ആയുസ്സും ആദായവും കൂട്ടാൻ നിയന്ത്രിത കമിഴ്ത്തിവെട്ട് ഈ മാസം തുടങ്ങാം
Mail This Article
റബര്‍മരങ്ങളിൽനിന്ന് ദീർഘകാലത്തേക്ക് മെച്ചപ്പെട്ട ഉല്‍പാദനമെടുക്കാൻ ഉതകുന്ന ടാപ്പിങ് രീതിയാണ് നിയന്ത്രിത കമഴ്ത്തിവെട്ട് (കണ്‍ട്രോള്‍ഡ് അപ്‌വേര്‍ഡ് ടാപ്പിങ്–സിയുടി). പുതുപ്പട്ടയ്ക്കു മുകൾ ഭാഗത്തുള്ള അസ്സൽപട്ടയിൽ ചുറ്റളവിന്റെ നാലിലൊന്നു മാത്രം എടുത്താണ് ടാപ്പിങ് നടത്തേണ്ടത്. പരിഷ്കരിച്ച ഗൂജ് കത്തി ഉപയോഗിച്ചു വേണം ഈ രീതിയിൽ ടാപ്പ് ചെയ്യാൻ. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇതു ചെയ്യാം.
- പുതുപ്പട്ടയിൽ ഉല്‍പാദനം കുറയുമ്പോൾ
- ടാപ്പിങ്ങിന്റെ ന്യൂനതകൾ നിമിത്തം തണ്ണിപ്പട്ടയ്ക്കു മുറിവേറ്റ് കായം വീഴുന്നതു മൂലമോ, അല്ലെങ്കിൽ പട്ടമരപ്പ്, മറ്റു രോഗങ്ങൾ എന്നിവ മൂലമോ പുതുപ്പട്ടയിൽ ടാപ്പിങ് സാധ്യമാകാതെ വരുമ്പോൾ.
- മരത്തിന്റെ വിളവെടുപ്പുകാലം പരമാവധി കൂട്ടുന്നതിന്.
- മേൽപ്പട്ടയും കീഴ്പ്പട്ടയും മാറി മാറി ടാപ്പു ചെയ്യുന്നതിന്.
റബർമരങ്ങളിൽ അസ്സൽപട്ട ടാപ്പ് ചെയ്യുന്നത് ഒട്ടുബന്ധത്തിൽനിന്ന് 125 സെ.മീ. ഉയരത്തിൽനിന്നു താഴേക്കുള്ള എ, ബി പാനലുകളിലാണ്. സാധാരണയായി ഇങ്ങനെ എ, ബി പാനലുകളിലെ അസ്സൽ പട്ട ടാപ്പ് ചെയ്തു കഴിയുമ്പോൾ, ഇതേ ഭാഗങ്ങളിലുണ്ടാകുന്ന പുതുപ്പട്ടകളിൽ ആണ് (സി, ഡി പാന ലുകൾ) ടാപ്പ് ചെയ്യുന്നത്. എന്നാൽ, സി പാനലിൽ (പുതുപ്പട്ടയിൽ) ടാപ്പു ചെയ്തു തുടങ്ങുന്ന കാലം മുതൽ സിയുടിയും ചെയ്തു തുടങ്ങാം. 125 സെന്റിമീറ്ററിനു മുകളിലുള്ള അസ്സൽപട്ടയിൽ (മേൽപട്ടയിൽ) രണ്ടു മീറ്റർവരെ ഉയരത്തിലുള്ള ഭാഗത്താണ് ഇതുചെയ്യുന്നത്. ഇതു മൂലം ഒരു മരത്തിൽനിന്നുതന്നെ വളരെക്കാലം ആദായമെടുക്കുന്നതിനും ആവർത്തനക്കൃഷികൾക്കിടയ്ക്കുള്ള കാലയളവ് കൂട്ടി ചെലവ് കുറയ്ക്കാനും കഴിയും.
മരങ്ങൾ മുറിച്ചു മാറ്റുന്നതിനു തൊട്ടു മുന്‍പ് സാധാരണ നടത്തുന്ന കടുംവെട്ടും നിയന്ത്രിത കമഴ്ത്തി വെട്ടും രണ്ടാണ്. പല കർഷകരും കടുംവെട്ടാണെന്ന ധാരണയിൽ നിയന്ത്രിത കമഴ്ത്തിവെട്ടു നടത്താൻ മടിക്കാറുണ്ട്.
ടാപ്പിങ് പാനൽ അടയാളപ്പെടുത്തൽ
നിലവിൽ സി പാനലിൽ ഒന്നാം വർഷമോ രണ്ടാം വർഷമോ ടാപ്പ് ചെയ്യുന്ന മരങ്ങളിൽ സിയുടി ചെയ്യുന്നതിനായി മാർക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ഇതിനായി സി പാനലിന്റെ മുൻകാന വര നേരെ മുകളിലേക്ക് (മുകളിലുള്ള അസ്സൽ പട്ടയിലേക്ക്) രണ്ടു മീറ്റർ ഉയരംവരെ നീട്ടിവരയ്ക്കുക. ആ ഭാഗത്തെ മരത്തിന്റെ ശരാശരി വണ്ണം കണക്കാക്കി, ഈ വരയെ അടിസ്ഥാനമാക്കി നാലിലൊരു ഭാഗം വീതം തുല്യമായി വരുന്ന നാലു പാനലുകൾ കണക്കാക്കുക. ഇതിൽ ബി പാനലിന്റെ മുകളിൽവരുന്ന രണ്ടു പാനലുകളിൽ, വലതുഭാഗത്തെ (മരത്തിന് അഭിമുഖമായി നിൽക്കുമ്പോൾ ) പാനലിൽ ആദ്യം ടാപ്പിങ് തുടങ്ങണം. തുടർന്ന് പട്ട തീരുന്ന മുറയ്ക്ക് ഈ പാനലിന്റെ വലതുഭാഗത്തു വരുന്ന അടുത്ത പാനലുകൾ ഓരോന്നായി ടാപ്പു ചെയ്യണം. കമിഴ്ത്തുപട്ടയായതിനാൽ 45 ഡിഗ്രി ചെരിവിൽ വേണം മാർക്ക് ചെയ്യാൻ.
പരിഷ്കരിച്ച ഗൂജ് കത്തി
സിയുടിയിൽ ടാപ്പിങ് പാനൽ തറനിരപ്പിൽനിന്ന് 125 സെന്റി മീറ്ററിലധികം ഉയരത്തിലായിരിക്കും. അതുകൊണ്ട് തറയിൽനിന്നു ശരിയായ രീതിയിൽ ടാപ്പു ചെയ്യാൻ പരിഷ്കരിച്ച, (അതായത് നീളമുള്ള പിടിയുള്ള) ഗൂജ് കത്തി തന്നെ ഉപയോഗിക്കണം. പരിശീലനം കിട്ടിയ ഒരാൾക്ക് ഈ കത്തി ഉപയോഗിച്ച് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന കനത്തിലും നീളത്തിലും പട്ട അരിയാൻ കഴിയും. കമഴ്ത്തുപട്ടയാണെങ്കിൽപ്പോലും, വെട്ടുചാലിൽക്കൂടി മാത്രം പാലൊഴുകുന്ന വിധം (പട്ടയിൽകൂടി പാൽ പരന്നൊഴുകാത്ത രീതിയിൽ ) ശരിയായി ടാപ്പ് ചെയ്യാനും സാധിക്കും. മറ്റു കത്തികൾ ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ നിയന്ത്രണങ്ങളോടെ ടാപ്പ് ചെയ്യാൻ കഴിയാത്തതുകൊണ്ട് മരത്തിനെ ബാധിക്കും.
ഉത്തേജകൗഷധപ്രയോഗം
സിയുടി ചെയ്യുമ്പോൾ വെട്ടുചാലിന്റെ നീളം കുറയ്ക്കുന്നതിനാൽ ശരിയായ ഉല്‍പാദനം ലഭിക്കാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന തോതിൽ എത്തഫോൺ എന്ന ഉത്തേജകമരുന്ന് പ്രയോഗിക്കണം. വിപണിയിൽ ലഭിക്കുന്ന 10 ശതമാനം വീര്യമുള്ള മരുന്ന് 5 ശതമാനം വീര്യമാക്കി (തുല്യ അളവ് വെളിച്ചെണ്ണ അല്ലെങ്കിൽ പാമോയിലുമായി ചേർത്ത് ) നേർപ്പിച്ച ശേഷം വള്ളിപ്പാലിന്റെ മുകളിലായി (വള്ളിപ്പാൽ എടുക്കാതെ ) വേണം പുരട്ടാൻ. ആർആർഐഐ 105 ഇനം മരങ്ങളിൽ നാലിലൊന്നു ചുറ്റളവിൽ മൂന്നു ദിവസത്തിലൊരിക്കൽ സിയുടി ചെയ്യുമ്പോൾ, മാസത്തിലൊരിക്കൽ, ടാപ്പിങ്ങിന്റെ പിറ്റേന്ന് മരുന്നു പുരട്ടിക്കൊടുക്കണം. ഇടവേള കൂട്ടി ആഴ്ചയിലൊരിക്കൽ രീതിയിലും സിയുടി ചെയ്യാം. അപ്പോൾ വെട്ടുചാലിന്റെ നീളം മൂന്നിലൊന്ന് ചുറ്റളവ് ആയിരിക്കണം. ഓരോ 2 ടാപ്പിങ്ങിനു ശേഷം മൂന്നാമത്തെ ടാപ്പിങ്ങിന് 3 ദിവസം മുന്‍പ് അഞ്ചു ശതമാനം വീര്യത്തിൽ മരുന്നു പുരട്ടണം.
നമ്മുടെ നാട്ടിലെ കാലാവസ്ഥയനുസരിച്ച് ഈ മാസം നിയന്ത്രിത കമഴ്ത്തിവെട്ട് തുടങ്ങാൻ പറ്റിയ സമയമാണ്. അതായത് ജൂൺ മുതൽ നവംബർ വരെ (മഴക്കാലം) കീഴ്പ്പട്ടയിൽ പകുതി ചുറ്റളവിൽ റെയിൻ ഗാർഡോടെ സാധാരണ രീതിയിൽ ടാപ്പ് ചെയ്യുക; മഴ മാറിയാൽ ഡിസംബർ മുതൽ അടുത്ത വർഷം മേയ് വരെ മേൽപട്ടയിൽ നിയന്ത്രിത കമഴ്ത്തിവെട്ടു നടത്തുക – ഇങ്ങനെ കീഴ്പ്പട്ടയും മേൽപട്ടയും മാറി മാറി ടാപ്പു ചെയ്യുന്ന രീതിയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചത്. ഈ രീതിയിൽ ടാപ്പ് ചെയ്യാൻ താൽപര്യമുള്ളവർ കൂടുതൽ നിർദേശങ്ങൾക്കായി അതതു പ്രദേശത്തെ റബർ ബോർഡ് പ്രാദേശിക ഓഫിസുമായി ബന്ധപ്പെടുക. റബർ ബോർഡിന്റെ കോൾ സെന്ററുമായി ബന്ധപ്പെട്ടാലും (ഫോണ്‍: 0481 257 66 22) മതി.
വിലാസം: ഫാം ഓഫിസര്‍, പബ്ലിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിവിഷന്‍, റബര്‍ ബോര്‍ഡ്, കോട്ടയം. ഫോണ്‍: 9447913108
English summary: Improvement of productivity of rubber trees in smallholding by the introduction of upward tapping