Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴപ്പഴത്തിൽനിന്ന് ഒട്ടേറെ ഉൽപന്നങ്ങൾ

banana-halwa2 ബനാന ഹൽവ

ഓണവിപണിയിലെ പ്രധാന താരങ്ങളാണ് ഏത്തക്കായും ഏത്തപ്പഴവും. ഓണക്കാലത്തും തുടർന്നുള്ള കുറെ ദിനങ്ങളിലും ഏത്തക്കായ്ക്ക് മോഹവില ലഭിക്കുമെങ്കിലും പിന്നീട് കുറഞ്ഞ് 15–20 രൂപയിലെത്തി നിൽക്കും. മറ്റു വാഴപ്പഴങ്ങളുടെ സ്ഥിതിയും ഇതുതന്നെ. 100 ശതമാനവും ഉപയോഗയോഗ്യമായ വാഴയുടെ 80 ശതമാനം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. എന്നാൽ ഔഷധ, പോഷക ഗുണങ്ങളുണ്ടായിട്ടും പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ നാം പാഴാക്കുന്നു. വാഴയുടെ ഇത്തരം ഭാഗങ്ങളും അവയുടെ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചാൽ അറ്റാദായം വർധിപ്പിക്കാം.

വാഴയിൽ നിന്നു വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കാവുന്ന ചില ഉൽപന്നങ്ങൾ പരിചയപ്പെ‌ടാം.

പച്ചക്കാപ്പൊടി: കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലും മുതിർന്നവർക്കുള്ള ഹെൽത്ത് മിക്സിലും പ്രധാന ചേരുവയാണ് കായ്പ്പൊടി. ഏത്തയ്ക്ക, കുന്നൻ, കണ്ണൻ, പടറ്റി, മട്ടി ഇനങ്ങൾ ഇതു തയാറാക്കാൻ ഉപയോഗിച്ചുവരുന്നു. തൊലി പൊളിച്ചതിനുശേഷം കറ നീക്കംചെയ്തു കനം കുറച്ച് അരിഞ്ഞെടുത്ത കായ ഡ്രയറിലോ വെയിലത്തോ ഉണക്കിയെടുക്കാം. കുന്നൻ/കണ്ണൻ കായകൾ പൊടിക്കാതെ പായ്ക്ക് ചെയ്യാം. ഉണക്കിയ ഏത്തക്കായ പൊടിച്ച്‌ സൂക്ഷിച്ചുവച്ചാൽ വിപണിയിലെ പ്രിയമനുസരിച്ചു വിൽക്കാം. ഏത്തക്കായപ്പൊടി ഉപയോഗിച്ചു കേക്ക്, ബിസ്കറ്റ്, കുക്കീസ് എന്നിവയും തയാറാക്കാം. പുട്ട്, ചപ്പാത്തി എന്നിവ ഉണ്ടാക്കുമ്പോൾ അൽപം കായ്പ്പൊടികൂടി ചേർക്കാം.

banana-powder പച്ചക്കായ്പ്പൊടി

യന്ത്രസാമഗ്രികൾ: ബനാന സ്ലൈസിങ് മെഷീൻ, ഡ്രയർ, പൾവറൈസർ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി: എന്നും വിപണിയിൽ പ്രിയമുള്ളതാണ് നീളത്തിലും വട്ടത്തിലും ചതുരാകൃതിയിലുമൊക്കെ മുറിച്ച് വറുത്തെടുക്കുന്ന ചിപ്സ്. വാക്വം ഫ്രയർ ഉപയോഗിച്ച് എണ്ണ വളരെ കുറച്ചുമാത്രം ചേർത്തുണ്ടാക്കുന്ന ചിപ്സിനും പ്രചാരമേറിവരുന്നു. മൊന്തൻ ഇനങ്ങൾകൊണ്ട് ശർക്കരവരട്ടിയുണ്ടാക്കാം.

യന്ത്രസാമഗ്രികൾ: സ്ലൈസറുകൾ, ഉരുളികൾ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ഹൽവ: ഇതിനും വിപണിയിൽ ഏറെ പ്രിയമുണ്ട്. നേന്ത്രനു വില കുറയുമ്പോൾ ഹൽവയുണ്ടാക്കി വിപണനം ചെയ്യാം. പഞ്ചസാര, ശർക്കര എന്നിവ അധികം ചേർക്കാതെതന്നെ പഴത്തിന്റെ സ്വഭാവിക മധുരത്തിൽ ഹൽവയുണ്ടാക്കാം.

ബനാനാ ഫിഗ്സ്: ഏത്തയ്ക്ക, ഞാലിപ്പൂവൻ, പടറ്റ‍ി എന്നീ പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബനാനാ ഫിഗ്സിന് ആഭ്യന്തര വിപണിക്കു പുറമേ കയറ്റുമതി സാധ്യതയുമുണ്ട്. ഡ്രൈ ഫ്രൂട്ടായി നേരിട്ടും കേക്ക്, കുക്കീസ് എന്നിവയ്ക്കു ചേരുവയായും ഉപയോഗിക്കാം. ചൂടുവെള്ളത്തിൽ മുക്കിയെടുത്ത പഴങ്ങൾ പഞ്ചസാര/ശർക്കരപ്പാനിയിൽ 2–3 മണിക്കൂർ വച്ചതിനുശേഷം ഉണക്കിയെടുക്കുന്ന പഴത്തിന് ഹൃദ്യമായ സ്വാദും നിറവും ലഭിക്കും.

യന്ത്രങ്ങൾ: ഡ്രയർ (ഇലക്ട്രിസിറ്റി ഉപയോഗിച്ചും കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കിയും പ്രവർത്തിക്കുന്ന ഡ്രയറുകൾ ലഭ്യമാണ്), സീലിങ് മെഷീൻ.

ഏത്തപ്പഴം/റോബസ്റ്റ കേക്ക്: ഏത്തപ്പഴം, റോബസ്റ്റ എന്നീ പഴങ്ങൾ ചേർത്തുണ്ടാക്കുന്ന കേക്ക്, മഫിൻസ് എന്നിവയ്ക്ക് ക്രിസ്മസും, പുതുവത്സരവും പോലുള്ള അവസരങ്ങളിൽ നല്ല വിപണി ഉറപ്പ്.

യന്ത്രങ്ങൾ: കേക്കിനു മിശ്രിതം തയാറാക്കുന്നതിനു മിക്സിങ് മെഷീൻ, ഇലക്ട്രിക് ബോർമ/ഓവൻ.

പിണ്ടി, കൂമ്പ്, കായത്തൊലി: പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ പാചകത്തിനു പറ്റിയ രൂപത്തിൽ അരിഞ്ഞു വിപണിയിലെത്തിക്കാം. ഇവ ഉപയോഗിച്ച് വിഭവങ്ങള‍ുമുണ്ടാക്കാം.

പിണ്ടി ജ്യൂസ്, സ്ക്വാഷ്, അച്ചാർ, കാൻഡി എന്നിവയ്ക്കു നല്ല സ്വീകാര്യതയുണ്ട്. സ്ക്വാഷ്, കാൻഡി, അച്ചാർ എന്നിവയ്ക്കു നല്ല സൂക്ഷിപ്പുഗുണവുമുണ്ട്. നേന്ത്രൻ, ഞാലിപ്പൂവൻ, പാളയംകോ‌ടൻ, കണ്ണൻ എന്നിവയുട‌െ പിണ്ടിയാണ് ഇതിനു യോജ്യം.

banana-products റെഡി ടു കുക്ക് ഉൽപന്നങ്ങൾ

അസിഡിറ്റി, അൾസർ എന്നിവ കുറയ്ക്കാൻ ശേഷിയുള്ള വാഴക്കൂമ്പ് ഉപയോഗിച്ച് കട്‍ലറ്റ്, അച്ചാർ, ചട്നിപ്പ‍ൊടി എന്നിവയുണ്ടാക്കാം. ഭക്ഷ്യനാരുകളാൽ സമ്പുഷ്ടവും ഊർജമൂല്യം കുറഞ്ഞതും കൊളസ്ട്രോൾ നില കുറയ്ക്കാൻ കഴിവുള്ളതുമായ കായത്തൊലി നിത്യാഹാരത്തിന്റെ ഭാഗമാക്കുന്നതു ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകും. ഇതുപയോഗിച്ചു കട്‍ലറ്റ്, അച്ചാർ, കൊണ്ടാട്ടം എന്നിവയുണ്ടാക്കാം.

കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലോ വനിതാ– പുരുഷ സ്വയംസഹായസംഘങ്ങൾ, ജെഎൽജികൾ (JLG-Joint Liability Groups) എന്നിവയുട‌െ നേതൃത്വത്തിലോ ഇത്തരം ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാം.

മൂല്യവർധനയിലേക്ക് ചിങ്ങോലി കർഷകർ

ഉൽപന്ന വിപണനത്തിനായി രൂപംകൊണ്ട കർഷക കൂട്ടായ്മ സംസ്കരണത്തിലേക്കും മൂല്യവർധനയിലേക്കും ചുവടുവയ്ക്കുന്നു.

farmers-from-chingoli ചിങ്ങോലിയിലെ കർഷക കൂട്ടായ്മ

വാഴ ഉൽപന്നങ്ങളുടെ മൂല്യവർധനയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം നേടിയെടുക്കാനാണ് ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ കർഷക വിപണന സഹകരണസംഘത്തിന്റെ ശ്രമം.

പച്ചക്കറി ക്ലസ്റ്ററിന്റെ തുടർച്ചയായി രൂപം കൊടുത്ത വിപണിയിൽ നാടൻ കാന്താരി മുതൽ കറിവേപ്പില വരെ മിക്ക കാർഷികോൽപന്നങ്ങളും വിൽപനയ്ക്കുണ്ട്. തങ്ങളു‌ടെ പക്കൽ ഇല്ലാത്തത് സംഘം അയൽ പഞ്ചായത്തുകളിൽനിന്ന് ഇവിടെയെത്തിക്കുന്നുമുണ്ട്. കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തതോടെയാണ് വാഴപ്പഴം, വാഴപ്പിണ്ടി, കൂമ്പ് എന്നിവയിൽനിന്ന് ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലിറക്കാൻ ഈ കർഷകർ തീരുമാനിക്കുന്നത്.

ആദ്യശ്രമമായി വാഴക്കൂമ്പ് കട്‍ലറ്റ് ഉണ്ടാക്കി വിൽപനയ്ക്കെത്തിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റഴി‍ഞ്ഞു. പിന്നാലെ വാഴപ്പിണ്ടി സ്ക്വാഷ്, അച്ചാർ, ഏത്തപ്പഴം ഹൽവ, പാളയംകോടൻ ജാം എന്നിവ കൂടി വിപണിയിലെത്തിച്ചു. ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ പാരമ്പര്യരുചികളും ഒട്ടേറെ മറ്റു വിഭവങ്ങളും സംഘാംഗങ്ങൾ ഓണക്കാലത്ത് വിപണിയിലെത്തിച്ചു.

വയക്കര ശശാങ്കൻ, അശ്വതിഭവൻ പങ്കജാക്ഷൻ, ഇന്ദീവരം ചന്ദ്രബാബു, പത്മനാഭൻ, പുത്തൻതറയിൽ അംബിക, മൂഴിക്കുളത്ത് സാമുവൽ, പ്രസന്ന, ജയാംബിക രാജപ്പൻ, ശ്രീനിലയം രഞ്ജിത്ത്, പി.വി. തോമസ്, ഹരിഭവൻ സുമ എന്നിവർ ഒത്തുചേരുന്ന ഈ സംരംഭത്തിന്, കൃഷി ഓഫിസർ ബിന്ദു സാറാ ഏബ്രഹാം, കൃഷി അസിസ്റ്റന്റുമാരായ ആർ. മനോജ്, കെ.എ. ജെസിനി, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. നിയാസ് എന്നിവർ പിന്തുണ നൽകുന്നു.

ഫോൺ: 9400518962, ബിന്ദു സാറ ഏബ്രഹാം, കൃഷി ഓഫിസർ

തയാറാക്കിയത്: ജിസ്സി ജോർജ്, സബ്ജക്റ്റ് മാറ്റർ സ്‌പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഫോൺ: 0479 2449268 

Your Rating: