വിളകൾ ഏറ്റവും കാര്യക്ഷമമായി നനയ്‌ക്കാനും വെള്ളം പരമാവധി ഉപയോഗപ്പെടുത്താനുമുള്ളതാണ് തളിനന(സ്‌പ്രിങ്ക്ളർ), തുള്ളിനന (ഡ്രിപ്) സംവിധാനങ്ങള്‍. ഉയർന്ന നിരക്കില്‍ സബ്‌സിഡിയുണ്ടെങ്കിലും ഈ സൂക്ഷ്‌മനന സംവിധാനങ്ങള്‍ക്കു നമ്മുടെ നാട്ടില്‍ വലിയ പ്രചാരം നേടാനാകുന്നില്ല. എമിറ്റർ അടഞ്ഞു പോകുന്നതിലൂടെ ജലപ്രവാഹം തടസ്സപ്പെടുന്നതടക്കമുള്ള പ്രശ്നങ്ങളാണ് ഇതിനു കാരണം.
എന്താണ് റെയിൻ ഹോസ്?
ജലം നേർത്ത ധാരയായി ചെടികളുടെ വേരുപടലങ്ങളിൽ പതിക്കുന്ന തളിനന സംവിധാനമാണിത്. ഇതിന്റെ പ്രധാന ഘടകം വളയുന്ന ജലവാഹിനിക്കുഴൽ (റെയിൻഹോസ്) ആണ്. റെയിൻ ഹോസ് ടേപ്പുകളിൽ ഡ്രിപ്ഹോളുകൾ ചെറിയ തുളകളായി കാണപ്പെടുന്നു. ഹോസിലെ ഡ്രിപ്പറുകളിലൂടെ പല ദിശകളിലായി മഴയുടെ രൂപത്തിൽ വെള്ളം നിർഗമിക്കുന്നു. വളച്ചയ്‌ക്ക് കൂടുതൽ ജലം ആവശ്യമുള്ള വിളകൾക്കാണ് ഇത് അനുയോജ്യം.
ഇവ പ്രവർത്തിപ്പിക്കാന്‍ യഥാക്രമം ഒരു കിലോ/ ചതുരശ്ര സെ.മീ. പ്രവർത്തനമർദം മതി. അല്ലെങ്കിൽ രണ്ടുനില വീടിന്റെ മുകളിൽ വച്ചിട്ടുള്ള ടാങ്കിൽനിന്നു നേരിട്ടു നനയ്‌ക്കാം. ഒരു മിനിറ്റിൽ ഒരു മീറ്റർ റെയിൻ ഹോസിൽനിന്ന് ഒരു ലീറ്റർ ജലം നിർഗമിക്കുന്നു. ഒരു ഏക്കറിലേക്ക് 700 മീറ്റർ നീളത്തിൽ റെയിൻ ഹോസ് ആവശ്യമാണ്.
50 മീറ്റർ നീളത്തിലുള്ള ഹോസിലൂടെ മണിക്കൂറിൽ 3000 ലീറ്റർ ജലം സ്‌പ്രേ ചെയ്യുന്നു. കൃഷിഭൂമിയിൽ ഹോസുകൾ ലേ ഔട്ട് െചയ്യുമ്പോൾ ഒരു വരിയിൽ 50 മീറ്റർ നീളത്തിൽ അധികമായി റെയിൻ ഹോസ് ഘടിപ്പിക്കരുത്. പ്രവർത്തനമർദത്തിന്റെ വ്യതിയാനം നിർഗമനശേഷിയിൽ ഏറ്റക്കുറച്ചിൽ ഉളവാക്കുന്നു. തളിനനയിലൂടെ നിർഗമിക്കുന്ന ജലം ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ ഉയരത്തിലും അഞ്ചു മീറ്റർ മുതൽ ആറു മീറ്റർവരെ വീതിയിലും നനയ്‌ക്കുന്നു. മേൽപ്പറഞ്ഞ തോതിലുള്ള കാര്യക്ഷമമായ പ്രവർത്തനത്തിന് കുറഞ്ഞത് ഒരു എച്ച്.പി. മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്യണം.
കാലാവധി
എൽ.ഡി.പി.ഇ. (ലൊ ഡെൻസിറ്റി പോളി എഥിലീൻ) കൊണ്ട് ഉണ്ടാക്കിയ റെയിൻഹോസുകൾ അഞ്ചു വർഷത്തോളം ഒരു കേടുപാടും കൂടാതെ ഉപയോഗിക്കാം.
എങ്ങനെ ഘടിപ്പിക്കാം?
പ്രധാന പൈപ്പുകൾ: മെയിൻലൈനുകളായി രണ്ട് വ്യാസമുള്ള പിവിസി പൈപ്പുകൾ ഉപയോഗിക്കുന്നു. കിണറ്റിൽനിന്നു പമ്പ് ചെയ്യുന്ന ജലം പിവിസി പൈപ്പുകളിൽ എത്തുന്നു. പൈപ്പിൽ രണ്ടു വരമ്പുകളുടെ മധ്യഭാഗത്തായി ടി കണക്ടർ (63 മില്ലിമീറ്റർ) ഘടിപ്പിക്കണം. അതിലേക്ക് 63 മില്ലിമീറ്റർ വ്യാസമുള്ള ടേക്ക്ഓഫ് വാൽവ്(എടിഎ) / 40 മില്ലിമീറ്റർ ലോക്ക് ഘടിപ്പിക്കണം.
റെയിൻ ഹോസ് ടേപ്പ്: 40 മില്ലിമീറ്റർ ലോക്ക് ടേക്ക് ഓഫ് വാൽവിലേക്ക് 40 മില്ലിമീറ്റർ വ്യാസമുള്ള റെയിൻ ഹോസ് ഘടിപ്പിക്കണം. എൽഡിപിഇ നിർമിത ടേപ്പുകൾ ജലവാഹിനിക്കുഴലുകളായി പ്രവർത്തിക്കുന്നു. പിവിസി പൈപ്പിൽനിന്നു ജലം റെയിൻ ഹോസ് ടേപ്പിൽ എത്തുന്നു. കൃഷിസ്ഥല ത്തു ചെറിയ വരമ്പുകൾ എടുത്ത് അവയ്‌ക്കിടയിൽ നനവിന്റെ വീതിക്ക് അനുസൃതമായി ടേപ്പുകൾ ലേ ഔട്ട് ചെയ്യുക.
നാനോപഞ്ചിങ് ഹോളുകൾ: പൈപ്പുകളിലുള്ള ഡ്രിപ്പറുകളിലൂടെ ഒരേ നിരക്കിൽ ജലം സ്‌പ്രേ ചെയ്യപ്പെടുന്നു.
എൻഡ്ക്യാപ്: റെയിൻ ഹോസ് ടേപ്പുകളുടെ അഗ്രഭാഗം എൻഡ് ക്യാപ് ഉപയോഗിച്ച് അടയ്‌ക്കണം.സ്‌ട്രെയിറ്റ് കണക്ടർ: ടേപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നു.എൽബോ കണക്ടർ: ടേപ്പുകളുടെ ദിശ 90 ഡിഗ്രി തിരിക്കാൻ ഉപയോഗിക്കുന്നു.
അനുയോജ്യമായ വിളകൾ: നെല്ല്, ഇടയകലം കുറഞ്ഞ പച്ചക്കറികൾ, ഉള്ളി, മഞ്ഞൾ, നിലക്കടല, പയർറ്വർഗം, ഇഞ്ചി, ഇലവർഗങ്ങൾ, തീറ്റപ്പുല്ല്.
വിള സമയം ഇടവേള (ദിവസം)
നെല്ല് 20 മിനിറ്റ് 4
പച്ചക്കറി 10 മിനിറ്റ് 2
തീറ്റപ്പുല്ല് 20 മിനിറ്റ് 4
ചെലവ്
വിസ്തൃതി..........ചെലവ്(രൂപ)
ഒരു ഏക്കർ..........12,978
2000 ചതുരശ്രമീറ്റർ...........7,517
1000 ചതുരശ്രമീറ്റർ...........3,812
500 ചതുരശ്രമീറ്റർ...........2,324
ഗുണമേന്മകള്‍
∙പച്ചക്കറി നനയ്‌ക്കാൻ ഈ സ്‌പ്രേ ഇറിഗേഷൻ കിറ്റ് ഉപയോഗിക്കുന്നപക്ഷം നാല് ഡ്രിപ്പറിന്റെ സ്ഥാനത്ത് ഒരു റെയിൻഹോസ് ടേപ്പ് ഉപയോഗിച്ചാൽ മതി. അങ്ങനെ മുതൽമുടക്കും ഗണ്യമായി കുറയ്‌ക്കാം.
∙കൃഷിസ്ഥലത്തു പുതയിടുന്നതിലൂടെ കളശല്യം ഒഴിവാക്കാം.
∙വെള്ളം 30 ശതമാനംകണ്ട് ലാഭിക്കാം. കൂടിയ പ്രവർത്തനമർദം കാരണം ഹോളുകൾ അടഞ്ഞു പോകുന്നില്ല. മാലിന്യം കൂടിയ വെള്ളമാണെങ്കിൽ ഡിസ്ക് അരിപ്പ (ഫിൽറ്റർ) വയ്‌ക്കുക. അല്ലെങ്കിൽ ഈയിനത്തിലും ചെലവ് അല്‍പം ലാഭിക്കാം.
∙വിളവിൽ ഗണ്യമായ വർധന.
∙എളുപ്പത്തിൽ ഘടിപ്പിക്കാം, അനായാസേന കൈകാര്യം ചെയ്യാം.
വിലാസം: മിത്രനികേതൻ,
തിരുവനന്തപുരം. ഫോൺ: 9400288040