ADVERTISEMENT

കേരളത്തിലെ ചീരയുമായി വളരെ സാദൃശ്യമുള്ള പാലക്ക് ഉത്തരേന്ത്യയിൽ വളര്‍ത്താറുള്ള ശീതകാല പച്ചക്കറിവിളകളില്‍ ഒന്നാണ്. എന്നാല്‍, കേരളത്തിലും പാലക്ക്‌ചീര വളരെ നന്നായി വളരും. സ്‌പിനാഷ്യ ഒളെരാസിയ എന്നാണ് ശാസ്ത്രനാമം. വീട്ടിലേക്കാവശ്യമായവ ലളിതമായിത്തന്നെ വളര്‍ത്തിയെടുക്കാം. മട്ടുപ്പാവിലെ ചെടിച്ചട്ടികളിലും ചാക്കിലും ഇവ നന്നായി വളരും.

കൃഷിരീതി

1. ജനുവരി-ഫെബ്രുവരി, ജൂണ്‍-ജൂലൈ അല്ലെങ്കില്‍, സപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ വിത്ത് നടാവുന്നതാണ്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷമാണ് പാകേണ്ടത്. 

2. പാലക്ക് ചീര കൃഷിചെയ്യാന്‍ ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് ഉചിതം. 

3. ബീറ്റ്‌റൂട്ടിന്റെ തന്നെ കുടുംബത്തില്‍പ്പെടുന്ന ഒരു ഇലക്കറിയായ പാലക്കിന്റെ വിത്തുകളും ബീറ്റ്‌റൂട്ടിന്റേതുപോലെ തവിട്ടുനിറത്തിലാണ്. 

4. തണുപ്പുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യമെങ്കിലും കേരളത്തിലെ എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാനാകും. അമ്ലത കുറഞ്ഞ മണ്ണാണ് കൂടുതല്‍ അനുയോജ്യം.

5. തടമെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകി നന്നായി കിളച്ച് വിത്തുകള്‍ പാകാം. 

6. 20 സെന്റി മീറ്റർ അകലം പാലിച്ച് 2-3 സെന്റി മീറ്റർ ആഴത്തിലാണ് വിത്ത് നടേണ്ടത്. 

7. ട്രേകളിൽ മുളപ്പിച്ച തൈകൾ മൂന്നാഴ്ചയ്ക്കുശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം. 

8. വേനലില്‍ നട്ട തൈകള്‍ക്ക് ആദ്യത്തെ ഒരാഴ്ച വരെ തണല്‍ നല്‍കുന്നതും ദിവസേന മൂന്നോ നാലോ തവണ നനയ്ക്കുന്നതും നല്ലതാണ്. 

9. ഇലകള്‍ ഒന്നര മുതല്‍ രണ്ടുമാസം കൊണ്ടുതന്നെ വിളവെടുക്കാം. തുടര്‍ന്ന്, 6-7 ദിവസത്തെ ഇടവേളകളില്‍ വീണ്ടും തയ്യാറാവുന്ന പാലക്, ഇത്തരത്തില്‍ പത്തു പ്രാവശ്യം വരെ വിളവെടുക്കാവുന്നതാണ്. 

10. ആദ്യ വിളവെടുപ്പിനു ശേഷം ചാണകവെള്ളം ചെടിച്ചുവട്ടില്‍ ഒഴിച്ചു കൊടുക്കേണ്ടതാണ്.

11. പാലക്കില്‍ രോഗകീടങ്ങളുടെ ഉപദ്രവം വളരെ കുറവായാണ് കണ്ടുവരുന്നത്.

12. വിത്ത് മുളച്ച് 15 ദിവസത്തിനുള്ളില്‍ തന്നെ കള പറിച്ചു മാറ്റണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ കളനിയന്ത്രണം നടത്തണം. 

13. ഇലകളില്‍ കാണുന്ന പുഴുവിനെതിരേ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ ഇരുവശത്തും സ്‌പ്രേ ചെയ്യുക..

14. പോഷക സമൃദ്ധമായ പാലക്ക് നൂറ് ഗ്രാമില്‍ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com