ഒന്നുവച്ചാൽ രണ്ടു കിട്ടും
രണ്ടുവച്ചാൽ നാലു കിട്ടും
നോക്കിനിന്നാൽ വടി കിട്ടും
പൊലീസ് കണ്ടാൽ ഇടി കിട്ടും
വെയ് രാജാ വെയ്...
ഉത്സവപ്പറമ്പിലെ കിലുക്കിക്കുത്തുകാരുടെ വായ്ത്താരിയിൽപോലും ഇരട്ടി കിട്ടുന്ന കാര്യമേയുള്ളൂ. എന്നാൽ ഒന്നു വച്ചാൽ പത്തു കിട്ടുന്നൊരു പണിയുമായാണ് അനീഷിന്റെ വരവ്. പേരുകേട്ട പത്ത് ഇനം മാങ്ങകൾ വിളയുന്ന ഒറ്റ മാവാണ് തൃശൂർ മണ്ണുത്തി പടിഞ്ഞാറെ വെള്ളാനിക്കര നാരങ്ങലിൽ അനീഷിന്റെ തുരുപ്പു ചീട്ട്. പഴരാജന്റെ ദശാവതാരം. പത്തു തലകൾ ചേര്‍ത്തൊട്ടിച്ചിരിക്കുന്നതിനാൽ രാവണൻ വിളിച്ചാൽ മാവു പോലും തലയാട്ടിയെന്നിരിക്കും.
സിന്ദൂരച്ചെപ്പിൽ വീണ കണക്കേ മേലാകെ ചെഞ്ചായം പൂശിയ സിന്ദൂരം, സ്വർഗീയ രുചിയുള്ള അൽഫോൺസോ (ആപ്പൂസ്), മധുരപ്രതീക്ഷതൻ മാമ്പഴക്കനിയായ മല്ലിക, മുക്കാൽ കിലോയോളം തൂക്കമൊക്കുന്ന കൊളമ്പ്, ചേലൊത്ത മൽഗോവ. മാമ്പഴപ്രേമികൾ നാവുവച്ച് കീഴങ്ങുന്ന നീലവും ചന്ദ്രക്കാരനും പ്രിയൂരും ജഹാംഗീറും ഹിമാപസന്തും. ഇനി രത്നയോ വന്ദനയോ വേണമെങ്കിൽ അതുമാവാം. വീട്ടുപറമ്പിലോ നാട്ടുപറമ്പിലോ ഉള്ള ഇനങ്ങൾ ചേർത്തൊട്ടിച്ച് കൈയെത്തും പൊക്കത്തു നിന്നു നാലു മാങ്ങ പൊട്ടിക്കാൻ കൊതിക്കുന്നവർക്ക് അതിനും വഴിയുണ്ട്. ഒറ്റമാവിലെ മാമ്പഴ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾക്കാണ് ഒട്ടിപ്പിൽ മുൻഗണനയെന്ന് അനീഷ്.
പത്തു മാവു നടാനുള്ള സ്ഥലം പുരയിടത്തിൽ ഇല്ലെന്ന പരിഭവംപറച്ചിൽ കേട്ടാണ് ഇവയെല്ലാം ഒരിടത്ത് കുടിയിരുത്താനുള്ള ഒട്ടുവിദ്യയുമായി അനീഷ് ആറു വർഷം മുമ്പു പണി തുടങ്ങിയത്. കേരള കാർഷിക സർവകലാശാലയുടെ കശുമാവ് ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനാണ് അനീഷ്. രാമവർമപുരത്തെ വിഎച്ച്എസ് സിയിൽ ഉദ്യാന പരിപാലനവും നഴ്സറി മാനേജ്മെന്റും പഠിച്ചതാണ് പരീക്ഷണത്തിനു ധൈര്യമേകിയത്. പഠനകാലത്ത് ബഡ്ഡിങ്ങിലും ഗ്രാഫ്റ്റിങ്ങിലും ലെയറിങ്ങിലുമെല്ലാം സംസ്ഥാനതല മത്സരങ്ങളിൽ നേട്ടം കൊയ്തിരുന്നു.
മണ്ണുത്തിക്കാരുടെ കുലത്തൊഴിലെന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. നഴ്സറി. ചിലയിടത്തു പൂച്ചെടിയാകും. ചിലയിടത്തു പഴച്ചെടിയാകും. എല്ലാ വിളകളുടെയും വിത്തും തൈയും കിട്ടുന്ന സ്ഥലങ്ങളുമുണ്ട്. 2010 ല്‍ അനീഷും നഴ്സറിക്കു തുടക്കമിട്ടു. പേരുതന്നെ കുറിക്കു കൊണ്ടു. രാവണൻ നഴ്സറി. ഒറ്റമാവിൽ പത്തിനം മാമ്പഴങ്ങൾ വിളയുന്ന രാവണൻ മാവ് അതോടെ ഹിറ്റായി. ചുമ്മാ കൊമ്പൊട്ടിച്ച് കിളിർപ്പിച്ച് വിറ്റുകാശാക്കി തടിയൂരുന്ന പണി അനീഷിനില്ല. ഒത്തൊരു മാവിൻതൈയിൽ കൊമ്പുവീശിത്തുടങ്ങുമ്പോഴേ അനീഷ് പണി തുടങ്ങും. ചുരുങ്ങിയത് 14 ഇനങ്ങൾ ഒട്ടിച്ചെടുക്കാനുള്ള ശിഖരം വേണം. പത്ത് ഒട്ടെങ്കിലും വിജയിച്ചുകിട്ടാനാണ് 14 പേരെ ചെടിയിലേക്ക് ആവാഹിക്കുന്നത്. ആവശ്യമുള്ള ഇനങ്ങൾ നിശ്ചയിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കാണ്. ആറുമാസം നഴ്സറിയിൽ പരിചരിച്ച ശേഷമാണ് തൈകൾ ആവശ്യക്കാരനു കൈമാറുന്നത്.
തൈമാവ് അപ്പോഴേക്കും മൂന്നു നാലടി ഉയരത്തിൽ വളർന്നിരിക്കും. വാങ്ങുന്നയാളിന്റെ വീട്ടിലെത്തിച്ച് നട്ടുകൊടുക്കുന്നതിനു പുറമേ, മൂന്നു കൊല്ലത്തെ പരിചരണംകൂടി ഏറ്റെടുക്കുകയും ചെയ്യും. ഒട്ട് പിടിക്കാതിരിക്കുകയോ തൈ ഉണങ്ങുകയോ ചെയ്താൽ പുതിയതു നട്ടുകൊടുക്കും.
അത്ര ലളിതമല്ല ദശാവതാര സൃഷ്ടി. എങ്കിലും മാമ്പഴപ്രേമികൾ കാത്തിരിക്കാൻ തയാറാണെന്നു പറഞ്ഞാൽ അനീഷ് ഉഷാറാകും. തണലോ ചോലയോ ഉള്ളിടത്തു മാവിൻതൈ നട്ടിട്ട് യാതൊരു കാര്യവുമില്ലെന്ന് അനീഷ്. വേണ്ടത്ര ജൈവവളം നൽകിയാണ് മാവുകളെ കുലച്ചുമറിയാൻ ഒരുക്കുന്നത്. രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. പത്തു കിലോ ആട്ടിൻകാഷ്ഠവും മൂന്നു കിലോ എല്ലുപൊടിയും അരകിലോ എണ്ണയെടുക്കാത്ത വേപ്പിൻപിണ്ണാക്കും മേൽമണ്ണുമായി കലർത്തും. അതിലാണ് തൈ നടുന്നത്. പരിചരണത്തിൽ മൂന്നാണ്ട് വീഴ്ച വരരുത്.

വേനൽക്കാലത്ത് നന മുടക്കരുത്. കായ്പിടിച്ചാൽ നന നിർത്താം. ഇങ്ങനെ നട്ടുപരിചരിച്ചൊരു മാവ് തൃശൂർ പടിഞ്ഞാറേക്കോട്ട ശ്രീനഗറിലെ നകുലനാഥന്റെ പുരയിടത്തിൽ നിൽപ്പുണ്ട്. മൂന്നു വർഷം പ്രായമായ മാവ് രണ്ടാൾപൊക്കത്തിലേറെ വളർന്നു. ഇതിനിടെ 30 കിലോയോളം മാമ്പഴവും കിട്ടിയെന്ന് വീട്ടമ്മ തുളസി.
രുചിഭേദവുമായി വീട്ടിൽ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒറ്റമാവിന്റെ സൃഷ്ടിക്കു പിന്നിൽ അച്ഛൻ വിശ്വനാഥന്റെയും അമ്മ ശ്രീദേവിയുടെയും പിന്തുണയും പ്രാർഥനയുമുണ്ടെന്ന് അനീഷ്. കേരള കാർഷിക സർവകലാശാലയിൽ ജോലി ലഭിച്ചതോടെ അച്ഛനാണ് നഴ്സറി നടത്തുന്നത്. ഗൃഹപ്രവേശത്തിനു മാത്രമല്ല, ജോലിയിൽ നിന്ന് വിരമിക്കുന്നവർക്കും ജന്മദിനത്തിനും വിവാഹ വാർഷികത്തിനുമൊക്കെ സമ്മാനമായി തന്റെ രാവണനെ കൈമാറുന്നവരുടെ എണ്ണം ഏറുകയാണെന്ന് അനീഷ്.
ഫോൺ: 9605965918