പലതുളളി പെരുവെള്ളം

ഗോപിനാഥൻ കുളത്തിനരികിൽ

കടലിരമ്പത്തോടെ കാലവർഷമെത്തുമ്പോൾ കഴിഞ്ഞ വേനലിന്റെ കാഠിന്യം എല്ലാവരും മറക്കും. പെയ്തിറങ്ങുന്ന മഴവെള്ളം മുഴുവൻ കൺമുന്നിലൂടെ കുത്തിയൊലിച്ചു പോകുന്നത് കണ്ടിരിക്കും. പതിവിങ്ങനെയെങ്കിലും ഇക്കഴിഞ്ഞ വേനലിൽ അനുഭവിച്ച ദുരിതങ്ങൾ മലയാളിക്കു ജലസംരക്ഷണത്തെക്കുറിച്ചു വകതിരിവു നൽകുമെന്ന വിശ്വാസത്തിലാണ് പാലക്കാട് ചിറ്റൂർ വിളയോടി പുതുശ്ശേരി ഗോപിനാഥൻ.

‘‘നാൽപതു ഡിഗ്രിയിലേറെ ഉയർന്ന ചൂടിൽ കഴിഞ്ഞ മാസങ്ങളിൽ പാലക്കാടു വിയർത്തു കുളിച്ചു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നനയില്ലാതെ കൃഷി കരിഞ്ഞുണങ്ങി. എന്നാൽ ഈ കുളത്തിന്റെ കരുത്തിൽ കടുത്ത ചൂടിലും അ‍ഞ്ചേക്കറിലെ എന്റെ കൃഷി തെല്ലും വാടാതെ നിന്നു. ഇതു കാണുമ്പോൾ സ്വന്തം പറമ്പിൽ ഉപേക്ഷിച്ചിട്ടിരിക്കുന്ന കുളം നന്നാക്കിയെടുക്കാൻ ആർക്കെങ്കിലും പ്രേരണയാവുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷം’’, അമ്പതു സെന്ററിന്റെ വിശാലതയിൽ തീർത്ത ജലസമൃദ്ധമായ കുളം ചൂണ്ടി ഗോപിനാഥൻ പറയുന്നു.

സിവിൽ എൻജിനീയറായ ഗോപിനാഥനും വിദേശത്തുളള സഹോദരനും കൂടി 15 ഏക്കർ കൃഷിയിടമാണുളളത്. പത്തേക്കറിൽ നെൽകൃഷി. ആളിയാർ പദ്ധതിയുടെ വെള്ളം കിട്ടുന്നതിനാൽ നെൽകൃഷിക്ക് വെള്ളത്തിനു ബുദ്ധിമുട്ടില്ല. എന്നാൽ അഞ്ചേക്കറിൽ ആകെയുണ്ടായിരുന്ന ഇരുനൂറോളം തെങ്ങുകൾ വേനലുകളിൽ കുടിനീരു കിട്ടാതെ കരിഞ്ഞുണങ്ങി ഉൽപാദനം മുരടിച്ച അവസ്ഥയിലായിരുന്നു. തെങ്ങുകൃഷി ഉഷാറാക്കണമെന്നു ചിന്തിച്ചപ്പോൾ ജലലഭ്യത വെല്ലുവിളിയായി. കുഴൽകിണർ കുത്തിയിട്ടും രക്ഷയില്ല.

കിഴക്കോട്ടു ചരിഞ്ഞു കിടക്കുന്ന കര ഭൂമിയുടെ താഴെത്തട്ടിൽ വറ്റിവരണ്ടുകിടന്ന ചെറുകുളം 2007ൽ അരയേക്കറിലേക്ക് വിശാലമാക്കുന്നത് അങ്ങനെ. ചോർപ്പ് ആകൃതിയിൽ നാലു വശങ്ങളും നടുവിലേക്ക് ചരിച്ചു നിർമിച്ച് മണ്ണിടിച്ചിൽ ഒഴിവാക്കി. അരികുകൾ കരിങ്കല്ലുകൊണ്ടു കെട്ടി ഉറപ്പുളളതാക്കി. തെങ്ങിൻതോപ്പിൽ മഴക്കുഴികളും അധികജലം കുളത്തിലേക്ക് ഒഴുകിയെത്താൻ ചാലുകളും തീർത്തു. അടുത്ത മഴക്കാലത്ത് കുളം നിറഞ്ഞൊഴുകി. അതോടെ പുതുതായി നാനൂറോളം തെങ്ങിൻതൈകൾ കൂടി നട്ടു.

കുളത്തിൽനിന്നുളള വെള്ളം പ്രയോജനപ്പെടുത്തി മുഴുവൻ തെങ്ങുകളുടെയും ചുവട്ടിൽ തുളളിനന സംവിധാനവും ഒരുക്കി. 2011ൽ തെങ്ങിനിടവിളയായി കാഡ്ബറിയുടെ മേൽനോട്ടത്തിൽ കൊക്കോ കൃഷി ചെയ്തു. നനയും വളവും ചേർന്നപ്പോൾ നന്നായ മണ്ണിലേക്ക് വീണ്ടും വിളകളെത്തി. കമുക്, ഫലവൃക്ഷങ്ങൾ, വാഴ, മുഴുവൻ തെങ്ങിലും കുരുമുളകു ചെടികൾ അങ്ങനെ പലതും.

ഇന്നു ഗോപിനാഥന്റെ കൃഷിയിടത്തിൽ പഴയ തെങ്ങുകളിലും കായ്ച്ചുതുടങ്ങിയവയിലുമെല്ലാം മികച്ച വിളവ്. 45 ദിവസത്തിലൊരിക്കൽ 5000 തേങ്ങ കിട്ടുമെന്നു ഗോപിനാഥൻ. കായ്ഫലത്തിലേക്ക് എത്തിത്തുടങ്ങിയ കൊക്കോയിൽ നിന്നു കഴിഞ്ഞ വർഷം ലഭിച്ചത് ഒരു ലക്ഷം രൂപയിലേറെ.

പാലക്കാട് നാളികേര ഉൽപാദക കമ്പനി നീര ചെത്താനായി ഇവിടെ നാൽപത് തെങ്ങുകൾ തിരഞ്ഞെടുത്തിരിക്കുന്നു. ഒന്നിൽ നിന്ന് ശരാശരി നാലു ലീറ്റർ ഉൽപാദനവും ലഭിച്ചു. മാസം ഒരു ലക്ഷത്തിലേറെ വരുമാനം നൽകിയ നീരചെത്ത് തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണിപ്പോൾ.

സ്വന്തം കൃഷിയിടത്തെ അഗ്രിപാർക്ക് കൂടിയാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരൻ. കൃഷിയിടത്തിലുളള കളപ്പുര തനിമ ചോരാതെതന്നെ ആകർഷകമായി പുതുക്കിപ്പണിത്, പഴയകാല കൃഷിയുപകരണങ്ങൾ, കൃഷിയന്ത്രങ്ങൾ, ഈ തലമുറയ്ക്ക് അപരിചിതമായ ഗൃഹോപകരണങ്ങൾ എന്നിവയുടെ അപൂർവ മനോഹരമായ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.

ഫോൺ: 9447031822