പച്ചക്കറികളിൽ കീടാക്രമണവും രോഗബാധയും നിയന്ത്രിക്കാൻ

Representative image

പച്ചക്കറിവിളകളിലും കീടാക്രമണവും രോഗബാധയും സാധാരണയാണ്. ഇവ നിയന്ത്രിക്കാൻ യഥാസമയം നിയന്ത്രണ മാർഗങ്ങൾ കൈക്കൊള്ളണം.

നിയന്ത്രണോപാധികളിൽനിന്നും കഴിവതും രാസവിഷവസ്തുക്കളെ ഒഴിവാക്കുക. കാരണം അവയെല്ലാം ദീർഘനാൾ ചെടികളിൽ വിഷാംശം തങ്ങി നിർത്താൻ പോന്നവയാണ്. വിഷവീര്യം വിട്ടു വിളവു സുരക്ഷിതഭക്ഷ്യവസ്തുവെന്ന് ഉറപ്പാക്കുന്നതിനു സാധാരണ കർഷകർക്കു കഴിഞ്ഞുവെന്നു വരില്ല. ഉപഭോക്താവ് മാർക്കറ്റിൽനിന്നും ഉൽപന്നങ്ങൾ വാങ്ങി കഴിക്കുന്നതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെങ്കിലത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ആയതിനാൽ സുരക്ഷിത നിയന്ത്രണോപാധികളായ ജൈവകീടരോഗനാശിനികൾ ഉപയോഗിക്കുക, കീടരോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷിചെയ്യുക, വിഷമടിക്കാനിടയാക്കാതെ കീടരോഗഹേതുക്കൾ ശേഖരിച്ചു നശിപ്പിക്കുക, കീടരോഗബാധ സാധ്യതയുള്ള കാലം വിട്ടു കൃഷിയിറക്കുക തുടങ്ങി നിരവധി മാർഗങ്ങൾ പച്ചക്കറി വിളകളിലെ സസ്യസംരക്ഷണത്തിനായി ഫലപ്രദമായി നടത്താവുന്നതാണ്.

അടുക്കളത്തോട്ടം, ടെറസ്, ചട്ടികളിലും ചാക്കുകളിലുമായുള്ള കൃഷി കുറഞ്ഞ തോതിലെങ്ക‍ിൽ നിത്യേനയുള്ള പരിശോധന നിർബന്ധമാക്കണം. കീടാക്രമണമോ രോഗബാധയോ കണ്ടാൽ ആ ഭാഗം വേർപെടുത്തി നശിപ്പിക്കണം. പുഴുക്കളെ ശേഖരിച്ചു വകവരുത്താവുന്നതാണ്.

ജൈവകീടനാശിനികളായ പുകയില കഷായം, വേപ്പിൻകുരുസത്ത്, തുളസിക്കെണി, പഴക്കെണി, ശർക്കരക്കെണി, വെളുത്തുള്ളി മിശ്രിതം, കിരിയാത്ത് എമൽഷൻ തുടങ്ങി വീടുകളിൽ തന്നെ തയാറാക്കി പ്രയോജനപ്പെടുത്താവുന്ന നിരവധി ജൈവനിയന്ത്രണോപാധികളുണ്ട്. പച്ചക്കറി വിളകളിൽ സസ്യസംരക്ഷണത്തിന് ഇപ്രകാരമുള്ള ചെലവു കുറഞ്ഞതും സുരക്ഷിതവുമായ നിയന്ത്രണോപാധികൾ സ്വീകരിക്കുക.