മഴവെള്ളം തടവിലാക്കാൻ രണ്ടര കിലോമീറ്റർ കയ്യാല

കയ്യാല തീർത്ത് തട്ടുകളായി തിരിച്ച കൃഷിഭൂമിയിൽ സണ്ണി

പറമ്പ് തട്ടുകളായി തിരിച്ചു കയ്യാല കെട്ടുന്നത് മണ്ണു സംരക്ഷിക്കുമെന്നും പറമ്പിൽ വെള്ളം താഴാനിടയാക്കുമെന്നുമൊക്കെ കൃഷിക്കാരനായ അപ്പച്ചൻ പറയുമ്പോൾ അതിരപ്പിള്ളി അരുവാമൂഴി കരോട്ടുമംഗലശേരി സണ്ണി ജോൺ കേൾവിക്കാരൻ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം കൃഷി ഏറ്റെടുത്ത സണ്ണിയുടെ മനസ്സിൽ അപ്പച്ചൻ പറഞ്ഞ വാക്കുകൾ വഴിവിളക്കുപോലെ തെളിഞ്ഞു. പരീക്ഷണമെന്ന നിലയിൽ ചെരിവായി കിടക്കുന്ന പുരയിടത്തിന്റെ മേൽഭാഗത്ത് ഒരു കയ്യാല സ്വയം നിർമിക്കാമെന്നു തീരുമാനിച്ചു. കൃഷിക്കാരനായി മാറുന്നതിന്റെ ഭാഗമായി കൃഷിയിടം മുഴുവൻ കിളച്ചപ്പോൾ കിട്ടിയ കല്ലുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ആദ്യകയ്യാല പൂർത്തിയായതോടെ അടുത്തത് നിർമിക്കാനുള്ള ആവേശമായി. രണ്ടോ മൂന്നോ വർഷംകൊണ്ട് ചെരിവായി കിടക്കുന്ന അഞ്ചേക്കർ കൃഷിയിടം മുഴുവൻ തട്ടുകളായി തിരിക്കപ്പെട്ടു. ഏറക്കുറെ ഒറ്റയ്ക്കായിരുന്നു കയ്യാല നിർമാണം. ചില ഘട്ടങ്ങളിൽ ഒരു സഹായിയെ മാത്രം കൂട്ടി. ഇപ്രകാരം സണ്ണിയുടെ കൃഷിയിടത്തിൽ ആകെ നിർമിച്ച കയ്യാലകളുടെ നീളം രണ്ടര കിലോമീറ്ററാണെന്നു പറഞ്ഞാൽ മാത്രമേ ആ അധ്വാനത്തിന്റെ വ്യാപ്തി വ്യക്തമാവുകയുള്ളൂ. കൃഷിയിടത്തിന്റെ മേൽഭാഗം മുതൽ വീടിരിക്കുന്നിടം വരെ 26 തട്ടുകൾ സണ്ണി എണ്ണിയിട്ടുണ്ട്. വീടിനു താഴേക്കുമുണ്ട് നാലോ അഞ്ചോ തട്ടുകൾ.

വായിക്കാം ഇ - കർഷകശ്രീ

ഇത്രയും ആത്മാർഥമായി മണ്ണ്– ജല സംരക്ഷണം നടത്തിയ സണ്ണിക്ക് ജില്ലാതല അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിക്കുകയും ചെയ്തു. അവാർഡായിരുന്നില്ല പുരയിടത്തിലെ ജലലഭ്യതയായിരുന്നു ഈ പ്രയത്നം മൂലമുണ്ടായ പ്രധാന നേട്ടമെന്നു സണ്ണി പറയുന്നു. പുരയിടത്തിന്റെ താഴത്തെ തട്ടിൽ അയൽക്കാർ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന കിണർ ജലസമൃദ്ധമായി. ഈ വർഷവും ജലക്ഷാമം നേരിടേണ്ടിവരില്ലെന്ന പ്രതീക്ഷയാണ് സണ്ണിക്കുള്ളത്. എന്നാൽ വേണ്ടത്ര മഴവെള്ളം മണ്ണിൽ പതിക്കാത്ത സാഹചര്യത്തിൽ തയാറെടുപ്പുകൾ വ്യർഥമാവുമോയെന്ന ചെറിയ ആശങ്കയുമുണ്ട്. രണ്ടര ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർക്ക് ചെറുകിട കർഷകർക്കുള്ള ആനുകൂല്യങ്ങൾ കിട്ടില്ലെന്ന് കൃഷിഭവനിൽനിന്ന് അറിയിപ്പ് വന്നിട്ടുണ്ട്. കൃഷി മുഖ്യവരുമാനമാക്കിയ തന്നെപ്പോലുള്ള കൃഷിക്കാർക്ക് വേനലിന്റെ തുടക്കത്തിൽ ആശ്വാസത്തിനു പകരം ആഘാതമേകിയ ഈ നടപടിയിൽ സണ്ണിക്ക് കടുത്ത പ്രതിഷേധമുണ്ട്.

കൃഷിയിടത്തെ മുപ്പതോളം തട്ടുകളായി തിരിച്ചിരിക്കുന്നു.

കയ്യാല മാത്രമല്ല, വേനലിനെതിരെ സണ്ണിയുടെ പ്രതിരോധമാർഗം. പുരയിടത്തിലെ തെങ്ങിനും കുരുമുളകിനുമൊക്കെ ജൈവപുത നൽകുന്നതിനും ഇദ്ദേഹം ശ്രദ്ധിക്കുന്നു. ആകെയുള്ള 600 കുരുമുളകിലെ വിളവെടുപ്പ് പൂർത്തിയായാലുടൻ പുതയിടൽ ഊർജിതമാക്കാനുള്ള തീരുമാനത്തിലാണിദ്ദേഹം. ഇതിനു പുറമേ മഴവെള്ളസംഭരണത്തിനായി രണ്ട് ചെറുകുളങ്ങളുമുണ്ട്. മേൽത്തട്ടിലെ കുളത്തിൽനിന്നും പച്ചക്കറികൃഷിക്കായി തുള്ളിനന സംവിധാനവും ഏർപ്പെടുത്തണം. പമ്പിന്റെ സഹായമില്ലാതെ തന്നെ താഴെത്തട്ടിലേക്കു വെള്ളമെത്തുന്നതിനാൽ പവർകട്ട് വന്നാലും നന മുടങ്ങില്ലെന്നതാണ് സണ്ണിയെ ഇങ്ങനെയൊരു സംവിധാനത്തിനു പ്രേരിപ്പിക്കുന്നത്.

ഫോൺ– 7034519138