വേനലിൽ ചുട്ടുപൊള്ളുമ്പോൾ ഏതൊരു മലയാളിക്കും മന്ത്രിക്കാനുള്ളതു കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമാണ്. എന്നാൽ, അടുത്ത വേനലിലെങ്കിലും ചുട്ടുപൊള്ളാതിരിക്കാനും ജലക്ഷാമം നേരിടാതിരിക്കാനും ഈ മഴക്കാലത്ത് അൽപം ശ്രദ്ധയാവാം. ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാവൂ. അതുവഴി മാത്രമേ കുടിക്കാനും വിളകൾ നനയ്ക്കാനും വെള്ളം കിട്ടൂ.
മഴവെള്ളം വെറുതെ ഒഴുക്കി കളയരുത്. അതു മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ വഴികൾ കണ്ടെത്തണം. മഴക്കുഴികൾ, തട്ടുതിരിക്കൽ, ചാലുകൾ, ചകിരിക്കുഴി, മൺകയ്യാല, കല്ലു കയ്യാല, തെങ്ങിനു തടം, ആവരണ വിള, പുൽച്ചെടികൾ തുടങ്ങിയവയിലൂടെ മഴവെള്ളം മണ്ണിലിറക്കാൻ കഴിയും. ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഘടനയും അനുസരിച്ചു മാത്രമേ ഇതിൽ ഏതു മാർഗവും സ്വീകരിക്കാവൂ. ചരിവു കൂടിയതും ഇളകുന്ന മണ്ണുള്ളതുമായ സ്ഥലങ്ങളിൽ മഴക്കുഴി അനുയോജ്യമല്ല. ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളം കെട്ടിനിന്നു മണ്ണിലേക്ക് ഇറങ്ങാൻ സൗകര്യമൊരുക്കാം. തെങ്ങിന് ഇപ്പൊഴേ തടമെടുത്താൽ അതിലൂടെ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാൻ കഴിയും. മഴക്കാലം കഴിയും മുൻപു വളം ചേർത്തു തടം മൂടിയാൽ മതി.