വന്യമൃഗങ്ങളുടെ ശല്ല്യത്തിൽ നിന്നും വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി തട്ടകൾ തിരിച്ചുവരുന്നു.
കന്നുകാലികളുടെ കഴുത്തിൽ മരം കൊണ്ട് നിർമിച്ച് മണിപോലെ തൂക്കിയിടുന്ന ഒരു ഉപകരണമാണ് തട്ട. പഴയകാലങ്ങളിൽ കന്നുകാലിവളർത്തുന്ന കർഷകർ തട്ടകൾ ഉപയോഗിച്ചിരുന്നു. കന്നുകാലികൾ നടക്കുമ്പോൾ തട്ടകൾ ഉലഞ്ഞ് ശബ്ദമുണ്ടാകും .ഈ ശബ്ദം കേൾക്കുമ്പോൾ മൃഗങ്ങൾ ഓടിമാറും. കന്നുകാലിവളർത്ത് കർഷകർ ഉപേക്ഷിച്ചതോടെ തട്ടകളും മാഞ്ഞുപോയിരുന്നു.
പന്തല്ലൂരിലും പരിസരഗ്രാമങ്ങളിലുമാണ് വന്യമൃഗശല്ല്യം രൂക്ഷമായത്. ഈ പ്രദേശങ്ങളിൽ ദിവസേനയാണ് വളർത്തു മൃഗങ്ങളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നത്.
പന്തല്ലൂരിൽ നഗരത്തിൽ സ്ഥിരതാമസമാക്കിയ പുലിയും കുഞ്ഞുമാണ് വളർത്തു മൃഗങ്ങളെ കൊന്ന് തിന്നുന്നത്. വനങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾ തിരിച്ചെത്താറില്ല.
തട്ടകൾ കഴുത്തിൽ കെട്ടിയതോടെ കന്നുകാലികൾ വനത്തിൽ എവിടെയുണ്ടെങ്കിലും ഉടമസ്ഥന് കണ്ടത്താൻ കഴിയും, മാത്രമല്ല വന്യമൃഗങ്ങൾ തട്ടകളുടെ ശബ്ദം കേട്ടാൽ ഇരയുടെ അടുത്തേക്ക് വരില്ല.
വന്യമൃഗങ്ങളുടെ ശല്ല്യം വീണ്ടും രൂക്ഷമായതോടെ അവശേഷിക്കുന്ന കന്നുകാലി സമ്പത്ത് തിരിച്ചു പിടിക്കുന്നതിനാണ് കർഷകർ തട്ടകൾ തിരിച്ചു കൊണ്ടുവന്നത്.