അമ്മച്ചിപ്ലാവിന്റെ തണലിൽ

ഏലിയാമ്മയ്ക്കും മീരയ്ക്കുമൊപ്പം ചക്കവിഭവങ്ങളുമായി ആൻസി

അഞ്ചു വർഷം മുമ്പ് മലയാള മനോരമയുടെ പാചകമത്സരത്തിൽ ചക്കക്കുരുകൊണ്ടുള്ള കേക്ക് അവതരിപ്പിച്ചപ്പോൾ പുതിയൊരു സംരംഭത്തിലേക്കുള്ള വഴിതുറക്കുകയാണെന്ന് പാലാ ഞാവള്ളി മംഗലത്തിൽ ആൻസി മാത്യു കരുതിയില്ല. മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ ആവേശത്തിൽ വിവിധ ചക്കവിഭവങ്ങൾ പരീക്ഷിച്ച ഈ വീട്ടമ്മ ഇന്ന് 150ലധികം ചക്കവിഭവങ്ങളുടെ പാചകവിധി സ്വന്തമാക്കിക്കഴിഞ്ഞു. ഈ വിഭവങ്ങൾ ആവശ്യക്കാർക്കു തയാറാക്കി നൽകി പ്രതിമാസം അറുപതിനായിരം രൂപയിലേറെ നേടുകയാണിവർ. ആൻസിക്ക് ഒരു ബിസിനസ് പങ്കാളിയുണ്ട്– അറുപത്തഞ്ചുകാരിയായ അമ്മ ഏലിയാമ്മ.

തൊടുപുഴ അരീക്കാട്ട് വീട്ടിൽനിന്നു പാലായുടെ മരുമകളായി വരുമ്പോൾ ആൻസി കൈമുതലായി കൊണ്ടുവന്നത് പാചകത്തിലെ കൈപ്പുണ്യമായിരുന്നു. അമ്മയോടൊപ്പം ചെറുപ്പം മുതൽ പാചകപരീക്ഷണങ്ങൾ നടത്തിവന്നത് ഭർതൃഗൃഹത്തിലും അവർ തുടർന്നു. ജോയൽ ഫുഡ് പ്രോഡക്‌ട്സ് എന്ന പേരിൽ കുടയത്തൂരിലെ വീട്ടിൽ അമ്മ ചക്കസംസ്കരണം സംരംഭമാക്കിയപ്പോൾ സംസ്കരിച്ച ചക്ക ഉപയോഗപ്പെടുത്തി വിഭവങ്ങളുണ്ടാക്കാമെന്നായി ആൻസിയുടെ ചിന്ത. പരാജയപ്പെട്ട പല പരീക്ഷണങ്ങൾക്കും ശേഷമാണ് ഓരോ വിഭവവും രൂപപ്പെടുന്നതെന്ന് ആൻസി ചൂണ്ടിക്കാട്ടി. ചില രീതികളിൽ സംസ്കരിച്ചാൽ വിഭവങ്ങൾക്ക് കയ്പുണ്ടാവും. അതിനെ മറികടക്കാനുള്ള വിദ്യ കണ്ടെത്തുകയാണ് പ്രധാനം.

വായിക്കാം ഇ - കർഷകശ്രീ 

കേക്ക്, കുക്കീസ്, പായസം, ചക്കപ്പഴം പാനി, ഹൽവ, തെര, ജാം, സ്ക്വാഷ്, ജെല്ലി, പക്കാവ‌ട, മിക്സ്ചർ, ചിപ്സ് എന്നിങ്ങനെ ആൻസിയുടെ വിഭവപ്പട്ടിക നീളുകയാണ്. കേക്ക്, ബിസ്കറ്റ്, ഹൽവ തുടങ്ങിയവയിൽനിന്ന് ദോഷകരമായ മൈദ പൂർണമായി ഒഴിവാക്കാൻ ചക്കക്കുരുവിന്റെ പൊടി ഉപയോഗിച്ചാൽ മതിയെന്ന് ആൻസി പറഞ്ഞു. കാർഷിക പ്രദർശനങ്ങളാണ് ചക്കയുൽപന്നങ്ങളുടെ വിപണനത്തിന് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കൂടാതെ, തൊടുപുഴ കാഡ്സ് കർഷക വിപണി, ഭരണങ്ങാനം ഇൻഫാം വിപണനകേന്ദ്രം എന്നിവിടങ്ങളിലും ഇവർ വിഭവങ്ങൾ എത്തിക്കുന്നുണ്ട്. വിദേശമലയാളികളും മറ്റും നൽകുന്ന ഓർഡറുകളും ധാരാളം. വിഭവങ്ങൾ തയാറാകുന്ന മുറയ്ക്ക് ആവശ‍്യക്കാർ വീട്ടിലെത്തി വാങ്ങിക്കൊള്ള‍ും. ഒരു ചക്കയിൽനിന്നു ശരാശരി മൂവായിരം രൂപയുടെവരെ ഉൽപന്നങ്ങളുണ്ടാക്കാമെന്നാണ് ആൻസിയുടെ കണക്ക്. ഇതിനിടെ ചക്കസംസ്കരണം സംബന്ധിച്ച് ക്ലാസുകളെടുക്കാനും ആൻസി സമയം കണ്ടെത്തുന്നു.

ഉണങ്ങിയ ചക്ക പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കുന്നു

‌ചക്കയുടെ സീസണായാൽ ഏലിയാമ്മ കുടയത്തൂരിലെ വീട്ടിൽ എല്ലാം ആഴ്ചയും ആൻസിയുടെ വരവ് കാത്തിരിക്കും. ഉണക്കിയും പൊടിച്ചും താൻ സൂക്ഷിച്ചിരിക്കുന്ന ചക്കയും ചക്കക്കുരുവും മകളെ ഏൽപിച്ചാൽ ആരും കൊതിക്കുന്ന വിഭവങ്ങളായി മാറുമെന്ന് ഏലിയാമ്മയ്ക്കുറപ്പുണ്ട്. പതിവായി പാലായിലെ വീട്ടിൽനിന്ന് അമ്മയെ കാണാനെത്തുന്ന ആൻസി അടുത്തയാഴ്ചയിലുണ്ടാക്കാനുള്ള വിഭവങ്ങൾക്കു വേണ്ട ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്ക വരട്ടിയത് തുടങ്ങിയവയുമായി മടങ്ങും. ചക്കവ്യവസായത്തിന്റെ മുൻപിൻ സംയോജനം ഇത്ര ഭംഗിയായി നടത്തിയ മറ്റൊരു കുടുംബമുണ്ടാവില്ല.

ആകെ 22 പ്ലാവാണ് കുടയത്തൂരിലെ പുരയിടത്തിലുള്ളത്. അറുപത്തഞ്ചുകാരിയായ ഏലിയാമ്മയും എഴുപതുകാരനായ ഭർത്താവ് കുഞ്ഞേപ്പുചേട്ടനും മാത്രമാണ് ഇപ്പോൾ ഇവിടെ താമസം. വിശ്രമമില്ലാത്തവിധം തിരക്കിലാണ് ഈ കർഷക ദമ്പതികൾ. പതിമൂന്ന് ഏക്കറിലെ കൃഷിക്കു പുറമേ പോളിഹൗസ് കൃഷി, ചക്കസംസ്കരണം എന്നിവയൊക്കെ ചെറുപ്പക്കാരെക്കാൾ ഭംഗിയായി ചെയ്യുന്നു ഇവർ. പോളിഹൗസിലെ വിളവെടുപ്പുപോലുള്ള ശ്രമകരമായ ജോലികൾ പോലും ഇരുവരും ചേർന്നു ചെയ്യും. പച്ചക്കറിയായാലും ചക്കവിഭവങ്ങളായാലും കാഡ്സിന്റെ കർഷകവിപണിയിൽ ഈ വീട്ടിലെ ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടമുണ്ട്. ചക്കസംസ്കരണത്തിനും വിഭവ നിർമാണത്തിനും വേണ്ട ആശയങ്ങൾ നൽകുന്നത് ഭർത്താവ് കുഞ്ഞേപ്പുചേട്ടനാണെന്ന് ഏലിയാമ്മ പറഞ്ഞു. അയൽക്കാരായ കുടുംബശ്ര‍ീ പ്രവർത്തകരും സംസ്കരണത്തിൽ സഹകരിക്കും.

കുഞ്ഞേപ്പുചേട്ടനും ഭാര്യ ഏലിയാമ്മയും

ചക്ക വെട്ടിയൊരുക്കി സംസ്കരിക്കുന്നതിനായി ഷെഡ് നിർമിച്ച് ഡ്രയറും സ്ഥാപിച്ചു. പുരയിടത്തിലുണ്ട‍ാവുന്ന ചക്കയ്ക്കു പുറമേ, അയൽക്കാരിൽനിന്നും കച്ചവടക്ക‍ാരിൽനിന്നും വാങ്ങുന്നവയും ഉപയോഗപ്പെടുത്തും. മൂപ്പെത്തിയ ചക്കയുടെ ചുള ഉണങ്ങി സൂക്ഷിക്കുന്നതിനു പുറമേ ചക്ക മുഴുവനായും ഉണങ്ങിപ്പൊടിക്കാറുണ്ട്. സംസ്കരണത്തിനുപയോഗിക്കുന്ന ചക്കയുടെ കരിന്തൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താമെന്ന് ഏലിയാമ്മ പറഞ്ഞപ്പോൾ ആൻസി തിരുത്തി– കരിന്തൊലി ഉണക്കിപ്പൊടിച്ച് പൽപ്പൊടിയാക്കാം. മഹാത്മാഗാന്ധി സർവകലാശാലയുടെ ജൈവ കൃഷി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആൻസിക്ക് അവിടെനിന്നു കി‍ട്ടിയ അറിവാണത്. ചക്കക്കുരുവിന്റെ പാടയും ചകിണിയുമുപയോഗിച്ചുണ്ട‍ാക്കുന്ന ജെല്ലി ഇവരുടെ സവിശേഷ വിഭവമാണ്. ചക്കയുടെ കൂഞ്ഞിലും പ്ലാവിന്റെ തളിരിലയും തോരനുണ്ടാക്കാൻ ഉപയോഗപ്പെടുന്നു.

ചക്ക ഉണക്കുന്ന ഡ്രയറിൽ പുളി, ജാതിക്ക, പഴം തുടങ്ങിയ മറ്റ് കാർഷിക വിഭവങ്ങളും ഉണങ്ങി സൂക്ഷിക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം ഡ്രയറിലുണക്കി പാനിയിലിട്ടു കൊടുക്കുന്നതിലൂടെയും ഇവർ അധികവരുമാനം കണ്ടെത്തുന്നു. ചക്ക ആയാസരഹിതമായി വെട്ടുന്നതിനു പ്രത്യേകം രൂപകൽപന ചെയ്ത കത്തിയും ഇവിടെയുണ്ട്. കൊച്ചുകുട്ടികൾക്കും സ്ത്രീകൾക്കും ചക്ക വെട്ടാൻ ഇതു സഹായകമാണ്. ആൻസിയുടെ നാലാം ക്ലാസുകാരിയായ മകൾ മീരയും പാരമ്പര്യം തെറ്റിക്കുന്നില്ല. ഒരു ‌ടിവി ചാനലിൽ കുട്ടികൾക്കായി കുക്കറി ഷോ അവതരിപ്പിക്കുന്ന മീര ഇതിനകം 15 ചക്കവിഭവങ്ങളുണ്ടാക്കാൻ പഠിച്ചു കഴിഞ്ഞു.

ഫോൺ: 9447128480