ചൊറിയില്ല ഈ വരുമാനം

ജോയി നായ്ക്കുരണത്തോട്ടത്തിൽ

കാനനമേഖലയിൽ കണ്ടിട്ടില്ലാത്ത തരം പന്തൽകൃഷി. കേട്ടാൽതന്നെ ചൊറിച്ചിൽ വരുന്ന നായ്ക്കുരണയാണ് ഈ പന്തലിലെല്ലാം വാഴുന്നത്. ഒന്നും രണ്ടുമൊന്നുമല്ല, 25 ഏക്കറിലാണ് കൃഷി. പലയിടത്താണെന്നു മാത്രം.

കണ്ണൂർ ചെമ്പേരി കുരികിലാംകാട്ടിൽ ജോയി കൃഷിയിൽ വേറിട്ട പാത സ്വീകരിച്ചിട്ട് വർഷം പത്തു കഴിഞ്ഞു. പരമ്പരാഗത കൃഷിയിൽ തിരിച്ചടി പതിവായപ്പോഴാണ് വേറിട്ട വഴിക്കൊരു പോക്കു പോയത്. പിഴച്ചില്ലെന്നു മാത്രമല്ല, സംരംഭകനായി വളരാനും കഴിഞ്ഞ സന്തോഷത്തിലാണ് ജോയി.

വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യമാണ് ഈ കർഷകൻറെ ജീവിതത്തിനു പുത്തനുണർവ് നൽകിയത്. ദേഹത്ത് തട്ടിയാൽ ഇരിക്കപ്പൊറുതിയില്ലാത്ത ചൊറിച്ചിൽ സമ്മാനിക്കുന്ന ഈ വന്യവിളയെ മെരുക്കിയതിനു പിന്നിലെ സാഹസം പറഞ്ഞറിയിക്കാനാവില്ല. ജനവാസമേഖലയ്ക്കു പറ്റിയ കൃഷിയല്ലാത്തതിനാലാണ് ഉളിക്കൽ പോലുള്ള സ്ഥലങ്ങളിൽ കാടിനോടു ചേർന്നു കൃഷിയിടമൊരുക്കിയത്. മൂക്കുന്തോറും ചൊറിച്ചിലേറുന്ന വിള നാട്ടുകാർക്ക് വിനയാകേണ്ടെന്ന് കരുതിയാണ് ഈ മുൻകരുതൽ.

നായ്ക്കുരണ

മാംസ്യ സമ്പുഷ്ടമായ ഇത്തരമൊരു വിള പരിപാലിക്കുകയും കഴിയുന്നത്ര പ്രചരിപ്പിക്കുകയും ചെയ്വുന്നത് ജീവിതദൗത്യമായി ജോയി സ്വീകരിച്ചിരിക്കുന്നു. സംസ്കരിച്ച ഉൽപന്നം പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കുക വഴി മികച്ച ആദായവും നേടുന്നു.

ഇരിക്കൂർ പെരുവളത്തുപറമ്പിലെ വ്യവസായ പാർക്കിൽ ജോയിക്കൊരു ഇടമുണ്ട്. സംസ്കരിച്ച നായ്ക്കുരണപ്പരിപ്പ് പൊടിച്ചു പായ്ക്കറ്റിലാക്കി വിൽപനയ്ക്കു തയാറാക്കുന്നത് ഇവിടെയാണ്. സക്സസ് പ്ലസ് എന്ന പേരിലാണ് ഉൽപന്നം വിപണിയിലെത്തുന്നത്.

ഹെർബൽ ഫുഡ് സപ്ലിമെന്റ് എന്ന ഗണത്തിൽപെടുന്ന സക്സസ് പ്ലസിൻറെ ഒരു പായ്ക്കറ്റ് ഒരു മാസത്തേക്ക് ഉപയോഗിക്കാം. ഒരു ദിവസം ആവശ്യമുള്ള അഞ്ച് ഗ്രാം നായ്ക്കുരണപ്പൊടിയുടെ 30 സാഷേകൾ ഇതിലുണ്ടാവും. ഉപഭോക്താക്കളുടെ ആവശ്യവും സൗകര്യവും കണക്കിലെടുത്താണ് ഇങ്ങനെ പായ്ക്ക് ചെയ്യുന്നതെന്നു ജോയി.

മലയാളികൾ മാത്രമല്ല, മറുനാട്ടുകാരും വിദേശികളും ഇതിന്റെ കരുത്തറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് സ്ഥിരമായി കയറ്റി അയയ്ക്കുന്നു.

ഫോൺ: 9387614930

ജോയി നായ്ക്കുരണത്തോട്ടത്തിൽ

നാലാളറിയാത്ത നായ്ക്കുരണ
ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഇടമുണ്ട്.

പാവലിന്റേതുപോലെ തടമെടുത്താണ് കൃഷി. വള്ളികളെ മെരുക്കിവിടാൻ പന്തലും വേണം. ഏക്കറിന് രണ്ടു കിലോ വിത്ത് വേണ്ടിവരും. തടത്തിൽ അഞ്ച് വിത്തെന്നതാണ് കണക്ക്. ആറുമാസത്തിനകം ചെടി പൂവിടും. കുലയൊന്നിൽ 100 പൂവുവരെ കാണും. ദ്വിലിംഗപുഷ്പങ്ങളാണ്. പരാഗണത്തിന് പരാശ്രയം വേണ്ട. കായ പാകമാകാൻ നാലു മാസം വേണം.

കുല പഴുത്ത് പൊട്ടിത്തെറിക്കും മുമ്പേ വിളവെടുക്കണം. ചെടിയുടെ ആയുസ് ശരാശരി ഒരു വർഷം. നനയ്ക്കുകയാണെങ്കിൽ രണ്ടു വർഷം വരെ നിൽക്കാം.