Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷ പച്ചക്കറിയെ തുരത്താൻ വീട്ടമ്മമാർ

vegetable-farming-by-housewives1 അവിണിശേരി പഞ്ചായത്തിലെ കാടുനിറഞ്ഞു കിടന്നിരുന്ന പറമ്പിൽ കൃഷിചെയ്ത ജൈവ പച്ചക്കറി തോട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബിക്കൊപ്പം വനിതാ കർഷകരും.

തമിഴ്നാട്ടിൽ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളെ കുറ്റം പറയുകയും പിന്നീട് അതു തന്നെ വാങ്ങി കഴിച്ച് അസുഖ ബാധിതരാവുകയും ചെയ്യുന്ന സമൂഹത്തിന് മുന്നിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് പ്രവർത്തിയിലൂടെ കാണിച്ചു നൽകി മാതൃകയാവുകയാണ് തൃശൂർ അവിണിശേരി ആറാം വാർഡിലെ ജയ ജെഎൽജി കുടുംബശ്രീ കൂട്ടായ്മയിലെ 12 വനിതകൾ. പഞ്ചായത്തിൽ കൃഷിയിറക്കാതെ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥരുടെ അനുമതിയോടെ വെട്ടി വെടിപ്പാക്കി അതിൽ വിവിധയിനം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് ഇവർ.

koorka-vegetable-farming-by-housewives അവിണിശേരി പഞ്ചായത്തിലെ വനിതാ കർഷകർ നടത്തിയ കൂർക്കക്കൃഷി.

അവിണിശേരി പഞ്ചായത്തിൽ പലയിടങ്ങളിലായി നാല് ഏക്കറിലധികം ഇതിനകം ഇവർ കൃഷി വ്യാപിപ്പിച്ചു കഴിഞ്ഞു. അധികം വൈകാതെ പഞ്ചായത്തിലെ കാടു കയറി കിടക്കുന്ന മറ്റു സ്ഥലങ്ങളിൽ കൂടി പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവെടുപ്പ് നടത്താമെന്നാണ് ഈ വനിതകളുടെ പ്രതീക്ഷ. സരള വേലായുധൻ എന്ന വീട്ടമ്മയാണ് ഈ മാതൃകാപരമായ ആശയത്തിനു പിന്നിൽ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് കുടുംബശ്രീ പ്രവർത്തകരും പൂർണമായും സഹകരിക്കുന്നുണ്ട്. മധുരക്കിഴങ്ങ്, കപ്പ, പയർ, ചേന, ചേമ്പ്, ചീര, വെണ്ടക്കായ, കപ്പലണ്ടി, നേന്ത്രക്കായ, തുവരപരിപ്പ്, റോബസ്റ്റ്, കൂർക്ക എന്നിവയാണ് ഇവർ കൃഷി ചെയ്യുന്നത്.

vegetable-harvest-by-housewives അവിണിശേരി പഞ്ചായത്തിലെ വനിതകൾ ഉത്പാദിപ്പിച്ച പച്ചക്കറികൾ.

ജൈവ കൃഷിയാണെന്നതിനാൽ വിളകൾ ഇവർക്ക് ചന്തയിൽ കൊണ്ടു പോയി വിൽക്കേണ്ടി വരുന്നില്ല, ആവശ്യക്കാർ കൃഷിയിടത്തിലേക്ക് അന്വേഷിച്ചു വരികയാണ് പതിവെന്നും ലാഭം എല്ലാവരും പങ്കിട്ടെടുക്കയാണ് ചെയ്യുകയെന്നും ഇവർ പറയുന്നു. എല്ലാവരും ഇത്തരം മാതൃക പിന്തുടർന്നാൽ പണ ലാഭത്തിനൊപ്പം വിഷ പച്ചക്കറി തിന്നുകൊണ്ടുണ്ടാവുന്ന അസുഖങ്ങളെയും അകറ്റി നിർത്താനാവുമെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ സ്ത്രീശക്തി അഭിപ്രായപ്പെടുന്നു. 

groundnut-farming-by-housewives അവിണിശേരി പഞ്ചായത്തിൽ വനിതകൾ നടത്തുന്ന കപ്പലണ്ടി കൃഷി.
Your Rating: