ചീര എല്ലാക്കാലത്തും കൃഷിചെയ്യാം. നേരിട്ട് വിതയ്ക്കുന്നതിന് സെന്റിന് എട്ടു ഗ്രാമും പറിച്ചു നടുന്നതിന് രണ്ടു ഗ്രാമും വിത്ത് വേണ്ടിവരും.
നടീൽരീതി: നേരിട്ട് വിതയും പറിച്ചു നടീലും.
നഴ്സറി (തവാരണ) ഒരുക്കൽ: വിത്ത് പാകുന്നതിനു മുമ്പ് നഴ്സറി തടങ്ങൾ സൂര്യതാപീകരണം നടത്തുക. വിത്ത് പരിചരണത്തിന് ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തുക. നഴ്സറി രോഗങ്ങള്‍ തടയാനായി ഒരു ചതുരശ്രമീറ്ററിന് 10 കിലോ ട്രൈക്കോഡെർമ സമ്പുഷ്ട കാലിവളം, 100 ഗ്രാം പി.ജി.പി. ആർ മിശ്രിതം–2 എന്നിവ നൽകുക.
സ്ഥലം ഒരുക്കലും നടീലും: കൃഷിസ്ഥലം കിളച്ചു നിരപ്പാക്കി 30 സെ.മീ. അകലത്തിൽ 30–35 സെ.മീ. വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ എടുക്കുക. അതിലേക്ക് സെന്റ്
ഒന്നിന് 100 കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം അടിവളമായി ചേർത്ത് ഇളക്കുക. ഈ ചാലുകളിൽ 20–30 ദിവസം പ്രായമായ തൈകൾ സ്യൂഡോമോണാസ് ലായനിയിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയത്) വേരുകൾ 20 മിനിറ്റ് ഇട്ടതിനുശേഷം 20 സെ.മീ. അകലത്തിൽ നടുക. മഴക്കാലത്ത് ചാലുകൾക്ക് പകരം തടങ്ങൾ എടുത്ത് നടുന്നതാണ് നല്ലത്.
വളപ്രയോഗം: തൈകൾ നട്ട് 8–10 ദിവസത്തെ ഇടവേളയിൽ താഴെപ്പറയുന്ന ഏതെങ്കിലും ജൈവവളം ചേർക്കണം.
1. ചാണകപ്പാൽ ബയോഗ്യാസ് സ്ലറി (200 ഗ്രാം) നാലു ലീറ്റർ വെള്ളവുമായി ചേർത്തത്.
2. ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് അഞ്ചിരട്ടി വെള്ളവുമായി ചേർത്തത്.
3. നാലു കിലോ വെർമിക്കമ്പോസ്റ്റ് കോഴിവളം, കടലപ്പിണ്ണാക്ക് (200 ഗ്രാം) നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.
കൂടാതെ, ഓരോ വിളവെടുപ്പ് കഴിയുമ്പോഴും നേർപ്പിച്ച വെർമിവാഷ് തളിച്ചുകൊടുക്കാം.
പരിപാലനമുറകൾ
മണ്ണിൽ ഈർപ്പം ഇല്ലെങ്കിൽ പുതയിടുന്നതു നന്ന്. വേനൽക്കാലത്ത് രണ്ടു ദിവസത്തിലൊരിക്കൽ നനയ്ക്കണം. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കണം.
കീടങ്ങള്‍
കൂടുകെട്ടിപ്പുഴുക്കൾ ഇലകൾ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു. ഇലതീനിപ്പുഴുക്കൾ ഇലകൾ തിന്ന് നശിപ്പിക്കുന്നു.
നിയന്ത്രണം: പുഴുക്കളോടുകൂടി ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അഞ്ചു ശതമാനം വേപ്പിൻകുരുസത്ത് തളിക്കണം. ജീവാണു കീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ നാലു ശതമാനം ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.
മുളക്
ബാക്ടീരിയ വാട്ടത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനമാണ് അനുഗ്രഹ.
നഴ്സറി: പറിച്ചു നടുന്ന വിളയാണിത്. വിത്തുകൾ തവാരണകളിൽ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചുനടാം. തുറസ്സായ സ്ഥലത്ത് ധാരാളം ജൈവവളവും മേൽമണ്ണും ചേർത്ത് നഴ്സറി തയാറാക്കണം. വിത്ത് പാകിയ ശേഷം തവാരണ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന നനയ്ക്കുക. വിത്ത് മുളച്ചു തുടങ്ങിയാൽ പുത മാറ്റാം. നിശ്ചിത ഇടവേളയിൽ സ്യൂഡോമോണാസ് ലായനി തളിക്കണം. ഒരു സെന്റിന് 2–3 ഗ്രാം വിത്ത് വേണ്ടി വരും.
നടീലും വളപ്രയോഗവും: കൃഷിസ്ഥലം നല്ലപോലെ കിളച്ചു നിരപ്പാക്കുക. തൈകൾ നടുന്നതിന് രണ്ടാഴ്ച മുമ്പ് സെന്റൊന്നിന് രണ്ടു കിലോ കുമ്മായം ചേർക്കണം. അടിവളമായി 100 കിലോ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർക്കണം. നടുന്ന സമയത്ത് തൈകളുടെ വേരുകൾ സ്യൂഡോമോണാസ് ലായനി(20 ഗ്രാം – ഒരു ലീറ്റർ വെള്ളത്തിൽ)യിൽ 20 മിനിറ്റ് മുക്കിവയ്ക്കണം. 8–10 ദിവസത്തെ ഇടവേളയിൽ താഴെ പറയുന്ന ഏതെങ്കിലും മേൽവളം നൽകാം.
ചാണകപ്പാൽ / ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ ചേർത്തത്.
ഗോമൂത്രം വെർമിവാഷ് രണ്ടു ലീറ്റർ എട്ടിരട്ടി വെള്ളം ചേർത്തത്.
നാലു കിലോ മണ്ണിരക്കമ്പോസ്റ്റ് / കോഴിവളം / ആട്ടിൻകാഷ്ഠം.
കടലപ്പിണ്ണാക്ക് 200 ഗ്രാം നാലു ലീറ്റർ വെള്ളത്തിൽ കുതിർത്തത്.
പരിപാലനം
വേനൽക്കാലത്ത് 2–3 ദിവസത്തിലൊരിക്കൽ നനയ്ക്കുക. കളയെടുക്കുക, വളപ്രയോഗം, മണ്ണ് കൂട്ടിക്കൊടുക്കൽ എന്നിവ ചെയ്യുക. പുതയിടുന്നത് നന്ന്.
വിലാസം: ഡെപ്യൂട്ടി മാനേജര്‍, (സീഡ് പ്രൊഡക്ഷന്‍), വിഎഫ്പിസികെ, കൊച്ചി.
ഫോണ്‍: 9446400119
എല്ലാ വീട്ടിലുമുണ്ടാകട്ടെ അടുക്കളത്തോട്ടം
വി.എസ്. സുനിൽ കുമാർ
സംസ്ഥാന കാർഷിക വികസന–കർഷകക്ഷേമ മന്ത്രി
പച്ചക്കറികള്‍ ഉള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കളെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും ജൈവ പച്ചക്കറിക്കൃഷി എന്ന ആശയം പ്രചരിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങിയത്.
മികച്ചയിനം വിത്ത്, ജൈവ, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയ ഉപാധികള്‍ ആവശ്യത്തിനു ലഭ്യമാക്കിക്കൊണ്ട് കര്‍ഷകരെയും പൊതുജനങ്ങളെയും ജൈവ പച്ചക്കറിക്കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കൃഷിവകുപ്പു നടത്തുന്ന ശ്രമത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഈ ഉദ്യമത്തില്‍ മലയാള മനോരമ എന്നും ഞങ്ങള്‍ക്കു കരുത്തുറ്റ പിന്തുണ നല്‍കുന്നുവെന്നതില്‍ ഏറെ സന്തോഷമുണ്ട്.
കര്‍ഷകശ്രീയുടെ ‘വിഷം വേണ്ട, വീട്ടില്‍ വിളയിക്കാം’ എന്ന പ്രചരണ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷവും കൃഷിവകുപ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലും സഹകരിക്കുകയുണ്ടായി. കര്‍ഷകരും വീട്ടമ്മമാരും ഇതില്‍ ഉത്സാഹത്തോടെ പങ്കാളികളായി എന്നാണ് ഞങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
വിഎഫ്പിസികെ തയാറാക്കിയ ഗുണമേന്മയുള്ള വിത്തുകള്‍ വായനക്കാര്‍ക്കു നല്‍കിക്കൊണ്ട് ഇക്കൊല്ലവും ഞങ്ങള്‍ ഈ ദൗത്യത്തില്‍ സന്തോഷത്തോടെ പങ്കുചേരുന്നു. ‘എല്ലാ വീട്ടിലും അടുക്കളത്തോട്ടം’ എന്ന ലക്ഷ്യത്തോടെ കര്‍ഷകശ്രീ നടത്തുന്ന മഹത്സംരംഭത്തിനു വിജയാശംസകള്‍.