രാംഗംഗയുടെ ഭഗീരഥൻ

ഉയരക്കുറവും സാവധാനമുള്ള വളർച്ചയും രാംഗംഗയുടെ സവിശേഷത. ചിത്രം: മാത്യു ജോൺ

തെങ്ങും മുട്ടക്കോഴികളും നൽകിയ വരുമാനത്തിലൂടെയാണ് ഉമാപതിയും വിമലാദേവിയും മക്കളെ വളർത്തിയത്. മൂത്ത മകൻ രാം മോഹൻ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചതും സ്കോട്ട്ലൻഡിൽ പോയി സംരംഭകത്വം പഠിച്ചതുമൊക്കെ കൃഷിയിടത്തിലെ വരുമാനംകൊണ്ടു തന്നെ. ഇഷ്ടമുളള മേഖലകളില്‍ പ്രവർത്തിക്കാൻ പൂർണസ്വാതന്ത്ര്യം കിട്ടിയപ്പോഴും തങ്ങളെ വളർത്തിയ കൃഷി ഉപേക്ഷിക്കാൻ രാം മോഹനും അനുജൻ രാം പ്രസാദിനു കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പഠനം പൂർത്തിയാക്കും മുമ്പേ ഉമാപതിയില്‍ നിന്നു ഫാമിന്റെ ചുമതലകൾ അവർ സ്വീകരിച്ചു തുടങ്ങി.

വിദേശപഠനവും ജോലിയുമൊക്കെ മതിയാക്കി അച്ഛന്റെ തെങ്ങുനഴ്സറിയിൽ സജീവമായ രാം മോഹൻ വരുത്തിയ മാറ്റങ്ങൾ ഉമാപതി നഴ്സറിയെ ഇന്നു രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ നാളികേര സംരംഭകരില്‍ ഒരാളാക്കി മാറ്റി. രാംഗംഗ എന്ന പേരിലുളള സങ്കരം ഇനം തെങ്ങാണ് ഉമാപതി നഴ്സറിയുടെ മാസ്റ്റർപീസ്. മികച്ച പരിചരണം കിട്ടിയാൽ ഒരു തെങ്ങിൽനിന്ന് ഒരു വർഷം 350 തേങ്ങ കിട്ടുമെന്ന് അവകാശപ്പെടുന്ന ഈ ഇനം തേടി അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും കൃഷിക്കാർ പല്ലടത്തെ തെങ്ങിൻതോപ്പിലെത്തുന്നു. ഗംഗാബൊന്തം എന്ന കുറിയ ഇനം തെങ്ങിൽ വെസ്റ്റ് കോസ്റ്റ് ടോൾ ഇനത്തിന്റെ പൂമ്പൊടി പതിപ്പിച്ചാണ് രാംഗംഗയ്ക്കു ജന്മം നൽകിയത്. തമിഴ്നാട്ടിലെ കർഷകപ്രമുഖനും ബന്ധുവുമായ ഒവിആർ സോമസുന്ദരമാണ് ഇങ്ങനെയൊരു സങ്കരഇത്തിന്റെ സാധ്യതയെപ്പറ്റി ഉമാപതിയോടു പറഞ്ഞത്.

രാം മോഹൻ, ഉമാപതി, രാം പ്രസാദ് എന്നിവർ നഴ്സറിയിൽ. ചിത്രം: മാത്യു ജോൺ

അച്ഛൻ വിപണിയിലെത്തിച്ച സങ്കരഇനത്തെ നാട്ടിലെ താരമാക്കിയത് രാം മോഹന്റെ വിപണന മികവാണ്. രാംഗംഗയുടെ വിപണനത്തിൽ വിശ്വാസ്യതയ്ക്കു പ്രധാന്യം നൽകിയ തന്ത്രങ്ങളാണ് സ്വീകരിച്ചതെന്നു രാം മോഹൻ പറയുന്നു. ഉമാപതി ഫാംസ് വിൽക്കുന്ന ഓരോ തെങ്ങിൻ തൈയ്ക്കും പ്രത്യേകം ബാർകോഡ് ഉണ്ട്. ഇത് പരിശോധിച്ചാൽ അവയുടെ മാതൃപിതൃവൃക്ഷങ്ങൾ ഏതൊക്കെയാണെന്നും പരാഗണം നടത്തിയതാരെന്നും എന്നാണെന്നുമൊക്കെ കൃത്യമായി അറിയാൻ കഴിയും. സങ്കര തെങ്ങിൻതൈകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാൻ ഇതുവഴി സാധിക്കുമെന്നു രാം മോഹൻ അവകാശപ്പെട്ടു. മാത്രമല്ല കൃഷിക്കാര്‍ക്ക് അവർ ചൂണ്ടിക്കാണിക്കുന്ന തെങ്ങിൽനിന്നുളള തൈകൾ തെരഞ്ഞെടുത്ത് നൽകാനും ഉമാപതി നഴ്സറിയെ സഹായിക്കുന്നത് കംപ്യൂട്ടർ അധിഷ്ഠിതമായ വിവരശേഖരമാണ്. തങ്ങളുടെ തോട്ടത്തിലെ എല്ലാ മാതൃവൃക്ഷങ്ങളും അവയുടെ ചുമതലക്കാരായ ജീവനക്കാരും അവരുടെ അനുദിനപ്രവർത്തനങ്ങളും രാം മോഹന്റെ കംപ്യൂട്ടറിലുണ്ട്. കൃത്രിമപരാഗണം ഉൾപ്പെടെ അവർ നിർവഹിക്കുന്ന ഓരോ പ്രവൃത്തിയും കംപ്യൂട്ടർ ശൃംഖലയിലൂടെ വിവരശേഖരത്തിൽ ചേർക്കപ്പെടുന്നു. ഓരോ തെങ്ങിലും ചൊട്ട പൊട്ടിയതും പരാഗണം നടത്തിയതും വിളവെടുത്തതും വിളവെടുത്ത വിത്തുതേങ്ങകൾ പാകിയതും അവയിലെ മുളച്ച തേങ്ങകളുടെ ശതമാനവുമൊക്കെ ഇതിൽ പെടും. വംശഗുണം ഉറപ്പാക്കാൻ മാത്രമല്ല ജീവനക്കാരുടെ പ്രവർത്തനമികവ് നിരീക്ഷിക്കാനും കംപ്യൂട്ടർവൽക്കരണം ഉമാപതി നഴ്സറിയെ സഹായിക്കുന്നുണ്ട്.

വിശ്വാസ്യതയ്ക്ക് ബാർകോഡ്. ചിത്രം: മാത്യു ജോൺ

പാകിയ വിത്തുതേങ്ങകളുടെ പരിചരണത്തിലുമുണ്ട് കംപ്യൂട്ടർ ഇടപെടൽ. ഗ്രോബാഗുകളിൽ ചകിരിപിത്ത് നിറച്ച് പാകിയ വിത്തുതേങ്ങകൾക്ക് മുടങ്ങാതെ വളവും വെള്ളവുമൊക്കെ തുളളിനന സംവിധാനത്തിലൂടെ നൽകുന്നു. ഇതിനായി പെൻസിൽ ആകൃതിയിലുളള ഓരോ ഡ്രിപ്പറുകൾ ഗ്രോബാഗുകളില്‍ വച്ചിട്ടുണ്ട്, വിത്തുതേങ്ങകൾക്ക് സ്പ്രിങ്ക്ളർ ഉപയോഗിച്ചു നനയ്ക്കുമ്പോൾ എല്ലാറ്റിനും ഒരേ പോലെ കിട്ടാത്തതിനാല്‍ വളർച്ചയിലും വ്യത്യാസമുണ്ടാകാം. തൈകൾ തെരഞ്ഞെടുക്കുമ്പോൾ ഒരേ സാഹചര്യത്തിൽ വളര്‍ന്നവ തമ്മിൽ താരതമ്യം ചെയ്താൽ മാത്രമേ നല്ലതു കണ്ടെത്താനാവൂ – രാം മോഹൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഗ്രോബാഗുകളിൽ തുല്യസാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ തൈകളുടെ ജനിതകഗുണം മാത്രമായിരിക്കും അവ തമ്മിൽ വേർതിരിവുണ്ടാക്കുക. എട്ടുമാസമെങ്കിലും തുല്യസാഹചര്യത്തിൽ വളർന്ന തെങ്ങിൻ തൈകളില്‍ മോശമായവ ഒഴിവാക്കിയാണ് കൃഷിക്കാർക്കു നൽകുക. ഗുണമേന്മ ഉറപ്പാക്കണമെന്നു നിർബന്ധമുളളതുകൊണ്ടാണ് വിത്തുതേങ്ങകളും നിശ്ചിത പ്രായമെത്താത്ത തൈകളും ഉമാപതി വിതരണം ചെയ്യാത്തതെന്ന് രാം മോഹൻ പറഞ്ഞു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മാതൃവൃക്ഷ ഫാമുകൾ ഇവർക്കുണ്ട്.

സ്വന്തം ഫാമിൽനിന്നുളള നീര ഉപയോഗിച്ചു നിർമിക്കുന്ന പഞ്ചസാര ഫാം മേഡ് എന്ന ബ്രാൻഡിൽ വിപണിയിലെത്തിച്ചതും രാം മോഹന്റെ ആശയപ്പുതുമ തന്നെ. കിലോയ്ക്ക് 300 രൂപ നിരക്കില്‍ വിൽക്കുന്ന ഈ കോക്കനട്ട് ഷുഗർ 250 ഗ്രാമിന്റെയും ഒരു കിലോയുടെയും പായ്ക്കറ്റുകളിൽ ലഭ്യമാണ്.

മുട്ടക്കോഴി വളര്‍ത്തലിലും മുൻപന്തിയിൽ. ചിത്രം: മാത്യു ജോൺ

പതിനെണ്ണായിരം വീതം മുട്ടക്കോഴികളെ പാർപ്പിച്ചിരിക്കുന്ന പത്തോളം ഷെ‍ഡുകളാണ് ഇവരുടെ കോഴിവളര്‍ത്തൽ സംരംഭം. ഒന്നരലക്ഷം മുട്ട ഉൽപാദിപ്പിക്കുന്ന ഷെഡുകൾക്കിടയിൽ ഗംഗബൊന്തത്തിന്റെ മാതൃവൃക്ഷങ്ങൾ കാണാം. അനുജൻ രാംപ്രസാദിനാണ് ഇതിന്റെ ചുമതല. മുട്ടക്കോഴികൾക്കുളള തീറ്റ ഫാമിൽ തന്നെ മിക്സ് ചെയ്ത് യന്ത്രസംവിധാനം വഴി കോഴികളുടെ തീറ്റപ്പാത്രത്തിലെത്തുന്ന രീതിയാണ് ഇവിടുളളത്. തങ്ങളുടെ ഫാമിൽനിന്നു ദിവസേന 90000 മുട്ടകളാണ് വാളയാർ ചുരം കടന്ന് കേരളത്തിലെത്തുന്നതെന്ന് രാംപ്രസാദ് പറഞ്ഞു. മുട്ടക്കോഴി വളർത്തലിലും ന്യൂജനറേഷൻ ശൈലികൾ ഇവർ നടപ്പാക്കി കഴിഞ്ഞു.

കോഴികളെ അഴിച്ചുവിട്ടു വളർത്തുന്ന ഫ്രീ റേഞ്ച് ശൈലിയിൽ ഉൽപാദിപ്പിക്കുന്ന മുട്ടകൾ ഫാം മേഡ് ബ്രാൻഡിൽ ചെന്നൈയിലെ സൂപ്പർമാർക്കറ്റുകളിലാണ് വിൽക്കുന്നത്. ഫ്രീ റേഞ്ച് ഫാമിൽനിന്നുളള ആറു മുട്ടകളുടെ ഒരു പായ്ക്കറ്റിനു 95 രൂപയാണ് വില. പൗൾട്രി ഫാമിൽ നിന്നുളള കോഴിക്കാഷ്ഠം നേരിട്ട് വിൽക്കുന്ന രീതി അവസാനിപ്പിച്ച് സൂക്ഷ്മമൂലകങ്ങളും ജീവാണുക്കളും ചേർത്ത് കമ്പോസ്റ്റാക്കി ഉമാപതി എന്ന ബ്രാൻഡിൽ നൽകുന്നു. മികച്ച നിലവാരമുളള ഈ കമ്പോസ്റ്റ് ഒരു ചാക്കിന് 250 രൂപ മാത്രമാണ് വില.

തനതായ പരാഗണരീതികള്‍ പരിശീലിപ്പിച്ച ഒട്ടേറെ തൊഴിലാളികളും മാതൃവൃക്ഷങ്ങളുടെ മികച്ച ശേഖരവും ഓരോ തെങ്ങിന്റെയും സ്വഭാവഗുണങ്ങൾ സംബന്ധിച്ച കൃത്യമായ നീരീക്ഷണവുമാണ് ഉമാപതിയുടെയും മക്കളുടെയും കരുത്ത്. അതിലുപരി വിശ്വാസ്യതയ്ക്കു പ്രാധാന്യം നൽകിയുളള വിപണന തന്ത്രങ്ങളും. തേങ്ങയും മുട്ടയും വിറ്റിരുന്ന അച്ഛനിൽനിന്നു സ്വന്തം ബ്രാൻഡിലുളള തെങ്ങിൻതൈയും ഫ്രീ റേഞ്ച് ജൈവമുട്ടയും കമ്പോസ്റ്റ് വളവും നാളികേര പഞ്ചസാരയും ബർഫിയുമൊക്കെ രണ്ടു വർഷത്തിനുളളില്‍ പുറത്തിറക്കി നേട്ടമുണ്ടാക്കിയ ഈ സഹോദരങ്ങൾ കേരളത്തിനു നൽകുന്ന ഒരു സന്ദേശമുണ്ട് – നമ്മുടെ തെങ്ങിൻതോപ്പുകൾക്ക് കുറവുളളത് സബ്സിഡിയല്ല, ആശയസമ്പന്നരായ, സ്വന്തം മണ്ണിനോടു കൂറുളള ചെറുപ്പക്കാരുടെ സാന്നിധ്യവും ഉത്സാഹവുമാണ്.

ഫോൺ: 09715371717