുടെ താൽപര്യം മാത്രം മതിയാവും.

ഒരു വർഷത്തോളം നിരന്തരമായി നടത്തിയ പരീക്ഷണങ്ങളും അന്വേഷണങ്ങളുമാണ് കേരളത്തിലാദ്യമായി ഈ ചക്കവിഭവങ്ങൾ വിപണിയിലെത്തിക്കാൻ ഇടയാക്കിയതെന്ന് ആന്റണി. മെക്കാനിക്കൽ എൻജിനീയറെന്ന നിലയിൽ വിവിധ പ്ലാൻറുകളിലും മറ്റും പ്രവർത്തിച്ചുള്ള മുൻപരിചയം സംരംഭം കെട്ട‍ിപ്പടുക്കുന്നതിനു സഹാ‍യകമായി. ഉൽപന്നനിർമാണത്തേക്കാൾ പായ്ക്കിങ്ങിലാണ് 'നേച്ചേഴ്സ് ഓൺ' സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ സഹായകമായ റിട്ടോർട്ട് പൗച്ച് പായ്ക്കിങ്ങിലൂടെ ചക്കവിഭവങ്ങൾ വിദൂരപട്ടണങ്ങളിലെ ഉപഭോക്താവിലെത്തിക്കാൻ സാധിക്കുന്നു. പരമ്പരാഗത രീതിയിൽ വിഭവങ്ങൾ തയാറാക്കിയശേഷം അലുമിനിയം പായ്ക്കിങ്ങിലാക്കി സീൽ ചെയ്ത് പാസ്ചുറൈസ് ചെയ്യുകയാണ്. എന്നാൽ ചക്ക തിരഞ്ഞടുക്കുന്നതിലും പാചകത്തിലുമൊക്കെ പ്രത്യേകം ശ്രദ്ധിച്ചാൽ മാത്രമേ റിട്ടോർട്ട് പായ്ക്കിങ് ഫലപ്രദമാവുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു മാസംവരെ സൂക്ഷിപ്പുകാലം കിട്ടുന്ന സാങ്കേതികവിദ്യയാണെങ്കിലും തുടക്കമെന്ന നിലയിൽ മൂന്നു മാസം കേടുകൂടാതെ സൂക്ഷിക്കാമെന്ന ഉറപ്പാണ് തൽക്കാലം 'നേച്ചേഴ്സ് ഓൺ' ഉപഭോക്താക്കൾക്ക് നൽകുന്നത്. വൈകാതെ തന്നെ ഇത് നാലു മാസമായി വർധിപ്പിക്കും. പൈലറ്റ് പ്ലാൻറിലെ സാങ്കേതികവിദ്യയ്ക്കും ഉപകരണങ്ങൾക്കുമായി 15 ലക്ഷം രൂപ നിക്ഷേപിച്ച ആന്റണി കഴിഞ്ഞ വർഷം ആയിരത്ത‍ിലേറെ പായ്ക്കറ്റുകളിൽ ചക്കവിഭവങ്ങൾ വിറ്റു. സമീപ പ്രദേശത്തെ കൃഷിക്കാരിൽനിന്ന് പത്തു രൂപ മുതൽ 50 രൂപ വരെ നിരക്കിൽ ചക്ക വാങ്ങി. കൂടുതലായി ചക്ക മട്ടണും ചിക്കനുമാണ് വിപണിയിലെത്തിച്ചത്. കാർഷികപ്രദർശനങ്ങളിലും ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ചക്കവണ്ടിയിലുമായാണ് വിപണനം.

ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിലും പാലക്കാട് പീപ്പിൾസ് സർവീസ് സൊസൈറ്റിയിലും (പിഎസ്എസ്പി) പ്രവർത്തിച്ചപ്പോഴാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ചക്ക ഉൽപന്നമെന്ന ചിന്തയുണ്ടായതെന്ന് ആന്റണി പറയുന്നു. വെള്ളായണി കാർഷിക കോളജിൽ ചക്ക ഉൽപന്നങ്ങളുടെ നിർമാണത്തെക്കുറിച്ചു നടത്തിയ ഏഴു ദിവസത്തെ പരിശീലനമാണ് ചക്കയുടെ സാധ്യതകൾ വ്യക്തമാക്കിയത്. തിരികെയെത്തിയ ആന്റണി പിഎസ്എസ്പിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഥമ വാണിജ്യചക്ക സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്ന പ്രയത്നത്തിൽ പങ്കാളിയായി.

ഫോൺ. 9447751655