തീറ്റപ്പുല്ലിന്റത്ര പരിചരണം പയറിനു വേണ്ട. ചെലവും കുറവ്
തീറ്റപ്പുല്ലു മാത്രമല്ല, പയർവർഗച്ചെടികളും കന്നുകാലിക്കു തീറ്റയാക്കുന്നതുവഴി സാന്ദ്രിതാഹാരത്തിന്റെ അളവ് ഗണ്യമായികുറയ്ക്കാമെന്നു പഠനത്തില്‍ കണ്ടെത്തി. പയർവിളകളിൽ ഉയർന്ന തോതിൽ മാംസ്യം അടങ്ങിയതിനാൽ ഇവ കാലിത്തീറ്റയില്‍ ഉൾപ്പെടുത്താം. ഇവയിൽ 20 മുതൽ 30വരെ ശതമാനം മാംസ്യവും അഞ്ചു ശതമാനം അന്നജവും അഞ്ചു ശതമാനം അസംസ്കൃത നാരും, മൂന്നു ശതമാനം ധാതുക്കളും അടങ്ങിയിരിക്കുന്നു.
വേഗത്തിൽ വളരുന്നതും ഉയർന്ന ഉൽപാദനക്ഷമതയുള്ളതുമായ വിളയാണ് വൻപയർ. നനസൗകര്യമുണ്ടെങ്കിൽ ഇവ വർഷം മുഴുവൻ തെങ്ങിന് ഇടവിളയായി കൃഷിചെയ്യാം. ആവർത്തനക്കൃഷിസമ്പ്രദായത്തിൽ രണ്ട് വിളകൾക്കിടയിൽ കൃഷിക്കു പറ്റിയതാണ് വൻപയർ. എല്ലാത്തരം മണ്ണിലും നന്നായി വളരും. തീറ്റപ്പുല്ലിനു വേണ്ടത്രയും പരിചരണം ഇതിന് ആവശ്യവുമില്ല.
കാലിത്തീറ്റയ്ക്കനുയോജ്യമായി തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത വൻപയറിനമാണ് സിഒ(എഫ്സി)8. ചെടികൾ 50 ശതമാനം പൂക്കുന്ന ഘട്ടത്തിലാണ് കാലിത്തീറ്റയാക്കേണ്ടത്. മാംസ്യം കൂടുതൽ അടങ്ങിയതിനാൽ കന്നുകാലികളുടെ തീറ്റക്രമത്തിൽ പയറുചെടികൾ ഉൾപ്പെടുത്തുന്നതു വഴി മാംസ്യത്തി ന്റെ കുറവ് പരിഹരിക്കാം. ആറു കിലോ പയര്‍ചെടി ഒരു കിലോ ഖരാഹാരത്തിനു പകരമാകും.
കൃഷിരീതി
കൃഷിയിടം നന്നായി ഉഴുത് ഏക്കറിന് അഞ്ചു ടൺ ചാണകം ചേർത്ത ശേഷം 30 സെ.മീ. അകലത്തിൽ ചാലുണ്ടാക്കി 15 സെ.മീ. അകലത്തിൽ വിത്തിടാം. ഏക്കറിന് 10 കിലോ വിത്ത് വേണ്ടിവരും. വിതയ്ക്കും മുൻപ് തണുത്ത കഞ്ഞിവെള്ളത്തിൽ റൈസോബിയം എന്ന ജീവാണുവളം 10 കിലോ വിത്തിന് അര കിലോ എന്ന അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ സമയം വയ്ക്കണം. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനും പയർകൃഷി സഹായിക്കും. വിതച്ച് രണ്ട് മാസം കഴിയുമ്പോൾ വിളവെടുപ്പ് നടത്താം. ഒരു ഏക്കറിൽനിന്ന് ശരാശരി 12 ടൺ പയർച്ചെടി ലഭിക്കും. ചോളവും പയറും ഇടകലർത്തിയും കൃഷിചെയ്യാം.
പയര്‍ കാലിത്തീറ്റയായി നൽകുമ്പോൾ കമ്പനംപോലുള്ള ഉദരരോഗങ്ങൾ ഒഴിവാക്കാൻ പച്ചപ്പുല്ലോ വൈക്കോലോ കലർത്തി നൽകുക. കൂടുതൽ വിളവു ലഭിക്കുന്നപക്ഷം പുല്ല് വെയിലത്തുണക്കി പ്ലാസ്റ്റിക് ചാക്കിലാക്കി നനയാതെ വയ്ക്കണം. ഇങ്ങനെ ഉണക്കിയ തീറ്റ ആടുകൾക്ക് ദിവസം അര കിലോ എന്ന തോതിൽ നൽകുന്നത് തീറ്റച്ചെലവ് 20 ശതമാനം കുറയ്ക്കും. വിത്തിനായി ബന്ധപ്പെടേണ്ട വിലാസം:
* കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ.
ഫോൺ: 0479 2449268
* ഡിപ്പാർട്മെന്റ് ഓഫ് ഫോറേജ് ക്രോപ്സ്, തമിഴ്നാട് കാർഷിക സർവകലാശാല, കോയമ്പത്തൂർ, തമിഴ്നാട്.
ഫോൺ: 0422 661122 / 9994311346.
* കൃഷിവിജ്ഞാനകേന്ദ്രം, നാമക്കൽ, തമിഴ്നാട്, ഫോൺ: 04286 266345, 266484
ലേഖകന്റെ വിലാസം: സബ്ജക്റ്റ്
മാറ്റർ സ്പെഷലിസ്റ്റ് (മൃഗസംരക്ഷണം), കൃഷിവിജ്ഞാനകേന്ദ്രം, കായംകുളം.
ഫോണ്‍ 0479 2449268
ബാധനൂരിലെ പരീക്ഷണം
ബുധനൂർ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 20 ക്ഷീരകർഷകരുടെ പങ്കാളിത്തത്തോടെ ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം തെങ്ങിനിടവിളയായി സിഒ (എഫ്സി) 8 ഇനം മിൻനിര പ്രദർശന പരിപാടിയായി 2014 –15ൽ കൃഷി ചെയ്തപ്പോൾ ഏക്കറിന് ആറു ടൺ തോതിൽ വിളവ് ലഭിച്ചു. കറവപ്പശുക്കളുടെ തീറ്റയിൽ ദിവസവും ആറു കിലോ പയർചെടി ഉൾപ്പെടുത്തി. ഒരു വർഷം 300 കിലോ സാന്ദ്രിതാഹാരം കുറയ്ക്കാൻ ഇതുമൂലം സാധിച്ചു ഒരു പാശുവിന് ഒരു വർഷം വേണ്ട 1800 കിലോ പയർചെടി ഉൽപാദിപ്പിക്കാനുള്ള ചെലവ് 3000 രൂപയാണ്. അതിനു സമാനമായ 300 കിലോ കാലിത്തീറ്റയ്ക്കു ചെലവ് 5700 രൂപ . പയർ തീറ്റയാക്കിയപ്പോൾ പാൽ ഉൽപാദനത്തിൽ കുറവുണ്ടായുമില്ല, തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുകയും ചെയ്തു.