ആശങ്കകള്‍ ഏതുമില്ലാതെ ആടു വളര്‍ത്തല്‍ സംരംഭം നടത്താനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം നികത്തി സ്വയം അതിജീവനം സാധ്യമാക്കാനും ഇന്‍ഷൂറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ആട് ഫാമിന്റെ വളർച്ചയുടെ നട്ടെല്ലായ പ്രജനനക്ഷമതയുള്ള മുതിർന്ന പെണ്ണാടുകൾ ഉൾപ്പെടുന്ന

ആശങ്കകള്‍ ഏതുമില്ലാതെ ആടു വളര്‍ത്തല്‍ സംരംഭം നടത്താനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം നികത്തി സ്വയം അതിജീവനം സാധ്യമാക്കാനും ഇന്‍ഷൂറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ആട് ഫാമിന്റെ വളർച്ചയുടെ നട്ടെല്ലായ പ്രജനനക്ഷമതയുള്ള മുതിർന്ന പെണ്ണാടുകൾ ഉൾപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കകള്‍ ഏതുമില്ലാതെ ആടു വളര്‍ത്തല്‍ സംരംഭം നടത്താനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക നഷ്ടം നികത്തി സ്വയം അതിജീവനം സാധ്യമാക്കാനും ഇന്‍ഷൂറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ആട് ഫാമിന്റെ വളർച്ചയുടെ നട്ടെല്ലായ പ്രജനനക്ഷമതയുള്ള മുതിർന്ന പെണ്ണാടുകൾ ഉൾപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശങ്കകള്‍ ഏതുമില്ലാതെ ആടു വളര്‍ത്തല്‍ സംരംഭം നടത്താനും അപ്രതീക്ഷമായെത്തുന്ന അപകടങ്ങള്‍ വരുത്തിവയ്ക്കുന്ന  സാമ്പത്തിക നഷ്ടം  നികത്തി സ്വയം അതിജീവനം സാധ്യമാക്കാനും  ഇന്‍ഷൂറന്‍സിനേക്കാള്‍ മികച്ച ഒരു വഴിയില്ല. ആട് ഫാമിന്റെ വളർച്ചയുടെ നട്ടെല്ലായ പ്രജനനക്ഷമതയുള്ള മുതിർന്ന പെണ്ണാടുകൾ ഉൾപ്പെടുന്ന മാതൃശേഖരത്തെയും മുട്ടനാടുകൾ ഉൾപ്പെടുന്ന പിതൃശേഖരത്തെയും  ഇന്‍ഷൂര്‍ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കാന്‍ മറക്കരുത്. പശുവളർത്തൽ മേഖലയിൽ ഉള്ള മാതൃകയിൽ ആടുകളെ ഇൻഷൂർ ചെയ്യുന്നതിനായി സർക്കാർ തലത്തിൽ പ്രത്യേക പദ്ധതികൾ ഒന്നുമില്ല. ആടുകളെ  ഇൻഷൂർ ചെയ്യാനുള്ള ചെലവ് പൂർണമായും സംരംഭകൻ തന്നെ വഹിക്കേണ്ടതുണ്ട്. യുണൈറ്റഡ് ഇന്ത്യ, നാഷണല്‍ ഇന്‍ഷൂറന്‍സ്, ന്യൂ ഇന്ത്യ തുടങ്ങി സ്ഥാപനങ്ങളെ ആടുകളുടെ ഇന്‍ഷൂറന്‍സിനായി ആശ്രയിക്കാവുന്നതാണ്. പരമാവധി വിപണി വിലയില്‍ ആടുകളെ ഒരു വര്‍ഷത്തേക്ക്  ഇന്‍ഷൂര്‍ ചെയ്യാനുള്ള  പ്ലാനുകള്‍ നിലവിലുണ്ട്. ഇൻഷൂറൻസ് പരിരക്ഷയുള്ള ആടിനെ വിൽക്കുകയാണെങ്കിൽ പോളിസി പുതിയ ഉടമയിലേക്ക് മാറ്റാനുള്ള സൗകര്യവും ഉണ്ട്.

ഇന്‍ഷൂറന്‍സ് പരിരക്ഷ എടുക്കുന്ന സമയത്ത് ആടുകള്‍ക്ക് പൂര്‍ണ ആരോഗ്യമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. മതിയായ വാസസ്ഥലവും യഥേഷ്ടം കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തുകയും വേണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കാനും കൃത്യമായ ഇടവേളകളില്‍ ആന്തര ബാഹ്യപരാദങ്ങള്‍ക്കെതിരെ മരുന്നുകള്‍ നല്‍കാനും ശ്രദ്ധിക്കണം. ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍/ ടാഗ്  നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ ആടിന് ചെവിയിൽ  പുതിയ ടാഗ് അടിച്ച് അതിന്‍റെ ഫോട്ടോ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയില്‍ എഴുതി സമര്‍പ്പിക്കണം. പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങി ശസ്ത്രക്രിയക്കിടെ  അപകടം സംഭവിച്ചാല്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടും. ആടിനെ മനപ്പൂര്‍വം പരിക്കേല്‍പ്പിക്കുക, കശാപ്പു ചെയ്യുക, കളവുപോവുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ച് ചുരുങ്ങിയത് 15 ദിവസത്തിനു ശേഷം മാത്രം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്നതും ഓര്‍ക്കണം.  ഇന്‍ഷുറന്‍സിനായുള്ള അപേക്ഷ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയ്‌ക്കൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.  

ADVERTISEMENT

ആട് ഫാമിന് ലൈസൻസ് നേടാൻ 

ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട  നിയമപരമായ ബാധ്യതകൾ  പൂർത്തിയാക്കുക എന്നത്  സംരംഭകന്റെ ഉത്തരവാദിത്തമാണ്. അതിൽ പ്രധാനമാണ് ഫാം ലൈസൻസ്. 2012 ഏപ്രിൽ 19ന് നിലവിൽ വന്ന കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങളും  കേരള മലിനീകരണ നിയന്ത്രണ ബോർഡ്  2015ൽ പുറത്തിറക്കിയ ചട്ടങ്ങളും പ്രകാരമാണ് ആട് ഫാമുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. നിലവിലുള്ള ചട്ടപ്രകാരം  ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ  ഇരുപതിലധികം ആടുകളെ വളർത്താൻ ഉദ്ദേശിക്കുന്ന ഫാമുകൾ നിർമിക്കാനും പ്രവർത്തനമാരംഭിക്കാനും  അതത് തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നും ലൈസൻസ് നേടേണ്ടതുണ്ട്. ആടുകളെ വളർത്താൻ വേണ്ട കുറഞ്ഞ ഭൂവിസ്‌തൃതിയെ കുറിച്ചും ചട്ടത്തിൽ പരാമർശമുണ്ട്. ഇത് പ്രകാരം 4 ആടുകളെ വളർത്താൻ കുറഞ്ഞത് ഒരു സെന്റ്‌ ഭൂമി വേണ്ടതുണ്ട്. മാലിന്യ നിർമാർജനത്തിനായി വളക്കുഴിയും മൂത്രശേഖരണ ടാങ്കും ഫാമിൽ ഒരുക്കേണ്ടതുണ്ട്. ആടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഫാമുകളെ ആറ് ക്ലാസുകളായി തിരിച്ചിട്ടുണ്ട്. ഈ ക്ലാസുകളുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടപ്രകാരം 21 മുതൽ 50 വരെ എണ്ണം ആടുകളെ വളർത്തുന്ന ക്ലാസ് 1ൽ ഉൾപ്പെടുന്ന  ഒരു ഫാം നിർമിക്കുമ്പോൾ വീടുകളിൽനിന്നും മറ്റു സ്‌ഥാപനങ്ങളിൽനിന്നും 10 മീറ്റർ കുറഞ്ഞ ദൂരപരിധി വേണ്ടതുണ്ട്. ക്ലാസ്  2, 3, 4  എന്നിവയിൽ ഉൾപ്പെടുന്ന യഥാക്രമം  51-100, 101-200 , 201-500  എണ്ണം ആടുകളെ വളർത്തുന്ന ഫാമുകൾക്കു വേണ്ട കുറഞ്ഞ ദൂരപരിധി 25 മീറ്ററാണ്. 500ലധികം ആടുകളുണ്ടെങ്കിൽ മറ്റു കെട്ടിടങ്ങളിൽനിന്നും ഫാമിലേക്ക് 50 മീറ്റർ ദൂരപരിധി വേണ്ടതുണ്ട്.

ലൈസൻസിനായുള്ള അപേക്ഷ അതത് പഞ്ചായത്ത് സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ഫാം നിർമാണാനുമതി ലഭിക്കുന്നതിനായി ലൈസൻസ് ഫോറം 1ൽ  ആദ്യ ഘട്ടത്തിൽ അപേക്ഷ നൽകണം. ആകെ ലഭ്യമായ സ്ഥലം, ഫാം രൂപരേഖ, വളർത്താൻ ഉദ്ദേശിക്കുന്ന ആടുകളുടെ എണ്ണം, ഇനം തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ അപേക്ഷയിൽ ഉൾപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ   മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള അനുമതിപത്രവും ആവശ്യമായി വരും. നിർമാണ അനുമതിക്കു മേൽ ഷെഡ്  നിർമാണം പൂർത്തിയാക്കി ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ  ശേഷം പ്രവർത്തനാനുമതിക്കും ലൈസൻസിനുമായി ഫോറം രണ്ടിൽ  വീണ്ടും അപേക്ഷ നൽകണം. ചട്ടങ്ങൾ എല്ലാം കൃത്യമായി പാലിച്ചാണ് ഫാം ഒരുക്കിയിരിക്കുന്നതെങ്കിൽ സെക്രട്ടറി ഫോറം മൂന്നിൽ  ലൈസൻസ് അനുവദിക്കും. വർഷാവർഷം ഫാം ലൈസൻസ് പുതുക്കുകയും വേണം. ലൈസൻസ് ഇല്ലാതെ വളർത്താവുന്ന ആടുകളുടെ എണ്ണം ഇരുപതിൽനിന്ന് അൻപതാക്കി ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച  ഉത്തരവുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

പരിപാലനം ചിട്ടപ്പെടുത്താന്‍  വേണം റജിസ്റ്ററുകള്‍

ADVERTISEMENT

ഫാമിൽ ആടുകളെ തിരിച്ചറിയാൻ  പ്രത്യേകം നമ്പറുകള്‍ നല്‍കി അവയുടെ ആരോഗ്യപരിപാലനം, പ്രജനനം, പ്രസവം, ശരീരതൂക്കം, വളർച്ചാനിരക്ക്, തീറ്റ, പാലുൽപാദനം, ആകെ സ്റ്റോക്ക്, വിൽപന, മരണം , വരവ് ചെലവ് കണക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട റജിസ്റ്ററുകള്‍ തയാറാക്കി കൃത്യമായി സൂക്ഷിക്കുക എന്നത്  പ്രധാനമാണ്. ആടുകൾക്ക് പ്രത്യേകം നമ്പറുകള്‍ നല്‍കുന്നതിനായി കോപ്പർ, പ്ലാസ്റ്റിക് കമ്മലുകൾ ഉപയോഗിച്ച്  ഇയര്‍ ടാഗിംഗ് നടത്താം. ഇന്‍ബ്രീഡിംഗ് അടക്കമുള്ള സാഹചര്യങ്ങള്‍ തടയുന്നതിനും വാക്സിനേഷന്‍, വിരയിളക്കല്‍, ഗര്‍ഭിണി ആടുകളുടെ പരിചരണം, പ്രസവ പരിപാലനം  എന്നിവയെല്ലാം കാര്യക്ഷമമായി നടത്തുന്നതിനും ഈ റജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ  ശരീരതൂക്കം കണക്കാക്കി രേഖപ്പെടുത്തി സൂക്ഷിച്ചാൽ ആടുകളുടെ വളർച്ചാനിരക്ക് അറിയാനും അതിന്റെ അടിസ്ഥാനത്തിൽ മികച്ച ആടുകളെ തിരഞ്ഞെടുത്ത് വളർത്താനും പ്രജനനത്തിന് ഉപയോഗിക്കാനും സാധിക്കും. വളർച്ചാ മികവും ഉൽപാദന- പ്രത്യുൽപാദന ക്ഷമതയും കുറഞ്ഞ ആടുകളെ കണ്ടെത്തി വർഷാവർഷം ഒഴിവാക്കാനും (Culling) രേഖകൾ സൂക്ഷിക്കുന്നത് സഹായിക്കും .

പ്രയോജനപ്പെടുത്താം കൃത്രിമ ബീജാധാനസൗകര്യങ്ങളും

പ്രജനനത്തിന് വേണ്ടി മികച്ച മുട്ടനാടുകളുടെ ലഭ്യതക്കുറവ് പല ആടു സംരംഭകരും നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ്. ഇതിന് ഒരു പരിഹാരമാണ് ആടുകളിലെ  കൃത്രിമ ബീജാധാന സൗകര്യം.  പശുക്കളിലും, എരുമകളിലും കൃത്രിമ ബീജാധാനം നടത്തുന്നതിനായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ  ആടുകളിലെ കൃത്രിമ ബീജാധാന സൗകര്യങ്ങള്‍   അത്രത്തോളം വ്യാപകമായിട്ടില്ലെങ്കിലും തിരഞ്ഞെടുത്ത മൃഗാശുപത്രികളില്‍  ഈ സൗകര്യം സൗജന്യമായി ലഭ്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് വഴി മേല്‍ത്തരം മലബാറി ആടുകളുടെ ബീജമാണ്  കൃത്രിമ ബീജാധാനത്തിനായി ലഭ്യമാക്കുന്നത്. മലബാറി ആടുകളില്‍ കൂടുതല്‍ കൃത്രിമ ബീജാധാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള രണ്ടാംഘട്ട പദ്ധതിയ്ക്ക് കെ.എല്‍.ഡി.ബോര്‍ഡും, മൃഗസംരക്ഷണ വകുപ്പും ഈയിടെ തുടക്കമിട്ടിട്ടുണ്ട്.

രക്തബന്ധമുള്ള  ആടുകള്‍ തമ്മില്‍ ഇണ ചേരുന്നത്  വഴിയുണ്ടാവുന്ന അന്തര്‍പ്രജനനം, സാംക്രമിക, ജനിതകരോഗങ്ങളുടെ പകര്‍ച്ച എന്നിവയൊക്കെ തടഞ്ഞ് മികച്ച കുഞ്ഞുങ്ങളെ ലഭിക്കാന്‍ കൃത്രിമബീജാധാനം സഹായിക്കും. മുട്ടനാടുകളെ പ്രജനനത്തിനു ലഭിക്കാത്ത സാഹചര്യത്തിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മാത്രമല്ല, മുട്ടനെ വളര്‍ത്തുന്ന ചെലവും അധ്വാനവും ഒഴിവാക്കുകയും ചെയ്യാം. മദിലക്ഷണങ്ങള്‍ തുടങ്ങിയതിന്‍റെ 12-18 മണിക്കൂറിനിടെ കൃത്രിമ ബീജാധാനം നടത്താം. കൃത്യമായ സമയത്ത്, കൃത്യമായ രീതിയില്‍ ബീജാധാനം നടത്തിയാല്‍ പൂര്‍ണമായും വിജയസാധ്യതയുള്ളതാണ് ആടുകളിലെ കൃത്രിമബീജാധാനവും. കൃത്രിമബീജാധാനത്തിന് മുന്നോടിയായി ആടുകളെ ഒരുമിച്ച് മദിയിലെത്തിക്കുന്നതിനായി മദിക്രമീകരണം നടത്താനുള്ള സംവിധാനങ്ങളും ഇന്നുണ്ട്. കൃത്രിമ ഹോര്‍മോണുകള്‍ ആണിതിന് ഉപയോഗിക്കുന്നത്. വലിയ ഫാമുകളില്‍ ഇത് പ്രയോജനപ്പെടുത്താം.

ADVERTISEMENT

അനിവാര്യഘട്ടങ്ങളിൽ കൃത്രിമ ബീജാധാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെങ്കിലും പെണ്ണാടുകള്‍ നേരത്തെ മദിയിലെത്താനും, തീവ്രമായി മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും പ്രസവാനന്തര മദി വേഗത്തിലാവാനും കൂടുതല്‍ അണ്ഡങ്ങള്‍ ഉത്സര്‍ജിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുമൊക്കെ മുട്ടനാടിന്‍റെ സാന്നിധ്യം പ്രധാനമാണെന്ന കാര്യം മറക്കരുത്. മുട്ടനാടുകൾ ഇല്ലാത്ത ഫാമുകളിൽ കാണുന്ന  പെണ്ണാടുകളിലെ ഉയർന്ന വന്ധ്യത നിരക്ക്  ഇതിന്റെ തെളിവാണ്. കാരണം പശുക്കളെയും എരുമകളെയും അപേക്ഷിച്ച് പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട്.

നവാഗത ആടുകൾക്ക് ക്വറന്റൈന്‍ പ്രധാനം

ക്വാറന്റൈന്‍ എന്ന വാക്കിനെയും പ്രാധാന്യത്തെയും  ഇന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല .  പുതിയ ആടുകളെ ഫാമിലേക്ക് കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും  മുഖ്യ ഷെഡിലെ ആടുകൾക്കൊപ്പം ചേർക്കാതെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിച്ച് ക്വാറന്റൈന്‍ നല്‍കേണ്ടത് സാംക്രമിക പകര്‍ച്ചവ്യാധികളെ  പ്രതിരോധിക്കാന്‍ പ്രധാനമാണ്. മുഖ്യഷെഡ്ഡിന് ചുരുങ്ങിയത് 100-200 മീറ്റര്‍ അകലെയോ അല്ലെങ്കില്‍ മറ്റൊരിടത്തോ ക്വാറന്റൈന്‍ ഷെഡ്ഡുകള്‍ പണികഴിപ്പിക്കാം. ആടുവസന്ത, ഓര്‍ഫ്, കുരലടപ്പന്‍ തുടങ്ങിയ സാംക്രമിക  വ്യാധികളെയെല്ലാം  ആടു ഫാമിന് പുറത്ത് നിര്‍ത്താന്‍ ക്വാറന്റൈന്‍ (പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കല്‍) രീതിയോളം മികച്ച മറ്റൊരു ജൈവ സുരക്ഷാ മാര്‍ഗമില്ല. 

പുതുതായി കൊണ്ടുവന്ന ആടുകള്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍  ആന്തരിക  വിരകള്‍ക്കും, ബാഹ്യപരാദങ്ങള്‍ക്കുമെതിരായ  മരുന്നുകള്‍ നല്‍കണം. ഒരാഴ്ചത്തെ ഇടവേളകളില്‍  രണ്ടുതരം ആന്തര പരാദനാശിനികള്‍  ഉപയോഗിച്ച് വിരയിളക്കുന്നത് നല്ലതാണ്. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാന്‍ മരുന്നുകള്‍ പ്രയോഗിക്കേണ്ടതും മുഖ്യം തന്നെ. ക്വാറന്റൈനില്‍ പാര്‍പ്പിച്ച ആടുകളെ മറ്റ് ആടുകള്‍ക്കൊപ്പം മേയാന്‍ വിടരുത്. മറ്റാടുകളുമായി  സമ്പര്‍ക്കം ഉണ്ടാവാനിടയുള്ള എല്ലാ സാഹചര്യങ്ങളും  തടയണം. അനാപ്ലാസ്മ, തൈലേറിയ തുടങ്ങിയ രോഗങ്ങള്‍, രക്തപരാദ രോഗങ്ങള്‍ ഇന്ന് ആടുകളിലും വ്യാപകമായി കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍  പുതുതായി കൊണ്ടുവരുന്ന ആടുകളുടെ  രക്തപരിശോധന നടത്താവുന്നതാണ്. ആടുവസന്ത, കുരലടപ്പൻ, എന്ററോടോക്സിമിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ വാക്സിനുകൾ നൽകാത്ത ആടുകൾ ആണെങ്കിൽ ക്വാറന്‍റൈന്‍ കാലയളവില്‍ എല്ലാ പ്രതിരോധ  കുത്തിവയ്പ്പുകളും ഉറപ്പാക്കണം. ആടുകള്‍ക്ക്പുതിയ തീറ്റകള്‍ ഘട്ടം ഘട്ടമായി നല്‍കി ക്വാറന്റൈന്‍ കാലയളവില്‍ ശീലിപ്പിക്കാം. പ്രോബയോട്ടിക് യീസ്റ്റ് (ഫീഡ് അപ് യീസ്റ്റ്) പോലുള്ള ദഹന സഹായ മിത്രാണുമിശ്രിതങ്ങ ളും കരൾ ഉത്തേജന മിശ്രിതങ്ങളും ക്വാറന്‍റൈന്‍ കാലയളവില്‍ നല്‍കുന്നത് ഉചിതമാണ്.

ആടുകൾക്കായുള്ള വാക്‌സിനുകൾ എവിടെ കിട്ടും ?

ആടുകൾക്ക് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവയ്പുകളെ പറ്റിയും അത്  ആടുകൾക്ക്  നൽകേണ്ട രീതിയെ പറ്റിയും പ്രായത്തെ  പറ്റിയുമെല്ലാം  മുൻപ് വിശദമായി  പരാമർശിച്ചിരുന്നല്ലോ. ഈ വാക്സിനുകൾ എവിടെനിന്ന് ലഭ്യമാവും എന്ന സംശയം ചിലരെങ്കിലും പങ്കുവച്ചിരുന്നു. പ്രധാന വാക്സിനുകളും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേർക്കുന്നു. രോഗം, വാക്സിന്റെ പേര്, ഉൽപാദിപ്പിക്കുന്ന സ്ഥാപനം, ലഭ്യമായ അളവ് എന്ന ക്രമത്തിൽ.

  • ആട് വസന്ത / പിപിആർ പ്രതിരോധ കുത്തിവയ്‌പ്    
  1. പിപിആർ വാക്‌സിൻ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം , 50 മില്ലി ലീറ്റർ ( 50 ഡോസ്), ഒരാടിന് 1 മില്ലിലീറ്റർ  വീതം, 50 ആടുകൾക്ക്.
  2. പിപിആർവാക്‌സിൻ -  ഹെസ്റ്റർ ബയോസയൻസസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 25,50 & 100 മില്ലിലീറ്റർ (25 ,50 & 100 ഡോസ്), ഒരാടിന് 1 മില്ലിലീറ്റർ  വീതം.
  3. രക്ഷാ പിപിആർ (RAKSHA PPR), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്  (Indian Immunologicals Ltd).  25, 50 & 100 മില്ലിലീറ്റർ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലിറ്റർ  വീത.
  • എന്ററോടോക്‌സീമിയ പ്രതിരോധ കുത്തിവയ്‌പ് 
  1. എന്ററോടോക്‌സീമിയ വാക്‌സിൻ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  100  മില്ലിലീറ്റർ (40 ഡോസ്), ഒരാടിന് 2.5  മില്ലി വീതം 40  ആടുകൾക്ക്.
  2. രക്ഷാ ഇടി വാക്സിൻ ( Raksha ET), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്.   100 മില്ലിലീറ്റർ (50 ഡോസ്), ഒരാടിന് 2 മില്ലി വീതം 50 ആടുകൾക്ക്.
  • കുരലടപ്പൻ/ ഹെമറേജിക് സെപ്റ്റിസീമിയ പ്രതിരോധ കുത്തിവയ്‌പ് 
  1. ഹെമറേജിക് സെപ്റ്റിസീമിയ വാക്‌സിൻ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  50 ഡോസ്‌  (100 മില്ലിലീറ്റർ ). ഒരാടിന് 2 മില്ലി വീതം 50   ആടുകൾക്ക്.
  2. രക്ഷാ എച്ച്എസ് (Raksha HS), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് , 50 ഡോസ്‌  (100 മില്ലിലീറ്റർ ), ഒരാടിന് 2 മില്ലി വീതം 50 ആടുകൾക്ക്.
  • ടെറ്റനസ് പ്രതിരോധ കുത്തിവയ്‌പ്
  1. ടെറ്റനസ് ടോക്സോയിഡ് ( Tetanus Toxoid 0.5 ml, 5 ml), സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( Serum Institute of India Ltd). ഒരാടിന് 0.5  മില്ലിലീറ്റർ  വീതം  
  2. ടെറ്റനസ് ടോക്സോയിഡ്, ( Tetanus Toxoid 0.5 ml, 5 ml)  ഹാഫ്‌ക്കിൻ ബയോ  ഫാർമസ്യൂട്ടിക്കൽസ്  ( Haffkine Bio-Pharmaceuticals Corporation Ltd) ഒരാടിന് 0.5  മില്ലിലീറ്റർ വീതം.

മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം ഉൽപാദിപ്പിക്കുന്ന വാക്‌സിനുകൾ സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴി ആവശ്യാനുസരണം കർഷകർക്ക്‌ ലഭ്യമാവും. മറ്റ് വാക്‌സിനുകൾക്കായി അതത് സ്ഥാപനങ്ങളുടെ കേരളത്തിലെ അംഗീകൃത വിതരണക്കാരുമായി ബന്ധപ്പെടണം. 

വാക്‌സിൻ നൽകുമ്പോൾ 

ആടുകൾക്ക് വാക്സിൻ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്സിൻ നൽകേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക എന്നത് പ്രധാനമാണ്. 2-8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്സിന്‍ സൂക്ഷിക്കാന്‍ ഉചിതമായ താപനില. ഒപ്പമുള്ള ലായകം സാധാരണ താപനിലയിൽ സൂക്ഷിക്കാം.  വാക്സിനുകള്‍ വാങ്ങി ഫാമിലെത്തിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും നൽകുമ്പോഴും വാക്സിന്‍റെ ഈ ശീതശൃംഖല ( കോൾഡ് ചെയിൻ ) മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. വാക്സിൻ ഫാമിലേക്ക് കൊണ്ടുവരുമ്പോൾ ഐസ്, ജെൽപാക്ക് എന്നിവ ഉപയോഗിക്കണം. വാക്സിൻ റെഫ്രിജറേറ്ററിൽ മാത്രം സൂക്ഷിക്കണം. കുത്തിവയ്പ് നൽകാൻ ആരംഭിക്കുന്നതിന്റെ തൊട്ടു മുൻപ് മാത്രമേ വാക്സിൻ റഫ്രിജറേറ്ററിൽ നിന്നെടുത്ത് ഒപ്പമുള്ള ലായകവുമായി ചേർത്ത് നേർപ്പിക്കാൻ പാടുള്ളൂ. മാത്രമല്ല നേർപ്പിക്കുന്നതിന് മുൻപായി അതിന് ഉപയോഗിക്കുന്ന ലായകത്തിന്റെ താപനിലയും  8-10 ഡിഗ്രി സെൽഷ്യസിൽ താഴെയാണന്ന് ഉറപ്പാക്കണം. നേർപ്പിച്ച വാക്സിൻ ഉപയോഗിക്കുന്ന സമയത്ത് ശീതശ്യംഖല മുറിയാതിരിക്കാൻ ഒരു പാത്രത്തിൽ ഐസ് ഇട്ട് വാക്സിൻ ബോട്ടിൽ അതിൽ സൂക്ഷിക്കണം. നേർപ്പിച്ച വാക്സിൻ കുത്തിവക്കുന്നതിനായി ആരംഭിച്ചാൽ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ കുത്തിവയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു തവണ തുറന്ന വാക്സിൻ ബോട്ടിലുകൾ പിന്നീട് നൽകുന്നതിനായി സൂക്ഷിച്ച് വയ്ക്കരുത്. 

രാവിലെയോ വൈകിട്ടോ അന്തരീക്ഷ താപനില കുറഞ്ഞ സമയമാണ് വാക്സിൻ നൽകാൻ ഏറ്റവും ഉത്തമായ സമയം. പൂർണ ആരോഗ്യമുള്ള ആടുകൾക്ക്  മാത്രമേ വാക്സിന്‍ നല്‍കാന്‍ പാടുള്ളൂ. ഫാമിലെ 80 ശതമാനം ആടുകൾക്കും ഒരേ  ദിവസം തന്നെ വാക്സിൻ നൽകി വാക്സിനേഷൻ പൂർത്തിയാക്കണം. മൂന്ന് മാസത്തിൽ താഴെ ചുവടെ പ്രായമുള്ള കുഞ്ഞുങ്ങൾ, പ്രസവം വളരെ അടുത്ത ഗർഭിണി ആടുകൾ, ഏതെങ്കിലും രോഗങ്ങൾ ബാധിച്ച ആടുകൾ, പോഷകാഹാര കുറവുള്ളതോ വിരബാധയുള്ളതോ ആയ ആടുകൾ തുടങ്ങിയവയെ പ്രതിരോധ കുത്തിവയ്‌പ് നൽകുന്നതിൽ നിന്നും താൽകാലികമായി ഒഴിവാക്കാം. എങ്കിലും കുഞ്ഞുങ്ങൾ മൂന്ന് മാസം  പ്രായമെത്തുമ്പോഴും രോഗം ബാധിച്ച ആടുകൾ ആരോഗ്യം വീണ്ടെടുക്കുമ്പോഴും ഗർഭിണി ആടുകൾ പ്രസവിച്ച ശേഷവും നിർബന്ധമായും വാക്സിൻ നൽകണം. വാക്സിൻ നൽകുന്നതിന് മുൻപായി ആടുകളെ വിരയിളക്കുന്നത് ഉചിതമാണ്. ഒന്നിൽ അധികം അസുഖങ്ങൾക്കുള്ള വാക്സിനേഷനുകൾ ഒരു ദിവസം തന്നെ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കുത്തിവയ്പിന് ശേഷം മിച്ചം വരുന്ന വാക്സിൻ കത്തിച്ച് നശിപ്പിക്കണം. കുത്തിവയ്പ്പിന് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും സുരക്ഷിതമായി കുഴിച്ച് മൂടണം. ഫാമിലെ ആടുകളിൽ  ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ മറ്റ് ആടുകൾക്ക്  തല്‍ക്കാലം വാക്സിന്‍ നല്‍കരുത്. രോഗാണുസംക്രമണ സമയത്ത് വാക്സിന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

ആട് വളർത്തൽ മേഖലയിലെ സംരംഭകസഹായപദ്ധതികൾ അറിയണം 

സര്‍ക്കാര്‍ തലത്തിൽ മൃഗസംരക്ഷണവകുപ്പ് വഴി ആടുകൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്കായി കൊമേര്‍ഷ്യല്‍ ഗോട്ടറി, ഗോട്ട് സാറ്റ് ലൈറ്റ്   യൂണിറ്റ് തുടങ്ങിയ സഹായപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.  ഒരു പ്രജനനയൂണിറ്റായി 19 പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വളർത്തുന്ന ഒരു യൂണിറ്റ് തുടങ്ങാൻ കൊമേര്‍ഷ്യല്‍ ഗോട്ടറി സ്‌കീമിൽ  ഒരു ലക്ഷം രൂപ വരെ വരെ  മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി അനുവദിക്കും. ഒരു പ്രജനനയൂണിറ്റായി തന്നെ 5  പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വളർത്തുന്ന സംരംഭമാണ്  ഗോട്ട് സാറ്റ്ലൈറ്റ് യൂണിറ്റ് . ഈ പദ്ധതിയിൽ കർഷകർക്ക് 25,000 രൂപവരെ സബ്‌സിഡി ലഭിക്കും. കൊമേര്‍ഷ്യല്‍ ഗോട്ടറി, ഗോട്ട് സാറ്റ്ലൈറ്റ് യൂണിറ്റ് തുടങ്ങിയ പദ്ധതികൾ ഓരോ പഞ്ചായത്തുകളിലും പരിമിതമായ രീതിയിലാണ് അനുവദിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന  സുഭിക്ഷ കേരളം പദ്ധതിയിലും ആടുവളർത്തൽ സംരംഭങ്ങൾക്ക് ഉയർന്ന പരിഗണയാണുള്ളത്. മൃഗാശുപത്രികളുമായും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായും  ബന്ധപ്പെട്ട് ഇത്തരം പദ്ധതികളെക്കുറിച്ചറിയാനും നേടിയെടുക്കാനും സംരംഭകർ ശ്രദ്ധിക്കണം.

ആടിനറിയില്ല അങ്ങാടി വാണിഭം, പക്ഷേ നമ്മളറിയണം

അടി മുതല്‍  മുടി വരെ വിപണിമൂല്യമുള്ള വളര്‍ത്തുമൃഗമാണ് ആട്. ഒരുകാലത്ത് പാവപ്പെട്ടവന്‍റെ പശുവെന്നായിരുന്നു ആടിന്‍റെ വിശേഷണം. എന്നാല്‍ ഇന്ന് ഏത് സമയത്തും ആളുകള്‍ക്ക് പണം നല്‍കാന്‍ ശേഷിയുള്ള എടിഎം മെഷീനാണ് ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. നല്ല ആടുകൾക്കും  കുഞ്ഞുങ്ങള്‍ക്കും ആട്ടിന്‍ പാലിനും മാംസത്തിനും അവയുടെ   കാഷ്ടത്തിനും മൂത്രത്തിനും, തുടങ്ങി ആട്ടിന്‍തൊലിക്ക് വരെ ആവശ്യക്കാർ ഏറെയുണ്ട്. മാംസാവശ്യങ്ങള്‍ക്കായി  ശരീരതൂക്കമനുസരിച്ചാണ് ആടുകളെ വിറ്റഴിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളെ വിറ്റഴിക്കുന്നത് മോഹവിലയ്ക്കാണ്. ജനുസിന്റെ ഗുണങ്ങളെല്ലാം തികഞ്ഞ   ആടുകളുടെ വിപണിവില നിശ്ചയിക്കുന്നത്  ശരീര തൂക്കത്തെക്കാൾ ബ്രീഡ് മേന്മ അടിസ്ഥാനപ്പെടുത്തിയാണ്. ചുരുക്കത്തിൽ ആട് സമം ആദായം എന്നുതന്നെ പറയാം.

ആട്ടിൻ പാലിനും വിപണിയിൽ  മോഹവില തന്നെയാണുള്ളത്.  വെറ്ററിനറി സര്‍വകലാശാലയിലെ ഫാമിൽ  ആട്ടിൻ പാൽ വിപണനം ചെയ്യുന്നത് ലീറ്ററിന് 80 രൂപ നിരക്കിലാണെങ്കില്‍ ലീറ്ററിന് 150-200 രൂപയ്ക്ക് ആട്ടിന്‍പാല്‍ വില്‍പ്പന നടത്തുന്ന വിപണന മിടുക്കുള്ള ആട് സംരംഭകരും ഇന്ന്  കേരളത്തിലുണ്ട്. ആട്ടിന്‍പാല്‍ കൂടുതൽ  ആരോഗ്യദായകമാണെന്ന വിശ്വാസമാണ് ഈ ഉയര്‍ന്ന മൂല്യത്തിനടിസ്ഥാനം.    ആട്ടിന്‍പാലിന്‍റെ വേറിട്ട ഗുണങ്ങൾ  ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി വിപണനം ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. പശുവിൻ പാൽ, എരുമപ്പാൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഗുണത്തിലും  മേന്മയിലും  ഒരു തൂക്കം മുന്നിലാണ് ആട്ടിൻ പാൽ. ആട്ടിൻ പാലിന്റെ പോഷകമേന്മകൾ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. പശുവിൻ പാൽ ചിലർക്ക് അലർജിയുണ്ടാക്കാറുണ്ട് ,എന്നാൽ ഈ പാൽ അലർജിക്ക് കാരണമാവുന്ന മാംസ്യ തന്മാത്രകൾ ആട്ടിൻ പാലിൽ അടങ്ങിയിട്ടില്ല . ആട്ടിന്‍പാലിലെ കൊഴുപ്പ് കണികകളുടെ വലുപ്പം (മിൽക്ക് ഫാറ്റ് ഗ്ലോബുൾസ് )  പശുവിന്‍ പാലിലെ കൊഴുപ്പ് കണികകളുടെ പകുതി മാത്രമായതിനാൽ ദഹനം എളുപ്പത്തില്‍ നടക്കും. ദഹനശേഷി ഉയർന്നതായതിനാൽ  ചെറിയ കുട്ടികള്‍, രോഗികള്‍,  പ്രായമായവർ , ഗർഭിണികൾ എന്നിവര്‍ക്കെല്ലാം അഭികാമ്യം ആട്ടില്‍പ്പാല്‍ തന്നെ. മുലപ്പാലിലെ  പോഷക, ജൈവിക ഗുണങ്ങളോടെ ഏറ്റവും ചേർന്ന് നിൽക്കുന്ന പാലും ആടിന്റേത് തന്നെ .

പശുവിൻ  പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലില്‍ മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (MUFA), പോളി അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്  (PUFA) തുടങ്ങിയ ശരീരത്തിന് ഗുണകരമായ  അപൂരിത കൊഴുപ്പ് അമ്ലങ്ങളുടെയും, മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡുകളുടെയും (MCT) അളവ് ഉയര്‍ന്നതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദയ രോഗങ്ങൾ തടയാനും ഇതുപകരിക്കും. ആട്ടിൻ പാലിൽ കുറഞ്ഞ അളവിൽ മാത്രമുള്ള ഒറോട്ടിക് ആസിഡ് (Orotic acid) സാന്നിധ്യം കരളിൽ കൊഴുപ്പടിഞ്ഞ് കൂടിയുണ്ടാവുന്ന ഫാറ്റി ലിവർ സിൻഡ്രോം അകറ്റാൻ ഉപകരിക്കും. ആട്ടിൻ പാലിൽ അധിക അളവിൽ അടങ്ങിയ ചില അമിനോ അമ്ലങ്ങൾക്ക് രോഗകാരികളായ ബാക്ടീരിയകളെ അകറ്റി നിർത്താനുള്ള ആന്റിബയോട്ടിക് ഗുണം കൂടിയുണ്ടെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടിട്ടുണ്ട് . ആട്ടിൻ പാലിലെ ലാക്ടോഫെറിൻ മാംസ്യതന്മാത്രകൾക്കും ഈ ഗുണമുണ്ട്. ആമാശയത്തിലെ അധിക അമ്ലത്വത്തെ / അസിഡിറ്റിയെ നിർവീര്യമാക്കാനുള്ള ബഫറിങ് ഗുണവും ആട്ടിൻ പാലിനുണ്ട്.  ആട്ടിൻ പാലിൽ സമൃദ്ധമായി അടങ്ങിയ  എൽ. ഗ്ളുട്ടമിൻ (L .Glutamine) എന്ന അമിനോ അമ്ലമാണ് ഈ ഗുണത്തിന് നിദാനം . ശരീരത്തിന് ഏറെ ആവശ്യമായ ടോറിൻ (Taurine) അമിനോഅമ്ലത്തിന്റെ അളവും ആട്ടിൻ പാലിൽ ഏറെയുണ്ട് . ത്വക്കിന്‍റെയും, കണ്ണിന്‍റെയും ആരോഗ്യത്തിന് അനിവാര്യമായ ജീവകം എ , ജീവകം  സി, ബി, ഇ, ഡി, കെ, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, തുടങ്ങിയ ധാതുജീവകങ്ങളുടെയുമെല്ലാം കലവറ കൂടിയാണ് ആട്ടില്‍പാല്‍. മാത്രമല്ല, ഇന്ന് വിപണിയില്‍ ഏറെ പ്രിയമുള്ള എ - 2 തരത്തിൽ പെട്ട  പാല്‍ കൂടിയാണ് ആടിന്റേത്. ഈ  ആരോഗ്യഗുണങ്ങൾ  ഉപഭോക്താക്കളെ പരിചയപ്പെടുത്തിയ ശേഷം വിപണനം നടത്താന്‍ സാധിച്ചാല്‍ മികച്ച ആദായം  ആട്ടിന്‍ പാലില്‍ നിന്നും ലഭിക്കും എന്നതിൽ സംശയമില്ല .     

മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് ആട്ടിറച്ചിൽ പൂരിത കൊഴുപ്പിന്റെയും  കൊളസ്ട്രോളിന്റെയും   അളവ് താരതമ്യേന കുറവാണ്.  മാത്രമല്ല ഉയർന്ന ദഹനശേഷിയും ആട്ടിറച്ചിക്കുണ്ട്. ഇറച്ചിയുടെ ജൈവമൂല്യവും ഉയർന്നത് തന്നെ. കാൽസ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, സോഡിയം, കോപ്പർ, മഗ്നീഷ്യം, ഇരുമ്പ്, മംഗനീസ്‌ തുടങ്ങിയ ധാതുലവണങ്ങളും ജീവകം എ, ബി, ഡി  എന്നിവയും സമൃദ്ധമായി ആട്ടിറച്ചിയിലുണ്ട് . കശാപ്പ് ചെയ്യുന്ന ഭക്ഷ്യയോഗ്യമായ ഉരുക്കളുടെ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസിങ് ശതമാനം ( Dressing percentage). ആടുകളിൽ ഇത് ശരാശരി  45 -50 ശതമാനം വരെയാണ് . അതായത് 50 കിലോ ശരീരതൂക്കമുള്ള ഒരാടിനെ കശാപ്പ് ചെയ്താൽ അതിൽ നിന്നും  25 കിലോയോളം ഉപയോഗപ്രദമായ  എല്ലോട് കൂടിയ  മാംസം ലഭിക്കും. സിരോഹി,  ജമുനാപാരി തുടങ്ങിയ പേശി വളർച്ചാ നിരക്ക് പൊതുവെ കൂടുതലുള്ള ആടുകളിൽ ഡ്രസിങ് ശതമാനം 55 ശതമാനം വരെയായിരിക്കും. സൂപ്പ് നിർമാണത്തിനും മറ്റുമായി ആടിന്റെ മറ്റ് ശരീര ഭാഗങ്ങൾക്കും ആവശ്യക്കാരുണ്ട്. ആടുമായി താരതമ്യപ്പെടുത്തുമ്പോൾ   കാളക്കും പോത്തിനുമെല്ലാം ഡ്രസിങ് ശതമാനം  കുറവാണ്. തീറ്റപരിവർത്തന ശേഷി, വളർച്ച നിരക്ക്  തീറ്റച്ചിലവ്‌, ഇറച്ചിയുടെ ഗുണമേന്മ , ഉപഭോക്താക്കളുടെ താൽപര്യം എന്നിവ ചേർത്ത് പരിഗണിക്കുമ്പോൾ  ഇറച്ചിക്കായി വളർത്തുന്ന ആടുകളെ ഒരു വയസ് പ്രായമെത്തുമ്പോൾ തന്നെ മാംസവിപണിയിൽ എത്തിക്കുന്നതാണ് സംരംഭകനു ലാഭകരം.    

ബ്രീഡിങിന് ഉപയോഗിക്കാവുന്ന മികച്ച മുട്ടനാടുകളുടെ ലഭ്യത കുറവ് ആട് വളർത്തൽ മേഖല നേരിടുന്ന ഒരു വെല്ലുവിളിയാണ്. പ്രജനന ആവശ്യത്തിന് മാത്രമായി മുട്ടനാടുകളെ സംരക്ഷിക്കുകയെന്നത് എല്ലാ ആട് കർഷകർക്കും പ്രായോഗികമോ ലാഭകരമോ അല്ല. ഈ സാഹചര്യത്തിൽ പ്രജനന ആവശ്യത്തിന് ഉപയോഗിക്കാവുന്ന മികച്ച മുട്ടനാടുകളുടെ പരിപാലനവും  ഒരു ആദായ സ്രോതസാണ്. നല്ല പരിചരണം നൽകി മുട്ടനാടുകളെ വളർത്തി കർഷകരുടെ ആവശ്യാനുസരണം പെണ്ണാടുകളുടെ പ്രജനനത്തിനായി ഉപയോഗിക്കാം. ഇതിനായി ആവശ്യക്കാരായ കർഷകരിൽ നിന്നും ന്യായമായ ഒരു ഫീസും ഈടാക്കാം. മികച്ചയിനത്തിൽപ്പെട്ട മേൽത്തരം  മുട്ടനാടുകളെ പ്രജനനാവശ്യത്തിന് വേണ്ടി മാത്രമായി പരിപാലിച്ച് വരുമാനം നേടുന്ന  നിരവധി കർഷകർ ഇന്ന്  കേരളത്തിൽ ഉണ്ട്.  മുട്ടനാടുകളുടെ ജനുസുകൾ അനുസരിച്ച് ഓരോ ബ്രീഡിങിനും വേണ്ടി ഈടാക്കുന്ന തുക  100 മുതൽ 1000 വരെ നീളും. മതിയായ ബ്രീഡിങ് വിശ്രമം നൽകി ഒരു വയസായ മുട്ടനാടുകളെ മാസത്തിൽ 25 പ്രാവശ്യവും മൂന്ന് വയസ് പ്രായമെത്തിയതിനെ 40  പ്രാവശ്യം വരെയും ആരോഗ്യകരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കും. അഞ്ചു വയസ് വരെ പ്രജനനാവശ്യത്തിന് ഉപയോഗിച്ച ശേഷം മുട്ടനാടുകളെയും മാംസവിപണിയിൽ എത്തിക്കാം. ഇത് സംരംഭകന് അധിക നേട്ടം നേടി നൽകും.

ആട്ടിന്‍കാഷ്ടം പകരം വെക്കാനില്ലാത്ത ഒരു ജൈവവളമാണ്. 3 ശതമാനം നൈട്രജനും 1 ശതമാനം ഫോസ്ഫറസും 2 ശതമാനം പൊട്ടാസ്യവും ആട്ടിൻ വളത്തിൽ അടങ്ങിയിട്ടുണ്ട്. ഉദ്യാനകൃഷിക്കായും പച്ചക്കറിക്കൃഷിക്കായുമെല്ലാം ആട്ടിൻ വളത്തിന് ആവശ്യക്കാരുണ്ട്. അഞ്ചോളം മുതിർന്ന ആടുകളുള്ള ഒരു ഫാമിൽ നിന്നുതന്നെ  പ്രതിദിനം 5 കിലോഗ്രാമോളം ആട്ടിൻവളം കിട്ടും. ആട്ടിൻ കഷ്ടം പൊടിച്ച് വിപണിയിൽ എത്തിക്കുന്നതാണ് ഉത്തമം. സൂക്ഷ്മാണുസമൃദ്ധമായ  ഇഎം ലായനി (Effective micro-organisms) ഉപയോഗിച്ച് കമ്പോസ്റ്റിംഗ് രീതിയിൽ ആട്ടിൻകാഷ്ഠം പൊടിക്കുന്ന വിദ്യ ഇന്ന് പ്രചാരത്തിലായിട്ടുണ്ട്. ആട്ടിൻ മൂത്രവും ജൈവവളവിപണിയിൽ ആവശ്യക്കാരേറെയുള്ള ഒരുൽപന്നമാണ് . മാത്രമല്ല ആയുർവേദ മരുന്ന് നിർമാണത്തിനായും ആട്ടിൻമൂത്രത്തിന് ആവശ്യക്കാരുണ്ട്. ഇങ്ങനെ ആടിൽ നിന്നുള്ള വൈവിധ്യങ്ങളായ ആദായ വഴികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലാണ് സംരംഭകന്റെ വിജയം.

ഇടനിലക്കാരുടെ ചൂഷണം ആട് വളർത്തൽ വിപണന മേഖലയില്‍ ശക്തമാണിന്ന്. ആടുകളെ വിൽക്കാൻ ശ്രമിക്കുന്ന കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്.  തൂക്കവിലയേക്കാൾ പലപ്പോഴും നോക്കുവിലയാണ് കച്ചവടക്കാരും ഇടനിലക്കാരും ആടുകൾക്ക് നിശ്ചയിക്കുന്നത്.  ആട്, ആട്- അനുബന്ധ ഉല്‍പ്പന്നങ്ങള്‍  വിപണിയില്‍ എത്തിക്കുമ്പോള്‍ ഇത്തരം കെണികളില്‍ വീഴാതെ കരുതേണ്ടതും പ്രധാനം.  ആടുകളെ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിലും ജനുസുകളുടെ മേന്മയുടെ അടിസ്ഥാനത്തിലും മാത്രം വിൽപ്പന നടത്താൻ കർഷകർ ശ്രദ്ധിക്കണം. വിപണനത്തിനായി വാട്സാപ്പ്, ഫേസ്ബുക്ക്  തുടങ്ങിയ നവീന മാര്‍ഗങ്ങള്‍ ഒക്കെയും  പ്രയോജനപ്പെടുത്താം. ആടിന്‍റെ വിപണിമൂല്യത്തെ തിരിച്ചറിഞ്ഞ് തന്‍റെ സംരംഭത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും,  വരുമാനത്തിന്റെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും, കൂട് നിർമാണത്തിൽ അടക്കമുള്ള ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ ഒഴിവാക്കാനും, ഇടനിലക്കാരില്ലാതെ  വിപണി കണ്ടെത്താനും സാധിച്ചാല്‍ ആട് സംരംഭത്തില്‍ വിജയം നൂറ്റിയൊന്ന് ശതമാനം ഉറപ്പ്.

English summary: How to Become a Successful Goat Farmer?