ചരിത്രത്തിലേക്ക് ഒരു ചക്കസദ്യ

വധൂവരന്മാർ ചക്കപ്പഴം വൈനുമായി. ചിത്രം: മാത്യു ജോൺ, കരിമ്പ

ആദ്യത്തെ ചക്കസദ്യ നടത്തിയത് ശക്തൻ തമ്പുരാനാണത്രെ. ശീലായ്മയെ തുടർന്ന് നാവിനു രുചിയില്ലാതെ വിഷമിച്ച അദ്ദേഹം ചക്കക്കൂട്ടാൻ വച്ചത് കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോ ശരിയാക്കാമെന്നു പറഞ്ഞ സഹോദരന്മാർ നാടിളക്കി ആളെ വിട്ടെങ്കിലും ഓഫ് സീസണായ കന്നിമാസത്തിൽ ഒരു ചക്ക പോലും കിട്ടിയില്ല. എന്തു വില കൊ‌ടുത്തും ചക്കയെത്തിക്കുമെന്നു വീരസ്യം മുഴക്കിയവർ സന്ധ്യയായപ്പോൾ ചമ്മലോടെ തമ്പുരാന്റെ മുമ്പിലെത്തി. ഒരു ചക്ക പോലും വരുത്താൻ ശേഷിയില്ലാത്ത നിങ്ങൾ രാജ്യം ഭരിക്കുന്നതെങ്ങനെയെന്ന് അനന്തരാവകാശികളുടെ കാര്യനിർവഹണ ശേഷിയെ ശക്തൻ തമ്പുരാൻ പരിഹസിച്ചെന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്നത്. മാത്രമല്ല, പിറ്റേന്നു രാവിലെ തന്നെ ചക്കവിഭവങ്ങൾ കൊണ്ട് ബ്രാഹ്മണർക്ക് കെങ്കേമമായ സദ്യ നടത്തി ഭരണാധികാരിയുടെ ആജ്ഞാശക്തി എന്തായിരിക്കണമെന്നു കാണിച്ചുകൊടുക്കുകയും ചെയ്തു. അഞ്ഞൂറിലധികം ചക്കയാണത്രെ ഇരുട്ടിവെളുക്കും മുമ്പ് കൊട്ടാരത്തിലെത്തിയത്. പ്രഥമൻ, എരിശേരി, ഉപ്പേരി, തോരൻ മുതലായവയെല്ലാം ചക്ക കൊണ്ടുണ്ടാക്കി വിളമ്പിയെന്നും സദ്യയ്ക്കു ശേഷവും ഒട്ടേറെ ചക്ക ശേഷിച്ചെന്നും ഐതിഹ്യമാല വിവരിക്കുന്നു.

ചക്കപ്പുഴുക്ക്, ചക്ക ബജി. ചിത്രങ്ങൾ: മാത്യു ജോൺ, കരിമ്പ

ഇപ്പോഴിതാ, 210 വർഷം പിന്നിടുമ്പോൾ വീണ്ടും ഒരു ചക്കസദ്യ നടത്തി ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് പാലക്കാട് ഇരുമ്പകച്ചോല പാലക്കത്തറപ്പ‍േൽ ജയിംസ് പി. മാത്യു. മകൻ ലിനോയുടെ വിവാഹവിരുന്നിലാണ് പതിനാറ് ചക്കവിഭവങ്ങൾ അഞ്ഞൂറിലധികം പേർക്ക് ജയിംസ് ചേ‌ട്ടനും ഭാര്യ ലീലാമ്മയും കൂടി ഒരുക്കിയത്. അതും ഓഫ് സീസണിൽത്തന്നെ. ഒരു വ്യത്യാസം മാത്രം– ശക്തൻ തമ്പുരാൻ രാജാവെന്ന നിലയിലുള്ള ആജ്ഞാശക്തി തെളിയിക്കാനാണ് സദ്യ നടത്തിയതെങ്കിൽ കർഷകനായ ജയിംസ് ചേട്ടൻ ചക്കയോടും പ്ലാവിനോടും തനിക്കുള്ള പ്രണയം പ്രകടിപ്പിക്കുകയായിരുന്നു.

ചക്ക മിഠായി, ചക്കപ്പായസം. ചിത്രങ്ങൾ: മാത്യു ജോൺ, കരിമ്പ

വായിക്കാം ഇ - കർഷകശ്രീ 

വിരുന്നിന്റെ മെനു. ചിത്രം: മാത്യു ജോൺ, കരിമ്പ

രണ്ട് പതിറ്റാണ്ടു മുമ്പ് ചക്കയ്ക്കു വേണ്ടി വാദിച്ചുതുടങ്ങുമ്പോൾ ജയിംസ് ഒറ്റയാൾ പട്ടാളമായിരുന്നു. ചക്കയിൽനിന്നു വൈൻ ഉണ്ടാക്കുന്ന വിധവും മൂപ്പെത്തിയ ചക്ക ലളിതമായി സംസ്കരിച്ചു സൂക്ഷിക്കുന്ന വിധവും രൂപപ്പെടുത്തിയ ജയിംസ്–ലീലാമ്മ ദമ്പതികളാണ് ഇന്നു കേരളത്തിൽ വളരുന്ന ചക്കവ്യവസായത്തിന്റെ വഴികാട്ടികൾ. പാലക്കാട്ടെ പീപ്പിൾസ് സർവീസ് സൊസൈറ്റിയുൾപ്പെടെ ഒട്ട‍േറെ സംസ്കരണയൂണിറ്റുകൾക്ക് ചക്ക സംസ്കരണത്തിനു സാങ്കേതികവിദ്യ കൈമാറാനുള്ള മഹാമനസ്കതയും അദ്ദേഹം കാണിച്ചു. നമ്മുടെ നാട്ടിലെ നിയമക്കുരുക്കുകളില്ലായിരുന്ന‍െങ്കിൽ ചക്കവൈൻ കേരളത്തിലെ കൃഷിക്കാർക്ക് വലിയ വരുമാനമേകുമായിരുന്നെന്ന് ജയിംസ് ചൂണ്ടിക്കാട്ടി. കർണാടകത്തിലെ വൈൻ ബോർഡ് 7500 രൂപ മാത്രം ഈടാക്കിയാണ് വീഞ്ഞുനിർമാണത്തിനു ലൈസൻസ് നൽകുന്നത്. ചക്ക, മാങ്ങ, തേങ്ങ എന്നിവ സംസ്കരിച്ചുപയോഗിക്കുന്നതിനും സംസ്കരിച്ച വിഭവങ്ങളുടെ പുനരുപയോഗത്തിനും ഈ സദ്യ മാതൃകയായി.

ചക്കപ്പഴം വൈൻ, മധുര വിഭവങ്ങൾ. ചിത്രങ്ങൾ: മാത്യു ജോൺ, കരിമ്പ

ഓഫ് സീസണിലും ചക്കസദ്യ നടത്തിയ തന്റേടത്തിനു പിന്നിൽ ഹോംസയൻസ് പരിശീലനം പൂർത്തിയാക്കിയ ഭാര്യ ലീലാമ്മയിലുള്ള വിശ്വാസമായിരുന്നു. മധുരംവയ്ക്കാനെടുത്ത ചക്ക വൈനും ചക്ക കേക്കും ഉൾപ്പെടെയുള്ള വിഭവങ്ങളെല്ലാം തന്നെ ലീലാമ്മ അടുക്കളയിൽ പരീക്ഷിച്ചവയാണ്. കാറ്ററിംഗ് കമ്പനിക്കായിരുന്നു പാചകത്തിന്റെ ചുമതല. ചക്കസദ്യയെന്നു കേട്ടപ്പോഴെ പറ്റില്ലെന്നു പറഞ്ഞു പിന്മാറിയ ഇവരെ വീട്ടിൽ കൊണ്ടുവന്ന് നേരിട്ടു പരിശീലിപ്പിച്ച ശേഷമാണ് സദ്യയുടെ ചുമതല ഏൽപിച്ചത്.

ജയിംസ് പി. മാത്യുവും ഭാര്യ ലീലാമ്മയും. ചിത്രം: മാത്യു ജോൺ, കരിമ്പ

ചക്കസദ്യ അബദ്ധമാവുമെന്ന് ആശങ്കപ്പെട്ടവർക്കു തെറ്റി. ഉണങ്ങിയ ചക്ക കൊണ്ട‍ുള്ള പുഴുക്കും ചക്കപ്പായസവും കേക്കും വീഞ്ഞും മധുരപലഹാരങ്ങളുമൊക്കെ വിരുന്നിനെത്തിയവരുടെ മനം കവർന്നു. വധൂവരന്മാർ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയയിൽ നിന്നത്തിയ വിദേശികൾക്കുപോലും ചക്കവീഞ്ഞ് ക്ഷ ബോധിച്ചു. വിരുന്നുശാലയിലേക്കു കയറുന്നവർക്ക് ചക്കജ്യൂസ് കൊണ്ടു സ്വാഗതം. ഇലയടയെന്ന ബോർഡിനു കീഴിൽ കണ്ടത് ഒന്നാംതരം കുമ്പിളപ്പം. പിന്നെ സാക്ഷാൽ ചക്കപ്പുഴുക്ക്. കൂടെ നല്ല നാടൻ കോഴിക്കറിയും, ആഹാ! ഉണങ്ങിയ ചക്കകൊണ്ടാണ് പുഴുക്കെന്നു തോന്നിയതേയില്ല. സസ്യഭക്ഷണക്കാർക്കായി ചക്ക ഉപ്പിലിട്ടതും കാന്താരിച്ചമ്മന്തിയും ചക്ക അച്ചാറും കരുതിയിരുന്നു. ചോറും കറികളും വേണ്ടവർക്ക് അതും. മൈസൂർ പൂവൻ പഴം തേനിലിട്ടതും കോക്കനട്ട് ചിപ്സുമൊക്കെ രുചി വൈവിധ്യങ്ങളായിരുന്നു. ചക്കമുള്ളിട്ടു തിളപ്പിച്ച വെള്ളമാണ് അതിഥികൾക്കു കുടിക്കാൻ നൽകിയത്. പ്രമേഹനിയന്ത്രണത്തിന് ഈ വെ‍ള്ളം ഉത്തമമാണെന്ന നാട്ടറിവ് അവിടെ എഴുതിവച്ചിരുന്നു.

മധുരത്തിലായിരുന്നു സദ്യ കൂടുതൽ സമ്പന്നം. ചക്കപ്പഴം കൊണ്ടുള്ള പായസത്തിനു മധുരം ഇത്തിരി കൂടിയോ! പിന്നാലെ വന്നത് പനസം എന്ന പേരിൽ പച്ചച്ചക്കയുടെ പൊടി രണ്ടു രീതിയിൽ കുറുക്കിയതായിരുന്നു. കൂഴച്ചക്ക പൊടിച്ചു പുഴുങ്ങിയുണ്ടാക്കിയ പേരില്ലാപലഹാരം, മധുപനസം, ജ്യൂസെടുത്ത ചക്ക ഉണക്കിപ്പൊടിച്ചശേഷം വറുത്ത അരിപ്പൊടി ചേർത്ത് ഉരുട്ടിയെടുത്തത് എന്നിവ തേനിലിട്ട ചക്കപ്പഴത്തോടൊപ്പം ഡെസർട്ടിന്റെ ഡിഷിൽ കിട്ടിയതോടെ വിരുന്നിനെത്തിയവർ ഫ്ലാറ്റ്. ചക്കമടൽ കൊണ്ടു രണ്ടു രുചിഭേദങ്ങളിലുള്ള ബജി കാണുമ്പോൾതന്നെ കഴിക്കാൻ തോന്നിക്കുന്ന വിഭവമായിരുന്നു. തൊട്ടപ്പുറത്ത് ചക്കക്കുരുപ്പൊടികൊണ്ടുള്ള കടുംകാപ്പി. ആദ്യയിറക്കിൽ തന്നെ അതു ഹൃദയത്തിൽ ഇടംപിടിച്ചു. രണ്ടു തരം ചക്കമിഠായിയും വായിലിട്ട് പുറത്തേക്കിറങ്ങിയവരെല്ലാം കൗണ്ടറിനു മുന്നിലെ ബോർഡിൽ ജയിംസ് ചേട്ടൻ എഴുതിവച്ചിരുന്ന പഞ്ച് ഡയലോഗും മനസ്സിലിട്ടാണ് വിരുന്നു കഴിഞ്ഞു മടങ്ങിയത്.

- പ്രിയപ്പെട്ട ചക്കേ, നിന്ന സ്വീകാര്യമാക്കാനുള്ള എന്റെ പരിശ്രമങ്ങളിൽ ഒരുപക്ഷേ അവസാനത്തേതായിരിക്കാം ഇത്.

ഫോൺ: 9446294239