കർഷകരുടെ സ്വന്തം സങ്കരതെങ്ങ്

പാട്ടത്തിനെടുത്ത തെങ്ങിൽ കൃത്രിമ പരാഗണം നടത്തുന്നു

കേരളത്തിലാദ്യമായി കർഷകരുടെ നേതൃത്വത്തിൽ സങ്കര തെങ്ങിൻതൈകൾ വിപണിയിലെത്തിക്കുകയാണ് പാലക്കാട് നാളികേര ഉൽപാദക കമ്പനിയുടെ കീഴിലുളള മുതലമട ഫെഡറേഷൻ. ഒരു വർഷം ബുക്ക് ചെയ്തു കാത്തിരുന്നാല്‍ നാലോ അഞ്ചോ സങ്കര തൈകൾ മാത്രം നൽകുന്ന സർക്കാർ ഫാമുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും മാതൃകയായി മൂന്നു വർഷത്തിനകം നാൽപതിനായിരം സങ്കരതെങ്ങുകൾ ഇവർ ഉൽപാദിപ്പിച്ചുകഴിഞ്ഞു.

ഫെഡറേഷൻ രൂപീകരണത്തിനു നേതൃത്വം നല്‍കിയ മൈത്രി എന്ന എൻജിഒ ആയിരുന്നു സങ്കര തെങ്ങുകളുടെ ഉൽപാദനമെന്ന ആശയത്തിന് ഇവിടെ തുടക്കം കുറിച്ചത്. നാളികേര വികസന ബോർഡിന്റെ പ്രത്യേക പദ്ധതിപ്രകാരം സങ്കര ഇനം തെങ്ങുകളുടെ ഉൽപാദനത്തിനു സബ്സിഡി ലഭിച്ച ഏഴു സ്ഥാപനങ്ങളിലൊന്നാണിത്.

നാലു വര്‍ഷത്തിനുളളിൽ നാൽപതിനായിരം സങ്കര തെങ്ങുകളും അരലക്ഷം കുളളൻ തൈകളും ഉൽപാദിപ്പിക്കുന്നതിനു ബോർഡിൽ നിന്നു 35 ലക്ഷം രൂപ സബ്സിഡി ലഭിച്ച പദ്ധതി മൈത്രിയിൽ നിന്നു ഫെഡറേഷൻ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു. ചാവക്കാട് ഗ്രീൻ ഡ്വാർഫ് തെങ്ങുകൾ മികച്ച വെസ്റ്റ് കോസ്റ്റ് തെങ്ങുകളുമായി സങ്കരണം നടത്തിയാണ് പികെഡി–1 ഇവർ പുറത്തിറക്കുന്നത്. സ്വന്തമായി കുറിയ ഇനങ്ങളുടെ തോട്ടമില്ലാത്തതിനാൽ കൃഷിയിടങ്ങളിൽ അവ കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ മാത്രമല്ല മറ്റ് ജില്ലകളിലെയും ആരോഗ്യമുളള കുറിയ ഇനം തെങ്ങുകൾ പാട്ടത്തിനെടുത്താണ് സങ്കരഇനങ്ങൾ സൃഷ്ടിക്കുന്നത്. ഒരു തെങ്ങിനു ശരാശരി 3000 രൂപ വാർഷികം പാട്ടം നൽകേണ്ടി വരുന്നുണ്ട്. തുടക്കത്തിൽ 500 തെങ്ങുകൾ പാട്ടത്തിനെടുത്ത ഫെഡറേഷൻ അവയിൽ 150 എണ്ണം സങ്കരഇനം വിത്തു തേങ്ങയുടെ ഉൽപാദനത്തിനായി നിലനിറുത്തിയിരിക്കുകയാണ്. നാളികേര വികസന ബോര്‍ഡിന്റെ മാണ്ഡ്യ ഫാമിൽ പ്രത്യേക പരിശീലനം നൽകിയ ജീവനക്കാരെയാണ് കൃത്രിമ പരാഗണത്തിനായി നിയോഗിച്ചിരിക്കുന്നത്.

കേരളത്തിലെ കൃഷിയിടങ്ങളിൽ വ്യത്യസ്ത ഇനം തെങ്ങുകൾ വളരുന്നതിനാൽ പൂങ്കുല പ്രത്യേക ബാഗുകൊണ്ട് പൊതിഞ്ഞാണ് ഉദ്ദേശിച്ച ഇനങ്ങൾ തമ്മിലുളള പരാഗണം ഉറപ്പാക്കുന്നത്. പൂങ്കുല വിരിയുന്ന ദിവസം അതിലെ ആൺപൂക്കൾ മുറിച്ചുമാറ്റി ബാഗ് കൊണ്ടു പൊതിയുന്നു, നാലു ദിവസത്തിനകം പെണ്‍പൂക്കൾ വിരിയുകയും അവയുടെ മേൽഭാഗത്ത് തേൻ പോലുളള ദ്രവം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതിനു മീതേ തെരഞ്ഞെടുത്ത തെങ്ങിൽ നിന്നുളള പൂമ്പൊടി വിതറി വർഗസങ്കരണം പൂർത്തിയാക്കുന്നു. സങ്കരണം നടന്നു കായ്പിടിച്ച പൂങ്കുലകൾ തിരിച്ചറിയാൻ കഴിയും. അവയിൽ നിന്നുളള തേങ്ങ പ്രത്യേകം മാറ്റി സൂക്ഷിച്ചാണ് സങ്കരഇനം വിത്തുതേങ്ങ സാധ്യമാക്കുന്നത്. നല്ലയിനം വെസ്റ്റ് കോസ്റ്റ് തെങ്ങുകൾ കണ്ടെത്തി അവയില്‍ നിന്നു‌ളള പൂമ്പൊടി ശേഖരിച്ചു സംസ്കരിക്കുന്നതിനുളള സംവിധാനവും ഇവർക്കുണ്ട്.

ബാഗ് കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നതിനാൽ പകുതിയോളം പെൺപൂക്കൾ പൊഴിഞ്ഞു പോവാറുണ്ട്. ഒരു പൂങ്കുലയിലെ കൃത്രിമപരാഗണം പൂർത്തിയാകാൻ നാലഞ്ചു തവണ തെങ്ങിൽ കയറേണ്ടതുണ്ട്. പാട്ടവും കൂലിച്ചെലവും തേങ്ങപൊഴിച്ചിലും കണക്കിലെടുത്താൽ ഒരു പൂങ്കുലയിൽനിന്നു കിട്ടുന്ന വിത്തുതേങ്ങയുടെ എണ്ണം പരിമിതമായിരിക്കുമെന്ന് സിഇഒ വിനോദ് കുമാർ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെയാണ് സങ്കരതൈകൾക്കു വില കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണെങ്കിലും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവർ പികെഡി–1 വിൽക്കുന്നത്.

ഫോൺ: 9495098240