നീരയ്ക്കു വില 30 രൂപ, വിയർപ്പിന്റെ വില 100 രൂപ

നീര ഉൽപ്പാദനം

ഒരു ലീറ്റർ നീരയ്ക്ക് കർഷകന് കിട്ടുന്നത് 15 രൂപ. അതു ചെത്തിയെടുക്കുന്ന തൊഴിലാളിക്ക് 50 രൂപ - ഇതാണ് കണ്ണൂർ തേജസ്വിനി കമ്പനി ഒരു വർഷം മുമ്പ് നീര ഉൽപാദനത്തിനിറങ്ങുമ്പോൾ കൃഷിക്കാർക്ക് മുമ്പിൽ വച്ച കണക്ക്. രണ്ടു ലീറ്റർ ഉൽപാദനമുള്ള തെങ്ങിൽ നിന്നു കർഷകന് മുപ്പതു രൂപ വരുമാനം. എന്നാൽ പാട്ടം മാത്രം വാങ്ങി പത്രാസ് കാട്ടാൻ മലയോര കർഷകൻറെ അധ്വാനപാരമ്പര്യം മലബാറിലെ ചെറുപ്പക്കാരെ അനുവദിച്ചില്ല. സ്വന്തം പശുവിനെ കറക്കാനും സ്വന്തം റബർ ടാപ്പ് ചെയ്യാനും മടിയില്ലാത്തവർ സ്വന്തം തെങ്ങിലെ മധു എടുക്കാൻ മടിക്കുന്നതിൽ യുക്തിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. നീര വിളവെടുക്കുന്നതു കൃഷിക്കാരന്റെ അവകാശവും അഭിമാനവുമാണെന്ന നിലപാടിലെത്താൻ തേജസ്വിനിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. നീരയുടെ 30 രൂപയ്ക്കൊപ്പം നീര ടെക്നീഷ്യന്റെ വിയർപ്പിനുള്ള വിലയും നേടണമെന്നു തീരുമാനിച്ച അവർ ഇന്നു നേടുന്നത് മറ്റാർക്കും കിട്ടാത്ത വരുമാനം. സ്വയം ടാപ്പ് ചെയ്യുന്ന കർഷകർക്ക് രണ്ടിനത്തിലുമായി ലീറ്ററിന് 65 രൂപ വീതം ലഭിക്കും. രണ്ടു ലീറ്റർ ഉൽപാദനമുള്ള തെങ്ങിൽ നിന്നു 130 രൂപ. മുപ്പത് രൂപ കിട്ടേണ്ട നീരയ്ക്ക് 130 രൂപ നേടുന്നതിനെ അധ്വാനത്തിൻറെ കണക്കെന്നു വിളിക്കാം, പുരയിടത്തിലെ സ്വന്തം തെങ്ങിൽ നിന്നു വിളവെടുക്കാൻ വേറൊരാൾ വേണ്ടെന്ന തീരുമാനത്തിലൂടെ ഓരോ തെങ്ങിൽനിന്നും ദിവസേന 100 രൂപ അധികം നേടുകയാണ് ഈ കൃഷിക്കാർ.

സംശയമുള്ളവർക്ക് ഉദയഗിരിക്കാരായ ഷാജു, പ്രിൻസ് എന്നിവരെ പരിചയപ്പെടാം. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ പഠനം നിർത്തി മണ്ണിലിറങ്ങിയ ഷാജു ഇന്ന് തന്റെ 12 തെങ്ങ് ചെത്തി നേടുന്നത് കോളജ് അധ്യാപകരുടെ തുടക്കശമ്പളത്തിന്റെ ഇരട്ടിയോളം. കൃഷിയിടത്തിൽ നിന്നുള്ള ഇതരവരുമാനവും ഇത്രത്തോളം വരും. നീരയിൽനിന്ന് ഷാജു മാസം 82,000 രൂപ വരെ നേടുമ്പോൾ എട്ടു തെങ്ങിൽനിന്നു നീരയെടുക്കുന്ന പ്രിൻസ് കഴിഞ്ഞ മാസം നേടിയത് 25,000 രൂപ. ചെറുപുഴയിലെ മനോജിന് എട്ടുതെങ്ങിൽനിന്നു കിട്ടിയത് 55,000 രൂപ, ബിനീഷ് പി.എസ്, ജിനു ജോസഫ്, രാജെറ്റ്, സ്റ്റെനി, ജസ്റ്റിൻ......ഈ പട്ടിക നീളുകയാണ്. കണ്ണൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി 31 ചെറുപ്പക്കാരാണ് ഇപ്രകാരം നീരക്കാശിന് അധ്വാനത്തിൻറെ അധികമൂല്യം നൽകുന്നത്. തൊഴിലാളിക്ഷാമമെന്ന കടമ്പയിൽ തട്ടി നീരപദ്ധതി അവതാളത്തിലാകാതിരിക്കാനും ഇതുപകരിച്ചു. റബർവിലയുടെ പാതാള പതനം മൂലം പ്രതിസന്ധിയിലായ കർഷക കുടുംബങ്ങൾക്ക് തക്കസമയത്തു കൈത്താങ്ങായതും നീര തന്നെ.

‘മലബാർ മേഖലയിലെ ഏറ്റവും മികച്ച സ്കൂളുകളിലാണ് ഞങ്ങൾ മക്കളെ പഠിപ്പിച്ചിരുന്നത്. പ്രതിമാസം 4000 രൂപ സ്കൂൾ ഫീസ് നൽകുന്നവർ ഞങ്ങൾക്കിടയിലുണ്ട്. റബർ വില ഇടിഞ്ഞപ്പോൾ പുതിയ വരുമാനം കിട്ടിയതുകൊണ്ട് കുട്ടികളുടെ പഠനത്തിനു മുടക്കമുണ്ടായില്ല’- പ്രിൻസ് ചൂണ്ടിക്കാട്ടി. ഒരു വർഷം മുമ്പ് ഞങ്ങൾ നീര ടാപ്പിങ് പരിശീലിക്കുമ്പോൾ പരിഹസിച്ചവർ ഒട്ടേറെ. നിങ്ങൾക്ക് ചെത്തുകാരുടെ പണി ചെയ്യേണ്ട ആവശ്യമുണ്ടോയെന്നായിരുന്നു ചോദ്യം. ഇന്ന് സ്വന്തം തെങ്ങിൽനിന്നുള്ള നീര വിറ്റു കിട്ടിയ ഇത്രയേറെ പണവുമായി റോഡിലിറങ്ങുമ്പോൾ പരിഹസിച്ച പലരും വരുമാനമില്ലാതെ കടവരാന്തകളിൽ വിഷണ്ണരായി നിൽക്കുന്നതു കാണാം - പ്രിൻസ് ഇതു പറയുമ്പോൾ മധുര പ്രതികാരത്തിന്റെ തിളക്കമുണ്ടായിരുന്നു കണ്ണുകളിൽ. റബറും തെങ്ങും മാത്രം വരുമാനമായുള്ള പല കുടുംബങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഇത്തരം കുടുംബങ്ങളിലെ ആരോഗ്യവാന്മാരായ ചെറുപ്പക്കാർ നീര നൽകുന്ന അവസരം തട്ടിക്കളയരുതെന്ന് പ്രിൻസ്.

പന്ത്രണ്ടു തെങ്ങിൽനിന്ന് പ്രതിമാസം ശരാശരി 75,000 രൂപ നേടുന്ന പാലാക്കാട്ട് പുത്തൻപുരയ്ക്കൽ ഷാജു അപ്പച്ചനാണ് കൂട്ടത്തിൽ കേമൻ. എട്ടേക്കറിലെ കൊക്കോ, ജാതി, കമുക്, റബർ, വാഴ, പൈനാപ്പിൾ, വെറ്റില, ഏലം, ഗ്രാമ്പൂ എന്നീ വിളകളിൽനിന്നായി ഷാജുവിനു മാസംതോറും ആകെ കിട്ടുന്നത് ഏറക്കുറെ ഇതേ തുക തന്നെ. വിദേശജോലിക്കായി ഓടിനടക്കുന്ന മലയാളികൾക്ക് പ്രതിമാസം ഒന്നരലക്ഷം രൂപ സ്വന്തം മണ്ണിൽനിന്നു നേടുന്ന ഈ യുവാവ് മാതൃകയാണ്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ ഷാജു കൃഷിയിടത്തിൽ അധ്വാനമാരംഭിച്ചിട്ടു വർഷങ്ങളായി. റബറും തെങ്ങും വാഴയും കോഴിയും ആടും പന്നിയും പശുവുമൊക്കെ പല കാലങ്ങളിൽ മാറി മാറി പരീക്ഷിച്ചു. അടുത്ത കാലം വരെ റബർ ടാപ്പ് ചെയ്തിരുന്ന ഷാജു ഇനി തെങ്ങിൽ മാത്രം ശ്രദ്ധിക്കുകയാണ്. വേനലായതോടെ റബർ ടാപ്പിങ് അവസാനിപ്പിച്ചു കഴിഞ്ഞു. നീര ടാപ്പ് ചെയ്യുന്നവർക്ക് മറ്റ് കൃഷികൾക്കായി അധിക സമയം കിട്ടില്ലെന്നു ഷാജു ചൂണ്ടിക്കാട്ടി.

ഉദയഗിരിയിൽ സൂര്യൻ ഉദിക്കുമ്പോൾ ഷാജു തെങ്ങിൻറെ മുകളിലെത്തും. തെങ്ങിനു മുകളിലെ ന്യൂജനറേഷൻ മാട്ടത്തിൽനിന്നു നീര നിറഞ്ഞ പ്ലാസ്റ്റിക് കൂടെടുത്തു കെട്ടി ബക്കറ്റിലേക്കിടും. വീണ്ടും കുല ചെത്തിയൊരുക്കി കവറിനുള്ളിലാക്കി ഐസ് ബോക്സിൽ വച്ച ശേഷമാണ് തിരികെയിറങ്ങുക. പതിനഞ്ചു മിനിറ്റ് നീളുന്ന അധ്വാനത്തിനൊടുവിൽ ശരാശരി രണ്ടു ലീറ്റർ നീര കിട്ടും. ആറു ലീറ്റർ വരെ ഉൽപാദനം തന്ന തെങ്ങും ഷാജുവിൻറെ തോട്ടത്തിലുണ്ട്. കായ്പിടിത്തമില്ലാത്ത ആൺതെങ്ങുകളാണ് ഇപ്രകാരം അമിത ഉൽപാദനം നടത്താറുള്ളതെന്നു ഷാജു പറയുന്നു. എല്ലാ തെങ്ങിൽനിന്നും നീരയെടുത്തു കഴിയുമ്പോൾ പത്തുമണിയാകും. സ്വന്തം കാറിൽ നീര നിറച്ച കാനുകളുമായി ഉദയഗിരി നാളികേര ഉൽപാദകസംഘത്തിലെത്തുമ്പോൾ ഷാജു നേടുന്നത് ശരാശരി 2000 രൂപയാണ്. ഉച്ചയാകും മുമ്പ് ഇത്രയും വരുമാനമുണ്ടാക്കുന്ന ഷാജു, നാട്ടിലെ ഒട്ടേറെ ചെറുപ്പക്കാരുടെ കണ്ണു തുറപ്പിക്കുന്നുണ്ട്. വേനലായതോടെ വൈകുന്നേരങ്ങളിലെ നീര ഉൽപാദനം കുറഞ്ഞു. ഈ നീര വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം രാവിലെ സംഭരണ കേന്ദ്രത്തിലെത്തിക്കുന്നു.

നീര ടെക്നീഷ്യന്മാർക്കു തെങ്ങുകയറ്റയന്ത്രം ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു ഷാജു ചൂണ്ടിക്കാട്ടി. ചകിരിമടൽ കെട്ടിയുണ്ടായ പടികളിൽ ചവിട്ടിയാണ് ടാപ്പിങ്ങിനായി തെങ്ങിൽ കയറുന്നത്. നാട്ടുകാരനായ സണ്ണി രൂപകൽപന ചെയ്ത ഇരുമ്പുപടികളും പരീക്ഷണാർഥം ഷാജു ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്യുന്ന ഷാജു വേനലിൽ നന മുടക്കാറില്ല. കൂടാതെ തൊഴുത്തിൽനിന്നുള്ള ചാണകസ്ലറി പമ്പു ചെയ്തു നൽകാറുമുണ്ട്. നീര ഉൽപാദനം മെച്ചപ്പെടുത്താൻ ഇവ സഹായകമാണ്. പുരയിടത്തിലെ തെങ്ങ് ടാപ്പ് ചെയ്യുന്ന കൃഷിക്കാർക്ക് അനുബന്ധജോലികൾക്ക് കുടുംബാംഗങ്ങളുടെ സഹായം തേടാനാവും. നീര സംഭരിക്കുന്ന പോളിത്തീൻ കൂടകൾ റബർ ബാൻഡിട്ട് സുരക്ഷിതമാക്കുന്നതുപോലുളള ജോലികൾക്ക് മക്കൾ ഒപ്പം കൂടുമെന്ന് ഷാജു പറഞ്ഞു. ചെളി അണുവിമുക്തമാക്കുന്നതിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനുമൊക്കെ ഭാര്യ ലൂസിയുടെ സഹായവുമുണ്ട്. എട്ടേക്കറിലെ കൃഷിപ്പണികൾ എല്ലാം ഏറക്കുറെ തനിയെ ചെയ്യാൻ ശ്രമിക്കുന്ന ഷാജു നാട്ടിലെ ഏറ്റവും അധ്വാനിയായ കർഷകനായാണ് അറിയപ്പെടുന്നത്.

നീര ചെത്താനായി തെങ്ങിൽ കയറുന്ന ഷാജു

നീര ടാപ്പിങ് ആരംഭിച്ചതോടെ കുടവയർ കുറഞ്ഞെന്നു സാക്ഷ്യപ്പെടുത്തിയ പല കർഷകരും പുതിയ തൊഴിൽ ശാരീരികക്ഷമത വർധിപ്പിക്കുന്ന വ്യായാമം കൂടിയാണെന്നു ചൂണ്ടിക്കാട്ടി. പതിവായി കൃഷിക്കാരൻ തെങ്ങിൻറെ മുകളിൽ എത്തുന്നതിനാൽ വിളപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവും. ചെല്ലിക്കുത്ത് പോലുള്ള കീടാക്രമണങ്ങൾ തുടക്കത്തിൽ തന്നെ ഒഴിവാക്കാൻ സാധിക്കുന്നു. കൂടുതൽ മുതൽമുടക്ക് വേണ്ടിവരുന്ന തൊഴിലാണ് നീരചെത്ത്. സവിശേഷ രീതിയിൽ സിപിസിആർഐ രൂപകൽപന ചെയ്ത മാട്ടത്തിനുതന്നെ 1400 രൂപ വിലയുണ്ട്. ഒരു തെങ്ങിനു മൂന്നെണ്ണമെന്ന തോതിൽ ഇത് കരുതണം. ഏകദേശം 1100 രൂപ വിലയുള്ള കൂട, കത്തി, ചളി എന്നിവയും കരുതണം. എന്നാൽ തേജസ്വിനിയുടെ കൃഷിക്കാർക്ക് കമ്പനി തന്നെ ഇവയെല്ലാം നൽകിയെന്ന് ഉദയഗിരി ഫെഡറേഷൻ പ്രസിഡൻറ് ജോസ് പറയൻചാലി പറഞ്ഞു. വില ചെറിയ ഗഡുക്കളായി നീരയുടെ വിലയിൽ നിന്ന് ഈടാക്കും.

ഫോൺ- 9495376448

നീരയിൽ നീര മാത്രം

പുളിക്കാതിരിക്കാൻ യാതൊന്നും ചേർക്കുന്നില്ലെന്നതാണ് തേജസ്വിനി കമ്പനിയുടെ നീരയുടെ സവിശേഷത. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത മാട്ടങ്ങളാണ് ഉപയോഗിക്കുന്നത്. ഫ്ളാസ്ക് പോലെ പ്രവർത്തിക്കുന്ന തെർമോകോൾ ഐസ് ബോക്സുകളാണിവ. ഇതിനുള്ളിലെ ഐസ് പാളികൾക്കിടയിലാണ് നീര വീഴുന്ന പ്ലാസ്റ്റിക് കൂട് വയ്ക്കുക. ഓരോ തവണ ടാപ്പിങ്ങിനായി കയറുമ്പോഴും മാട്ടത്തിനുള്ളിൽ വയ്ക്കാനുള്ള ഐസ് പാളികളും ബക്കറ്റിലെടുക്കും. ചതുരപ്പെട്ടി പോലുള്ള മാട്ടത്തിൻറെ അരികിലെ ദ്വാരത്തിലൂടെ കുല ഉള്ളിലേക്കു കടത്തി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കുന്നു. റബർ ബാൻഡിട്ടു മുറുക്കിയ കൂടുകൾ ഐസിനുള്ളിൽ വച്ചശേഷം പെട്ടിയടക്കും. മാട്ടത്തിൻറെ ഒരരികിലായുള്ള ദ്വാരവും പ്രത്യേക ക്യാപ്പുപയോഗിച്ച്‌ അടയ്ക്കും.

ഐസ്ബോക്സ് കവിളിനോടു ചേർത്തുവയ്ക്കാനാവില്ലാത്തതിനാൽ കുല തീരും മുമ്പേ ടാപ്പിങ് അവസാനിപ്പിക്കേണ്ടി വരാറുണ്ട്. ഓരോ തെങ്ങിൻറെയും മുകളിൽ രണ്ടു നേരം ഐസ് എത്തിക്കുന്നത് ദുഷ്കരമാണെങ്കിലും പരിശുദ്ധമായ നീര ഉറപ്പാക്കാൻ ഇതേ മാർഗമുള്ളുവെന്ന് ഉദയഗിരി ഫെഡറേഷൻ വൈസ് പ്രസിഡൻറ് സുകുമാരൻ പറഞ്ഞു. നീരസംഭരണ കേന്ദ്രങ്ങളിൽ തന്നെ ഐസ് ഉൽപാദനത്തിനും വിതരണത്തിനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ദിവസവും ഇവിടെയെത്തി ഐസ് വാങ്ങിയാണ് കൃഷിക്കാർ ടാപ്പിങ് നടത്തുക.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വളരെപ്പെട്ടെന്ന് നീര ഉൽപാദനത്തെ ബാധിക്കാറുണ്ട്. അന്തരീക്ഷത്തിൽ ചൂടും ഈർപ്പവും കൂടിയാൽ ഉൽപാദനം കുറയും. കാറ്റ് കൂടുതലായാലും ഇതേ പ്രശ്നമുണ്ട്. അതേ സമയം രാത്രിയിൽ മഞ്ഞും തണുപ്പുമുണ്ടെങ്കിൽ ഉൽപാദനം കൂടുതൽ പ്രതീക്ഷിക്കാം. എലി, അണ്ണാൻ, വവ്വാൽ തുടങ്ങിയവയുടെ ഉപദ്രവവും നീര ചെത്തുന്ന തെങ്ങുകളിൽ കാണാം. അടിയന്തര സന്ദർഭങ്ങളിൽ പോലും അവധിയെടുക്കാനാവില്ലെന്നതൊഴികെ എല്ലാ കാര്യങ്ങളിലും കേരളത്തിലെ കൃഷിക്കാരൻറെ നേട്ടമായി മാറാൻ നീരയ്ക്കു കഴിയുമെന്നു തെളിയിക്കുകയാണ് ഉദയഗിരിയിലെ യുവകർഷകർ.