കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ, രോഗം എങ്ങനെ പ്രതിരോധിക്കാം.
കുളമ്പുരോഗം ഒരിനം വൈറസാണ് ഉണ്ടാക്കുന്നത്. രോഗമുള്ളവയുമായുള്ള സമ്പർക്കം വഴിയും, രോഗാണുക്കൾകൊണ്ടു മലിനപ്പെട്ട തീറ്റവസ്തുക്കൾ, വെള്ളം,വായു എന്നിവയിലൂടെയും രോഗം പകരുന്നു. പനി, വായിൽനിന്ന് ഉമിനീർ ഒലിക്കൽ, നാവിലും വായിലും പൊള്ളിയതുപോലെ വ്രണങ്ങൾ, കുളമ്പുകൾക്കിടയിൽ വ്രണങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, പാലുൽപാദനക്കുറവ്, അകിടിലും മുലക്കാമ്പിലും വ്രണങ്ങൾ, ഗർഭിണികളിൽ ഗർഭം അലസൽ എന്നിവയാണ് ലക്ഷണം. കിടാക്കളിൽ വൈറസ് ഹൃദയപേശികളെ ആക്രമിക്കുന്നതുവഴി പെട്ടെന്നു മരണം സംഭവിക്കുന്നു. കുളമ്പുരോഗം പന്നികളിൽ മറ്റുള്ള ഉരുക്കളെക്കാൾ ശരീരത്തിൽ 3000 മടങ്ങു രോഗാണുക്കളെ വർധിപ്പിക്കുന്നതിനാൽ രോഗം പിടിപെട്ട പന്നികൾ രോഗപ്പകർച്ച ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.
രോഗം വന്നു ഭേദപ്പെട്ട ഉരുക്കൾ രോഗാണുക്കളെ ആറുമാസത്തിലധികം കാലത്തേക്കു പുറത്തേക്കു തള്ളുന്നതിനാൽ ഏറെ ശ്രദ്ധിക്കണം. കുളമ്പുരോഗം ഏതെങ്കിലും സ്ഥലത്തു കണ്ടെത്തിയാൽ ഉടനടി അക്കാര്യം മൃഗാശുപത്രിയിൽ അറിയിക്കണം. രോഗം കൂടുതൽ സ്ഥലത്തേക്കു പകരാതിരിക്കാനും രോഗം ബാധിച്ച പ്രദേശത്തുനിന്നു കന്നുകാലികളുടെ പോക്ക് (Movement) തടയുന്നതിനും മറ്റു പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിനും രോഗം റിപ്പോർട്ട് ചെയ്യണം.
രോഗം വന്ന ഉരുക്കളെ ഉടന്‍ ചികിൽസിക്കണം. ലക്ഷണങ്ങൾ അനുസരിച്ചു വേദനസംഹാരികൾ, ആന്റിബയോട്ടിക് മരുന്ന്, പുറമെ പുരട്ടുന്ന ലേപനങ്ങൾ എന്നിവയാണു ശുപാര്‍ശ.
കുളമ്പുരോഗം പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവയ്പ് ആറു മാസം ഇടവിട്ടു നൽകണം. രോഗം ബാധിച്ച ഉരുക്കളെ മാറ്റിപ്പാർപ്പിക്കണം. രോഗം ബാധിച്ച ഉരുക്കളുടെ സമ്പർക്കമുള്ള തീറ്റയും വൈക്കോലും നശിപ്പിക്കണം. കന്നുകാലിഫാമിലെ ഉപകരണങ്ങൾ നാലു ശതമാനം വീര്യമുള്ള കാരവെള്ളം ഉപയോഗിച്ചു കഴുകണം. രോഗമുള്ള ഉരുക്കളെ പരിചരിക്കുന്നവർ ആരോഗ്യമുള്ളവയെ പരിചരിക്കരുത്. തൊഴുത്തും പരിസരവും നാലു ശതമാനം വീര്യമുള്ള കാര(സോഡിയം കാർബണേറ്റ്) വെള്ളം ഉപയോഗിച്ചു കഴുകണം. തൊഴുത്തിനുള്ളിൽ കുന്തിരിക്കം പുകയ്ക്കുന്നതു നന്ന്.