‘ഒരു സ്പെഷൽ ജ്യൂസ് കഴിച്ചിട്ടാവാം സംസാരം’, ഡൈനിങ് ടേബിളിലേക്ക് ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ, ഏലക്കാ, പഞ്ചസാര, ചൂടുവെള്ളം എന്നിവ കൊണ്ടുവന്നു വയ്ക്കുന്നതിനിടയിൽ വിനയ പറഞ്ഞു.
ഒരു ഗ്ലാസ് ചൂടുവെള്ളത്തിലേക്ക് വിനയ മൂന്നു ചെമ്പരത്തിപ്പൂക്കൾ മുക്കിവച്ചു. ഒരു മിനിറ്റിനുള്ളിൽ പൂക്കളുടെ ശോണിമ ഗ്ലാസിലെ ചൂടുവെളളത്തിലേക്ക് ഊർന്നിറങ്ങി. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു. ഏലക്കാ പൊട്ടിച്ച് തൊലിയും കുരുവും അതിലേക്കിട്ടു. പാകംനോക്കി പഞ്ചസാരയും. ചെമ്പരത്തിപ്പൂ ജ്യൂസ് വാങ്ങി രുചിച്ചു. ചെറു ചൂടിൽ പുളിയും മധുരവും ചേർന്ന് രസകരമായ രുചി. മേമ്പൊടിയായി ഏലക്കായുടെ ഫ്ളേവർ. മൺസൂൺ മഴക്കാലത്തിനിണങ്ങിയ ഒന്നാന്തരം ജ്യൂസ്.
‘ചെമ്പരത്തി രക്തത്തെ ശുദ്ധീകരിക്കും, ചെറുനാരങ്ങ ദഹനത്തിനു നന്ന്...’ ഓരോന്നിന്റെയും ഗുണങ്ങളെക്കുറിച്ച് വിനയയുടെ വക ഒരു ചെറിയ സ്റ്റഡി ക്ലാസ് കൂടി.
‘തുളസിയുടെ തലപ്പ് നുള്ളിയെടുത്തത് അഞ്ചെണ്ണം, അരമുറി ചെറുനാരങ്ങ, ചെറുകഷണം ഇഞ്ചി എന്നിവ മിക്സിയിലരച്ചു കഴിച്ചു നോക്കൂ....നല്ല രുചി, നല്ല ഗുണം.
കുരുമുളകു തിരിയെടുത്ത് മൂന്നായി മുറിച്ച് ഉപ്പു തിരുമ്മി കൊണ്ടാട്ടംപോല വറുത്തു കഴിച്ചോളൂ....’ വിനയ തുടരുകയാണ്.
ഇത്തരം നൂറുകണക്കിന് അപൂർവ രുചിക്കൂട്ടുകളുണ്ട് വിനയയുടെ കയ്യിൽ. എല്ലാറ്റിന്റെയും ചേരുവ പൂക്കളും ഇലകളുംപോലെയുള്ള പ്രകൃതിദത്ത വസ്തുക്കൾ. ഇവയുടെ നിർമാണ പരിശീലനമാണ് ഈ വീട്ടമ്മയുടെ വരുമാന വഴികളിലൊന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, അക്ഷയ സെന്ററുകൾ എന്നിങ്ങനെ പലരും വിനയയുടെ ക്ലാസുകൾക്കു കാതോർക്കുന്നു.
‘എന്താ ഈ വിഭവങ്ങളുടെ മെച്ചം എന്നറിയാമോ? ആളുകൾക്ക്, വിശേഷിച്ച് പാവപ്പെട്ട മനുഷ്യർക്ക്, കാര്യമായ പണച്ചെലവില്ലാതെ പ്രകൃതിയിൽനിന്നു പോഷകസമ്പന്ന ഭക്ഷണം കണ്ടെത്താം. മാത്രവുമല്ല, ഇന്നത്തെ കുട്ടികൾ മുഖം തിരിക്കുന്ന മുരിങ്ങയില ഉൾപ്പെടെയുള്ള പ്രകൃതിദത്ത വിഭവങ്ങളെ ചില പൊടിക്കൈകളിലൂടെ അവർക്ക് ആസ്വാദ്യകരവുമാക്കാം. വീട്ടുചെലവു കുറയും, ഭക്ഷണം സുരക്ഷിതമാവും, ആരോഗ്യം വർധിക്കും. പ്രകൃതിയോടും അടുക്കളത്തോട്ട നിർമാണത്തോടും താൽപര്യം വളരും’, വിനയ തുടരുന്നു. ചോറുണ്ണാൻ മടിക്കുന്ന കുട്ടികളെ ഊണുമേശയിലേക്ക് ആകർഷിക്കാൻ നെല്ലിക്കാച്ചോറ്, പച്ചമാങ്ങാച്ചോറ്, പുതിനച്ചോറ്, വഴുതനങ്ങാച്ചോറ് തുടങ്ങി ചോറുകൾ പലവിധം. അടതാപ്പ് വറുത്തരച്ചത്, കൂർക്ക പുളിശ്ശേരി, പച്ചപൈനാപ്പിൾ കറി, മത്തങ്ങാപ്പായസം, പച്ചക്കറിപ്പായസം, കടച്ചക്കപ്പായസം എന്നിങ്ങനെ ഇനിയും ചില സാമ്പിളുകൾ. സ്വന്തം പാരമ്പര്യവഴിയിലുള്ള കൊങ്ങിണി ബ്രാഹ്മണ വിഭവങ്ങളെയും കേരളീയ രുചിസംസ്കാരത്തിന് അനുഗുണമാക്കി മാറ്റുന്നു ഈ വീട്ടമ്മ.
കാലിക്കറ്റ് സർവകലാശാലയിൽനിന്നു ഹോം സയൻസിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് വിനയ. അതുകൊണ്ടുതന്നെ പാരമ്പര്യജ്ഞാനവും ആധുനിക ശാസ്ത്രവും കൃത്യമായി യോജിപ്പിച്ചാണ് ഭക്ഷ്യസംസ്കരണവിദ്യകളത്രയും.
പാചകശാസ്ത്രം വിനയയുടെ കലാവൈഭവത്തിന്റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. അംഗീകൃത ഹാൻഡിക്രാഫ്റ്റ് ആർട്ടിസാനായ വിനയയ്ക്ക് കയ്യിൽ കിട്ടുന്ന പാഴ്വസ്തുക്കളെയെല്ലാം കലാരൂപങ്ങളാക്കി മാറ്റാനുള്ള സിദ്ധിയുമുണ്ട്. പാഴ്ക്കടലാസും അറക്കപ്പൊടിയും മണലും ഒഴിഞ്ഞ സിഗരറ്റുകൂടുകളും ഉപേക്ഷിക്കപ്പെട്ട ഗ്ലൂക്കോസുകുപ്പിയുമെല്ലാം കുപ്പയിൽനിന്നെടുത്തു മാണിക്യമാക്കി മാറ്റുന്ന കലാവിരുത്. മുന്തിയ വിലയ്ക്ക് ഇവയെല്ലാം വാങ്ങാനാളുകളുമുണ്ട്.
നൂറ്റമ്പതു രൂപ മാത്രം മുടക്കുള്ള ചെമ്പുതകിടിൽ, ഉപേക്ഷിക്കപ്പെട്ട സർജിക്കല്‍ ബ്ലേഡുകൊണ്ടു വരഞ്ഞ് (മെറ്റൽ എൻഗ്രേവിങ്) വിനയ നിർമിക്കുന്ന കലാസൃഷ്ടിക്ക് ചെലവു തുച്ഛം. കാഴ്ചക്കാരൻ മനസ്സിൽ കാണുന്ന മതിപ്പുവില അതിലും എത്രയോ ഇരട്ടി.
ആത്ത ഇല, ആര്യവേപ്പിന്റെ ഇല, മഞ്ഞമന്ദാരത്തിന്റെ ഇല എന്നിവ അരച്ചെടുത്ത്, പാഴാവുന്ന ചോറോ ഉഴുന്നോ പോലെ പശിമയുള്ള എന്തെങ്കിലും അരച്ചതും ചേര്‍ത്ത് ഉരുട്ടി ഉണക്കിയെടുക്കുന്ന കൊതുകുതിരിയാണ് വിനയയുടെ മറ്റൊരു കണ്ടെത്തൽ. മേല്‍പറഞ്ഞവയ്ക്കൊപ്പം കർപ്പൂരമോ സാമ്പ്രാണിയോ ചേർത്ത് സുഗന്ധത്തിരികളും നിർമിക്കും. ആനപ്പിണ്ടത്തിലെ നാരുകൾകൊണ്ടു പേപ്പർ ക്രാഫ്റ്റ് നിർമിച്ചശേഷം ബാക്കിവരുന്നതും ചോറും ചേർത്തുണ്ടാക്കുന്ന കൊതുകുതിരിയെയും കൊതുകുകൾക്കു പേടിതന്നെ. ജോലിത്തിരക്കുകൾക്കിടയിലും അറിവുകളുടെ പങ്ക് പകർന്നു നൽകി വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനും വിനയ സമയം കണ്ടെത്തുന്നു.
ഫോൺ: 9288121196