അവധി ആഘോഷിക്കൂ.. പുതിയ ജീവിതം നേടൂ..

ഫാം റിസോർട്ടിലെ കാഴ്ച

അവധി ആഘോഷിക്കാൻ വരിക. പുതിയ ജീവിതവുമായി തിരിച്ചു പോവുക– അതിന് അവസരമൊരുക്കുകയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കു സമീപം ഇല്ലിക്കൽകല്ല് മലയുടെ ചുവട്ടിലെ ഹെൽത്തിക്കേഷൻ. ഹെൽത്തി വെക്കേഷൻ അഥവാ ആരോഗ്യമേകുന്ന അവധിദിനങ്ങളെന്നു പരിഭാഷപ്പെടുത്താം.

ഫാം റിസോർട്ടിലെ കാഴ്ച

ഒഴിവുദിനങ്ങളും വിനോദവേളകളും ആസ്വദിക്കുന്നതിനൊപ്പം കൃഷിയിലൂടെ സുജീവിതത്തിനു വഴിതെളിക്കുകയെന്ന ആശയമാണ് പാരമ്പര്യവൈദ്യ– ആയുര്‍വേദ വിദഗ്ധനായ അനീഷ് കുര്യാസ് ഇവിടെ നടപ്പാക്കുന്നത്. നല്ല ജീവിതശൈലിയിൽ കൃഷിക്കുള്ള പ്രാധാന്യവും പ്രസക്തിയും പഠിപ്പിക്കുന്നതിനൊപ്പം അവ പ്രാവർത്തികമാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ ആയുർവേദ–ഫാം ടൂറിസം സംരംഭം രോഗികളെയല്ല, ആരോഗ്യമുള്ളവരെയാണ് കാത്തിരിക്കുന്നത്. ആരോഗ്യമുള്ളവരെ അതു നഷ്ടപ്പെടാതിരിക്കാൻ പഠിപ്പിക്കുന്നതിന് അധികമാരുമില്ലെന്ന് ഡോ. അനീഷ്. കൃഷിയും ആരോഗ്യപാലനവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി അതിഥികളെ കൃഷിപ്രേമികളാക്കുക മാത്രമല്ല, സ്വന്തം കൃഷിക്കു വേണ്ട സാഹചര്യങ്ങളൊരുക്കാൻ സഹായിക്കുകയും ചെയ്യും. ലഭ്യമായ സാഹചര്യങ്ങളിൽ കൃഷി നടത്തി ആരോഗ്യം നേടാൻ വേണ്ട ഉപദേശങ്ങളും ഉപാധികളും ഇവിടെ ഒരുമിച്ചു കിട്ടും. വിളപരിപാലനത്തിലേക്കും മൃഗസംരക്ഷണത്തിലേക്കും ഔഷധസസ്യക്കൃഷിയിലേക്കും കടന്നുവരുന്നവർക്ക് വഴികാട്ടാൻ പ്രാപ്തിയുള്ളവർ ഇവിടെയുണ്ട്.

ഫാം റിസോർട്ടിലെ കാഴ്ച

മുറ്റത്തെ ചട്ടിയിൽ നാലു ചുവട് മഞ്ഞൾ നട്ടുവളർത്തിയാൽ ചെറിയ കഫക്കെട്ടുണ്ടാകുമ്പോഴേ ആന്റിബയോട്ടിക് കഴിക്കണോ? നാടൻ പശുവിന്റെ പാലുണ്ടെങ്കിൽ പ്ലാസ്റ്റിക് കവറിലെ പഴകിയ പാല് കുടിക്കണോ? മുറ്റത്തെ നാടൻ കാന്താരിയും തൊടിയിലെ കുടമ്പുളിയും കറിയിൽ ചേർക്കുന്നവർക്ക് ആജീവനാന്തം കൊളസ്ട്രോൾ മരുന്നു കഴിക്കേണ്ടിവരുന്നില്ലെന്നുമോര്‍ക്കാം. ജൈവവളം വലിച്ചെടുത്തു വളർന്ന നാലു മൂട് ഇഞ്ചിയുണ്ടെങ്കിൽ ഉദരരോഗങ്ങളുടെ പേരിൽ ആശുപത്രിയിലേക്ക് ഓടേണ്ടി വരില്ല. പനിയും ജലദോഷവും വന്നാൽ തന്നെ രണ്ടു ചുക്കുകാപ്പികൊണ്ടവസാനിക്കില്ലേ? ഇത്തരം ചോദ്യങ്ങളും ഓർമപ്പെടുത്തലുകളുമാണ് ഇവിടെ സന്ദർശകനു മുമ്പിലുയരുക. നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം, നല്ല ഭക്ഷണത്തിനു നല്ല കൃഷിരീതികൾ– ഇക്കാര്യത്തിൽ ആർക്കും വിയോജിപ്പില്ല. ടെക്കിയായാലും എൻആര്‍ഐ ആയാലും ബ്യൂറോക്രാറ്റ് ആയാലും അറിയേണ്ടത് ഒന്നു മാത്രം – നല്ല ആരോഗ്യത്തിലേക്കു നയിക്കുന്ന നല്ല കൃഷിയും നല്ല ജീവിതവും എങ്ങനെ സാധ്യമാക്കാം. പക്ഷേ ഇക്കാര്യങ്ങളിൽ സോഷ്യൽ മീഡിയ നൽകുന്ന മുറിവൈദ്യത്തേക്കാൾ ആശ്രയിക്കാവുന്നത് യഥാര്‍ഥ വൈദ്യന്റെ ഉപദേശം തന്നെ. രാജ്യത്തിനകത്തും പുറത്തും പേരെടുത്ത ആയുർവേദ ഡോക്ടറുടെ സഹായത്തോടെ നല്ല ജീവിതചര്യ രൂപപ്പെടുത്താൻ ഹെൽത്തിക്കേഷൻ സന്ദർശനത്തിലൂടെ കഴിഞ്ഞേക്കാം; വിശേഷിച്ച്, പാരമ്പര്യനന്മകളും അറിവുകളും തിരിച്ചുകൊണ്ടുവന്ന് ജീവിതം മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവർക്ക്.

ഫാം റിസോർട്ടിലെ കാഴ്ച

നഗരജീവിതത്തിന്റെ ദുശ്ശീലങ്ങളിൽനിന്നും വിരസതകളിൽനിന്നുമകന്നു നിലവാരമുള്ള ജീവിതം സാധ്യമാക്കുന്നതിനു വഴി കാണിക്കുന്ന ഈ സ്ഥാപനത്തിൽ ഏകദിന സന്ദർശനങ്ങൾക്കാണ് ഇപ്പോൾ സൗകര്യമൊരുക്കിയിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരത്തിലുള്ള ഈ മലയുടെ മുകളിലേക്ക് ട്രെക്കിങ്ങിനും ബൈക്ക് സവാരിക്കുമൊക്കെ അവസരമുണ്ട്. ഓൺലൈൻ ഗെയിമുകളുമായി ഒറ്റപ്പെട്ടു കഴിയുന്ന പുതുതലമുറയ്ക്ക് സമൂഹജീവിതത്തിന് അവസരം നൽകുന്ന നാടന്‍പന്തുകളിപോലുള്ള ഗ്രാമീണകേളികൾ പരിശീലിപ്പിക്കുന്നതിനും ഹെൽത്തിക്കേഷൻ സജ്ജമാണ്.

കോടമഞ്ഞില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെനിന്നു നോക്കിയാൽ ആലപ്പുഴ ബീച്ച് വരെ കാണാമെന്നാണ് നാട്ടുകാർ പറയുന്നത്. സ്വച്ഛസുന്ദരമായ ഈ കേന്ദ്രം കൃഷിയിലൂടെ സൗഖ്യമെന്ന ആശയം പ്രാവർത്തികമാക്കുന്ന വെൽനെസ് റിസോർട്ടാക്കി വളർത്താനുള്ള പരിശ്രമത്തിലാണ് ഡോ. അനീഷ്. ആയുർവേദ ചികിത്സകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹം സന്ദർശകർക്കായി ഒട്ടേറെ ജീവിതശൈലീമാറ്റങ്ങൾ കരുതിവച്ചിട്ടുണ്ട്. വെറുതെ ഒരു ക്ലാസിലിരുന്നു കേൾക്കുന്നതിനപ്പുറം നാലേക്കറിലെ ഈ ഫാം റിസോർട്ടിൽ കൃഷിയെ ജീവിതവുമായി ബന്ധിപ്പിക്കുന്നതെങ്ങനെയെന്നു കണ്ടു മനസ്സിലാക്കാം.

പുങ്കാനൂർ പശു

അഞ്ചുലക്ഷം രൂപവരെ വിലയുള്ള പുങ്കാനൂർ പശു ഉൾപ്പെടെ നാടൻ പശുക്കളെയും നാടൻ ഇനങ്ങളായ അട്ടപ്പാടി ആടുകളെയും കരിങ്കോഴികളെയുമൊക്കെ ശാസ്ത്രീയമായി വളർത്തുന്നതു കണ്ടു മനസ്സിലാക്കാൻ ഇവിടെ അവസരമുണ്ട്. ഗൃഹനിർമാണത്തിൽ പാലിക്കേണ്ട ആയുർവേദ വിധികൾ കണ്ടു മനസ്സിലാക്കാനായി മുൻപുണ്ടായിരുന്ന ഒരു വീട് ശാസ്ത്രീയമായി പുനർനിർമിച്ചിട്ടുണ്ട്. പുതിയൊരു ജീവിതത്തിനു തുടക്കം കുറിച്ചു മടങ്ങുന്നവർക്ക് നാടൻ പച്ചക്കറികളുടെ വിത്തുകൾ വാങ്ങാനും നാടൻ ജനുസിൽപെട്ട കോഴി, ആട്, പശു തുടങ്ങിയവയെ ബുക്ക് ചെയ്യാനുമൊക്കെ ഹെൽത്തിക്കേഷൻ അവസരമൊരുക്കുന്നു.

ഫോൺ– 9947440234, 9946170149