ആദ്യമേ തന്നെ പറയട്ടെ ഇതൊരുദുരന്ത കഥയാണ്. കരളുറപ്പുള്ളവര്‍ മാത്രം താഴോട്ട് വായിക്കുക. 'ഡോക്ടറേ പെട്ടെന്ന് ഒന്ന് വീട്ടിലോട്ട് വര്വോ? പ്രസവിക്കാറായ പശുവാ. കിടപ്പ് തന്നെ. പിന്നെ...' 'പിന്നെ...' 'വായീന്ന് ചാണകപ്പാല് തന്നെയാ രാവിലെ മുതല്‍ വരുന്നേ. വയറു വീര്‍ത്ത് പൊട്ടാറായി. ചീട്ടെടുക്കാനും മരുന്ന്

ആദ്യമേ തന്നെ പറയട്ടെ ഇതൊരുദുരന്ത കഥയാണ്. കരളുറപ്പുള്ളവര്‍ മാത്രം താഴോട്ട് വായിക്കുക. 'ഡോക്ടറേ പെട്ടെന്ന് ഒന്ന് വീട്ടിലോട്ട് വര്വോ? പ്രസവിക്കാറായ പശുവാ. കിടപ്പ് തന്നെ. പിന്നെ...' 'പിന്നെ...' 'വായീന്ന് ചാണകപ്പാല് തന്നെയാ രാവിലെ മുതല്‍ വരുന്നേ. വയറു വീര്‍ത്ത് പൊട്ടാറായി. ചീട്ടെടുക്കാനും മരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമേ തന്നെ പറയട്ടെ ഇതൊരുദുരന്ത കഥയാണ്. കരളുറപ്പുള്ളവര്‍ മാത്രം താഴോട്ട് വായിക്കുക. 'ഡോക്ടറേ പെട്ടെന്ന് ഒന്ന് വീട്ടിലോട്ട് വര്വോ? പ്രസവിക്കാറായ പശുവാ. കിടപ്പ് തന്നെ. പിന്നെ...' 'പിന്നെ...' 'വായീന്ന് ചാണകപ്പാല് തന്നെയാ രാവിലെ മുതല്‍ വരുന്നേ. വയറു വീര്‍ത്ത് പൊട്ടാറായി. ചീട്ടെടുക്കാനും മരുന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമേ തന്നെ പറയട്ടെ ഇതൊരു ദുരന്ത കഥയാണ്. കരളുറപ്പുള്ളവര്‍ മാത്രം താഴോട്ട് വായിക്കുക. 

'ഡോക്ടറേ പെട്ടെന്ന് ഒന്ന് വീട്ടിലോട്ട് വര്വോ? പ്രസവിക്കാറായ പശുവാ. കിടപ്പ് തന്നെ. പിന്നെ...' 

ADVERTISEMENT

'പിന്നെ...' 

'വായീന്ന് ചാണകപ്പാല് തന്നെയാ രാവിലെ മുതല്‍ വരുന്നേ. വയറു വീര്‍ത്ത് പൊട്ടാറായി. ചീട്ടെടുക്കാനും മരുന്ന് വാങ്ങാനും മോനവിടെയെത്തും' 

ശിവന്‍ ചേട്ടന്‍ വളരെ ശാന്തനായാണ് ഫോണില്‍ പറയുന്നതെങ്കിലും ആ ചങ്കിലെ പെടപ്പ് ഇവിടെ കേള്‍ക്കാം. 

'തീറ്റയില്‍ എന്തേലും വ്യത്യാസം?'

ADVERTISEMENT

എന്റെ ആത്മഗതം അല്‍പം ഉച്ചത്തിലായി. 

'ഒന്നൂല്ല ഡോക്ടറേ, ഒക്കെ സാധാരണ പോലെ തന്നെ' 

മരുന്ന് വാങ്ങാനെത്തിയ മോനോടും ചോദ്യങ്ങളാവര്‍ത്തിച്ചു . 

പല്ലവിക്ക് മാത്രം യാതൊരു മാറ്റവുമില്ല . 

ADVERTISEMENT

നല്ല യാത്രയുണ്ട്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്. മരുന്ന് വാങ്ങാതെ പോകുന്നത് അത്ര ബുദ്ധിയാവില്ലെന്ന് എന്റെ മനസ് മന്ത്രിച്ചു. കേട്ടിട്ട് അത്ര നല്ല ലക്ഷണവുമല്ല. 

മരുന്ന് വാങ്ങിപ്പിച്ചു. പോവണമെങ്കില്‍ ക്ലൂ ഒന്നും കിട്ടുന്നില്ലല്ലോ ഈശ്വരാ... 

കുറച്ച് മരുന്നുകളൊക്കെ സംഭരിച്ച് സ്‌പോട്ടിലെത്തിയപ്പോ സീന്‍ ശോകമാണ്... അക്യൂട്ട് റൂമിനല്‍ അസിഡോസിസിന്റെ അവസ്ഥാന്തരങ്ങള്‍... അവസാന ലക്ഷണങ്ങളിലേക്ക്... വൈറ്റല്‍ സൈന്‍സ് ഒക്കെ മോശം. ബക്കറ്റ് കണക്കിന് ചാണകപ്പാല്‍ വായിലൂടെ പുറത്തേക്ക്. 

'കൈവിട്ട് പോണ മട്ടാണ് കേട്ടോ, അവസാന ലക്ഷണങ്ങളൊക്കെയാണ് പശു കാണിക്കുന്നത്.' 

ഡ്രൈവറുടേം ഡോക്ടറുടേം നേഴ്‌സിന്റെം പിന്നെ അറ്റന്‍ഡറുടേം പണിയൊക്കെ ചെയ്യുന്നതിനിടയില്‍ കൂടി നിലവിലെ സ്ഥിതി ഒരു തരത്തില്‍ വിശദമായി വിവരിച്ചുകൊണ്ട് ചികിത്സ ആരംഭിച്ചു.

ചികിത്സയ്ക്കിടയില്‍ തന്നെ പശു കാലൊക്കെ നീട്ടി. യാത്രാമൊഴിയെന്നോണം ചേട്ടനെയൊന്ന് നോക്കി. യാത്രയായി...

ശിവന്‍ ചേട്ടന്റെ മകന്‍ മെല്ലെ എന്റെയടുത്ത് വന്നു. എനിക്ക് ഒരു കുറ്റസമ്മതം മണത്തു. 

'ഡോക്ടറേ, മഴയല്ലാര്‍ന്നോ... പുല്ല് മുറിക്കാന്‍ പോകാനൊത്തില്ല. ഇന്നലെ കപ്പ പറിച്ചാര്‍ന്നു. ഞാനങ്ങ് അരിഞ്ഞ് വേവിച്ച് കൊടുത്തു.'

'ഹാവൂ, അരിഞ്ഞു വേവിച്ച് കൊടുത്തൂന്ന്. എന്തൊരു കരുതലാണ്'. 

'അപ്പോ കൂടെ നില്‍ക്കുന്ന പശു?'

എന്റെ ജിജ്ഞാസ കൂടി.

'അവളുടേം കൂടി ഇവളാ തിന്നത് ഡോക്ടറേ' 

മകന്‍ വിങ്ങിപ്പൊട്ടി...

ഇത് ഈയാഴ്ചയിലെ ഇരുപത്തിയേഴാമത്തെ കേസാണ്.

ടൗട്ടേ എന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായപ്പോള്‍ കിട്ടിയ അടച്ച മഴയും കോവിഡ് ലോക്ക്ഡൗണും കാരണം പലരും കുറച്ചുദിവസത്തേക്ക് അന്യ പറമ്പിലെയും റോഡ് സൈഡിലേയും പുല്ലു മുറി ഉപേക്ഷിച്ചപ്പോള്‍ കഷ്ടപ്പെട്ടത് പശുക്കളും ആടുകളുമാണ്. പശുക്കളോടും ആടുകളോടും ശരിക്ക് സ്‌നേഹമുള്ളവര്‍ വീട്ടില്‍ പുല്ല് വളര്‍ത്തും എന്ന് പറഞ്ഞു തുടങ്ങുമ്പോഴേ ഉടക്കാകും.

സ്ഥലപരിമിതികൊണ്ട് മാത്രമല്ല പുല്ല് നട്ട് വളര്‍ത്താന്‍ തുനിയാത്തത്. വളര്‍ത്ത് പുല്ല് അഥവാ ഗിനി, ഹൈബ്രിഡ് നേപ്പിയര്‍, സിഒ3, സിഒ4 ഒക്കെ  ആഡംബരമാണെന്ന് ഒരു തോന്നല്‍. ആ പുല്ല് നടുന്നോടത്ത് ഇഞ്ചിയോ മഞ്ഞളോ ഒക്കെ നടാല്ലോ. പുല്ല് മുറിച്ച് കൊണ്ട് വരാന്‍ ഞാനുണ്ടല്ലോ എന്നു തോന്നല്‍. 

വീട്ടില്‍ ഉണ്ടായ കപ്പയല്ലേ...

വീട്ടില്‍ ഉണ്ടായ ചക്കയല്ലേ...

വെറുതെ കളഞ്ഞാല്‍ പാപം കിട്ടും.

അങ്ങനെ അതെല്ലാം കൂടി പശുവിനെ തീറ്റിച്ചവരും പശുക്കളും ഒപ്പം ഡോക്ടര്‍മാരും ഒക്കെ ശരിക്കും വെള്ളം കുടിച്ചു.

നാരുള്ള പുല്ലോ വൈക്കോലോ നല്‍കാതെ പെട്ടന്ന് ദഹിക്കുന്ന കാര്‍ ബോഹൈഡ്രേറ്റ് അഥവാ അന്നജം മാത്രം വളരെ കൂടിയ അളവില്‍ നല്‍കുമ്പോള്‍ റൂമന്‍ അഥവാ പണ്ടത്തിലെ സൂക്ഷ്മാണുക്കള്‍ ആസിഡ് ധാരാളമായി ഉണ്ടാക്കുകയും പിഎച്ച് (അമ്ലക്ഷാര നില)  വളരെ താഴേക്ക് പോകുകയും ചെയ്യുന്നു. സാധരണ ഗതിയില്‍ പണ്ടത്തിലെ പിഎച്ച് 6.5 - 7 ആണല്ലോ. അതിങ്ങനെ അന്നജം മാത്രം കഴിക്കുമ്പോള്‍ 5.5ലേക്കും പിന്നീട് അതില്‍ താഴേക്കും പതിക്കുന്നു.

എന്നുവച്ചാല്‍ പണ്ടത്തില്‍ ആസിഡ് നിറഞ്ഞു എന്ന് സാരം. മനുഷ്യന്മാര്‍ ആത്മഹത്യ ചെയ്യാന്‍ കുടിക്കുന്ന സാധനം നമ്മള്‍ കപ്പയും ചക്കയും കഞ്ഞിയും കൊടുത്ത് പശുവിന്റെ പണ്ടത്തില്‍ ഉണ്ടാക്കിയെടുത്ത് പശുവിന് പണി കൊടുക്കുന്നൂന്ന്. അതോടുകൂടി പശുവിന്റെ തീറ്റയെടുക്കല്‍ സാരമായി കുറയുന്നു. പിഎച്ച് താണുതാണ് പോയാല്‍ പിന്നെ പണ്ടം തന്റെ പണിയൊക്കെ നിര്‍ത്തി ആസിഡും ഗ്യാസും നിറച്ചങ്ങനെ നില്‍ക്കും. അതോടെ തീറ്റയെടുക്കല്‍ പൂര്‍ണമായും നില്‍ക്കുന്നു. വയറ് പേടിപ്പെടുത്തും വിധം വീര്‍ക്കുന്നു. മരണകാരണമാകുന്ന അക്യൂട്ട് റൂമിനല്‍ അസിഡോസിസ് എന്ന രോഗത്തിലേക്ക് എത്തുന്നു. വിദഗ്ധ ചികിത്സ സമയത്ത് കിട്ടിയില്ലെങ്കില്‍ ഒടുവില്‍ മരണത്തിലേക്കും എത്തുകയായി.

ഓര്‍മിക്കാന്‍: കാര്യം കാലാവസ്ഥ മോശമാണ്, കെട്ട കാലമാണ്. എങ്കിലും പ്രിയപ്പെട്ട കര്‍ഷകസുഹൃത്തുക്കളേ, പശുക്കളുടെ ഭക്ഷണകാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധ വേണം. അന്നജത്തിന്റെ അളവ് കൂടിപ്പോകാതെ ശ്രദ്ധിക്കണം. നാരുകള്‍ അടങ്ങിയ പുല്ലും വൈക്കോലും നിര്‍ബന്ധമായി നല്‍കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്‍പസ്വല്‍പം വ്യത്യാസങ്ങള്‍ക്ക് സോഡാപ്പൊടി അഥവാ സോഡാ ബൈകാര്‍ബ് നല്‍കാമെങ്കിലും തീറ്റയെടുക്കല്‍ സാരമായി കുറഞ്ഞാല്‍ വൈദ്യസഹായം തേടേണ്ടതാണ്. ഇപ്പം മാറും ഇപ്പം മാറും എന്നോര്‍ത്തുവച്ച് താമസിപ്പിക്കരുത് എന്ന് സാരം.

English summary: Acute ruminal acidosis in cows