കൃഷിക്കു ബാങ്ക് വായ്പ

Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

ചോദ്യം: ഞാൻ ചാലക്കുടിക്കടുത്ത് എലിഞ്ഞിപ്ര എന്ന പ്രദേശത്തെ കർഷക കുടുംബാംഗമാണ്. എനിക്കു താഴെപ്പറയുന്ന വിവരങ്ങൾ അറിഞ്ഞാൽ കൊളളാം.

1. എന്റെ പേരിൽ 96 സെന്റ് ഭൂമിയുണ്ട്. എനിക്കു കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ലഭിക്കാവുന്ന പരമാവധി വായ്പത്തുക എത്രയാണ്.

2. ഒരു ലക്ഷം രൂപവരെ ലഭിക്കുന്നതിനു ഭൂമിയുടെ (വില്ലേജ് ഓഫീസിൽ) കരം തീർത്ത രസീത് മാത്രം മതിയെന്നാണ് ബാങ്കിൽനിന്ന് ആദ്യം അറിയിച്ചത്. പിന്നീട് കൈവശ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാലേ വായ്പ അനുവദിക്കുകയുളളൂ എന്നു പറഞ്ഞു. ഈ ആവശ്യത്തിന് കൈവശ സർട്ടിഫിക്കറ്റ് അനിവാര്യമാണോ.

3. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കാനുളള നിബന്ധനകളെന്തെല്ലാമാണ്.

ഡാജി ഡേവിസ്, പരിയാരം

∙ ബാങ്കിൽ നിന്നു കൃഷിക്കാർക്കു കൊടുക്കുന്ന വായ്പയ്ക്കു പൊതു നിബന്ധനകളില്ല. നിങ്ങൾക്ക് വായ്പ തന്നാൽ അത് ഈടാക്കാൻ കഴിയുമെന്ന ബോധ്യം ബാങ്കിനുണ്ടാകണം. വിശ്വാസ്യതയാണ് പ്രധാന ഘടകം. അതു വായ്പ നൽകുന്ന ബാങ്കിന്റെ വിവേചനാധികാരത്തില്‍പ്പെടുന്നതാണ്. നിങ്ങൾക്ക് കരം കൊടുത്ത രസീതുണ്ടെങ്കിൽ കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് തടസ്സം. കൈവശ സർട്ടിഫിക്കറ്റ് ബാങ്ക് ആവശ്യപ്പെട്ടാൽ അതു കൊടുക്കണം.

Representative image

നികത്തൽ: ശ്രദ്ധേയമായ വിധി

വസ്തു ഉടമയായ സുരേഷ്കുമാർ എന്നയാളിന്റെ റിട്ട് ഹർജികൾ തീർപ്പാക്കിക്കൊണ്ട് 5.10.2015 ലുണ്ടായ വിധി ശ്രദ്ധേയമാണ്. 1967ലെ ഭൂവിനിയോഗ ഉത്തരവനുസരിച്ച് 88 സെന്റ് സ്ഥലത്തിൽ 10 സെന്റ് സ്ഥലം നികത്തുന്നതിന് 25.4.2015 ൽ ആർഡിഒ അനുവാദം കൊടുത്തു. വാസഗൃഹം നിർമിക്കുന്നതിനുവേണ്ടി റോഡ് ഉണ്ടാക്കുന്നതിനാണ് പത്തു സെന്റ് നികത്താൻ അനുവദിച്ചത്. അയൽപക്കത്തുളള കൃഷികള്‍ക്കു തടസ്സമാകരുതെന്നും തോടുകള്‍ നികത്തരുതെന്നും കച്ചവട സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും മറ്റുമുള്ള നിബന്ധനകള്‍ക്കു വിധേയമായിട്ടാണ് അനുവാദം കൊടുത്തത്. എന്നാൽ വസ്തു ഉടമ 88 സെന്റും നികത്തി. ഈ സാഹചര്യത്തില്‍ ആർഡിഒ 30.5.2015 ൽ അനുവാദം റദ്ദു ചെയ്യുകയും നിബന്ധനകൾ ലംഘിച്ചതിനെതിരെ 1967ലെ ഭൂവിനിയോഗ ഉത്തരവ് ആറാം ഖണ്ഡികയനുസരിച്ച് നടപടിയെടുക്കുകയും ചെയ്തു. അനുവാദം റദ്ദു ചെയ്തതും ആറാം ഖണ്ഡികയനുസരിച്ച് നടപടികളെടുത്തതും റദ്ദാക്കാനാണ് വസ്തു ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

കേരള ഭൂവിനിയോഗ ഉത്തരവ് നടപ്പിൽ വന്ന 4.7.1967 ന് മുമ്പോ അതിനു ശേഷമോ മൂന്നുകൊല്ലം തുടർച്ചയായി ഏതെങ്കിലും ഭക്ഷ്യവിള കൃഷി ചെയ്തിട്ടുണ്ടെങ്കിൽ കലക്ടറുടെ അനുവാദം ഇല്ലാതെ ഭൂമി രൂപാന്തരപ്പെടുത്തുകയോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് 1967ലെ ഉത്തരവിന്റെ ആറാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്.

കൃഷി ചെയ്തിരുന്ന വിളയെപ്പറ്റി ആർഡിഒയുടെ ഉത്തരവിൽ ഒന്നും തന്നെ പരാമർശിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ പത്തു സെന്റായി പരിമിതപ്പെടുത്തിയതും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് വിലക്കിയതും ശരിയല്ലെന്നു കണ്ട് ആർഡിഒയുടെ നടപടി അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി, നികത്തിയ സ്ഥലം വസ്തു ഉടമയുടെ ഏതു ന്യായമായ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താമെന്നു വിധിച്ചു.

പരിസരത്തുളള കൃഷിക്ക് തടസ്സമാകുമെന്ന പരാതിയും കോടതി പരിഗണിച്ചു. അങ്ങനെ തടസ്സങ്ങൾ ഉണ്ടെന്നു സ്ഥലപരിശോധനയിൽ ആർഡിഒയ്ക്കു ബോധ്യപ്പെട്ടാൽ അതു പരിഹരിക്കുന്നതിനു നടപടിയെടുക്കാമെന്നും കോടതി നിർദേശിച്ചു.

ഈ വിധി 2016 കേരളം ലോ ടൈംസ് (KLT) ഒന്നാമത്തെ Vol. (വോള്യം) പേജ് 56ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in