നമുക്കും വിളയിക്കാം കടല ഏതു തരം മണ്ണിലും
Mail This Article
ഏതു തരം മണ്ണിലും കൃഷിചെയ്യാമെങ്കിലും പിഎച്ച് 5.5നും 7.5നും ഇടയ്ക്കുള്ള മണ്ണാണ് ഇവയ്ക്കനുയോജ്യം. വീട്ടാവശ്യത്തിനായി നമ്മുടെ ചെറിയതോട്ടങ്ങളിലും ഗ്രോബാഗിലുമൊക്കെ കൃഷി ചെയ്യാം. നിലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീർവാർച്ച ഉറപ്പുവരുത്തേണ്ടതാണ്. അധിക ഈർപ്പം ഇവ ഇഷ്ടപ്പെടുന്നില്ല കൂടാതെ അത് ചുവടു ചീയലിന് കാരണമാകുകയും ചെയ്യും.
എല്ലാ ചെടികൾക്കും ചെയ്യുന്നതു പോലെ ഒരടി താഴ്ചയിൽ ചാണകപ്പൊടി ആട്ടിൻകാഷ്ഠം മണ്ണിര കമ്പോസ്റ്റ് മുതലായവയിലേതെങ്കിലും ചേർത്ത് നിലമൊരുക്കുക. ഒരു ചതുരശ്ര മീറ്റർ വിസ്തീർണം കണക്കാക്കുമ്പോൾ അതിൽ 40 മുതൽ 50 വിത്തുകൾ വരെ ഇടാം. 1 മുതൽ 2 ഇഞ്ച് വരെ ആഴത്തിൽ വേണം നേരിട്ട് വിത്തുകൾ പാകേണ്ടത്. ഗ്രോ ബാഗിൽ ആണെങ്കിൽ അഞ്ചോ ആറോ വിത്തുകളും പാകാം. പൂ ഇടുന്നതിന് മുൻപും അതിന് ശേഷവും നന്നായി നനച്ചുകൊടുക്കുക. തണുപ്പു കാലത്തുണ്ടാകുന്ന മഴ ഇവയുടെ നല്ല വളർച്ചയ്ക്ക് സഹായകമാകുന്നു. കായ് തുരപ്പൻ പുഴുക്കൾ ഇവയുടെ പ്രധാന ശത്രുവാണ്. അതിനാൽ കായ്കളായിത്തുടങ്ങുന്നതു മുതൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആഴ്ചയിൽ 2 തവണ പ്രയോഗിക്കൽ നിർബന്ധമാണ്. 100 ദിവസം കൊണ്ട് ഇലകൾ വാടിത്തുടങ്ങും. അപ്പോൾ ചെടിയോടെ പറിച്ച് വെയിലിൽ ഉണക്കി വിളവെടുക്കാം. കായ്കൾ മൂക്കുന്നതിനു മുൻപ് വിളവെടുക്കുകയാണെങ്കിൽ പച്ചയ്ക്ക് കഴിക്കാനും സാലഡിലും സൂപ്പിലും മറ്റു കറികൾ ഉണ്ടാക്കാനുമൊക്കെ ഉപയോഗിക്കാം.
English summary: Chickpea Farming