കിണറ്റുകരയില്‍ ജാതിത്തൊണ്ടിനും വില

ഷെബ്സ് ഉൽപന്നങ്ങളുമായി ഷെബി

ജാതിത്തൈകൾ വിൽക്കുന്ന നഴ്സറികൾ കേരളത്തിൽ ഒട്ടേറെയുണ്ട്. തൈകളുടെ നിലവാരത്തിനപ്പുറം വിപണിയെക്കുറിച്ചോ വിലയെക്കുറിച്ചോ ഉറപ്പു നൽകാൻ അവർക്ക് കഴിയാറില്ല, കൃഷിക്കാർ അതു പ്രതീക്ഷിക്കാറുമില്ല. എന്നാൽ തങ്ങളുടെ ജാതി കൃഷി ചെയ്യുന്നവരിൽനിന്ന് ഉൽപന്നങ്ങൾ തിരികെ വാങ്ങുമെന്ന വാഗ്ദാനവുമായി ഇതാ ഒരു സംരംഭം. പ്രമുഖ ജാതി നഴ്സറിയായ കോട്ടയം പിണ്ണാക്കനാട് കിണറ്റുകര നഴ്സറി ഉടമ അരുൺ മാത്യു വൈകാതെ തന്നെ ഈ സേവനം തന്റെ ഉപഭോക്താക്കൾക്കു നൽകാനുള്ള തയാറെടുപ്പിലാണ്. വിപണി ഉറപ്പുള്ള ജാതിക്കുരുവല്ല, പാഴായിപ്പോവുന്ന ജാതിത്തൊണ്ടാണ് ഇവർ തിരികെ വാങ്ങാനൊരുങ്ങുന്നതെന്നതും ശ്രദ്ധേയം.

വായിക്കാം ഇ - കർഷകശ്രീ

ഇങ്ങനെയൊരു വിൽപനാനന്തര സേവനത്തിന് അരുണിനു ധൈര്യവും പ്രേരണയും നൽകുന്നത് ഭാര്യ ഷെബിയാണ്. ജാതിത്തോടിൽനിന്ന് ഇരുപതോളം മൂല്യവർധിത ഉൽപന്നങ്ങളാണ് ഷെബി തയാറാക്കുന്നത്. ഇവയിൽ സിറപ്പ്, ജ്യൂസ്, പുഡിങ്, ജെല്ലി, ചമ്മന്തിപ്പൊടി, കേക്ക്, ഫ്രൂട്ട് സലാഡ്, ടോഫി, ബർഫി, മൂന്നു തരം അച്ചാറുകൾ എന്നിവയുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. ഉദരപ്രശ്നങ്ങൾക്കുള്ള മരുന്നായും ഉത്തേജകമായും കരുതപ്പെടുന്ന ജാതിത്തൊണ്ടിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെ. ഷെബ്സ് എന്ന ബ്രാൻഡിൽ മികച്ച പാക്കിങ്ങും ശീതീകരണ സൗകര്യങ്ങളുമൊക്കെ ഏർപ്പെടുത്തിയാണ് ഇവ വിൽപനയ്ക്കു വയ്ക്കുന്നത്. ഹോം മേഡ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിലും തൊടുപുഴയിലെയും പാലാരിവട്ടത്തെയും കാഡ്സ് വിപണികളിലുമാണ് ആദ്യഘട്ടമായി ഷെബ്സിന്റെ ജാതിത്തൊണ്ട് വിഭവങ്ങൾ വിൽപനയ്ക്കെത്തിയിട്ടുള്ളത്. പിണ്ണാക്കനാട്ടിലെ നഴ്സറി ആസ്ഥാനത്തോടു ചേർന്നും മണ്ണുത്തിയിൽ ഉടൻ ആരംഭിക്കുന്ന നഴ്സറിയുടെ സമീപത്തും ഷെബ്സ് വിഭവങ്ങൾക്കായി കൗണ്ടറുകളുണ്ടാവും. പ്രത്യേകം ഡിസൈൻ ചെയ്ത ഈ കൗണ്ടറുകളിൽ പ്രീമിയം ആരോഗ്യവിഭവങ്ങളായി ഇവ വിൽക്കാമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ഭക്ഷ്യസംരക്ഷകങ്ങളൊന്നും ചേർക്കാതെ നിർമിക്കുന്നതിനാൽ ഇവ ശീതീകരിച്ചു സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായി മുന്തിയ പാനീയനിർമാതാക്കളെപ്പോലെ കടകളിൽ ഷെബ്സ് വിസി കൂളറുകൾ സ്ഥാപിക്കുന്നുണ്ട്. പരീക്ഷണ വിപണനത്തിൽ മികച്ച പ്രതികരണമാണ് കിട്ടിയതെന്ന് അരുൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ സംഭരിച്ച ജാതിത്തൊണ്ടുകളാണ് ഇപ്പോൾ സംസ്കരണത്തിന് ഉപയോഗിക്കുന്നത്. അടുത്ത സീസൺ മുതൽ ടൺ കണക്കിനു ജാതിത്തൊണ്ടുകൾ സംസ്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തന്റെ ഉൽപന്നങ്ങളിലൂടെ കോട്ടയത്തിന്റെ കൈപ്പുണ്യം ലോകമെങ്ങും എത്തിക്കാനുള്ള ഉദ്യമത്തിൽ ഭര്‍ത്താവ് അരുണും ഭർത്തൃപിതാവ് കെ.ടി. മാത്യുവും പരമാവധി പിന്തുണ നൽകുന്നുണ്ടെന്ന് ഷെബി പറഞ്ഞു. റൂത്ത്, മറിയം, മാർട്ടിൻ, സാറ എന്നിങ്ങനെ നാലു മക്കളാണ് ഈ ദമ്പതികൾക്ക്. സംരംഭകയിലേക്കുള്ള ഭാവപ്പകർച്ചയ്ക്കിടയിലും വീട്ടമ്മയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിനു ഷെബി സമയം കണ്ടെത്തുന്നു.

വീട്ടാവശ്യത്തിന് ഉൽപാദിപ്പിച്ചിരുന്ന ജ്യൂസും സിറപ്പും പുഡിങ്ങുമൊക്കെ വ്യാവസായിക നിലവാരത്തിലേക്ക് മാറ്റുന്നത് ചെലവും അധ്വാനവുമുള്ള പ്രക്രിയയാണെന്ന് ഷെബി പറഞ്ഞു. ഫുഡ് ടെക്നോളജി വിദഗ്ധരുടെ സഹായവും ഇതിനു വേണ്ടിവന്നു. നിശ്ചിത പോഷകനിലവാരത്തിൽ ഉൽപന്നങ്ങളുടെ നിർമാണം നിജപ്പെടുത്തുന്നതിനായി പല തവണ പോഷകനിർണയം നടത്തി. ഇതിനു മാത്രം രണ്ടു ലക്ഷത്തിലധികം രൂപ ചെലവായി. ഇപ്പോൾ ഹോം മേഡ് ഉൽപന്നങ്ങളായാണ് വിൽക്കുന്നതെങ്കിലും വൈകാതെ തന്നെ വ്യാവസായിക ഉല്‍പാദനത്തിലേക്കു മാറാനാണ് പദ്ധതി.

കിണറ്റുകര ഇനം ജാതിയുടെ തൊണ്ട് ഉപയോഗിച്ച് ഉൽപന്നനിർമാണം നിജപ്പെടുത്തിയതിനാൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി തങ്ങളുടെ ഇനം കൃഷി ചെയ്തവരിൽനിന്നു മാത്രമായിരിക്കും ജാതിത്തൊണ്ട് വാങ്ങുകയെന്ന് അരുൺ അറിയിച്ചു. വില നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ ശരാശരി 4.5 രൂപ വില കിട്ടുന്ന ജാതിക്കായ്ക്ക് 20–25 പൈസയെങ്കിലും കൂടുതൽ ഉറപ്പാക്കാമെന്നാണ് കരുതുന്നത്.

ഫോൺ– 9344778866