ആടുകളെ വളർത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടിയാണ്. സ്ഥലപരിമിതി അനുസരിച്ച് ഇവയെ മൂന്നു രീതിയിൽ, അതായത് തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (രാത്രി കൂടുകളിൽ പാർപ്പിക്കാം), കൂടുകളിൽ മാത്രമായും കൂട്ടിലും പുറത്തുമായും വളർത്താം. ആടുകളിൽനിന്നു പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കിൽ കുട്ടിയായിരിക്കുമ്പോൾ മുതൽ ശാസ്ത്രീയമായി പരിചരിക്കണം.
കുട്ടി ജനിച്ച് അര മണിക്കൂറിനുള്ളിൽ കന്നിപ്പാൽ കുടിപ്പിക്കണം. 4–5 ദിവസം തുടരണം. തള്ളയാട് ചാകുകയോ, അതിനു രോഗം വരികയോ ചെയ്താൽ അതേ കാലയളവിൽ പ്രസവിച്ച മറ്റ് ആടുകളുടെ പാൽ നൽകാം. ഇതും സാധിച്ചില്ലെങ്കിൽ കന്നിപ്പാൽ കൃത്രിമമായി തയാറാക്കി നൽകാം. ജനിച്ചാലുടന്‍ കുട്ടിയെ നന്നായി തുടച്ചു വൃത്തിയാക്കണം. പൊക്കിൾകൊടിയിൽ പോവിഡിൻ അയഡിൻ വിഭാഗത്തിൽപെട്ട മരുന്നു പുരട്ടണം.
കൃത്രിമ കന്നിപ്പാൽ: ഒരു മുട്ട 300 മില്ലി ഇളം ചൂടുവെള്ളത്തിൽ കലക്കുക. അര ടീസ്പൂൺ ആവണക്കെണ്ണ, ഒരു ടീസ്പൂൺ മീനെണ്ണ, 500 മില്ലി ചൂടാക്കിയ പാൽ (പശുവിൻപാലും ആകാം) എന്നിവ നന്നായി ഇളക്കി കുടിക്കാൻ പാകത്തിലുള്ള ചൂടിൽ നൽകാം. കുടിപ്പിക്കുമ്പോൾ ശ്വാസനാളത്തിൽ പാലു പോകാതെ നോക്കണം. നാലു തവണയായി ഇതു നൽകാം.
കന്നിപ്പാൽ കൊടുത്തുകഴിഞ്ഞാൽ അഞ്ചാം ദിവസം മുതൽ സാധാരണ ആട്ടിൻപാൽ ആറു കിലോ തൂക്കത്തിന് ഒരു ലീറ്റർ പാൽ എന്ന തോതിൽ ദിവസം നാലു തവണയായി നൽകാം. മുപ്പതു ദിവസംവരെ ഇതു തുടരണം. പിന്നീട് എട്ടു കിലോ ഭാരത്തിന് ഒരു ലീറ്റർ എന്ന തോതിൽ 30 ദിവസംവരെ നൽകണം. മൂന്നു മാസമാകുമ്പോഴേക്കും 10–15 കിലോ ഭാരത്തിന് ഒരു ലീറ്റർ എന്ന അളവിലായി ചുരുക്കാം. ആട്ടിൻകുട്ടികളെ മഴ നനയ്ക്കരുത്. തണുപ്പ് അധികം ഏൽക്കാതെയും നോക്കണം. കാരണം ആടുകൾക്കു ന്യുമോണിയ അസുഖം വരാൻ സാധ്യത കൂടുതലാണ്. രണ്ടാഴ്ച മുതൽ എളുപ്പത്തിൽ ദഹിക്കുന്ന ‘കിഡ് സ്റ്റാർട്ടർ’ തീറ്റ കുറേശ്ശെ നൽകാം. പച്ചപ്പുല്ലും ആവശ്യത്തിനു കൊടുക്കാം. മൂന്നു മാസമാകുമ്പോഴേക്കും പാൽ മുഴുവനായും നിർത്താം.
തറയിൽനിന്ന് അൽപം പൊക്കി (ഒന്നോ–രണ്ടോ അടി) പ്ലാറ്റ്ഫോമിൽ വേണം രാത്രികാലങ്ങളിൽ താമസിപ്പിക്കേണ്ടത്. പ്രസവിച്ച് മൂന്നാമത്തെ ആഴ്ച വിരമരുന്ന് നൽകണം. എല്ലാ മാസവും ഇതു തുടരണം. ചുരുങ്ങിയത് ആറു മാസം വരെ. ആടുകളുടെ ചാണകം ഇടയ്ക്കു മൃഗാശുപത്രിയിൽ കൊണ്ടുപോയി ഏതു തരത്തി ലുള്ള വിരയാണെന്നറിയാൻ പരിശോധിപ്പിക്കണം. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്ന് നൽകണം.
മാതൃകാ കിഡ് സ്റ്റാർട്ടർകടലപ്പിണ്ണാക്ക് (കേക്ക് രൂപത്തിൽ, എണ്ണയില്ലാത്തത്) – 12 ഭാഗം, മുതിര – 30 ഭാഗം, ഗോതമ്പ്/ചോളം – 30 ഭാഗം, അരി തവിട്/ഗോതമ്പ് തവിട് – 15 ഭാഗം, ഉണക്കിയ ഉപ്പില്ലാത്ത മൽസ്യം – 10 ഭാഗം, ധാതുലവണം – 1.5 ഭാഗം, ഉപ്പ് – 1.5 ഭാഗം. വിറ്റമിൻ എബി–2ഡി–3, 25 ഗ്രാം/100 കിലോ മിക്സ്ചറിൽ.
വിലാസം: മുൻ ഡപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്
ഫോൺ: 9947452708.