തേവലക്കരയിലെ മധുര നീര

സംസ്കരിച്ച നീര പാനീയവും തെങ്ങിൽ നിന്നും നീര ചെത്തിയെടുക്കുന്ന തൊഴിലാളിയും.

തേവലക്കരക്കാർക്ക് അഭിമാനിക്കാം. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രഥമ നീര സംസ്കരണശാല പ്രവർത്തിക്കുന്നത് ഇവിടെയാണ്. പ്രതിദിനം പതിനായിരം ലീറ്റർ നീര സംസ്കരിക്കാൻ ശേഷിയുള്ള സംവിധാനമാണിവിടെയുള്ളത്. ഉദ്ഘാടനം ചെയ്തതാകട്ടെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

കൊല്ലം ജില്ലയിലെ കൈപ്പുഴ നാളികേര ഉൽപാദനക കമ്പനി കളമശേരിയിലെ എസ് സിഎം എസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക പിന്തുണയോടെ നിർമിതമാണ് ഈ നീര പ്ലാൻറ്. കൈപ്പുഴ കമ്പനിയിലെ 49 അംഗ കർഷകരുടെ 1200 തെങ്ങുകളിൽ നിന്നു ദിനംപ്രതി ചെത്തിയെടുക്കുന്ന ശരാശരി 1500 ലീറ്റർ നീരയാണ് ഇപ്പോൾ ഇവിടെ സംസ്കരിക്കുന്നതെന്നു കമ്പനി ചെയർമാൻ ഷാജഹാൻ കാഞ്ഞിരവിളയിൽ പറഞ്ഞു. വൈകാതെ ഇത് 3000 ലീറ്ററാക്കി ഉയർത്താൻ കമ്പനിക്കു പദ്ധതിയുണ്ട്. എന്നാൽ കടുത്ത വേനൽചൂടും നീര ടെക്നീഷ്യന്മാരുടെ അഭാവവും മൂലം ഉൽപാദനം ഉയർത്താൻ ഉടൻ കഴിയില്ല. ജൂണിൽ മഴ ആരംഭിക്കുന്നതോടെ പൂർണതോതിൽ സംസ്കരണം ആരംഭിക്കാമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

സംഭരണ പാത്രങ്ങളിൽ തന്നെ പ്രത്യേക ലായനി ചേർത്ത് പുളിക്കൽ പ്രക്രിയ തടയുന്ന നീര ശുചിയായി സംഭരിച്വ് ഐസ്പെട്ടികളിലാക്കിയാണ് സംസ്കരണ ശാലയിലെത്തിക്കുന്നത്. സംസ്കരണശാലയിൽ അരിക്കൽ, അണുവിമുക്തമാക്കൽ, കുപ്പികളിലാക്കൽ എന്നീ പ്രക്രിയകൾ മാത്രമാണ് നടക്കുന്നതെന്നു സംരംഭത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ് കൂടിയായ എസ് സി എംഎസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.സി. മോഹൻകുമാർ പറഞ്ഞു. അണുവിമുക്തമാക്കിയ നീര കുപ്പികളിലാക്കി സീൽ ചെയ്ത് വിതരണത്തിനെത്തിക്കും. സീൽ ചെയ്ത നീര സാധാരണ താപനിലയിൽ തന്നെ സൂക്ഷിക്കാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മികവ്. നിലവിൽ കരുനാഗപ്പള്ളി കെ.എസ് .ആർടിസി ബസ് സ്റ്റാൻഡിലും കൊല്ലം ജറോം നഗറിലും കൈപ്പുഴ കമ്പനിയുടെ നീര വിൽപന ശാലകളുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലേക്കു വിതരണക്കാരെ നിശ്ചയിച്ചുകഴിഞ്ഞു. ഇവർ വിതരണം ആരംഭിക്കുന്നതോടെ വിപണിയിൽ കമ്പനിയുടെ നീര ബോട്ടിലുകൾ വ്യാപകമായി കിട്ടിത്തുടങ്ങും.

നീര സംസ്കരണ ശാല.

കൃഷിക്കാരിൽനിന്നു സംഭരിക്കുന്ന ഓരോ ലീറ്റർ നീരയ്ക്കും 30 രൂപ നിരക്കിൽ കമ്പനി വില നൽകുന്നുണ്ടെന്നു ഷാജഹാൻ പറഞ്ഞു. കൊല്ലം രൂപതയുടെ കീഴിലുള്ള ശ്രേയസ് ഫാമാണ് കമ്പനിക്ക് ഏറ്റവുമധികം നീര ഉൽപാദിപ്പിച്ചു നൽകുന്നത്. ഫാമിലെ 60 തെങ്ങുകളിൽ നിന്നായി ശരാശരി 110-120 ലീറ്റർ നീര കൈപ്പുഴ കമ്പനിക്കു ദിവസേന നൽകുന്നുണ്ടെന്നു ഡയറക്ടർ ഫാ. ജോർജ് റിബേരോ പറഞ്ഞു. ഏഴ് നീര ടെക്നീഷ്യന്മാരെ കമ്പനി ഇതിനായി ഇവിടേക്കു നിയോഗിച്ചിരിക്കുന്നു.

നീര സംസ്കരണ യന്ത്രം.

കൊല്ലം ബിഷപ്പായിരുന്ന ഡോ. ജറോം ഫെർണാണ്ടസ് അഷ്ടമുടിക്കായലിന്റെ അരികിലുള്ള പന്നക്കൽ തുരുത്തിൽ 1943ൽ വാങ്ങിയ 22 ഏക്കർ ശ്രേയസ് ഫാം തീരദേശത്തിനു യോജിച്ച സംയോജിതകൃഷിയുടെ മാതൃകയാക്കാനുള്ള പരിശ്രമത്തിലാണ് ഒരു വർഷമായി ഫാ.ജോർജ് റിബേരോ. ജൈവരീതിയിലുള്ള പച്ചക്കറി കൃഷി, കൂടുകളിലുള്ള മീൻവളർത്തൽ, ഡെയറി ഫാം, പപ്പായ കൃഷി എന്നിവയ്ക്കൊക്കെ അച്ചൻ ഒരു വർഷത്തിനുള്ളിൽ തുടക്കമിട്ടു കഴിഞ്ഞു. കുട്ടികൾക്കു കൃഷിയിൽ താൽപര്യം വളർത്താനായി പ്രത്യേക സന്ദർശനപരിപാടിയും ഇവിടെ സംഘടിപ്പിക്കാറുണ്ട്. അത്യുൽപാദനശേഷിയുള്ള സങ്കര ഇനങ്ങൾ നട്ട് ഫാമിലെ തെങ്ങുകൃഷി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ആരംഭിച്ചിരിക്കുന്നു. ഭാവിയുടെ വിള തെങ്ങാണെന്നു സമർഥിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇക്കാര്യത്തിൽ തനിക്ക് പ്രചോദനമായതെന്നു ജോർജച്ചൻ വെളിപ്പെടുത്തുന്നു.

ശ്രേയസ് ഫാമിലെ മീൻ കുളം.

മണലും വെള്ളക്കെട്ടും കൃഷി ദുഷ്കരമാക്കിയ ഇവിടെ മാതൃക സൃഷ്ടിക്കാനായുള്ള അന്വേഷണത്തിനിടയിലാണ് നീരയുടെ സാധ്യതകളെക്കുറിച്ച് അറിയാനിടയായതെന്ന് അച്ചൻ പറയുന്നു. ജൈവക്കൃഷിയോടും ജൈവഉൽപന്നങ്ങളോടുമുള്ള കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാൻലി റോമനുള്ള സവിശേഷ താൽപര്യം ശ്രേയസ് ഫാമിന്റെ പുതുചൈതന്യത്തിനും നീര ഉൽപാദനത്തിനും സഹായകമായി. കൈപ്പുഴ കമ്പനി ഇവിടെ ഉൽപാദനം ആരംഭിച്ചതോടെ ഫാമിന്റെ മൊത്തത്തിലുള്ള സാമ്പത്തികനിലയിൽ ഗണ്യമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള 176 തെങ്ങുകളിൽ നിന്നായി രണ്ടു മാസത്തിലൊരിക്കൽ 18000-22000 രൂപയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നീര ഉൽപാദനം തുടങ്ങിയതോടെ കേവലം 60 തെങ്ങുകളിൽ നിന്ന് മാസം ഒരു ലക്ഷം രൂപ വരുമാനം കിട്ടുന്നു. വരവും ചെലവും തമ്മിൽ പൊരുത്തപ്പെടാതെ വിഷമിച്ചിരുന്ന തനിക്കു നീര നൽകിയ അധിക വരുമാനം ഫാമിന്റെ വികസനത്തെക്കുറിച്ചു ചിന്തിക്കാൻ ധൈര്യം പകർന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

നീരയുടെ കടന്നുവരവ് തെങ്ങുകൃഷിക്കു മാത്രമല്ല സംസ്ഥാനത്തെ കാർഷികമേഖലയ്ക്കു പൊതുവേ തന്നെ ഉണർവേകുമെന്ന കാര്യത്തിൽ ഫാ. റിബേരോയ്ക്കു തർക്കമില്ല. കൃഷിക്കാർക്കു മാത്രമല്ല നീര ടെക്നീഷ്യന്മാർക്കും ഈ സംരംഭം മികച്ച വരുമാനം നൽകുന്നുണ്ടെന്നു ശ്രേയസ് ഫാമിലെ നീര ടെക്നീഷ്യന്മാരായ പ്രകാശ്, അണാറോൾ എന്നിവർ പറഞ്ഞു. ഫാമിലെ തെങ്ങുകളിൽ നിന്നു നീരയെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഏഴ് ടെക്നീഷ്യന്മാരിൽ നാലു പേരും അസം സ്വദേശികളാണ്. ലീറ്ററിനു 30 രൂപ നിരക്കിലാണ് ഇവരുടെ വേതനം. ശരാശരി പ്രതിദിന ഉൽപാദനം 15 ലീറ്ററിൽ കൂടുതലായാൽ ലീറ്ററിനു 42 രൂപ നിരക്കിൽ വേതനം ലഭിക്കും. ആദ്യമാസം 9000 രൂപ മാത്രം കിട്ടിയ തനിക്കു രണ്ടാംമാസം 12000 രൂപ നേടാനായെന്നു അണാറോൾ പറഞ്ഞു. മഴയാവുന്നതോടെ തുക ഇനിയും വർധിപ്പിക്കാമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്.

വൃത്തിയുള്ള കന്നാസുകളിൽ നീര കെട്ടിയിറക്കുകയാണ് പതിവ്, ഒരു തെങ്ങിൽ നിന്നു ശരാശരി രണ്ടു ലീറ്റർ നീര കിട്ടുന്നു. രാവിലെയും വൈകുന്നേരവും സംസ്കരണശാലയിൽനിന്നെത്തുന്ന വാഹനങ്ങൾ നീര അളന്നെടുക്കും. ഓരോ നേരത്തേയും അളവ് രേഖപ്പെടുത്താനായി കൃഷിക്കാർക്കും നീര ടെക്നീഷ്യന്മാർക്കും കമ്പനി പ്രത്യേകം പാസ്ബുക്ക് നൽകിയിരിക്കുകയാണ്. മാസാവസാനം മൊത്തം ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ പണം നൽകുന്നു. ഉൽപാദനം തുടങ്ങിയശേഷമുള്ള രണ്ടു മാസങ്ങളിലും കൃത്യമായ പണം കിട്ടിയെന്നു ഫാ.ജോർജ് റിബേരോ വ്യക്തമാക്കി.‌

ഫാ.ജോർജ് റിബേരോ

കൃഷിക്കാരനും തൊഴിലാളിക്കും ഒരേപോലെ നേട്ടങ്ങൾ സമ്മാനിക്കുന്ന നീര ദൈവത്തിന്റെ മറ്റൊരു വരദാനമായാണ് ജോർജച്ചൻ കാണുന്നത്. നോക്കൂ, കായലിലെ ഉപ്പുവെള്ളം തെങ്ങിന്റെ മുകളിലെത്തുമ്പോൾ എന്തൊരു മധുരം. ഇതു ദൈവത്തിന്റെ അത്ഭുതമല്ലേ- അദ്ദേഹം ചോദിക്കുന്നു.