കൂട്ടം തെറ്റിയ കുറച്ച് ഏലച്ചെടികളുടെ കഥയാണിത്. തണുപ്പും തണലുമുള്ള മലമുകളിൽനിന്ന് തിളച്ച വെയിലിൽ ചുട്ടുപൊള്ളുന്ന കലോരത്തെ മണലിലേക്കു ചുവടു മാറ്റിയിട്ടും അവ പൂവിട്ടു... കായിട്ടു. കിഴക്കൻ മലയോര മേഖലയിൽ മാത്രം വേരോട്ടമുള്ള ഏലത്തെ കടലോരത്തേക്കു കൂട്ടിക്കൊണ്ടു വന്നത് ആലപ്പുഴ എസ്എൽപുരത്തെ ഒരു ഓട്ടോ ഡ്രൈവറാണ്, വനസ്വർഗം വടക്ക് തത്തനാട്ട് വീട്ടിൽ സുനിമോൻ.
അയൽവാസിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ടാണു രണ്ടു വർഷം മുൻപു സുനിമോനും സുഹൃത്തുക്കളും ഇടുക്കി അടിമാലിയിലെത്തിയത്. വിവാഹവീടിനു പരിസരത്തു തഴച്ചു വളർന്നു നിൽക്കുന്ന ഏലച്ചെടികൾ കണ്ടപ്പോൾ കൗതുകം. തിരികെ പോകുമ്പോൾ ഇതിനെ കൂടെക്കൂട്ടിയാലോ എന്നായി ചിന്ത. ഏലത്തോട്ടത്തിന്റെ ഉടമയോടു പറഞ്ഞപ്പോൾ സന്തോഷത്തോടെ തൈകൾ നൽകി. അങ്ങനെ മലയും തണുപ്പും ഉപേക്ഷിച്ച് ഏലത്തൈകൾ സുനിമോനൊപ്പം എസ്എൽപുരത്തേക്കു വണ്ടികയറി.
ഏലത്തിന് അനുകൂല കാലാവസ്ഥയോ മണ്ണോ അല്ല സുനിമോന്റെ നാട്ടിലേത്. കടലിലേക്കു ദൂരം അഞ്ചു കിലോമീറ്ററിൽ താഴെ മാത്രം. കടലോരത്തേതിനു സമാനമായ തരിമണൽ. ഹൈറേഞ്ചിനു നേർ വിപരീതമായി തീരെ തണുപ്പില്ലാത്ത അന്തരീക്ഷം. എങ്കിലും സുനിമോൻ തന്റെ തൊടിയിൽ ഏലച്ചെടികൾ നട്ടു. തൈകൾ വേരു പിടിച്ചപ്പോൾ ചാണകവും ചാരവും വളമായി നൽകി. ദിവസം നാല് - അഞ്ച് തവണ നനച്ചു. ഇതോടെ ചെടികൾ വലുതായി. ചെടികൾക്കു ചൂടു തട്ടാതിരിക്കാൻ പുതയിട്ടുകൊടുത്തു. പിന്നെ പൂവും കായും വരാനുള്ള കാത്തിരിപ്പായി.
ഒരു വർഷത്തോളം പിന്നിട്ടപ്പോൾ ചെടികൾ പൂവിട്ടു. പക്ഷേ പ്രാണികളും ചെറിയ മരത്തവളകളുമെല്ലാം ആക്രമിച്ചതോടെ പൂക്കൾ നശിച്ചു. അൽപം നിരാശയുണ്ടായെങ്കിലും സുനിമോൻ ഏലച്ചെടികളെ കൈവിട്ടില്ല. പരിചരണം പഴയപടി തുടർന്നു. ശരിയായ രീതിയിൽ പരാഗണം നടക്കാത്തതാണോ ആദ്യമുണ്ടായ പൂക്കൾ കായാകാതെ കൊഴിഞ്ഞുപോകാൻ കാരണം എന്നു സംശയമുണ്ടായതിനാൽ പരാഗണം കാര്യക്ഷമമാക്കാൻ കൂടുതൽ പൂമ്പാറ്റകളെയും മറ്റും ആകർഷിക്കുന്നതിന് ഏലച്ചെടികൾക്കു സമീപം പൂച്ചെടികൾ നട്ടു. ഇതോടെ പൂമ്പാറ്റകളും തേനീച്ചകളുമൊക്കെ പതിവു സന്ദർശകരായി.
ഒരു വർഷം കൂടി കഴിഞ്ഞതോടെ ചെടികൾ വീണ്ടും പൂവിട്ടു. ഇത്തവണ പ്രാണികളുടെയും മറ്റും ആക്രമണം കാര്യമായുണ്ടായില്ല. പൂക്കൾ പതിയെ കായായി. ഒടുവിൽ പൂർണ വളർച്ചയെത്തിയ ഏലയ്ക്കയായി. അങ്ങനെ ഹൈറേഞ്ചിൽ മാത്രം അനുവഭിച്ചിരുന്ന ഏലയ്ക്കാ മണമുള്ള കാറ്റ് ഇങ്ങു ദൂരെയും വീശിയടിച്ചു.
ശരിയായ പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ ഏലം എവിടെയും വിളയുമെന്നു സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെട്ട സുനിമോൻ ഏലം കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെയും വീട്ടുകാരുടെയും ഉടമസ്ഥതയിൽ വനസ്വർഗം പള്ളിക്കു സമീപമുള്ള സ്ഥലത്തു കൂടുതൽ ഏലച്ചെടികൾ നടാനാണു പരിപാടി.