കൂവപ്പൊടിയും ഫാത്തിമയും പിന്നെ ടോൾസ്റ്റോയിയും

കൂവച്ചെടികൾക്കരുകിൽ ഫാത്തിമ

ഫാത്തിമയ്ക്കു കൂവക്കൃഷി ഒരിക്കലും ഉപജീവനമാർഗമായിരുന്നില്ല, പ്രതിഷേധമായിരുന്നു. അന്നും ഇന്നും വീടിന്റെ ഉമ്മറത്തുനിന്നു പത്തടി നടന്നാൽ ചെന്നു തൊ ടാവുന്ന കുറ്റ്യാടിപ്പുഴയിലെ ഒാളങ്ങളെ നോക്കി ഫാത്തിമ ആ പ്രതിഷേധത്തിന്റെ കഥ പറയും.

അറുപതു വയസ്സു പിന്നിട്ട ഫാത്തിമ പറഞ്ഞു തുടങ്ങുമ്പോൾ എം.ടിയും തകഴിയും ആശാപൂർണാദേവിയും ടോൾസ്റ്റോയിയും ഷോളോഖോവുമെല്ലാം കൂട്ടിനെത്തും. അത് അപ്പർ പ്രൈമറി ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഫാത്തിമയുടെ മറ്റൊരു പ്രതിഷേധത്തിന്റെ‍ കഥ.

കൂവക്കഥ

കോഴിക്കോടിനടുത്തു വടകര മൂരാട് മഞ്ചയിൽ സി.കെ. ഫാത്തിമയ്ക്കു വിവാഹസമയത്തു പ്രായം പതിമൂന്നു കടന്നിട്ടുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലും കെട്ടിച്ചയച്ച വീട്ടിലും ഫാത്തിമയ്ക്ക് അല്ലലുകളൊന്നുമില്ലായിരുന്നു. മൂന്നു മക്കൾ പിറന്ന് അവരൊക്കെവളർന്നപ്പോൾ വീട്ടുകാര്യങ്ങൾ കഴിഞ്ഞാലും നേരം പിന്നെയും ബാക്കി. ഭർത്താവ് മൂസാഹാജി ഗൾഫിൽ, മക്കൾ സ്കൂളിൽ, വിരസമായ പകലുകൾ.

കൂൺകൃഷിയും പച്ചക്കറിക്കൃഷിയുമെല്ലാം പരീക്ഷിക്കാൻ തുടങ്ങുന്നതങ്ങനെ. ഉപ്പുകാറ്റും ഉപ്പുരസം കലർന്ന വെള്ളവുമുള്ള പ്രദേശത്ത് അവയൊന്നും അത്ര വിജയിച്ചില്ല. അപ്പോഴാണ് ബാല്യം മുതലേ പരിചയിച്ചതും സ്വന്തം വീടിന്റെ തൊടിയിൽ കണക്കില്ലാതെ മുളച്ചുയർന്നു നിൽക്കുന്നതുമായ ബിലാത്തിക്കൂവ (Arrowroot) മനസ്സിൽ തെളിയുന്നത്. കൂവപ്പൊടിയുടെ ഒൗഷധമേന്മയും വിപണനമൂല്യവും വായിച്ചറിവുള്ള ഫാത്തിമ ഇതുതന്നെ തന്റെ സംരംഭമെന്നുറച്ചു.

സാമ്പത്തികശേഷിയുള്ള വീട്ടമ്മയ്ക്ക് ഇങ്ങനെയൊരു സംരംഭത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാൽ, സ്വർണ വെയിൽ വീഴുന്ന കുറ്റ്യാടിപ്പുഴയിലേക്കു നോക്കി ഒാർമകൾ ഒാളം തുള്ളുന്ന ചിരിയോടെ ഫാത്തിമ പറയും, പഠിപ്പിക്കാണ്ട് വേഗത്തിൽ കെട്ടിച്ചയച്ചതിലുള്ള ഒരു വാശി. കൂടപ്പിറപ്പുകളെല്ലാം പഠിച്ച് ‌നല്ല ജോലിയിലെത്തി. ഒരു സംരംഭകയായി സ്വയംപര്യാപ്തത നേടണമെന്നു ഞാനും തീരുമാനിച്ചു.

സ്വന്തം വീട്ടിൽ പോയി മടങ്ങുമ്പോൾ കൊണ്ടുവന്ന ബിലാത്തിക്കൂവയൂടെ വിത്തു നട്ടാണ് കാൽനൂറ്റാണ്ടു മുൻപ് ഫത്തിമ കുവക്കൃഷിയിലേക്കു ചുവടുവച്ചത്.

വിശേഷിച്ചു പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളയാണ് കൂവ. പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ലെന്നു ഫാത്തിമ പറയുന്നു. അമ്മയുടെ മുലപ്പാലിനു പകരം വയ്ക്കാവുന്നത്ര ഗുണമേന്മയുണ്ട് കൂവപ്പൊടിക്ക്. ദഹനശേഷിയും ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണം. കൊഴപ്പുനാരുകൾ ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതുമായതുകൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ചേർന്ന ഭക്ഷണം. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കാൻ ഉപകരിക്കും. ഇങ്ങനെ കൂവയെക്കുറിച്ചു പറയാനേറെയുണ്ട് ഫാത്തിമയ്ക്ക്.

കൂവക്കൃഷി തുടങ്ങിയപ്പോൾ കാര്യമായ വളമായി ചാണകവും വെണ്ണീറും മാത്രം നൽകി. സാധാരണഗതിയിൽ രോഗ കീടങ്ങളൊന്നും ഇതിനെ ഏശാത്തതിനാൽ കൃഷി എളുപ്പമായിരുന്നു. കൂവയോട് എലിക്കും താൽപര്യമില്ല.

നവംബർ-ഡിസംബർ മാസങ്ങളിൽ വിളവെടുപ്പു തുടങ്ങും. കിഴങ്ങ് കഴുകി അരച്ച് വെള്ളത്തിൽ കലർത്തി പലയാവർത്തി ഊറ്റിയെടുക്കുന്നതാണ് കൂവപ്പൊടി. കൂവക്കിഴങ്ങ് അരയ്ക്കാൻ യന്ത്രസന്നാഹങ്ങളൊന്നും അക്കാലത്ത് ലഭ്യമല്ലാതിരുന്നതിനാൽ രണ്ടോ മൂന്നോ തൊഴിലാളിസ്ത്രീകളെ സഹായത്തിനു വിളിക്കും. വർഷത്തിൽ അമ്പതു കിലോയോളം പൊടി ഇങ്ങനെ മനുഷ്യപ്രയത്നം കൊണ്ടുമാത്രം ഫാത്തിമ തയാറാക്കിയിരുന്നു.

*യന്ത്രസഹായത്തോടെ *

പത്തുവർഷം മുമ്പാണ് കൂവ അരയ്ക്കുന്ന യന്ത്രത്തെക്കുറിച്ച് കർഷകശ്രീയിലൂടെ വായിച്ചറിയുന്നത്. ലേഖകനെ വിളിച്ച് വിശദവിവരങ്ങൾ തോടി. അരയ്ക്കാനുള്ള യന്ത്രവും അനുബന്ധ സാമഗ്രികളും വാങ്ങി. ചെറുകിട വ്യവസായ യൂണിറ്റായി തുടങ്ങുമ്പോൾ ഒന്നരലക്ഷത്തോളം രൂപ ചെലവ് വന്നു. ആരെയും ആശ്രയിക്കാതെ സംരംഭം തുടങ്ങുമെന്നു ഫാത്തിമയ്ക്കു നിർബന്ധമായിരുന്നു. കയ്യിലുള്ള കരുതൽ ധനവും ആഭരണം പണയം വച്ചു കിട്ടിയ തുകയും ചേർന്നപ്പോൾ മൂലധനമായി. അപ്പോഴേക്കും നാട്ടിൽ മടങ്ങിയെത്തിയ മൂസാഹാജിയും ഭാര്യയുടെ സംരംഭത്തിനു തുണയായി.

ബിലാത്തിക്കൂവയിൽനിന്ന് നീലക്കൂവയിലേക്കു മാറ്റിച്ചവിട്ടിയത് അപ്പോഴാണ്. കക്കൂവ അഥവാ കയ്ക്കുന്ന കൂവയായ നീലക്കൂവയാണ് കൂവകളിൽ ഏറ്റവും ശ്രേഷ്ഠമെന്നു ഫാത്തിമ. ഒൗഷധഗുണമേറും. പക്ഷേ, ബിലാത്തിക്കൂവപോലെ പച്ചയ്ക്കോ പുഴുങ്ങിയോ കഴിക്കാനാവില്ല. അത്രയ്ക്കു കയ്പ്പാണ്. രൂക്ഷഗന്ധമുള്ള വെള്ള, മഞ്ഞ കൂവയിനങ്ങളെയും ഫാത്തിമ അകറ്റി നിർത്തി.

ഒട്ടേറെ പറമ്പുകളിൽ കൂവ താനേ മുളച്ചുയർന്നു നിൽക്കുന്നുണ്ട്. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ പറമ്പു കിളയ്ക്കാൻ പോകുന്ന തൊഴിലാളികൾക്ക് കൂലിക്കു പുറമേ ലഭിക്കുന്ന ബോണസാണ് കൂവക്കിഴങ്ങ്. രണ്ടു വർഷം കൂടുമ്പോൾ പറിക്കുന്ന പക്ഷം വിളവു കൂടും. ഇവരിൽനിന്നു കിലോയ്ക്ക് ഏഴുരൂപ നൽകി ഫാത്തിമ കൂവവാങ്ങും.

സ്വന്തമായുള്ളതും പുറത്തുനിന്നു വാങ്ങുന്നതും ചേർത്ത് രണ്ടു ദിവസം കൂടുമ്പോൾ200 കിലോയിലേറെ കൂവ അരയ്ക്കാനുണ്ടാവും. കൂവക്കിഴങ്ങിലെ മായം തിരിഞ്ഞുമാറ്റലാണ് ആദ്യ ജോലി. മലയിഞ്ചി, മാങ്ങായിലി, ചേമ്പ് തുടങ്ങിയവയെല്ലാം കൂട്ടത്തിൽ കാണുമെന്നു ഫാത്തിമ. മലയിഞ്ചി അരുചിയുണ്ടാക്കും. ചേമ്പ് ചൊറിച്ചിലുണ്ടാക്കും. ഫാത്തിമയുടെ വിദഗ്ധ നിരീക്ഷണത്തിൽ അവയെല്ലാം പുറത്താവും. പീന്നീട് തൊലി നീക്കി കഴുകി യന്ത്രത്തിൽ അരയ്ക്കും.

കുഴമ്പുരൂപത്തിലുള്ള അരപ്പ് തുണിയിലരിച്ചു ദ‌ിവസങ്ങൾകൊണ്ട് പല തവണ വെള്ളത്തിൽ ഊറ്റി കയ്പ് നിശ്ശേഷം കളഞ്ഞു ലഭിക്കുന്ന കൂവപ്പൊടി കട്ടകളാക്കി ട്രേയിൽ നിരത്തി ഉണക്കിയെടുക്കും. നേർത്തകൂവപ്പൊടി പാറിപ്പോകാതിരിക്കാനും മാലിന്യം കലരാതിരിക്കാനുമാണ് കട്ടകളക്കുന്നത്.

പ്രവാസികളും ഉപഭോക്താക്കൾ

വർഷം നാനൂറു കിലോവരെ പൊടി ഉൽപാദിപ്പിക്കുന്ന യൂണിറ്റാണ് ഫാത്തിമയുടേത്. നൂറുഗ്രാമിന് 70 രൂപ വില. നാട്ടുകാരും പ്രവാസികളുമെല്ലാം ഉപഭോക്താക്കളിൽ പെടും. വിപണന മേളകളിലും പങ്കെടുക്കും. പ്ര‌തിവർഷം രണ്ടര ലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ട്.

എല്ലാത്തിലും മായം കലർത്തുന്ന നാട്ടിൽ തന്റെ കൂവപ്പൊടിയെങ്കിലും മായം കലർത്താതെ ലഭ്യമാക്കണമെന്ന വാശിഫാത്തിമയ്ക്കുണ്ട്. കപ്പപ്പൊടി, മൈദ‌ മാവ് എന്നിങ്ങനെ പല മായങ്ങൾ ചേർത്താണ് പലരും കൂവപ്പൊടി ഉൽപാദിപ്പിക്കുന്നതെന്നു ഫാത്തിമ പറയുന്നു. ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ പൊടി കലക്കി ഊറാൻ വച്ചാൽ ഒറിജിനൽ പൊടി അതിവേഗം അടിയിലൂറും. മായം ഉണ്ടെങ്കിൽ ഊറാതെ കിടക്കുമെന്ന് ഫാത്തിമ.

ഉൽപന്നത്തിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിഷയങ്ങളലും സ്വന്തമായ ദർശനവും ആദർശവുമുണ്ട് ഫാത്തിമയ്ക്ക്. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചപ്പോൾ തുടങ്ങിയ പുസ്തകവായനയാണ് അതിനുകാരണമെന്നു ഫാത്തിമ. ഇതു കേട്ട് ഈ ഉമ്മയുടെ വ‌ായനയുടെ ആഴവും പരപ്പും ഈഹിച്ചെടുക്കാൻ പോയൽ തെറ്റും.

എം.ടിയുടെ കാലവും ബഷറിന്റെ പാത്തുമ്മയുടെ ആടും ബഷീറിന്റെ സ്മാരകശിലകളും മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലവും ആശാപൂർണാദേവിയുടെ പ്രഥമ പ്രതിശ്രുതിയും കടന്ന് വിശ്വസാഹിത്യത്തിലേക്കു പടർന്നുകയറുന്നു ഫാത്തിമയുടെ വായന. ബം‌ഗാളി, റഷ്യൻ സാഹിത്യകൃതികളാണ് ഏറെയിഷ്ടം. മലയാളത്തിൽ മാധവിക്കുട്ടിയാണ് പ്രിയങ്കരി. ' അവര് തുറന്നെഴുതാൻ ധൈര്യം കാണിക്കും ഫാത്തിമയുടെ സാഹിത്യനീരിക്ഷണം. അക്കാദമിക് വിദ്യാഭ്യാസം നേടാതെയും അറിവും ലോകപരിചയവും നേടണമെന്ന വാശിയായിരുന്നു വായനയ്ക്കു പിന്നിൽ.

കൂവപ്പൊടി നിർമാണം ആവുന്നത്ര കാലം സജീവമായി തുടരാൻ തന്നെയാണ് ഫാത്തിമയുടെ തീരുമാനം. ശുദ്ധമായ ഉൽപന്നം ഉപഭോക്താക്കൾക്കു നൽകുന്നതിലുള്ള സന്തോഷം, കുറച്ചു സ്ത്രീകൾക്കു ജോലി, സ്വയം പര്യാപ്തതയിലുള്ള അഭിമാനം ഇതൊന്നും ഉപേക്ഷിക്കാൻ ഫാത്തിമ ഒരുക്കമല്ല.

കൂവ കാച്ചിയത് സ്പെഷൽ

വീട്ടിലെത്തുന്ന അതിഥികൾക്കു ഫാത്തിമ ഒരു പാരമ്പര്യവിഭവം നൽകും. കൂവ കാച്ചിയത്. പിന്നെ അതിന്റെ പാചകവിധി പറഞ്ഞു തരും.

ഒരു ഗ്ലാസ് തേങ്ങാപ്പാൽ/പശുവിൻ പാൽ (അര ഗ്ലാസ് പാലും ബാക്കി വെള്ളവുമാകാം) എടുത്ത് അതിൽ ഒരു ടീസ്പൂൺ കൂവപ്പൊടി, പാകത്തിനു പഞ്ച‌സാര, ഏലക്കായി പൊടിച്ചത്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് അടുപ്പിൽ വച്ച് കൈവയ്ക്കാതെ ഇളക്കുക. തിളച്ചുയരുന്നതിനു തൊട്ടുമുമ്പ് വാങ്ങാം. വനില സത്തൊക്കെ ചേർത്ത് രുചി വൈവിധ്യങ്ങളുമാവാം. ചെറുചൂടോടെ കഴിച്ചാൽ ഹൃദ്യമായ രുചി.

ഫാത്തിമയുടെ കൂവകാച്ചിയത് സ്പെഷ്യൽ

ഒന്നാന്തരം പോഷകാഹാരവും ഊർജദായകവുമാണ് കൂവ കാച്ചിയതെന്നു ഫാത്തിമ. കീമോതെറാപ്പി കഴിഞ്ഞ രോഗികൾക്കു മിക്ക ഭക്ഷണങ്ങളോടും രുചിതോന്നില്ല. അവരും പക്ഷേ, കൂവ കാച്ചിയത് ഇഷ്ടപ്പെടും.

നോമ്പുകാലത്തും കൂവകാച്ചിയതിനു പ്രിയമേറും. വയറു കാഞ്ഞിരുന്നശേഷം നോമ്പു തുറക്കുമ്പോൾ കൂവകച്ചിയത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഹജ്ജിനു പോകുന്നവരും കൂവപ്പൊടി കൂടെക്കൂട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്താവുന്ന കൂവപ്പൊടി പക്ഷേ, ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നു ഫാത്തിമ ഒാർമിപ്പിക്കുന്നു.