ലോകചരിത്രത്തില്‍ വളര്ത്തുമൃഗസമ്പത്തിനുണ്ടായ മഹാനാശം, പിടിതരാതെ പടര്‍ന്ന് എഎസ്എഫ്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാലിവസന്ത ബാധിച്ച് (റിന്‍ഡര്‍ പെസ്റ്റ് ) കന്നുകാലികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് കെനിയയില്‍ വന്‍തോതിലുള്ള പന്നിവളര്‍ത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവര്‍ 1903-1905 കാലഘട്ടത്തില്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാലിവസന്ത ബാധിച്ച് (റിന്‍ഡര്‍ പെസ്റ്റ് ) കന്നുകാലികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് കെനിയയില്‍ വന്‍തോതിലുള്ള പന്നിവളര്‍ത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവര്‍ 1903-1905 കാലഘട്ടത്തില്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാലിവസന്ത ബാധിച്ച് (റിന്‍ഡര്‍ പെസ്റ്റ് ) കന്നുകാലികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് കെനിയയില്‍ വന്‍തോതിലുള്ള പന്നിവളര്‍ത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവര്‍ 1903-1905 കാലഘട്ടത്തില്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാലിവസന്ത ബാധിച്ച് (റിന്‍ഡര്‍ പെസ്റ്റ് ) കന്നുകാലികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് കെനിയയില്‍ വന്‍തോതിലുള്ള പന്നിവളര്‍ത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവര്‍ 1903-1905 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍നിന്നും സേഷെല്‍സില്‍നിന്നുമെല്ലാം വന്‍തോതില്‍ പന്നികളെ കെനിയയില്‍ എത്തിച്ച് വളര്‍ത്താന്‍ ആരംഭിച്ചു. കന്നുകാലികളൊഴിഞ്ഞ വിശാലമായ പുല്‍മേടുകളില്‍ വേലികെട്ടി തിരിച്ച് പന്നികളെ അഴിച്ച് വിട്ടായിരുന്നു പന്നിവളര്‍ത്തല്‍. കാലിവസന്ത കാരണം കന്നുകാലികൃഷിയില്‍ നേരിട്ട നഷ്ടം പന്നിവളര്‍ത്തലിലൂടെ തിരിച്ച് പിടിക്കാമെന്ന ആഗ്രഹത്തിന് എന്നാല്‍ അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നു. ആ അപകടമെത്തിയത് പുതിയ ഒരു പകര്‍ച്ചവ്യാധിയുടെ രൂപത്തിലായിരുന്നു. ബ്രിട്ടീഷുകാരുടെ പന്നിവളര്‍ത്തല്‍ സ്വപനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയ ആ പുതിയ പകര്‍ച്ചവ്യാധി വൈറസ് കാരണം ഉണ്ടാവുന്ന പന്നികളിലെ പുതിയ ഒരു പനിയായിരുന്നു. അവര്‍ അതിനെ ആഫ്രിക്കന്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ / എഎസ്എഫ്) എന്ന് വിളിച്ചു. വൈറസിന്റെ സംഭരണികളായ ആഫ്രിക്കന്‍ കാട്ടുപന്നികളില്‍നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികള്‍ വഴിയായിരുന്നു രോഗാണുക്കള്‍ കെനിയയിലെ വളര്‍ത്തുപന്നികളിലെത്തിയത്.
1907ല്‍ കെനിയയില്‍ ആദ്യ രോഗബാധ കണ്ടെത്തിയതിനുശേഷം അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കന്‍ വന്‍കരയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതലാണ് യൂറോപ്പിലേക്ക് വ്യാപിച്ചത്. 1957ല്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ നഗരത്തില്‍ ആദ്യമായി രോഗമെത്തിയത് ആഫ്രിക്കയില്‍നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയായിരുന്നു. തുടര്‍ന്ന് സ്പെയിനിലേക്കും ഫ്രാന്‍സിലേക്കും ഇറ്റലിയിലേക്കും മാള്‍ട്ടയിലേക്കും എല്ലാം രോഗവ്യാപനമുണ്ടായി. വൈകാതെ അമേരിക്കയിലും ആഫ്രിക്കന്‍ പന്നിപ്പനിയെത്തി. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ 1978ല്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. 1960-1990 കാലയളവില്‍ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളര്‍ത്തല്‍ വ്യവസായ മേഖലയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ആഫ്രിക്കന്‍ പന്നിപ്പനി വരുത്തിവച്ചത്. തുടര്‍ന്നും പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശക്തമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഇന്ന് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ പന്നിപ്പനി വിമുക്തമാണ്. ആഫ്രിക്കയില്‍ പന്നി വളര്‍ത്തല്‍ വ്യവസായ മേഖലയുടെ വികാസം തടസ്സപ്പെടുത്തുന്ന പ്രധാനഘടകം ഈ രോഗമാണന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്.
ഏഷ്യാ വന്‍കരയില്‍ രോഗം ആദ്യമായി കണ്ടെത്തിയത് 2018, ഓഗസ്റ്റില്‍ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലായിരുന്നു. തുടര്‍ന്ന് ഹോങ്കോങ്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കിഴക്കന്‍ തിമോര്‍, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ, മ്യാന്‍മര്‍, ലാവോസ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കെല്ലാം രോഗം വ്യാപകമായി പടര്‍ന്നുപിടിച്ചു. ലോകത്ത് വ്യാവസായിക ആവശ്യത്തിനുള്ള പന്നികളില്‍ പകുതിയും വളര്‍ത്തുന്നത് ചൈനയിലെ ഫാമുകളിലാണ്. 128 ബില്യന്‍ ഡോളര്‍ വാര്‍ഷിക മൂല്യം കണക്കാക്കുന്നതാണ് ചൈനയിലെ പന്നിമാംസവ്യവസായം.
2018 മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് ചൈനയില്‍ ചത്തതും രോഗ നിയന്ത്രണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊന്നൊടുക്കിയതും ഉള്‍പ്പെടെയുള്ള പന്നികളുടെ എണ്ണം ഒരു ദശലക്ഷത്തോളം വരും. ആഫ്രിക്കന്‍ പന്നിപ്പനിയെത്തുടര്‍ന്ന് ചത്തതും കൊന്നൊടുക്കിയതുമായ പന്നികളുടെ എണ്ണം വിയറ്റ്‌നാമില്‍ ആറു ദശലക്ഷം വരെയാണ്. മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. പന്നിവളര്‍ത്തലിന് പേരുകേട്ട തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ പന്നി, അനുബന്ധ വ്യവസായ മേഖലയെ ആഫ്രിക്കന്‍ പന്നിപ്പനി തകര്‍ത്തെന്ന് മാത്രമല്ല ഇവിടെനിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ലോകവിപണിയില്‍ പന്നിമാംസോല്‍പന്നങ്ങളുടെ വില 40 ശതമാനത്തിലധികം കുതിച്ചുയരുകയും ചെയ്തു. ലോകത്ത് വളര്‍ത്തുമൃഗസമ്പത്തിന് ഇന്നുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ നാശമായാണ് 2018ല്‍ ചൈനയില്‍ നിന്നാരംഭിച്ച് തെക്കുകിഴക്കന്‍ ഏഷ്യയാകെ പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ പന്നിപ്പനി മഹാമാരി കാരണമുണ്ടായ ആഘാതത്തെ ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.
ആഫ്രിക്കന്‍ പന്നിപ്പനി ഇന്ത്യയില്‍
ഇന്ത്യയില്‍ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിലായിരുന്നു. ടിബറ്റില്‍ നിന്നായിരുന്നു ഇവിടെ രോഗമെത്തിയത്. ഏറെ വൈകാതെ അയല്‍ സംസ്ഥാനമായ അസ്സമിലേക്കും രോഗവ്യാപനമുണ്ടായി. ഇരുപതിനായിരത്തോളം വളര്‍ത്തുപന്നികളാണ് കഴിഞ്ഞ വര്‍ഷം അസ്സമില്‍ മാത്രം ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് ചത്തൊടുങ്ങിയത്. ഇപ്പോള്‍ മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് രോഗം രൂക്ഷമായിരിക്കുന്നത്. ഇക്കഴിഞ്ഞ മാസം മാത്രം രണ്ടായിരത്തോളം പന്നികളാണ് മിസോറാമില്‍ രോഗം ബാധിച്ച് ചത്തത്. ഇന്ത്യയിലെ പന്നിയുല്‍പാദനത്തിന്റെയും ഉപഭോഗത്തിന്റെയും 95 ശതമാനവും കയ്യാളുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. ഈ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നത് രാജ്യത്തെ പന്നിവളര്‍ത്തല്‍ മേഖലയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അറിയുക ആഫ്രിക്കന്‍ പന്നിപ്പനിയെ
അസ്ഫാര്‍വൈറിഡെ എന്ന ഡിഎന്‍എ വൈറസ് കുടുംബത്തിലെ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ വൈറസുകളാണ് രോഗത്തിന് കാരണം. പന്നികളില്‍ അതിമാരകമായതിനാല്‍ പിഗ് എബോള എന്നും ഈ സാംക്രമിക രോഗം അറിയപ്പെടുന്നു. പന്നികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളില്‍ ഒന്നല്ല ആഫ്രിക്കന്‍ പന്നിപ്പനി. എന്നാല്‍ ഈ പകര്‍ച്ചവ്യാധി പന്നിവളര്‍ത്തല്‍ മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. രോഗബാധയേറ്റ പന്നികളില്‍ മരണ സാധ്യത നൂറ് ശതമാനമാണന്നു മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തില്‍ രോഗം പടരുകയും ചെയ്യും.
വളര്‍ത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളന്‍പന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടന്‍ പന്നികളിലും സങ്കരയിനത്തില്‍പ്പെട്ട പന്നികളിലും രോഗസാധ്യത ഉയര്‍ന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികള്‍ ആയാണ് ആഫ്രിക്കന്‍ കാട്ടുപന്നികള്‍ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്‍പ്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയില്‍ വൈറസ് സാധാരണ രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസര്‍ജ്യങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കന്‍ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണു മലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങള്‍, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓര്‍ണിത്തോഡോറസ് ഇനത്തില്‍പ്പെട്ട പട്ടുണ്ണികള്‍ക്കും രോഗം പടര്‍ത്താന്‍ ശേഷിയുണ്ട്.
വൈറസ് ബാധയേറ്റ് 3-5 ദിവസത്തിനകം പന്നികള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളര്‍ച്ച, തൊലിപ്പുറത്ത് രക്ത വാര്‍ച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകള്‍, വയറിളക്കം, ഛര്‍ദ്ദി, ഗര്‍ഭിണി പന്നികളില്‍ ഗര്‍ഭമലസല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. അന്തരാവയവങ്ങളില്‍ രക്തസ്രാവത്തിന് വൈറസ് കാരണമാവും. അതിവേഗത്തില്‍ മറ്റു പന്നികളിലേക്ക് പടര്‍ന്ന് പിടിക്കാന്‍ വൈറസിന് കഴിയും. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് 1 - 2 ആഴ്ചയ്ക്കുള്ളില്‍ പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങും. രോഗം കണ്ടെത്തിയ ഫാമുകളില്‍ പന്നികളെയെല്ലാം കൊന്നുകുഴിച്ചുമൂടുകയല്ലാതെ രോഗനിയന്ത്രണത്തിന് മറ്റൊരു മാര്‍ഗവുമില്ല.
ക്ലാസിക്കല്‍ പന്നിപ്പനി വേറെ, ആഫ്രിക്കന്‍ പന്നിപ്പനി വേറെ
കേരളത്തില്‍ ഉള്‍പ്പെടെ പന്നികളില്‍ വ്യാപകമായി കാണപ്പെടുന്ന ക്ലാസിക്കല്‍ പന്നിപ്പനി (ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍) അഥവാ ഹോഗ് കോളറ രോഗവുമായും ആഫ്രിക്കന്‍ പന്നിപ്പനിക്ക് സമാനതകള്‍ ഒന്നുമില്ല.
ഫ്‌ലാവി വൈറസുകള്‍ കാരണം ഉണ്ടാവുന്ന ക്ലാസിക്കല്‍ പന്നിപ്പനി രോഗം പന്നിക്കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഈ രോഗം തടയാനുള്ള ഫലപ്രദമായ വാക്‌സിനുകളും ഇന്ന് ലഭ്യമാണ് പന്നിക്കുഞ്ഞുങ്ങള്‍ക്ക് എട്ട് ആഴ്ച / രണ്ടു മാസം പ്രായമെത്തുമ്പോള്‍ ആദ്യ പന്നിപ്പനി പ്രതിരോധ വാക്സിന്‍ (ഒരു മില്ലി വാക്സിന്‍ പേശിയില്‍) നിര്‍ബന്ധമായും നല്‍കണം. ഒരു വര്‍ഷം വരെ പ്രതിരോധം നല്‍കാന്‍ വാക്സിന് ശേഷിയുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ക്ലാസിക്കല്‍ പന്നിപ്പനി വളരെ വ്യപകമായി കാണുന്നതിനാല്‍ ഓരോ ആറു മാസം കൂടുമ്പോഴും വാക്‌സിനേഷന്‍ ആവര്‍ത്തിക്കുന്നത് അഭികാമ്യമാണ്. ബ്രീഡിങിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പായി പെണ്‍പന്നികള്‍ക്ക് വാക്സിന്‍ നല്‍കണം. ഗര്‍ഭിണി പന്നികളെ ഈ വാക്സിന്‍ നല്‍കുന്നതില്‍നിന്ന് ഒഴിവാക്കണം. പ്രതിരോധകുത്തിവയ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത പെണ്‍പന്നികള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങള്‍ ആണെങ്കില്‍ രണ്ടാഴ്ച പ്രായമെത്തുമ്പോള്‍ ക്ലാസിക്കല്‍ പന്നിപ്പനിക്കെതിരെയുള്ള വാക്സിന്‍ നല്‍കണം. രോഗം തടയാനുള്ള വാക്‌സിന്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
എന്നാല്‍ ആഫ്രിക്കന്‍ പന്നിപ്പനി തടയാന്‍ ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് പ്രചാരത്തിലായിട്ടില്ല. രോഗബാധ കണ്ടെത്തിയ മേഖലയിലെ മുഴുവന്‍ പന്നികളെയും ദയാവധത്തിന് വിധേയമാക്കി സുരക്ഷിതമായി സംസ്‌കരിക്കുക എന്നതാണ് ലോക മൃഗാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന നിയന്ത്രണമാര്‍ഗ്ഗം. അതുപോലെ തന്നെ എച്ച് 1 എന്‍ 1 ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ കാരണം മനുഷ്യരെ ബാധിക്കുന്ന സൈ്വന്‍ ഫ്‌ളൂ / പന്നിപ്പനിയുമായി ആഫ്രിക്കന്‍ പന്നിപ്പനിക്ക് പേരില്‍ മാത്രമാണ് സാമ്യത, മറ്റ് സമാനതകള്‍ ഒന്നുമില്ല.
ജാഗ്രതയാണ് പ്രതിരോധം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗം വ്യാപകമായ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലും ജാഗ്രത വേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നും പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുമ്പോള്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. പുതുതായി കൊണ്ടുവരുന്ന പന്നികളെ മുഖ്യഷെഡിലെ പന്നികള്‍ക്കൊപ്പം ചേര്‍ക്കാതെ മൂന്നാഴ്ചയെങ്കിലും മുഖ്യ ഫാം ഷെഡില്‍നിന്ന് മാറി പ്രത്യേകം മാറ്റിപാര്‍പ്പിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രജനന ആവശ്യത്തിനായി കൊണ്ടുവരുന്ന ആണ്‍പന്നികളെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എങ്കിലും ക്വാറന്റൈന്‍ ചെയ്യാതെ ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കരുത്. വിപണത്തിനായി ഫാമില്‍നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കുന്നത് രോഗപകര്‍ച്ച തടയും. ഫാമിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് നല്ലതാണ്.
ഫാമില്‍ അനാവശ്യ സന്ദര്‍ശകരുടെയും,വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ. ബ്ലീച്ചിങ് പൗഡര്‍ 3 ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചിലവില്‍ എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാമാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഹോട്ടല്‍ -മാര്‍ക്കറ്റ് -അറവുശാലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ വേവിച്ചുമാത്രം പന്നികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിനുശേഷം വസ്ത്രവും ചെരിപ്പും മാറാതെയും ശുചിയാക്കതെയും ഫാമിനുള്ളില്‍ കയറി പന്നികളുമായി ഇടപഴകരുത്. ഈ കരുതലുകള്‍ ആഫ്രിക്കന്‍ പന്നിപ്പനിയെ മാത്രമല്ല മറ്റ് രോഗങ്ങളെയും ഫാമില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കും. മഹാമാരികളെ പ്രതിരോധിക്കാന്‍ ജാഗ്രതയേക്കാള്‍ മികച്ചൊരു വഴിയില്ലെന്ന കാര്യം നമ്മള്‍ മറക്കരുത്.