Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടുപ്പാവിലെ സുന്ദരികൾ !

spinach ചീര

മഴക്കാല പച്ചക്കറി കൃഷികളുടെ ഇടയിൽ സ്ഥാനം ഇല്ലാതിരുന്ന ഇലക്കറിയാണ് ചീര. എന്നാൽ ഇന്ന് 365 ദിവസവും ചീര കൃഷി ചെയ്യാം.

ഇലക്കറിയെന്നു കേള്‍ക്കുമ്പോൾതന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. Amaranthaceae എന്ന കുടുംബത്തിൽപെട്ട നമ്മുടെ ചീര മുഖ്യമായും രണ്ടിനമാണ്. ചുവപ്പും പച്ചയും. ഇവയ്ക്കു രണ്ടിനും അനേകം ഉപ ഇനങ്ങളും ഉണ്ട്. കപ്പ ചീര മുതൽ കുപ്പ ചീര വരെയും അഴുക്കു ചീര മുതൽ കൊഴുപ്പു ചീര വരെയും. ചുവന്ന ചീര രക്തത്തിലെ ശ്വേതാണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഇതിൽ ഇരുമ്പിൻറെ മൂലകങ്ങൾ കൂടുതലുണ്ട്. നല്ലയിനം പച്ചച്ചീര നല്ല cholesterol കൂട്ടാനും ചീത്ത cholesterol കുറയ്ക്കാനും സഹായിക്കും. ഇതിൽ മഗ്നീഷ്യത്തിന്റെ അംശം ധാരാളമുണ്ട്. എന്നാൽ വർഷത്തിൽ എല്ലായ്‌പ്പോഴും കൃഷിചെയ്യുന്നതിനു ചില വെല്ലുവിളികൾ നേരിടേണ്ടിവരും. കാരണം, മഴക്കാലമായാൽ ചീര കൃഷി അത്ര എളുപ്പമാകില്ല. കൊല്ലം ജില്ലയിൽ അഞ്ചൽ പഞ്ചായത്തിൽ കൃഷി വകുപ്പിന്റെ അംഗീകാരത്തോടെ കൂടി നടപ്പിലാക്കിയ മട്ടുപ്പാവിലെ ഹൈടെക് മഴമറയിൽ (മിനി പോളിഹൗസ്) 104 ഗ്രോ ബാഗുകളിലായി ഈ മഴക്കാലത്ത് സുന്ദരി ചീര കൃഷി വിജയകരമായി നടപ്പിലാക്കി.

spinach-cultivation ചീര കൃഷി

ഇ മഴമറയിൽ പയർ, പാവൽ, പടവലം, വഴുതന, കിവാനോ കൃഷി കഴിഞ്ഞ ഇടവേളയിൽ നടത്തിയ ഒരു പരീക്ഷണമായിരുന്നു ചീരക്കൃഷി. അതിനായി സുന്ദരി ചീരയുടെ നല്ല വിത്തുകൾ തിരഞ്ഞെടുത്തു. വിത്തു പാകുവാനായി ഗ്രോ ബാഗുകൾ ഒരുക്കി. പാകാനുള്ള വിത്തിന്റെ കൂടെ മഞ്ഞള്‍പ്പൊടിയും. കായപ്പൊടിയും ചേർത്തിളക്കി പാകിമുളപ്പിച്ചു. മുളച്ചുവന്ന ആദ്യ ആഴ്ചക്കാലം ഡ്രിപ്പ് വഴി രാവിലെയും വൈകിട്ടും ജലം മാത്രം നൽകി. അടുത്ത ആഴ്ചകളിൽ ദിവസവും രാവിലെയും വൈകിട്ടും  ഗോമൂത്രം നേർപ്പിച്ചു ഡ്രിപ്പ് വഴി മൂന്ന് ദിവസത്തിൽ ഒരിക്കൽ നൽകും. ഈ മഴമറയിൽ കോഴിക്കോട് CWRDM വികസിപ്പിച്ചെടുത്ത തിരിനനയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ ഗ്രോ ബാഗുകളിൽ ഡ്രിപ് വഴി ജലം നൽകിയിട്ടില്ല. ഗോമൂത്രം അല്ലാതെ ചീരയ്‌ക്ക്‌ യാതൊരു വളങ്ങളും നൽകിയിട്ടില്ല.

spinach-farming ചീര കൃഷി

തുറസായ സ്ഥലങ്ങളിൽ കൃഷി ചെയ്യുമ്പോൾ ചീരയ്‌ക്ക്‌ പ്രധാനമായും വരുന്നത് ഇലപ്പുള്ളിരോഗമാണ്. വിവിധ രീതിയില്‍ ഇത് നിയന്ത്രിക്കാം. ഇലപ്പുള്ളി രോഗത്തെ ചെറുക്കുന്ന സി.എന്‍.വണ്‍ എന്നയിനം ചീരവിത്തുകള്‍ നടാന്‍ തിരഞ്ഞെടുക്കാം. ചുവന്നതും പച്ചയും ചീരകള്‍ ഇടകലര്‍ത്തി നട്ടും രോഗം തടയാം. നനയ്ക്കുമ്പോള്‍ ഇലകള്‍ക്ക് മീതെ വെള്ളമൊഴിക്കാതെയും രോഗം വരാതെ കാക്കാം. ഒരു ലീറ്റര്‍ വെള്ളത്തില്‍ നാലു ഗ്രാം പാല്‍ക്കായം നാലു ഗ്രാം മഞ്ഞള്‍പ്പൊടി, ഒരു ഗ്രാം അപ്പക്കാരം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി തളിച്ചാലും ഇലപ്പുള്ളി രോഗത്തിന് ശമനമുണ്ടാവും.

aneesh-spinach-harvest അനീഷ് വിളവെടുത്ത ചീരയുമായി

ചീരക്കൃഷിയില്‍ ഗോമൂത്രം മികച്ച പ്രതികരണമുള്ള വളവും കീടനാശിനിയുമാണ്. വളര്‍ച്ച വര്‍ധിപ്പിക്കുന്ന ഏജന്റായും ഇത് പ്രവര്‍ത്തിക്കുന്നു. നല്ലവണ്ണം യൂറിയ മണ്ണില്‍ പ്രദാനം ചെയ്യാനും ഇതിനാവുന്നു.

കൂടുതൽ വിവരങ്ങൾക്ക്: അനീഷ് എൻ. രാജ് (9496209877)