ആപ്പിളിന്റെ ചെറുപതിപ്പുപോലെ തോന്നുന്ന തനതുരുചിയുള്ള പഴങ്ങൾ ഉണ്ടാകുന്ന സസ്യമാണ് ‘ഇലന്ത’. ജീവകം സി, ധാതുലവണങ്ങൾ എന്നിവയുടെ കലവറ. ‘അമരത്വത്തിന്റെ പഴം’ എന്ന വിശേഷണത്തിൽ ഇലന്തപ്പഴം അറിയപ്പെടുന്നു.
പത്തു മീറ്ററോളം ഉയരെ വള്ളികൾപോലെയുള്ള ശാഖകളും ചെറിയ ഇലകളുമായി കാണുന്ന നിത്യഹരിതസസ്യമാണ് ഇലന്ത. ഏതുതരം മണ്ണിലും വളരുന്ന പ്രകൃതമാണെങ്കിലും വെള്ളക്കെട്ട് അഭികാമ്യമല്ല. പരിചരണം കുറച്ചു മാത്രം മതിയാകുന്ന ഇലന്തയുടെ ശരിയായ വളർച്ചയ്ക്കും കായ്പിടിത്തത്തിനും സൂര്യപ്രകാശം അനിവാര്യമാണ്.
മഞ്ഞുകാലത്ത് ചെറുശാഖകൾ നിറയെ വെള്ളപ്പൂക്കൾ കൂട്ടമായി കാണാം. വേനലാണു പ്രധാന പഴക്കാലം. മഞ്ഞനിറമാകുന്നതോടെ കായ്കൾ ഭക്ഷിച്ചാൽ രുചിയേറും. ചെറുകായ്കൾ ഉണ്ടാകുന്ന നാടൻ ഇനങ്ങളേക്കാൾ വലിയ പഴങ്ങൾ ലഭിക്കുന്ന വിദേശ ഇലന്ത ഇനത്തിനാണ് ഇപ്പോൾ നാട്ടിൽ പ്രചാരമുള്ളത്. ഇലന്തച്ചെടി പടർന്നു പന്തലിച്ചുവളരുന്ന സ്വഭാവമുള്ളതിനാൽ തുറസായ സ്ഥലം കൃഷി ചെയ്യാൻ തിരഞ്ഞെടുക്കണം. ജൈവവളങ്ങൾ ചേർത്ത് ഒട്ടുതൈകൾ നടാം. വളരുന്ന മുറയ്ക്ക് ആരോഗ്യം കുറഞ്ഞ ശാഖകൾ മുറിച്ചുനീക്കിയാൽ കൂടുതൽ പുഷ്ടിയുണ്ടാകും.
വർഷത്തിൽ പലതവണ ഫലം തരുന്ന പതിവും ഇലന്തച്ചെടികൾക്കുണ്ട്.