Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുതേനീച്ച വളർത്തലിൽ പുത്തൻ പരീക്ഷണവുമായി തോമസ്

honey-bee-farmer-thomas ചെറുതേൻ കൃഷിയിൽ ചെമ്പേരിയിൽ വച്ചു പരിശീലനം നൽകുന്ന മാമ്പുഴയ്ക്കൽ തോമസ് ജോർജ്.

ചെറുതേനീച്ച പരിപാലനത്തിന്റെ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണത്തിലാണ് കണ്ണൂർ ചെമ്പേരി പുറഞ്ഞാൺ സ്വദേശിയായ മാമ്പുഴയ്ക്കൽ തോമസ് ജോർജ്. ഈ രംഗത്തു നിരവധി പുതിയ പദ്ധതികൾക്ക് അദ്ദേഹം രൂപം നൽകിയിട്ടുണ്ട്. ചെറുതേനീച്ചകളെ വളർത്തി പരിപാലിക്കുന്നതിനെ കുറിച്ചു നിരവധി ശാസ്ത്രീയമായ ഗവേഷണങ്ങൾ ഇപ്പോൾ കാർഷിക സർവകലാശാലകളിൽ നടന്നുവരുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയുടെ വടക്കുഭാഗത്ത് ഒരു കുടിയേറ്റ ഗ്രാമത്തിൽ താമസിക്കുന്ന കർഷകൻ ഈ രംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നത് ആദ്യമായാണ്. പുറഞ്ഞാൺ കേന്ദ്രീകരിച്ചു ചേറുതേൻ റിസർച് ഫോറം രൂപീകരിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം, ഏരുവേശി, നടുവിൽ പഞ്ചായത്തുകളിലെ കർഷകരുടെ കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

ഏഴു സ്ഥലത്തായി നടത്തിയ കർഷക കൂട്ടായ്മയിൽ ചെറുതേനീച്ചകളുടെ കോളനി വിഭജനത്തെ കുറിച്ചായിരുന്നു ആദ്യഘട്ടം ചർച്ച. ഇവയെ എങ്ങനെ ആരോഗ്യകരമായി പരിപാലിക്കണം, തേൻ ശേഖരണത്തിന്റെ നവീനവിദ്യകൾ, പൂമ്പൊടി മൂല്യവർധന, മൂല്യവർധിത ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള ക്ലാസുകൾ എന്നിവയ്ക്കെല്ലാം രൂപം നൽകിയിട്ടുണ്ട്. ചെറുതേനീച്ചകൾ തുളസി, ചീര, എപ്പോഴും പൂക്കുന്ന കള്ളിമുൾച്ചെടികൾ, തുമ്പ എന്നിവ പോലുള്ള ചെടികളിൽ താവളമാക്കുന്നതു കൊണ്ട് ഇത്തരം ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പണിയും നടന്നുകൊണ്ടിരിക്കുകയാണ്. 2010 മുതൽ ഈ രംഗത്തു തോമസ് ഉണ്ട്.ഇതിനെ കുറിച്ചു പൂവത്തെ റോയി വർഗീസുമായി സഹകരിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. എഴുപതിലേറെ സെമിനാറുകൾ ഇതിനായി സ്വന്തം കയ്യിൽ നിന്നു പണം മുടക്കി നടത്തി.

12 വയസ്സുള്ളപ്പോൾ പുറഞ്ഞാണിലെ വീട്ടിൽ മരപ്പൊത്തിൽ നിന്നു ശേഖരിച്ച ചെറുതേനീച്ചകളെ വളർത്തിയായിരുന്നു ഈ രംഗത്തെ കുറിച്ചു പഠിച്ചത്. മരപ്പലകകൾ കൊണ്ടു വീട്ടിൽ വച്ചു തന്നെ പെട്ടിയുണ്ടാക്കിയായിരുന്നു പരിചരിച്ചത്. 40വർഷം പഴക്കമുള്ള അന്നത്തെ പെട്ടികൾ ഇപ്പോഴും വീട്ടിൽ ഉണ്ട്. ബിഎസ്‌സി സുവോളജി ജയിച്ചതിനു ശേഷം ബോഡി ബിൽഡിങ് താരമായി മാറിയ തോമസ് അന്തർസർവകലാശാല ബോഡിബിൽഡിങ് സ്വർണമെഡൽ ജേതാവാണ്.1986ൽ ആയിരുന്നു ഇത്. പിന്നീട് നല്ലൊരു കർഷകനായി. ഈ കാലത്തെല്ലാം വിവിധ പരീക്ഷണങ്ങളിൽ ആയിരുന്നു ഈ അൻപത്തിമൂന്നുകാരൻ.

തേങ്ങാപ്പാലിൽ നിന്നു തൈര് നിർമിച്ചു ശ്രദ്ധേയനായിരുന്നു. ഈ പദ്ധതി വിപുലമായി നടപ്പാക്കാനുള്ള സാമ്പത്തിക സഹായത്തിനായി കേര ബോർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ആയുർവേദ ചികിത്സയിൽ ചേറുതേൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. സാധാരണ തേൻ കിലോയ്ക്കു 300രൂപ വിലയുള്ളപ്പോൾ ചെറുതേന് 1500 രൂപ മുതൽ 2000 രൂപവരെയാണ് വില. വളരെ ചെറിയ അളവ് ചെറുതേൻ മാത്രമേ ഉൽപാദിപ്പിക്കാൻ കഴിയൂ. വർഷം ഒരു കോളനിയിൽ നിന്നു 30 കിലോ വരെ സാധാരണ തേൻ ലഭിക്കും. എന്നാൽ ചെറുതേൻ 450ഗ്രാം മാത്രമേ ലഭിക്കുകയുള്ളൂ. പഴഞ്ചൻ മാതൃകയിൽ പരിപാലിക്കുന്നതു കൊണ്ട് തേൻ ശേഖരിക്കുമ്പോൾ അശുദ്ധി കാരണം ഇതു നശിച്ചുപോകും. കോളനികളും ഇല്ലാതെയായിപ്പോകും. വില കൂടുതലുള്ളതു കൊണ്ടു മായം ചേർക്കുന്ന പ്രവണതയും ഉണ്ട്. പുതിയ സംവിധാനത്തിലൂടെ ഇതിനെല്ലാം പരിഹാരമാകും. 

Your Rating: