Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും വിദേശി!

fruit-blackberry ബ്ലാക്ക്ബെറി പഴങ്ങൾ

അഞ്ചു വ്യത്യസ്ത പഴങ്ങളുടെ രുചി നാവിനു നൽകി വിസ്മയിപ്പിക്കുന്ന ലാറ്റിനമേരിക്കൻ ചെറിമോയ മുതൽ മെക്സിക്കൻ പാഷൻ ഫ്രൂട്ട് വരെ വിദേശികളുടെ ഒരു നിര തന്നെയുണ്ട് ഇടുക്കി കാന്തല്ലൂരിലെ ജോർജ് സാറിൻറെ പഴത്തോട്ടത്തിൽ.

എന്നാൽ ഇക്കുറി ജോർജ് സാർ തൻറെ തോട്ടത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന മുഖ്യ കൗതുകം ഇംഗ്ലണ്ടിൽ നിന്നെത്തിയ ബ്ലാക്ക്ബെറിയാണ്. ഒരു പക്ഷേ ഇന്ത്യയിലെതന്നെ ഏക ബ്ലാക്ക്ബെറി കൃഷിത്തോട്ടം ഇതായിരിക്കുമെന്നു ജോർജ് സാർ പറയുന്നു.

പാലാക്കാരൻ തോപ്പിൽ ജോർജ് ജോസഫ് മുപ്പതു കൊല്ലം മുമ്പ് കാന്തല്ലൂരിനു വണ്ടി കയറുന്നത് പി.ടി. മാഷായി ഉദ്യോഗം ലഭിച്ചതോടെയാണ്. ഭാര്യയും കാന്തല്ലൂരിൽ അധ്യാപികയായതോടെ കുടുംബം ടൗണിൽനിന്ന് ഏറെ ദൂരെയല്ലാത്ത പെരുമലയിൽ സ്ഥിരതാമസമായി. കായികാധ്യാപനം പോലെ സാറിനു പ്രിയപ്പെട്ടതായി പഴച്ചെടികളുടെ പരിപാലനവും. എന്നാൽ ഇക്കാര്യത്തിൽ തന്നേക്കാൾ കമ്പം സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥനായ സഹോദരൻ ജേക്കബിനാണന്ന് ജോർജ് സാർ. വിശിഷ്ടാതിഥികളുടെ സുരക്ഷാ ഉദ്യോഗസ്ഥനായി പോയ വിദേശരാജ്യങ്ങളിൽനിന്നെല്ലാം ജേക്കബ് പഴച്ചെടികളുടെ വിത്തും തൈകളും കാന്തല്ലൂരിലെത്തിച്ചു.

jessy-george ബ്ലാക്ക്ബെറി വിളവെടുക്കുന്ന ജോർജ് സാറും ഭാര്യ ജെസിയും

കാലാവസ്ഥയിൽ യൂറോപ്പിൻറെ കൊച്ചു പതിപ്പായ കാന്തല്ലൂരിലെ അഞ്ചേക്കർ തോട്ടത്തിൽ അവയെല്ലാം സമൃദ്ധമായി ഫലം തന്നു.

ജേക്കബ് നാലു കൊല്ലം മുമ്പ് ഉദ്യോഗസംബന്ധമായിത്തന്നെ ഇംഗ്ലണ്ടിൽ പോയി വന്നപ്പോൾ കൊണ്ടുവന്നതാണ് നാലു ബ്ലാക്ബെറി തൈകൾ. നാലു കൊല്ലംകൊണ്ട് തൈകളുടെ എണ്ണം നാനൂറിലേറെയാക്കി. കഴിഞ്ഞ വർഷം മുതൽ ബ്ലാക്ക്ബെറി പഴം വിറ്റ് വരുമാനവും വന്നു തുടങ്ങി.

അമേരിക്കയിലും യൂറോപ്പിലുമെല്ലാം കീർത്തികേട്ട ബ്ലാക്ക്ബെറി പഴങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ മെക്സിക്കോയാണ്. കേരളത്തിലുൾപ്പെടെ ഇന്ത്യൻ വിപണിയിലും ഇന്നു ലഭ്യം. പഴത്തിനു കിലോ ആയിരം രൂപയിലേറെ വരും വില. കേരളത്തിൽ ബ്ലാക്ക്ബെറി കൃഷിക്ക് അനുയോജ്യമായ മേഖല കാന്തല്ലൂരും വട്ടവടയും മാത്രമാണെന്നു ജോർജ് സാർ.

കാഴ്ചയിൽ സ്ട്രോബെറി ചെടിയോടു ചെറിയൊരു സാമ്യം തോന്നും ബ്ലാക്ക്ബെറിക്ക്. എന്നാൽ ഒറ്റ സീസൺകൊണ്ട് ഉൽപാദനശേഷി തീരുന്ന സ്ട്രോബെറിയിൽനിന്നു വ്യത്യസ്തമായി പത്തു വർഷത്തോളം ബ്ലാക്ക്ബെറി ചെടികൾ സമൃദ്ധമായി പഴങ്ങൾ നൽകും. ചെടികളിൽ നിറയെ മുള്ള് ഉണ്ടെന്നതാണ് മറ്റൊരു വ്യത്യാസം. മുള്ളുകൊണ്ടാൽ മൂന്നു ദിവസം ചൊറിയുമെന്നു ചിരിയോടെ ജോർജ് സാർ.

വാരം കോരി, അടിവളമായി ചാണകം നൽകിയാണ് ചെടികൾ നടുന്നത്. താങ്ങുകാൽ നൽകി മൂന്നു - നാല് അടി ഉയരത്തിലേക്കു വളർത്തും. മൂന്നു മാസംകൊണ്ടു പൂവിടും. കായ്കൾക്ക് ബാല്യത്തിൽ പച്ചയും കൗമാരത്തിൽ ചുവപ്പും നിറയൗവനത്തിൽ നല്ല എണ്ണക്കറുപ്പിൻ ഏഴഴകുമാണ്.

പല ഘട്ടങ്ങളായാണ് പൂവിടീൽ. ഒന്നിടവിട്ട ദിവസം ഒരു ചെടിയിൽനിന്ന് 30-40 കായ്കൾ വരെ കിട്ടും. ഈ രീതിയിൽ ചുരുങ്ങിയത് നൂറു ദിവസം വിളവെടുപ്പ്. 80-90 കായ്കളുണ്ടെങ്കിൽ ഒരു കിലോയായി. ഏതാണ്ട് ഒരു വയസ്സ് എത്തുന്നതോടെ പൂവിടീൽ കുറയും. കമ്പുകൾ ഉണങ്ങാൻ തുടങ്ങും. അടിചേർത്ത് മുറിച്ച് വളപ്രയോഗം നൽകുന്നതോടെ പുതിയ തളിരുകളുമായി വീണ്ടും ചെടി വളരും. മാത്രമല്ല, വാരത്തിലൂടെ സഞ്ചരിക്കുന്ന വേരുകളിൽ നിന്നെല്ലാം പുതിയ തൈകൾ പൊട്ടി മുളയ്ക്കുകയും ചെയ്യും.

ഈ വർഷത്തെ ബ്ലാക്ക്ബെറി വിളവെടുപ്പ് ജോർജ് സാർ തുടങ്ങിക്കഴിഞ്ഞു. ഉൽപാദനം പൂർണ തോതിലെത്തുന്നതോടെ ദിവസം 12 കിലോയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം പഴം കിലോ ആയിരം രൂപയ്ക്കും വൈനുണ്ടാക്കി കുപ്പിയൊന്നിന് 150 രൂപയ്ക്കുവിറ്റ് ജോർജ് സാർ സാമാന്യം നല്ല വരുമാനമുണ്ടാക്കി. ആസ്വാദ്യകരമായ ഗന്ധമുള്ള വൈനിന് ആവശ്യക്കാർ കൂടുതലാണത്രേ.

ചെറിയ പുളിയുള്ള പഴങ്ങൾ തണുപ്പിച്ച പാലിൽ ചേർത്ത് ഷെയ്ക്ക് അടിച്ച് കഴിക്കുന്നതാണത്രെ നല്ലത്.

george-blackberry വിളവെടുത്ത ബ്ലാക്ക്ബെറി പഴങ്ങൾ

ബ്ലാക്ക്ബെറിക്കു പിന്നാലെ അതിലും വിശിഷ്ടമായ റാസ്ബെറിയുടെ തോട്ടവും ഇക്കൊല്ലം ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സഹോദരൻ അമേരിക്കയിൽ നിന്നെത്തിച്ചതാണ് റാസ്ബെറി തൈകൾ. കഴിഞ്ഞ വർഷം പരിമിതമായി മാത്രം പഴങ്ങൾ ലഭിച്ചിരുന്നു. വരും വർഷങ്ങളിൽ റാസ്ബെറിയും വൻവരുമാനം കൊണ്ടുവരും എന്നാണ് പി.ടി. മാഷിൻറെ പ്രതീക്ഷ.

ഫോൺ : 9495021741

രുചികരം, പോഷകസമ്പന്നം

ഡോ. സാറാ ടി. ജോർജ്, പ്രഫസർ, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ

തണുപ്പുകാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലുമാണ് ബ്ലാക്ക്ബെറി സാധാരണ വളരുന്നതും ഫലം തരുന്നതും. പോഷകഗുണങ്ങളുടെ കലവറയാണ് ഈ പഴം. വൈറ്റമിൻ എ, ബി, സി, കെ, ധാതുലവണങ്ങൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടം.

ഫലവർഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അധികം ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നത് ബ്ലാക്ക്ബെറിയിലാണ്. ഫോസ്ഫറസ്, മാഗ്നീസിയം, മാംഗനീസ്, പൊട്ടാസിയം, ഇരുമ്പ്, കോപ്പർ തുടങ്ങിയ ധാതുലവണങ്ങളും സമൃദ്ധം.

ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം കാൻസർ പോലുള്ള മാരകരോഗങ്ങളെ ചെറുക്കാൻ സഹായിക്കും. രക്തം കട്ടപിടിക്കൽ, രക്തക്കുഴൽ അടയൽ, ബ്ലോക്ക്, ഹൃദയാഘാതം തുടങ്ങിയവയെ തടയാൻ പര്യാപ്തമായ ഘടകങ്ങളും ബ്ലാക്ക്ബെറിയിലുണ്ട്.

വൈറ്റമിൻ എ, സി, കെ എന്നിവ ത്വക്കിൻറെ യുവത്വം നിലനിർത്താനും കണ്ണിൻറെ ആരോഗ്യം രക്ഷിക്കാനും ഓർമശക്തി നിലനിർത്താനും സഹായിക്കും. പഴമായിത്തന്നെ കഴിക്കുന്നതാണ് ഉത്തമമെങ്കിലും ഉണക്കപ്പഴമായും കഴിക്കാം. കാഴ്ചയിൽ ഉണക്കമുന്തിരി പോലെയിരിക്കുന്ന ഉണക്ക ബ്ലാക്ക്ബെറിക്ക് കിലോ ശരാശരി 3500 രൂപയാണ് വിപണിയിലെ വില.